ലാല്‍ ജോസിന്റെ സംവിധാനത്തില്‍ എത്തിയ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ക്ലാസ്‌മേറ്റ്‌സ്. ഈ പടത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് രാജീവ് രവി ആയിരുന്നു. ലാല്‍ ജോസ് – രാജീവ് രവി കൂട്ടുകെട്ടില്‍ ക്ലാസ്‌മേറ്റ്‌സിന് മുമ്പ് ഇറങ്ങിയ സിനിമയായിരുന്നു രസികന്‍.
എന്നാല്‍ രസികന്‍ പ്രതീക്ഷിച്ച അത്രയും വിജയം നേടിയിരുന്നില്ല. അതിന് ശേഷം രാജീവ് രവിയെ കൊണ്ടുവന്നാല്‍ പടം പരാജയപ്പെടുമെന്നുള്ള വിശ്വാസം ഇന്‍ഡസ്ട്രിയില്‍ വന്നിരുന്നുവെന്നും ലാല്‍ ജോസിന്റെ നിര്‍ബന്ധത്തിലാണ് രാജീവ് ക്ലാസ്‌മേറ്റ്‌സ് സിനിമയില്‍ എത്തിയതെന്നും റൂമറുകള്‍ ഉണ്ടായിരുന്നു.
അതിന്റെ സത്യാവസ്ഥ എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. കോലഹലം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമാഭ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അങ്ങനെയൊന്നുമില്ല. സിനിമയില്‍ എല്ലാ കാലത്തും ചില വിശ്വാസങ്ങള്‍ ഉണ്ടാകും. രസികന്‍ പരാജയപ്പെട്ടത് കൊണ്ടല്ല, രാജീവ് അന്ന് മലയാളത്തില്‍ ചെയ്തിരുന്ന സിനിമകള്‍ അത്ര വലിയ വിജയമായിരുന്നില്ല. അതുകൊണ്ടാണ് അത്തരം സംസാരങ്ങള്‍ വന്നത്.
ക്ലാസ്‌മേറ്റ്‌സ് സിനിമയില്‍ രാജീവിനെ കൊണ്ടുവരരുതെന്ന് ഒരിക്കലും എന്നോട് ആരും പറഞ്ഞിരുന്നില്ല. പക്ഷെ ആ കാലത്ത് തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ വന്നില്ലെങ്കില്‍ ആ വ്യക്തിയെ ആളുകള്‍ ഒഴിവാക്കാറുണ്ടായിരുന്നു.
വളരെ റിസ്‌ക്കുള്ള ഫീല്‍ഡ് ആയത് കൊണ്ടാണ് അങ്ങനെയൊക്കെ ചെയ്യുന്ന രീതി വന്നത്. ഒരുപാട് പണം ഇറക്കിയല്ലേ പടം ചെയ്യുന്നത്. അതുകൊണ്ട് ആവശ്യമില്ലാത്ത റിസ്‌ക്കുകള്‍ എടുക്കാന്‍ ആരും തയ്യാറാവില്ലായിരുന്നു. പക്ഷെ അതിലൊന്നും വിശ്വസിക്കാത്ത ആളാണ് ഞാന്‍,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose Talks About Classmates Movie And Rajeev Ravi