| Sunday, 22nd June 2025, 12:22 pm

മുല്ലയുടെ കഥ ആ നടിയോട് പറഞ്ഞു, എന്നാൽ അവർക്ക് കഥ മനസിലായില്ല; ഒടുവിൽ മീര നന്ദനിലേക്ക് എത്തി: ലാൽ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ കരിയര്‍ ആരംഭിച്ചയാളാണ് ലാല്‍ ജോസ്. കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്.

പിന്നീട് ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു. ഇപ്പോൾ മുല്ല സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്

മുല്ലയിൽ അഭിനയിക്കേണ്ടത് മീര ജാസ്മിൻ ആയിരുന്നെന്നും നടിയോട് കഥ പറയുന്നതിനായി കൽക്കട്ടാ ന്യൂസിൻ്റെ സെറ്റിൽ പോയി കഥ പറഞ്ഞെന്നും ലാൽ ജോസ് പറയുന്നു. എന്നാൽ പിന്നീട് മീര ഒരു നടനോട് താൻ കഥ പറഞ്ഞെന്നും എന്നാൽ അവർക്ക് ഒന്നും മനസിലായിട്ടില്ലെന്ന് പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. കഥ മനസിലാകാത്ത ഒരാളെ കാസ്റ്റ് ചെയ്യേണ്ട എന്നുവിചാരിച്ചിട്ടാണ് മുല്ലയിലേക്ക് മറ്റൊരാളെ തീരുമാനിച്ചതെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.

‘ശരിക്കും മുല്ലയിൽ അഭിനയിക്കേണ്ടത് മീര ജാസ്മിൻ ആയിരുന്നു. മീര ജാസ്മിനോട് കഥ പറയാൻ ഞാൻ കൊൽക്കത്തയിൽ കൽക്കട്ട ന്യൂസ് എന്ന് പറയുന്ന ബ്ലെസിയുടെ സിനിമയുടെ സെറ്റിൽ പോയി. കഥയൊക്കെ പറഞ്ഞ് തിരിച്ചുവന്നതിന് ശേഷം മീര ജാസ്മിൻ ദിലീപിനോട് പറഞ്ഞുപോലും ‘ലാൽ ജോസ് വന്ന് കഥ പറഞ്ഞു. പക്ഷെ, എനിക്ക് ഒന്നും മനസിലായിട്ടില്ല’ എന്ന്.

കഥ മനസിലാകാത്ത ഒരാളെ കാസ്റ്റ് ചെയ്യേണ്ട എന്ന് തീരുമാനിച്ചിട്ട് പുതിയ ഒരാളെ നോക്കി. അങ്ങനെയാണ് മീരാ നന്ദനെ കിട്ടുന്നത്. മീരാ നന്ദൻ്റെ ആദ്യ ചിത്രമായിരുന്നു അത്,’ ലാൽ ജോസ് പറയുന്നു.

മുല്ല സിനിമ

ലാൽ ജോസിൻ്റെ സംവിധാനത്തിൽ 2008ൽ പുറത്തിറങ്ങിയ ചിത്രമാണ് മുല്ല. ദിലീപും മീര നന്ദനുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എം. സിന്ധുരാജ് ആണ് ചിത്രത്തിന് രചന നിർവഹിച്ചത്.

Content Highlight: Lal Jose Talking about Mulla Film and Meera Jasmine

We use cookies to give you the best possible experience. Learn more