| Sunday, 29th June 2025, 2:49 pm

ആ സിനിമയില്‍ നസ്രിയയുടെ അച്ഛനായി എന്നെ കാസ്റ്റ് ചെയ്തു; 'പപ്പ നശിപ്പിക്കരുത്' എന്നായിരുന്നു മക്കളുടെ മറുപടി: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂഡ് ആന്റണി ജോസഫ് സഹ രചനയും സംവിധാനവും നിര്‍വഹിച്ച് 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഓം ശാന്തി ഓശാന. നസ്രിയ നസീം, നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. ലാല്‍ ജോസും സിനിമയില്‍ ചെറിയൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍ ചെയ്ത അച്ഛന്‍ വേഷത്തിലേക്ക് തന്നെയാണ് ആദ്യം കാസ്റ്റ് ചെയ്തതെന്ന് ലാല്‍ ജോസ് പറയുന്നു. തന്റെ വീട്ടില്‍ വന്ന് സംവിധായകന്‍ ജൂഡ് ആന്റണി സിനിമയുടെ കഥ മുഴുവനും പറഞ്ഞതാണന്നെും വീട്ടില്‍ തന്റെ പങ്കാളിയും മക്കളുമെല്ലാം സിനിമയുടെ കഥ കേട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആ റോളിലേക്കാണ് അഭിനയിക്കേണ്ടതെന്ന് പറയുമ്പോള്‍ തന്റെ മക്കള്‍ തന്നെ പിന്തുണയ്ക്കുമെന്നാണ് താന്‍ വിചാരിച്ചതെന്നും എന്നാല്‍ നേര്‍വിപരീതമായിരുന്നു അവരുടെ മറുപടിയെന്നും ലാല്‍ ജോസ് പറഞ്ഞു. രഞ്ജി പണിക്കരെയും മറ്റൊരാളെയും താനാണ് സജസ്റ്റ് ചെയ്തതെന്നും പിന്നീട് ആ റോള്‍ രഞ്ജി പണിക്കറിലേക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഴവില്‍ മനോരമയില്‍ ലൈറ്റ്‌സ് ക്യാമറ ടോക്‌സില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

ഓം ശാന്തി ഓശന എന്ന സിനിമയില്‍ രഞ്ജി പണിക്കര്‍ ചെയ്ത റോളിലേക്ക് എന്നെയാണ് ആദ്യം കാസ്റ്റ് ചെയ്തത്. എന്റെ വീട്ടില്‍ വന്നിട്ട് ഡയറക്ടര്‍ കഥയൊക്കെ പറഞ്ഞു. എന്റെ ഭാര്യയും രണ്ട് പെണ്‍മക്കളും അവിടെ ഉണ്ടായിരുന്നു. അവരും ഫുള്‍ കഥ കേട്ടു. തീരുമാനം ഞാന്‍ നാളെ പറയാം എന്ന് പറഞ്ഞു. കഥകേട്ടപ്പോള്‍ ഫുള്‍ ലെങ്ത് ഉള്ള റോളാണ്. അപ്പോള്‍ എന്റെ മക്കള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് വിചാരിച്ചത്.

‘പപ്പ അയാളുടെ ആദ്യത്തെ സിനിമയാണ് നശിപ്പിക്കരുത്’ എന്നാണ് മക്കള്‍ പറഞ്ഞത്.(ചിരി) അവര്‍ക്ക് നിലവിലുള്ള നടന്മാര്‍ വേണ്ട എന്ന് പറഞ്ഞിരുന്നു. അവസാനം രഞ്ജി പണിക്കരെ ഞാനാണ് സജസ്റ്റ് ചെയ്തത്. രണ്ട് പേരുടെ പേര് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് രഞ്ജി പണിക്കറിലേക്ക് അത് പോകുന്നത്. പടം ഇറങ്ങി അത് ഹിറ്റായി. രഞ്ജി പണിക്കര്‍ നല്ല ബിസിയായി, പുതിയ കാറൊക്കെ വാങ്ങിച്ചപ്പോഴാണ് ഭാര്യക്കും മക്കള്‍ക്കും സംവിധായകനായിട്ട് വലിയ ഗുണമൊന്നും ഇല്ലെന്ന് മനസിലായത്,’ ലാല്‍ ജോസ് പറയുന്നു.

Content Highlight:  Lal Jose says that he was initially cast in the role of the father played by Ranji Panicker in the film Om Shanti Oshana.

We use cookies to give you the best possible experience. Learn more