| Friday, 9th May 2025, 9:17 am

പലരും മലയാളത്തിലെ അടുത്ത നായകനായി വരുമെന്ന് കരുതിയ നടന്‍; എല്ലാ സിനിമകളിലും ഉണ്ടാകുമായിരുന്നു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് മികച്ച ഹിറ്റ് സിനിമകള്‍ നല്‍കിയ സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായിട്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ നടന്‍ ക്യാപ്റ്റന്‍ രാജുവിനെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്.

ഒരു കാലത്ത് ഐ.വി. ശശിയുടെ സിനിമകളില്‍ നായക പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു ക്യാപ്റ്റന്‍ രാജു ചെയ്തതെന്നും അന്ന് അദ്ദേഹം വളരെ പ്രശസ്തനായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

ആ കാലത്ത് ക്യാപ്റ്റന്‍ രാജു മലയാളത്തിലെ അടുത്ത നായകനായി വന്നേക്കാമെന്നാണ് പലരും വിചാരിച്ചതെന്നും ലാല്‍ ജോസ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘ഒരു കാലത്ത് സംവിധായകന്‍ ഐ.വി. ശശിയുടെ പടങ്ങളില്‍ നായക പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്തിരുന്ന ആളാണ് ക്യാപ്റ്റന്‍ രാജു ചേട്ടന്‍. ആ സമയത്ത് അദ്ദേഹം വളരെ പോപ്പുലറായിരുന്നു.

അദ്ദേഹം മലയാളത്തിലെ അടുത്ത നായകനായി വന്നേക്കാമെന്ന് എല്ലാവരും വിചാരിച്ചിരുന്നു. ആ കാലത്ത് അതിരാത്രം എന്ന ഒരു സിനിമ വന്നിരുന്നു. അതില്‍ മമ്മൂക്ക ഒരു സെമി ആന്റി ഹീറോ കഥാപാത്രമായിരുന്നു ചെയ്തത്. ക്യാപ്റ്റന്‍ രാജു ചേട്ടനായിരുന്നു പോസിറ്റീവ് കഥാപാത്രമായി എത്തിയത്.

പിന്നെ അന്നൊക്കെ എല്ലാ സിനിമകളിലും അദ്ദേഹം ഉണ്ടായിരുന്നു. മലയാളത്തില്‍ മാത്രമായിരുന്നില്ല. തമിഴിലും തെലുങ്കിലുമൊക്കെ അദ്ദേഹം വില്ലനായി വന്നു. അത്തരത്തില്‍ ഒരുപാട് സിനിമകളില്‍ രാജു ചേട്ടന്‍ അഭിനയിച്ചു,’ ലാല്‍ ജോസ് പറയുന്നു.

ക്യാപ്റ്റന്‍ രാജു:

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ക്യാപ്റ്റന്‍ രാജുവെന്ന രാജു ഡാനിയേല്‍. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലായി 600ലധികം സിനിമകളില്‍ അഭിനയിച്ച നടന്‍ കൂടിയാണ് അദ്ദേഹം.

സ്വഭാവ നടനായും വില്ലനായും അദ്ദേഹം സിനിമയില്‍ ഏറെ പ്രശസ്തനായിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും പരസ്യങ്ങളിലും ക്യാപ്റ്റന്‍ രാജു അഭിനയിച്ചിരുന്നു. മിസ്റ്റര്‍ പവനായി 99.99 (2019), ഇതൊരു സ്‌നേഹഗാഥ (1997) എന്നീ സിനിമകള്‍ സംവിധാനം ചെയ്തതും ക്യാപ്റ്റന്‍ രാജുവാണ്.


Content Highlight: Lal Jose Says Captain Raju Was An Actor Who Many People Thought Would Be The Next Hero In Malayalam

We use cookies to give you the best possible experience. Learn more