ഈ വലിയ മാളില്‍ ഒരു ഉമ്മയും മകളും ഒറ്റക്കാണ്
രോഷ്‌നി രാജന്‍.എ

എട്ടുവര്‍ഷംമുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞപ്പോള്‍മുതല്‍ നാലും ഏഴും വയസ്സുള്ള രണ്ടുപെണ്‍മക്കളുമായി ജീവിതത്തോട് പൊരുതാന്‍തുടങ്ങിയതാണ് പൂവാട്ടുപറമ്പ് മുതലക്കുണ്ട് നിലം ഫാത്തിമഹൗസില്‍ ഫസ്‌ന. എന്നാല്‍, മഹിളാമാളിലുണ്ടായിരുന്ന കടയിലെ വൈദ്യുതി അധികൃതര്‍ വിച്ഛേദിച്ചതോടെ വരുമാനം നിലച്ചു.

വീട്ടുവാടക നല്‍കാനില്ലാത്തതിനാല്‍ അവിടെനിന്ന് ഇറങ്ങേണ്ടിവന്നു. തിങ്കളാഴ്ചമുതല്‍ മഹിളാമാളിലെ ‘നിലാവ്’ എന്ന കടയില്‍ ഇളയമകളുമൊന്നിച്ച് സമരത്തിലാണ് ഫസ്‌ന. മഹിളാമാളിലെ കടയിലേക്ക് ലോണെടുത്തും മറ്റുമാണ് രണ്ടുലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ വാങ്ങിയത്.

2018 ഡിസംബര്‍ എട്ടിന് കടതുറന്നു. നാലുദിവസം കഴിഞ്ഞപ്പോള്‍ വൈദ്യുതിബില്ലെത്തി. മഹിളാമാള്‍ നടത്തിപ്പുകാര്‍ തയ്യാറാക്കിനല്‍കിയ ബില്ലിനെ എതിര്‍ത്തതോടെ പ്രശ്‌നങ്ങളും ആരംഭിച്ചു. ണ്ടുദിവസത്തിനകം ബില്ലടച്ചെങ്കിലും പിന്നെ കണക്ഷന്‍ കൊടുക്കാന്‍ നടത്തിപ്പുകാര്‍ തയ്യാറായില്ല. ഇതിനിടെ മാള്‍പൂട്ടി. സമരങ്ങളെത്തുടര്‍ന്ന് ഇവിടത്തെ കടകള്‍ തുറന്നുകൊടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടതോടെ ഫസ്‌നയുടെ കടയും തുറന്നു.

എന്നാല്‍ മാള്‍ അധികൃതര്‍ പിന്നീട് ഫസ്‌നയുടെ കടയിലെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. ജീവിക്കാന്‍ വേറെ വഴികളില്ലാതെ കടയിലാണ് ഫസ്‌നയും മകളുമിപ്പോള്‍ അന്തിയുറങ്ങുന്നത്.

 

 

 

 

 

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.