'കൊന്ന ശേഷം ഹമാസ് ആക്കും'; ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത ശേഷമുള്ള ഇസ്രാഈല്‍ തട്ടിപ്പ് വെളിപ്പെടുത്തി മുന്‍ സൈനികര്‍
India
'കൊന്ന ശേഷം ഹമാസ് ആക്കും'; ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത ശേഷമുള്ള ഇസ്രാഈല്‍ തട്ടിപ്പ് വെളിപ്പെടുത്തി മുന്‍ സൈനികര്‍
ശ്രീലക്ഷ്മി പി.പി
Tuesday, 1st September 2026, 10:33 am

ടെൽ അവീവ്: ഗസയിൽ സാധാരണക്കാരായ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത ശേഷം ആ കൊലപാതകങ്ങളെ ന്യായീകരിക്കാൻ ഇസ്രാഈൽ സൈന്യം കൃത്രിമ കാരണങ്ങൾ കണ്ടെത്തുകയാണെന്ന് മുൻ ഇസ്രാഈൽ സൈനികരുടെ സംഘടനയായ ‘ബ്രേക്കിങ് ദ സൈലൻസ്’. സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ നാദവ് വെയ്മാൻ നൽകിയ അഭിമുഖത്തിലാണ് സൈന്യത്തിന്റെ ക്രൂരതകൾ വെളിപ്പെടുത്തിയത്.

സൈനിക നടപടികളിൽ കൊല്ലപ്പെടുന്ന സാധാരണക്കാരായ ഫലസ്തീനികളെ ഹമാസ് ബന്ധമുള്ളവരായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ സൈന്യം പിന്നീട് വിവരങ്ങൾ ശേഖരിക്കുകയാണെന്ന് വെയ്മാൻ വെളിപ്പെടുത്തി. ഇതിനെ ‘കഴിഞ്ഞകാലത്തെ പ്രവർത്തനങ്ങളുടെ പേരിൽ കുറ്റക്കാരനാക്കൽ’ (retrospective incrimination) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഹമാസ് കെട്ടിടത്തിന് സമീപം നിന്നതുകൊണ്ടോ കുടുംബത്തിൽ ആർക്കെങ്കിലും ഹമാസുമായി ബന്ധമുള്ളതുകൊണ്ടോ മാത്രം കൊല്ലപ്പെട്ടവരെ തീവ്രവാദികളായി ചിത്രീകരിച്ച് സൈന്യം ന്യായീകരണം കണ്ടെത്തുന്നു. വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ വ്യക്തിത്വവും അവർക്ക് ഹമാസുമായോ മറ്റ് സായുധ സംഘടനകളുമായോ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ബന്ധങ്ങളും കണ്ടെത്താൻ ഇസ്രാഈൽ സൈന്യവും സൈനിക വക്താക്കളും ബോധപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ആദ്യം ഞങ്ങൾ വെടിവെക്കുന്നു, കൊല്ലുന്നു; പിന്നീട് ചിന്തിക്കുന്നു, അതിനുശേഷം അത് സംഭവിച്ചതിന് എന്തെങ്കിലും കാരണം കണ്ടെത്താൻ ശ്രമിക്കുന്നു’ എന്ന് നാദവ് വെയ്മാൻ പറഞ്ഞു. നാസർ ആശുപത്രിക്ക് ചുറ്റുമുള്ള ഇസ്രാഈൽ സൈനിക നടപടികൾ, റഫയിൽ 15 രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ട സംഭവം, ഗസയിൽ വലിയ തോതിൽ സാധാരണക്കാരുടെ മരണത്തിനിടയാക്കിയ വ്യോമാക്രമണങ്ങൾ തുടങ്ങിയവ ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ആക്രമണം നടത്താൻ സൈന്യത്തിന് നൽകിയ അമിത ഇളവുകളാണ് യുദ്ധത്തിൽ വലിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വഴിവെച്ചത്. കൊല്ലപ്പെട്ടതിന് ശേഷമാണ് ചില ഫലസ്തീനികളെ തീവ്രവാദികളായി പ്രഖ്യാപിച്ചതെന്നും, ഇത്തരത്തിൽ കൊല്ലപ്പെട്ടവരിൽ നിരായുധരായവരും 18 വയസ്സിന് താഴെയുള്ള കുട്ടികളും ഉണ്ടായിരുന്നുവെന്നും സംഘടന വ്യക്തമാക്കി.

കൂടാതെ, ഗസയിലെ ക്യാമറകളെയും മാധ്യമപ്രവർത്തകരെയും സൈന്യം ബോധപൂർവം ലക്ഷ്യമിടുന്നുണ്ടെന്നും ഇതാണ് കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെടാൻ കാരണമെന്നും സംഘടന ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തങ്ങളുടെ ക്രൂരതകളെ ന്യായീകരിച്ച് അംഗീകാരം നേടാനാണ് ഇസ്രാഈൽ സൈന്യം ഇത്തരം റിപ്പോർട്ടുകൾ ചമയ്ക്കുന്നത്.

ഗസയിലെ അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും സൈന്യത്തിന്റെ ആസൂത്രിത നയത്തിന്റെ ഭാഗമാണെന്നും സൈനികരുടെ തന്നെ മൊഴികൾ ഉദ്ധരിച്ച് സംഘടന കൂട്ടിച്ചേർത്തു. ഇസ്രാഈൽ സൈനികർ നേരിട്ട അനുഭവങ്ങൾ തുറന്നുപറയാനായി 2004-ൽ സ്ഥാപിതമായ മുൻ സൈനികരുടെ കൂട്ടായ്മയാണ് ‘ബ്രേക്കിങ് ദ സൈലൻസ്’.

Content Highlight:“Label Them Hamas After Killing Them”: Former Israeli Soldiers Expose Israel’s Tactic of Justifying the Mass Killing of Palestinians.

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.