'ലാ പുൾഗ': ഇത്തിരിക്കുഞ്ഞനില്‍ നിന്ന് ലോകത്തിന്റെ സുല്‍ത്താനിലേക്ക്
Opinion
'ലാ പുൾഗ': ഇത്തിരിക്കുഞ്ഞനില്‍ നിന്ന് ലോകത്തിന്റെ സുല്‍ത്താനിലേക്ക്
പി.ടി. രാഹേഷ്
Wednesday, 17th June 2026, 2:57 pm
മുത്തശ്ശി സീലിയയിയാണ് ഫുട്‌ബോള്‍ കളിയില്‍ മെസിക്ക് പ്രോല്‍സാഹനം നല്‍കി കൂടെ ഉണ്ടായിരുന്നത്. മൈതാനത്തിലെ പൊക്കക്കുറവുകാരനായിരുന്ന അദ്ദേഹത്തിന് ഒരു വിളിപ്പേര് കിട്ടി. കുഞ്ഞീച്ച അഥവാ ലാ പുൾഗ എന്നാണ് സഹോദരങ്ങളും കൂട്ടുകാരും മെസിയെ വിളിച്ചിരുന്നത്. 'എന്തൊരു ചെറുതാണ് എന്ന പരിഹാസത്തില്‍ നിന്ന് എന്തൊരു കളിയാണ് എന്ന അമ്പരപ്പിലേക്ക് മെസി കാണികളെ നയിച്ചു. ഗോള്‍ വല കുലുക്കി റെക്കോഡുകള്‍ പലതും സ്വന്തമാക്കിയ മെസി കാല്‍പന്ത് പ്രേമികളിലെ എതിരാളികളുടെ പോലും മനസ് കുലുക്കുകയാണ്.

കുറേയേറെ കാലമായി ഏതു നാട്ടിലേയും കാല്‍പന്തുകളികള്‍ക്കിടയിലെല്ലാം ഉണ്ടാവാറുള്ള ഒരാളാണ് മെസി. നീല വരയന്‍ ജേഴ്‌സിയണിഞ്ഞ പത്താം നമ്പറുകാരനായി കളിക്കളത്തില്‍ ഓരോ നാട്ടിലും ഒരാളെങ്കിലും ഉണ്ടാകും. കാല്‍പന്തുകളിയില്‍ മെസി ഉണ്ടാക്കുന്ന ഓരോ നേട്ടവും ലോകമാകെ പങ്കുവെക്കപ്പെടുന്നത് ഏറ്റവും പുതിയ തലമുറയിലും പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞ അവരാണ്.

ആ മെസിയാണ് ഇന്ന് ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ഗോളടിച്ച കാല്‍പന്തുകളിക്കാരനായി മാറിയിരിക്കുന്നത്. ലോകത്തെ മുന്‍നിര ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായ ലയണല്‍ മെസിയുടെ ഈ നേട്ടമുണ്ടാക്കിയ സന്തോഷത്തിനിടയില്‍ കളിയുടെ ആവേശം മാത്രമല്ലാതെ, നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? മെസിയില്‍ നിന്ന് കളിയല്ലാതെ എന്തെങ്കിലും കാര്യം അറിയാനുണ്ടോ?

ലയണൽ മെസി. Photo: Selección Argentina in English/x.com

കളിയെ കാര്യമായി കണ്ട ഒരാളാണ് മെസി. ഗോളടിക്കുന്നതിനോടൊപ്പം കളിക്കിടയില്‍ ഒരു ടീം വര്‍ക്ക് നിര്‍മ്മിച്ചെടുക്കുന്ന മിടുക്കനാണ് അയാള്‍. ഒരു മികച്ച കളിക്കാരന്‍ പരസ്പര സ്‌നേഹം, സഹവര്‍ത്തിത്വം, സഹാനുഭൂതിയുമെല്ലാം ഉള്‍ച്ചേര്‍ന്നതാണന്ന് പഠിപ്പിക്കുന്നയാളാണ് ഈ അര്‍ജന്റീനക്കാരന്‍.

ടീമിലുള്ളവരോട് മാത്രമല്ല എതിരാളികളോട് പോലും ബഹുമാനം കാണിക്കുകയും, സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ കായികക്ഷമതയെന്ന് നിരവധി സന്ദര്‍ഭങ്ങളിലൂടെ വിളിച്ചുപറയുന്ന വ്യത്യസ്തയാണ് മെസിയെ ജനപ്രിയനാക്കുന്നത്.

തൊഴിലാളികളുടെ മകനായി ജനിച്ച മെസി ഫുട്‌ബോള്‍ ലോകത്തേക്ക് മാടി വിളിക്കുന്ന റൊസാരിയോ തെരുവിലാണ് വളര്‍ന്നത്. കളിച്ച് നടക്കുമ്പോള്‍ കുട്ടികളെ പലപ്പോഴും രക്ഷിതാക്കള്‍ ചീത്ത പറയാറില്ലേ, റൊസാരിയോ തെരുവില്‍ കളിക്കുന്ന കുട്ടികളെ ആരും ചീത്ത പറയാറില്ല.

മുത്തശ്ശി സീലിയയിയാണ് ഫുട്‌ബോള്‍ കളിയില്‍ മെസിക്ക് പ്രോല്‍സാഹനം നല്‍കി കൂടെ ഉണ്ടായിരുന്നത്. മൈതാനത്തിലെ പൊക്കക്കുറവുകാരനായിരുന്ന അദ്ദേഹത്തിന് ഒരു വിളിപ്പേര് കിട്ടി. കുഞ്ഞീച്ച അഥവാ ലാ പുൾഗ (La Pulga) എന്നാണ് സഹോദരങ്ങളും കൂട്ടുകാരും മെസിയെ വിളിച്ചിരുന്നത്.

ലയണൽ മെസി. Photo: Fabrizio Romano /x.com

കളിക്കളത്തില്‍ ഇത്തിരിക്കുഞ്ഞനായിരുന്ന മുത്തശ്ശിയുടെ മെസി അര്‍ജന്റീനയുടെ കുട്ടി ടീമിലെ കളിക്കാരനായി വളര്‍ന്നതിനിടയിലാണ് ഗുരുതര രോഗ ബാധിതനാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. വലിപ്പം കുറവുള്ള കൂട്ടുകാര്‍ നമുക്കിടയില്‍ എല്ലാം ഉണ്ടാകാം. രണ്ടു കോടിയില്‍ ഒരാള്‍ക്ക് വരുന്ന ജനിതകരോഗമായ ഇഡിയൊപാത്തിക് ഷോര്‍ട്ട് സ്റ്റെച്ചര്‍ (Idiopathic Short Stature) കാരണം വളര്‍ച്ചക്ക് വേണ്ട ഹോര്‍മോണുകളുടെ കുറവുള്ള ഒരാളായിരുന്നു മെസി.

ചികില്‍സിച്ചില്ലെങ്കില്‍ ഇനി വളരില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മെസിയുടെ കൗമാരം അതുകൊണ്ടുതന്നെ ഒരു നൊമ്പരക്കാലമായി മാറി. അര്‍ജന്റീനയുടെ അക്കാലത്തെ സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹത്തിന്റെ ചെലവേറിയ ചികില്‍സക്ക് തടസമായി. ഇനി കളിക്കാന്‍ കഴിയുമോ എന്ന സങ്കടത്തിലായിരുന്നു മെസി.

ഈ സമയത്താണ് ചികില്‍സാ ചെലവേറ്റെടുത്ത് മെസിയെ ബാഴ്‌സലോണ ക്ലബ്ബ് കൊണ്ടു പോകുന്നത്. ചികിത്സക്കായി മാസം തോറും ആയിരം ഡോളര്‍ വേണമെന്നിരിക്കെ അദ്ദേഹത്തെ ബാഴ്‌സലോണ കൂടെ കൂട്ടുന്നത് നാപ്കിന്‍ കരാറിലൂടയാണ്.

 

മെസിയെന്ന മിടുക്കനായ കളിക്കാരനെ വിട്ടുകളയാന്‍ മടിയുള്ളതിനാലാണ് കയ്യില്‍ കിട്ടിയ നാപ്കിന്‍ പേപ്പറില്‍ ഒപ്പിട്ടു കൊണ്ട് 2000 ഡിസംബര്‍ 14ന് ബാഴ്‌സലോണയിലെ ഒരു ടെന്നിസ് ക്ലബ്ബില്‍ വച്ച് ബാഴ്‌സലോണയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടറായിരുന്ന കാള്‍സ് റെക്‌സാഷ് താരത്തിന്റെ പിതാവ് ഹോര്‍ഹെയുമായി ധാരണയിലെത്തിയത്.

മെസി സൂപ്പര്‍ താരമായി വളര്‍ന്നതോടെ നാപ്കിന്‍ പേപ്പര്‍ മൂല്യമുള്ള വസ്തുവായി മാറി. അദ്ദേഹത്തിന്റെ പതിമൂന്നാം വയസില്‍ ഒപ്പിട്ട ഈ പേപ്പര്‍ പിന്നീട് എട്ട് കോടി രൂപക്കാണ് പിന്നീട് ലേലത്തില്‍ പോയത്.

‘എന്തൊരു ചെറുതാണ് എന്ന പരിഹാസത്തില്‍ നിന്ന് എന്തൊരു കളിയാണ് എന്ന അമ്പരപ്പിലേക്ക് മെസി കാണികളെ നയിച്ചു. ഗോള്‍ വല കുലുക്കി റെക്കോഡുകള്‍ പലതും സ്വന്തമാക്കിയ മെസി കാല്‍പന്ത് പ്രേമികളിലെ എതിരാളികളുടെ പോലും മനസ് കുലുക്കുകയാണ്.

ലയണൽ മെസി. Photo: Messismo/x.com

ആരാധകരുടെ പിന്തുണക്ക് എപ്പോഴും എളിമയോടെ നന്ദി പ്രകടിപ്പിക്കുകയും കളിക്കളത്തില്‍ എപ്പോഴും വ്യത്യസ്തനുമായ മെസി നല്‍കുന്ന പാസുകള്‍ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമായി പലപ്പോഴും നമ്മള്‍ കാണാറുണ്ട്.

അല്‍ജീരിയക്ക് എതിരെയുള്ള കളിയില്‍ മൂന്നു ഗോളുകള്‍ നേടിയെങ്കിലും കളിയില്‍ ഒറ്റക്ക് ജയിക്കാനല്ല, ഒരുമിച്ച് ജയിക്കാനാണ് മെസി പഠിപ്പിക്കുന്നത്. എതിരാളിയുടെ കാലുകള്‍ക്കിടയിലൂടെ പന്തുമായി പായുന്ന മെസിയില്ലാത്ത അര്‍ജന്റീന ടീം എങ്ങനെ കളിക്കും എന്ന ആശങ്ക കൂടി ഈ ഹാട്രിക് നേട്ടത്തിന്റെ സന്തോഷത്തോടൊപ്പം ആരാധകര്‍ക്കിടയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഫുട്‌ബോള്‍ കരിയറിലെ അവസാനത്തെ ലോകകപ്പില്‍ മെസിയുടെ ബാക്കിയുള്ള അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കാം.

Content Highlight: ‘La Pulga’: Lionel Messi’s journey From a tiny child to the Sultan of the football world 

പി.ടി. രാഹേഷ്
പി.ടി.രാഹേഷ്. പാലക്കാട് ജില്ലയിലെ മുതുതല സ്വദേശി. കോവിഡ് കാല അനുഭവങ്ങളുടെ സമാഹാരമായ 'ബൂസ്റ്റര്‍ഡോസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എഴുതാറുണ്ട്. കുട്ടികള്‍ക്കിടയില്‍ ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.