വംശീയ വിദ്വേഷം: വിനീഷ്യസ് ജൂനിയറിനോട് പരസ്യമായി ക്ഷമ ചോദിച്ച് ലാ ലിഗ പ്രസിഡന്റ്
football news
വംശീയ വിദ്വേഷം: വിനീഷ്യസ് ജൂനിയറിനോട് പരസ്യമായി ക്ഷമ ചോദിച്ച് ലാ ലിഗ പ്രസിഡന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th May 2023, 9:31 pm

മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനോട് പരസ്യമായി ക്ഷമ ചോദിച്ച് ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ്. കാര്യമറിയാതെയാണ് ആദ്യം താരത്തെ വിമര്‍ശിച്ചതെന്നും താരത്തെ ആക്രമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം ഇ.എസ്.പി.എന്‍ ബ്രസീലിനോട് പറഞ്ഞു.

‘ഞാന്‍ ഒരിക്കലും വിനീഷ്യസിനെ ആക്രമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ, പലരീതിയിലും ആളുകള്‍ മനസിലാക്കിയിട്ടുള്ളത് അങ്ങനെയാണ്. അതൊരു തെറ്റിദ്ധാരണ മാത്രമാണ്. തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. ഒരിക്കലും ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല.

വിനീഷ്യസ് ജൂനിയര്‍ കൃത്യമായി ഞങ്ങളോട് സംസാരിച്ചിരുന്നില്ല. അതേസമയം ഞങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ ഞാന്‍ വിശദീകരിച്ചത് വളരെ മോശമായ രീതിയിലാണ്, അതും ഒരു മോശമായ സമയത്ത്.’ എന്നും ടെബാസ് വിശദീകരിച്ചു.

ഈ വിഷയത്തില്‍ ലാ ലിഗ ഇനിയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതേസമയം, സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വലന്‍സിയക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും വിനീഷ്യസിന്റെ വിലക്ക് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും പരിക്ക് മൂലം വിനീഷ്യസ് റയോ വല്ലക്കാനക്കെതിരായ കഴിഞ്ഞ മത്സരം കളിച്ചിരുന്നില്ല. സീസണില്‍ ഇനി സെവിയ്യ, അത്‌ലറ്റിക് ക്ലബ്ബ് എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.

ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് – വലന്‍സിയ മത്സരത്തിനിടെയാണ് 22കാരനായ താരത്തിനെതിരെ വംശീയാധിക്ഷേപമുണ്ടായത്. വിനീഷ്യസ് മരിക്കട്ടെ എന്നും കുരങ്ങന്‍ എന്നുമെല്ലാം വലന്‍സിയ ആരാധകര്‍ ചാന്റ് ചെയ്തതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ വിനി ശക്തമായ ഭാഷയില്‍ തന്നെ കളിക്കളത്തില്‍ വെച്ച് പ്രതികരിച്ചിരുന്നു.

‘ഇതാദ്യമായല്ല ഇത്തരത്തിലൊരു സംഭവമുണ്ടാകുന്നത്. രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയുമല്ല. ലാ ലിഗയില്‍ വംശീയാധിക്ഷേപം സാധാരണമാവുകയാണ്. ഇത് സാധാരണമാണെന്നാണ് ഇവിടെ കരുതുന്നത്. ഫെഡറേഷനും എതിരാളികളും അതിനെ പ്രോത്സാഹിപ്പിക്കുകയാണ്.

റൊണാള്‍ഡീഞ്ഞോ, റൊണാള്‍ഡോ, ക്രിസ്റ്റ്യാനോ, മെസി എന്നിവരുടെ ലീഗ് ഇപ്പോള്‍ പൂര്‍ണമായും വംശീയമാണ്. ഞാന്‍ സ്‌നേഹിക്കുന്ന, എന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഒരു രാജ്യമിപ്പോള്‍ ലോകത്തിന് മുമ്പില്‍ വംശീയവിദ്വേഷം പ്രചരിപ്പിക്കുന്നതിന്റെ മുഖമാണ്,’ എന്നാണ് വിനീഷ്യസ് പ്രതികരിച്ചത്.

content highlights: La Liga president Javier Tebas has issued an apology to Vinicius Jr