കുരുതി അഥവാ മുസ്‌ലിമിന്റെ കയ്യില്‍ എറിഞ്ഞു പിടിപ്പിച്ച ഹിന്ദുത്വ കത്തി
Film Review
കുരുതി അഥവാ മുസ്‌ലിമിന്റെ കയ്യില്‍ എറിഞ്ഞു പിടിപ്പിച്ച ഹിന്ദുത്വ കത്തി
മുഹമ്മദ് റാഫി എന്‍.വി
Friday, 13th August 2021, 3:30 pm
മലയാള സിനിമ ഇന്നേ വരെ നിര്‍മിച്ചവയില്‍ ഏറ്റവും പ്രതിലോമകരമായ മൂന്നാം കിട സിനിമയാണ് കുരുതി

സെക്കുലറിസത്തിന് കനത്ത ഭീഷണമായ ഒരു എത്‌നിസിറ്റി ആണ് മുസ്‌ലിമിന്റേത് എന്ന അബോധത്തെ ഉള്‍വഹിക്കുന്ന സിനിമയാണ് കുരുതി. ഒരു സിനിമ എന്ന നിലക്ക് അതിലെ സ്‌ട്രെക്ച്ചര്‍ മൂന്നാംകിട ഇന്ത്യന്‍ സിനിമയിലെ ഗുണ്ടാസംഘങ്ങളുടെ പകയും തേര്‍വാഴ്ചയും സ്വീകരിച്ചിരിക്കുന്നു.

ശരാശരിയിലും താഴെയുള്ള ദൃശ്യാനുശീലനം മാത്രം ആവശ്യപ്പെടുന്ന കുരുതി എന്ന പോപ്പുലിസ്റ്റ് മലയാള സിനിമ പക്ഷെ നമുക്ക് തള്ളിക്കളയാനാവാത്ത വിധം അപകടകരവും പ്രതിലോമകരവുമായ ബോധത്തെ ഉള്‍വഹിക്കുന്നതുമാണ്. ഇതുവരെ മലയാള സിനിമ നിര്‍മ്മിച്ചെടുത്ത മുസ്‌ലിം വംശീയ വാര്‍പ്പ് മാതൃകകള്‍ എല്ലാം തന്നെ (ഉദാഹരണം: ഇന്ദുലേഖ, ധ്രുവം, വല്യേട്ടന്‍ തുടങ്ങി മാലിക് വരെ ഉള്ളവ) മുസ്‌ലിം എന്ന പേരിനെ ഉള്‍വഹിച്ചെങ്കില്‍ കുരുതി അതിലെ ലായിക്ക് അടക്കമുള്ള കഥാപാത്ര സൃഷ്ടിയിലൂടെ ഇസ്‌ലാം/മുസ്‌ലിം എന്ന എപ്പിക്-പ്രത്യയശാസ്ത്ര സംവാഹകത്തെ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു.

ഇസ്‌ലാം എപ്പിക് ആയ ഖുര്‍ആനില്‍ ഉള്ള വരികളാണ് അമാനുഷിക പരിവേഷമുള്ള ലായിഖ് (പൃഥ്വിരാജ്) നടത്തുന്ന ഹിംസകള്‍ക്കെല്ലാം ന്യായീകരണമായി അയാള്‍ ഉരുവിടുന്നത്. ലായിഖ് എന്ന പേരില്‍ പോലും ഈ നിഗൂഢത കാണാം. ഇയാള്‍ പ്രത്യക്ഷപ്പെടുന്നതും ഹിംസാത്മകത കൈവരിച്ച് അമാനുഷികമായി അമറുന്നതുമെല്ലാം ഇരുട്ടില്‍ നിന്നാണ്. ആദി ഗോത്ര ജനതയുടെ പല മാന്ത്രികാനുഷ്ഠാനങ്ങളും രക്‌തോപാസനകളും രാത്രിയിലാണ് അരങ്ങേറുന്നത്.

ആദിമകാലത്തോളം ഈ രാത്രി പ്രതീകങ്ങള്‍ക്ക് പഴക്കമുണ്ട്. കറുത്ത ദിക്കില്‍ നിന്നുള്ള സൂര്യന്റെ ഉദയത്തെയും സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഇരുള്‍ പരക്കുന്നതും ഇരുളില്‍ നിന്നും സൃഷ്ടിയുണ്ടായി എന്ന സങ്കല്‍പ്പവും നിഗൂഢതകള്‍ നിറഞ്ഞ കാലമായും നിഗൂഢശക്തികളുടെ വരവിന്റെ സമയമായും രാത്രിയെ തെരഞ്ഞെടുക്കപ്പെട്ടു.

ലായിക്കിന്റെയും കൂടെയുള്ള മുസ്‌ലിം തീവ്രവാദിയുടെയും രൂപവും ഭാവവും പ്രവര്‍ത്തിയുമെല്ലാം ഇവരെ ഇരുട്ടിന്റെ ശക്തികളും സെക്കുലര്‍ കുടുംബത്തിനകത്ത് എപ്പോഴും കടന്നുകയറാവുന്ന താലിബാനിക് കേരളൈറ്റ് മുസ്‌ലിം നിര്‍മിതിയുമായി അവതരിപ്പിക്കുന്നു. മുസ്‌ലിങ്ങള്‍ ആ ഒറ്റക്കാരണത്താല്‍ (മുസ്‌ലിം ഇസ്‌ലാം ആയതിന്റെ പേരില്‍) ഏതൊരു സാഹചര്യത്തിലും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യാനിടയുള്ള ഒരു സാഹചര്യം ഇന്ന് കേരളത്തിന്റെ പുറത്തുള്ള ഇന്ത്യന്‍ കോണ്‍ടെക്സ്റ്റില്‍ എങ്കിലും നിലവിലുണ്ട്, അവന്റെ ഭക്ഷണം, വസ്ത്രം, സെക്‌സ് ഒക്കെ ഇന്ന് പലവിധത്തില്‍ അതിന് കാരണമായി തീരുന്നു.

ലായിക്കിനെ പോലെ ഇത്രക്ക് ഭീഷണമായ ഒരു ഇരുട്ടിന്റെ ശക്തി അവര്‍ക്കിടയില്‍ ഇല്ല എന്ന് മാത്രമല്ല അവര്‍ക്കു നേരെ രൂപപ്പെട്ട ഒരു രാജ്യം തന്നെയായി പുതിയ കാലത്ത് ഭൂരിപക്ഷ സവര്‍ണ ഹിന്ദുത്വ കോര്‍പറേറ്റ് അച്ചുതണ്ട് തീര്‍ത്ത ശക്തികള്‍ മാറിയിട്ടുമുണ്ട്.

ഈ അവസരത്തില്‍ ഇങ്ങിനെ ഒരു മലയാള സിനിമയുടെ പ്രസക്തി എന്താണ്? എന്ത് ഷിറ്റും മതത്തിന്റെ അകൗണ്ടില്‍ വിറ്റഴിക്കാവുന്ന ഒരു ദൃശ്യസംസ്‌കാരം രൂപപ്പെട്ടു വരുന്നതിന്റെ കൂടി തെളിവാണ് സുപ്രിയ ‘മേനോന്‍’ നിര്‍മിച്ച് മനു ‘വാര്യര്‍’ സംവിധാനം ചെയ്ത കുരുതി.

മനു വാര്യര്‍

നമ്മള്‍ നമ്മുടെ മതത്തെ, ജാതിയെ, സവര്‍ണ്ണതയെ വീട്ടിനകത്തും പുറത്തും വളരെ അപകടകരമാം വിധം പേറുകയും അത് അടിവസ്ത്രത്തേക്കാള്‍ മലീമസമായി മനസ്സില്‍ പേറി കച്ചവടച്ചരക്കുകള്‍ നിര്‍മിച്ചു വിറ്റഴിയ്ക്കാന്‍ നടക്കുകയും ചെയ്യുന്നു.

സെക്കുലര്‍ മുസ്‌ലിം ആയ ഇബ്രൂ (ഇബ്രാഹിം) വിനെ അവന്റെ ഹിന്ദു കാമുകി സുമതി ഉപേക്ഷിച്ചു പോകുന്നത് നോക്കുക. എത്ര സെക്കുലര്‍ ആയാലും അവന്റെ കൂട്ടര്‍ അവന്റെ കൂട്ടരും അടിസ്ഥാനപരമായി അവന്‍ തന്നെ കേവല ‘നിര്‍മിത മുസ്‌ലിം’ ‘സെക്കുലര്‍ മുസ്‌ലിം’ അല്ലെങ്കില്‍ ‘നല്ല മുസ്‌ലിം’ മാത്രം ആണെന്നുമുള്ള അവളുടെ തിരിച്ചറിവാണ് ഈ ബ്രാഹ്മണിക് ഹിന്ദുത്വ പ്രോപ്പഗാണ്ടാ സിനിമ ഭാവനക്കെടുക്കുന്നത്.

അവനെ വിശ്വസിക്കാന്‍ കൊള്ളില്ല. ഇത് മലയാള അനുഭൂതി ഭാവന ഇന്നും ഇന്നെലെയും തുടങ്ങിയ കച്ചവടമല്ല. മലയാളത്തിലെ ആദ്യനോവലായ ഇന്ദുലേഖ (പ്രസ്തുത നോവല്‍ രണ്ടു തവണ സിനിമ ആയിട്ടുണ്ട്) തൊട്ടു തുടങ്ങിയതാണ്. ഇന്ദുലേഖയില്‍ ഷിയാര്‍ ആലിഖാന്‍ എന്നൊരു കഥാപാത്രമുണ്ട്. മാധവന്റെ പെട്ടി അപഹരിച്ചു കടന്നു കളയുന്ന കള്ളന്‍. ഇന്ദുലേഖ അയാളെ സ്വപ്നം കണ്ട് ഞെട്ടി ഉണരുന്നുണ്ട്. അമ്മയോടാവള്‍ പറയുന്നത് ‘അമ്മെ അമ്മെ ഒരു ‘മുസല്‍മാന്‍’ പെട്ടിയും പണവുമെല്ലാം അപഹരിച്ചു മാധവനെ കുത്തിക്കൊന്നു കടന്നു കളഞ്ഞു എന്ന് ഞാന്‍ സ്വപ്നം കണ്ടു എന്നാണ്!

കള്ളനും കൊള്ളക്കാരനുമായ ആ മുസല്‍മാന്‍ ഇന്നും പിള്ളമാരുടെയും വാര്യര്‍മാരുടെയും അനുഭൂതി ഭാവനയിലും സ്വപ്നത്തിലും ഭീകരന്മാരായ ഇരുട്ടിന്റെ ശക്തികള്‍ ആയി വളര്‍ന്നു തിടം വെച്ച് ഹിംസ ചെയ്യാനും സെക്കുലര്‍ ജീവിതത്തെ നശിപ്പിക്കാനും ഇരുട്ടിന്റെ കേരള താലിബാനികളായി കറങ്ങി നടക്കുന്നു!

കുരുതിയില്‍ കരീം എന്നൊരു കഥാപാത്രമുണ്ട് (ഷൈന്‍ ടോം ചാക്കോ) അയാളാണ് ഏറ്റവും വലിയ അപകടകാരി. അരയില്‍ മറച്ചു പിടിച്ച ഒരു മുസ്‌ലിം കത്തിയുമായി പൊതുസമൂഹത്തില്‍ വ്യവഹരിക്കുന്ന സാധാരണ പുള്ളിക്കാരന്‍ എന്നയാളെ പറ്റി പറയാം! ഇബ്രുവിന്റെ അനുജന്‍ റസൂല്‍ എന്ന മത പയ്യന്‍ (നസ്‌ലന്‍) മുസ്‌ലിങ്ങള്‍ തിരിച്ചടിക്കാത്തതാണ് പ്രശ്‌നം എന്നോ മറ്റോ പൊതുസ്ഥലത്ത് അഭിപ്രായം പറയുമ്പോള്‍ അവനെ സ്വകാര്യമായി കൂട്ടി കൊണ്ട് പോയി ഇനി മേലാല്‍ നീ ‘നമ്മുടെ ആള്‍ക്കാര്‍’ അല്ലാത്തവര്‍ ഉള്ളിടത്ത് നിന്നല്ലാതെ നമ്മുടെ രാഷ്ട്രീയം സംസാരിക്കരുത് എന്നുപദേശിക്കുന്ന പുള്ളിക്കാരന്‍.

എന്താണ് ഇയാള്‍ നമ്മോടു പറയുന്ന രാഷ്ട്രീയം? വര്‍ഗീയതയൊന്നും പച്ചക്ക് എന്നല്ലാതെ ഒരു തരത്തിലും പറയാതെ നിങ്ങളുടെ ചുറ്റും കറങ്ങുന്ന മുസ്‌ലിം കൂടുതല്‍ അപകടകാരിയാണ് എന്നാണോ?

ശാന്തമായി നീങ്ങുന്ന നിങ്ങളുടെ സെക്കുലര്‍ കുടുംബത്തിനകത്ത് മറഞ്ഞിരിക്കുന്ന കത്തി അവസരത്തിനൊത്ത് ഉപയോഗിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു മുസ്‌ലിം എപ്പോഴും കടന്നുവരാം എന്നാണോ?

ആയിരിക്കാം. അല്ലാതിരിക്കാം. എന്ത് തന്നെയായാലും മലയാള സിനിമ ഇന്നേ വരെ നിര്‍മിച്ചവയില്‍ ഏറ്റവും പ്രതിലോമകരമായ മൂന്നാം കിട സിനിമയാണ് കുരുതി. നല്ല സിനിമകളേക്കാള്‍ ഇത്തരം വ്യാജ നിര്‍മിത കത്തികള്‍ക്ക് നേരെ ഒരു കണ്ണുണ്ടായിരിക്കേണ്ടത് നമ്മുടെ സെക്കുലര്‍ സാംസ്‌കാരിക ബോധത്തെ അതീവ മലീമസമാക്കാന്‍ പുറപ്പെട്ടു വരുന്ന ചരക്കുകളുടെ മേല്‍ നമ്മള്‍ സൂക്ഷിക്കേണ്ട രാഷ്ട്രീയ നൈതികത കൂടിയാണ്.

Content Highlight: Kuruthi Film Review – Muhammed Rafi NV

 

മുഹമ്മദ് റാഫി എന്‍.വി
എഴുത്തുകാരന്‍, കഥാകൃത്ത്, ചലച്ചിത്ര നിരൂപകന്‍, അധ്യാപകന്‍. ചലച്ചിത്ര പഠനങ്ങളുടെ സമാഹാരമായ കന്യകയുടെ ദുര്‍നടപ്പുകള്‍ 2018 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രചനാവിഭാഗം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ സ്വദേശിയാണ്.