കുറുപ്പ് കഴിഞ്ഞു, ഇനി ഇറങ്ങുന്നത് ഭീഷ്മപര്‍വ്വത്തിലേക്ക്; സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം സംസാരിക്കുന്നു
Dool Talk
കുറുപ്പ് കഴിഞ്ഞു, ഇനി ഇറങ്ങുന്നത് ഭീഷ്മപര്‍വ്വത്തിലേക്ക്; സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം സംസാരിക്കുന്നു
അശ്വിന്‍ രാജ്
Monday, 15th November 2021, 10:35 pm

മലയാളികള്‍ ഏറെ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ നിറഞ്ഞ സദസ്സിനുമുന്നില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കിയാണ് കുറുപ്പ് മുന്നേറുന്നത്. പ്രേക്ഷകര്‍ അതേ ആവേശത്തില്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ബേസില്‍ ജോസഫിന്റെ സംവിധാനമികവിലൊരുങ്ങുന്ന മിന്നല്‍ മുരളി. യൂത്ത് ഐക്കണ്‍ ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

രണ്ട് ചിത്രങ്ങളിലെ ഗാനങ്ങളും ഇതിനോടകം തന്നെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. കുറുപ്പിനും മിന്നല്‍ മുരളിക്കും പാട്ടുകളൊരുക്കിയിരിക്കുന്നത് യുവ സംഗീതസംവിധായകരില്‍ പ്രധാനിയായ സുഷിന്‍ ശ്യാമാണ്. പുതിയ സിനിമകളെ കുറിച്ചും പാട്ടുകളെ കുറിച്ചും മനസു തുറക്കുകയാണ് സുഷിന്‍.

ഏറെ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമായ കുറുപ്പ് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഡിസംബറില്‍ മിന്നല്‍ മുരളി വരുന്നു. രണ്ടിലെയും സംഗീത സംവിധാനം സുഷിന്‍ ശ്യാം ആണ്. എന്ത് തോന്നുന്നു?

എന്തായിരിക്കും,  സന്തോഷമായിരിക്കുമല്ലോ. രണ്ട് പ്രോജക്ടുകളിലും എനിക്ക് നന്നായി വര്‍ക്ക് ചെയ്യാന്‍ പറ്റിയിരുന്നു. രണ്ട് ചിത്രങ്ങളിലും വളരെ യംങ് ആയിട്ടുള്ള ഡയറക്ടേഴ്സും ആര്‍ട്ടിസ്റ്റുകളുമായിരുന്നു.

മിന്നല്‍ മുരളി, ഞാനിതുവരെ വര്‍ക്ക് ചെയ്യാത്ത, മലയാളത്തില്‍ ഇതുവരെ കണ്ടുവരാത്ത ഒരുതരം ഴോണര്‍ ആയതുകൊണ്ട് തന്നെ വളരെ രസമായിരുന്നു. സത്യം പറഞ്ഞാല്‍ ഒരു തോന്നിവാസമായിരുന്നു.

രണ്ടും രണ്ട് സമയത്താണ്  ഞാന്‍ ചെയ്തത്. കുറുപ്പ് രണ്ട് വര്‍ഷമായി തുടങ്ങിയിട്ട്. മാലിക്കും കുറുപ്പും ഏകദേശം ഒരേ സമയത്താണ് തുടങ്ങിയത്. മാലിക് കഴിഞ്ഞതും കുറുപ്പിന്റെ വര്‍ക്കിലേക്ക് കയറി.

കുറുപ്പിലെ രണ്ട് ഗാനങ്ങളാണ് ആദ്യം ഇറങ്ങിയത്. രണ്ടും വലിയ ഹിറ്റാണല്ലോ ?

പകല്‍ ഇരവുകളാണ് ഞാന്‍ ശരിക്കും കമ്പോസ് ചെയ്ത ട്രാക്ക്. ഡിങ്കിരി ഒരു പഴയ ട്രാക്ക് ആണ്. സുലൈമാനിക്കയാണ്  സംഗീതം നല്‍കിയത്.
ഒന്ന് ഒരു ലവ് സോങ്ങാണെന്നും മറ്റൊരു സിറ്റുവേഷനില്‍ ഇങ്ങനൊരു പാട്ടുണ്ടെന്നും ശ്രീനാഥ് ഇതിന്റെ കഥ പറയാന്‍ ഇരുന്നപ്പോള്‍ പറഞ്ഞിരുന്നു. ഡിങ്കിരി സുലൈമാനിക്ക ആദ്യമേ പാടിക്കേട്ടിട്ടുണ്ടെന്നും അത് ഉള്‍പ്പെടുത്തണമെന്നും ശ്രീനാഥ് പറഞ്ഞിരുന്നു.

സംഗീത സംവിധായകനാണ്, ബി.ജി.എം ചെയ്യാറുണ്ട്. സുഷിന്റെ ബി.ജി.എമ്മിന് ഒരു പ്രത്യേക ഫാന്‍ ബേസ് ഉണ്ട്. കൂടെ ഗായകനുമാണ്. ഇതില്‍ ഏതാണ് ഏറ്റവും ആസ്വദിച്ച് ചെയ്യുന്നത് ?

സോങ് കോമ്പോസിഷന്‍ എന്നെ സംബന്ധിച്ച് കുറച്ച് സമയമെടുക്കുന്ന പരിപാടിയാണ്.  ഒരു സിറ്റുവേഷനിലേക്ക് ഞാന്‍ കയറിപ്പോയി  അതിലേക്ക് ഇറങ്ങി അങ്ങനെ ഒരു പാട്ടിലേക്കെത്താന്‍ സമയമെടുക്കാറുണ്ട്. പാട്ട് കുറച്ച് സ്ട്രെസ് ആണ്,  സ്‌കോര്‍ ഞാന്‍ കൂടുതല്‍ എന്‍ജോയ് ചെയ്യും. കാരണം എന്റെ കയ്യില്‍ വിഷ്വല്‍  ഉണ്ടല്ലോ. ഓരോന്ന് എങ്ങനെ ചേരുമെന്ന് നോക്കും. ശരിക്കും സ്‌കോറിങ് ഫണ്‍ ആണ്.

ഞാന്‍ കമ്പോസ് ചെയ്ത പാട്ട്  പാടുന്നതാണ് എനിക്ക് കൂടുതല്‍ കംഫര്‍ട്ടബ്ള്‍. അതാവുമ്പോ എനിക്ക് കുറച്ചു കൂടി റിലാക്സായി പാടാം.

കുറുപ്പ് സിനിമ സുകുമാരക്കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുമോ ഇല്ലയോ എന്നത് തുടക്കം മുതല്‍ തന്നെ ചര്‍ച്ചയായിരുന്നു. സുഷിന്റെ കാഴ്ചപ്പാടില്‍ കുറുപ്പ് ഹീറോയാണോ അതോ വില്ലനോ ?

കുറുപ്പ് ഒരിക്കലും  ഒരു നായകനല്ല. യഥാര്‍ത്ഥ കഥ നമുക്കെല്ലാവര്‍ക്കും അറിയാം. ഇതൊരു സിനിമയാണ്. അതുകൊണ്ടുതന്നെ കുറുപ്പിന്റെ ലവ് സ്റ്റോറി  പറയുമ്പോ ഒരു ലവ് സോംഗ് വേണം. എന്നാല്‍ ശരിക്കുമുള്ള കുറുപ്പ് പാട്ടൊന്നും പാടി നടക്കാന്‍ പോണില്ല.  സിനിമയായതുകൊണ്ട്   ചില രീതിയില്‍ സംഗീതമൊരുക്കേണ്ടി വരും. അത് കുറുപ്പിന്റെ മനസ്സില്‍നിന്ന് വരുന്ന ഹീറോയിസം ആവാം. എന്നാല്‍ ഒരു ഹീറോയിക് രീതി  പിടിക്കാതെ സീരിയസ് നോട്ടില്‍ പിടിക്കാനാണ് ഞാന്‍ ശ്രമിച്ചത്.

മ്യൂസിക് സിനിമയിലെ സീനുകളെ മികച്ച രീതിയില്‍ സഹായിക്കാറുണ്ട്. ഓരോ സീനിന്റെയും മൂഡിന് അനുസരിച്ചുള്ള സംഗീതം കൂടി വരുമ്പോള്‍ വിചാരിച്ചതിലുമധികം ആ സീനുകള്‍ അപ്ഗ്രേഡ് ചെയ്യപ്പെടും. ഉദാഹരണത്തിന് വൈറസിലെ ഭാസിയുടെ എന്‍ട്രി. ഇത്തരത്തില്‍ സീനിന് വേണ്ടി മ്യൂസിക് ചെയ്യുമ്പോള്‍ എന്താണ് ആദ്യം ശ്രദ്ധിക്കാറുള്ളത്?

ഒരു സീനില്‍ എന്താണ് വേണ്ടതെന്ന് ആദ്യം ശ്രദ്ധിക്കും. എനിക്കൊരിക്കലും യഥാര്‍ത്ഥത്തില്‍ ചോര കണ്ടിരിക്കാന്‍ പറ്റില്ല. ചോര കണ്ടാല്‍ തലകറങ്ങി വീഴും. പക്ഷേ വൈറസ് സിനിമയില്‍ കാണുന്ന ഡോക്ടര്‍മാരെ സംബന്ധിച്ച് അത് സാധാരണ സംഭവമാണ്.

ഒരു ഇയര്‍ഫോണോക്കെ വെച്ച്  ദിവസവും ചെയ്യുന്ന ഒരു സാധാരണ കാര്യം പോലെയായിരിക്കണം ഇത് എന്നായിരുന്നു വൈറസിലെ ആ സീന്‍ ചെയ്യുമ്പോള്‍ ആഷിഖ് ഏട്ടന്‍ പറഞ്ഞിരുന്നത്.  സീനില്‍ ഭാസി  ഇയര്‍ഫോണ്‍ വെച്ചില്ലെന്നേയുള്ളു.

സംവിധായകനുമായുള്ള സംസാരം പോലിരിക്കും ഒരു സീന്‍ എങ്ങനെ വേണമെന്നുള്ളത്. പല പല ചിന്തകളായിരിക്കും രണ്ടുപേര്‍ക്കും.  അങ്ങനെയാണ് ഒരു സ്‌കോര്‍ ഉണ്ടായി വരുന്നത്.


മിന്നല്‍ മുരളിയിലെ ടൈറ്റില്‍ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നു. ശരിക്കും പറഞ്ഞാല്‍, ബാലരമ, ബാലഭൂമി തുടങ്ങിയ കോമിക് പുസ്തകങ്ങള്‍ വായിക്കുന്ന പ്രതീതിയായിരുന്നു ഈ ഗാനം കേട്ടപ്പോള്‍. ഈ പാട്ട് കംമ്പോസ് ചെയ്യുമ്പോള്‍ ബേസില്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നോ ?

ആ പാട്ടുകേട്ടിട്ട്  തോന്നിയ അതേ ഐഡിയ തന്നെയാണ് ബേസില്‍ എന്നോടും പറഞ്ഞത്. ബാലരമ, കളിക്കുടുക്ക അങ്ങനൊരു ഫങ്ക് ഴോണര്‍ പിടിച്ചുപോവാമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. ആ ഒരു ടെമ്പോ ആദ്യമേ എഡിറ്റര്‍ തന്നിരുന്നു. അതിന്റെ മുകളിലാണ് ആ പാട്ട് പോകുന്നത്.

സംഗീത സംവിധായകന്‍ ആവുന്നതിന് മുമ്പ് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍  നിവിനെയും അജുവിനെയും ഞെട്ടിക്കുന്ന ഒരു സീനുണ്ട്. പക്ഷേ പിന്നീട് അഭിനയരംഗത്ത് അങ്ങനെ കാര്യമായി കണ്ടില്ലല്ലോ ?

സത്യം പറഞ്ഞാല്‍ എനിക്ക് അഭിനയിക്കാന്‍ അറിയില്ല. തട്ടത്തിന്‍ മറിയത്തിന്റെ ഓഡിയോ റെക്കോര്‍ഡിങ് ദീപകേട്ടന്റെ  (ദീപക് ദേവ്)  സ്റ്റുഡിയോയില്‍   വെച്ചായിരുന്നു. അന്ന് ഞാന്‍ അവിടെയാണ് വര്‍ക്ക് ചെയ്തിരുന്നത്. എന്നെ കണ്ടപ്പോള്‍ ഈ റോള്‍ ചെയ്യാന്‍ പറഞ്ഞു, അങ്ങനെ ചെയ്തു. പക്ഷെ തിയേറ്ററില്‍ ഇത്രയും ചിരിയാവുമെന്ന് ഞാന്‍ വിചാരിച്ചിരുന്നേയില്ല.

എന്റെ കോലവും പിന്നെ അജുവിന്റെ ആ ഡയലോഗും കൂടിയാവുമ്പോഴാണ് ആ സീന്‍ കോമഡിയാകുന്നത്. ആക്ടിങ് എന്നത് ഭയങ്കര കഷ്ടപ്പാടുള്ള പണിയാണ്  എന്റെ ഫോക്കസ് മ്യൂസിക്  തന്നെയായിരുന്നു.

പിന്നെ തട്ടത്തിന്‍ മറയത്തിലെ  എന്‍റെ സീനിന്   ആനന്ദം  സിനിമയുടെ സംവിധായകന്‍ ഗണേഷാണ്  ഡബ്ബ് ചെയ്തത്.

എഞ്ചിനിയറിംഗ് പാതി വഴിക്ക് ഉപേക്ഷിച്ചാണ് സംഗീതത്തിലേക്ക് തിരിയുന്നത്. എന്തായിരുന്നു കുടുംബത്തില്‍ നിന്നുള്ള പ്രതികരണം? എന്തുകൊണ്ടായിരുന്നു ദീപക് ദേവിനെ തെരഞ്ഞെടുത്തത്?

പല ആളുകളും പല രീതിയിലുള്ള സ്വപ്‌നങ്ങളായിരുന്നു എന്നെ കുറിച്ച് കണ്ടിരുന്നത്. ഫാദര്‍ മ്യൂസിഷ്യന്‍ ആയിരുന്നു. അച്ഛനും അമ്മയ്ക്കും അതിനോടായിരുന്നു താല്പര്യം. അതുകൊണ്ട് തന്നെ പഠിത്തം എന്ന് പറഞ്ഞ് അവര്‍ എന്നെ അധികം ഉപദ്രവിച്ചിട്ടില്ല. സൗണ്ട് എഞ്ചിനീയറിംഗ് എന്നുള്ളത് പണ്ടുമുതലുള്ള  ആഗ്രഹമായിരുന്നു. എന്താണെന്ന് അറിഞ്ഞിട്ടല്ല പക്ഷേ ശബ്ദത്തെ കുറിച്ച് പഠിക്കണമെന്നായിരുന്നു ചെറുപ്പം മുതലെയുള്ള ആഗ്രഹം.

എന്റെ ആന്റിക്കും അങ്കിളിനും ഞാനൊരു വലിയ ജോലിക്കാരനായി മാറി കാശുകാരനാകണമെന്നായിരുന്നു. അവര്‍ക്ക് എന്റെയുള്ളിലെ മ്യൂസിക് ഒന്നും മനസ്സിലായില്ല. അതുകൊണ്ട് അവര്‍ എന്നെ എഞ്ചിനീറിങ്ങിന്  വിട്ടു.

എനിക്കത് പറ്റില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് ഞാനിതിലേക്ക് ഇറങ്ങിയത്. ആ സമയത്ത് ഞാന്‍ കേട്ടിരുന്നത് ദീപകേട്ടന്റെ പാട്ടുകളായിരുന്നു.
മലയാള സിനിമയില്‍ പുതുതായി എന്തോ വന്നെന്ന് എന്നെ തോന്നിപ്പിച്ചത് ദീപകേട്ടനായിരുന്നു.

എനിക്ക് ഒറ്റ ഫോക്കസേ ഉണ്ടായിരുന്നുള്ളു ദീപക് ചേട്ടന്‍.  പോയി കണ്ടപ്പോള്‍ അദ്ദേഹം അസിസ്റ്റന്‍സിനെ എടുക്കുന്നില്ല, എല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത് എന്നായിരുന്നു ആദ്യം  പറഞ്ഞിരുന്നത്.  ഞാന്‍ മാക്സിമം റിക്വസ്റ്റ് ചെയ്തു. അവസാനം എന്നെ കേറ്റി.

കുറുപ്പ് കഴിഞ്ഞു. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അടുത്ത ചിത്രമാണ് ഭീഷ്മ പര്‍വം. ഒരുപാട് പ്രതീക്ഷകളുണ്ട്. അമല്‍ നീരദ് – മമ്മൂട്ടി ടീം ബിഗ് ബിക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. എന്താണ് ഭീഷ്മ പര്‍വ്വത്തില്‍ സുഷിന്‍ ഒരുക്കി വെച്ചിരിക്കുന്നത് ?

അമലേട്ടനുമായി വര്‍ക്ക് ചെയ്യുമ്പോള്‍ എപ്പോഴും ക്വാളിറ്റി സോംഗ്‌സ് ഉണ്ടാകാറുണ്ട്. എന്തെങ്കിലും പുതുമ കൊണ്ടുവരണമെന്നുള്ള ചിന്തയുള്ളയാളാണ് അമലേട്ടന്‍.  ഭീഷ്മ പര്‍വ്വത്തിലെ ഗാനങ്ങളുടെ കംപോസിംഗ് കഴിഞ്ഞു. ഇനി ഭീഷ്മ പര്‍വത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരുക്കണം. അതിലേക്ക് ഇറങ്ങാന്‍ പോകുന്നതേയുള്ളു.

കുമ്പളങ്ങി നൈറ്റ്സ് ഏറെ പുതുമകളുള്ള വര്‍ക്കായിരുന്നു. സുഷിന്റെ ആദ്യത്തെ സ്റ്റേറ്റ് അവാര്‍ഡും ഈ ചിത്രത്തിനായിരുന്നു. സംഗീത സംവിധായകന്‍ എന്ന നിലയില്‍ കുമ്പളങ്ങി നൈറ്റ്‌സ് ഉത്തരവാദിത്തം കൂട്ടിയിട്ടുണ്ടോ ?

ഉറപ്പായും കൂട്ടിയിട്ടുണ്ട്. കുമ്പളങ്ങി എനിക്കു തന്നെ സംതൃപ്തി തോന്നിയ ആല്‍ബമായിരുന്നു. ഒരു നിയന്ത്രണവുമില്ലാതെ തുറന്ന് ചെയ്തൊരു പടമാണത്. എനിക്ക് ഇംഗ്ലീഷ് പാട്ടുകള്‍ ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് കുമ്പളങ്ങിയിലെ പാട്ടുകള്‍ വളരെ സ്വാതന്ത്ര്യത്തോടെ, ആസ്വദിച്ച് ചെയ്യാന്‍ പറ്റി.

സുഷിന്റെ ഇതുവരെയുള്ള വര്‍ക്കുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു മാലിക്, ചിത്രത്തിലെ ഗാനങ്ങളായാലും പശ്ചാത്തലസംഗീതമായാലും. കൂടാതെ ചിത്രത്തിലെ തീരമേ എന്ന ഗാനം കെ.എസ്. ചിത്രയാണ് ആലപിച്ചിരിക്കുന്നത്. എങ്ങിനെയാണ് ചിത്രയിലേക്ക് എത്തുന്നത് ?

മാലികിന്റെ പ്രീ വര്‍ക്കില്‍ ഞാന്‍ ഉണ്ടായിരുന്നു. ആ സമയത് ഞാന്‍ വേറെ പ്രോജക്ടൊന്നും ചെയ്തിരുന്നില്ല. സെറ്റ് ഉണ്ടാക്കുന്നത് മുതല്‍ എല്ലാ സ്ഥലത്തും ഞാനുണ്ട്. ഹേഷുമായിട്ടുള്ള സംസാരത്തിലാണ് ഗാനങ്ങളില്‍ ഒരു തുര്‍ക്കിഷ് സ്വാധീനം കൊണ്ടുവന്നത്.

പിന്നെ തീരമേ എന്ന ഗാനത്തിന് ചിത്ര ചേച്ചി അല്ലാതെ വേറാരും എന്റെ മനസ്സില്‍ വന്നില്ല. ചെറുപ്പം മുതലേ കേള്‍ക്കുന്നതു കൊണ്ട് എന്റെ ഒരു ആഗ്രഹം കൂടിയായിരുന്നു ചിത്രച്ചേച്ചിയെ കൊണ്ട് പഠിപ്പിക്കണം എന്നുള്ളത്.

ഭീഷ്മ പര്‍വം മാറ്റി നിര്‍ത്തിയാല്‍ ഏതൊക്കെയാണ് സുഷിന്റെ പുതിയ പ്രോജക്ടുകള്‍ ?

എം.സി ജോസഫ് സംവിധാനം ചെയുന്ന അന്ന ബെന്‍ നായികയാവുന്ന ‘എന്നിട്ട് അവസാനം’ ആണ് ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്.

Content Highlights: Kurup, Minnal Murali movie Music Director Sushin Shyam Interview

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.