Film Review: കുഞ്ഞെല്‍ദോ; പേര് പോലെ തന്നെ ഒരു കുഞ്ഞു സിനിമ
Film Review
Film Review: കുഞ്ഞെല്‍ദോ; പേര് പോലെ തന്നെ ഒരു കുഞ്ഞു സിനിമ
അശ്വിന്‍ രാജ്
Saturday, 25th December 2021, 12:02 pm

കോളേജ് കാലഘട്ടം. അതൊരു മനോഹരമായ കാലഘട്ടമാണ്. സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങി, യൗവനത്തിലേക്കുള്ള ഒരു ആരംഭഘട്ടം. പലര്‍ക്കും കോളേജ് കാലം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലുവ യു.സി കോളേജില്‍ സംവിധായകന്‍ ആര്‍.ജെ മാത്തുകുട്ടിയും സംഘവും പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഉണ്ടായ ചില സംഭവങ്ങളെ ഉള്‍പ്പെടുത്തിയാണ് കുഞ്ഞെല്‍ദോ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്.

ആസിഫ് അലി ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ പുതുമുഖ താരം ഗോപിക ഉദയനാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ കുഞ്ഞെല്‍ദോയുടെ ജീവിതമാണ് ചിത്രം പറയുന്നത്.

ഹൈറേഞ്ചിലെ രാഷ്ട്രീയ കൂടുംബത്തില്‍ ജനിച്ച കുഞ്ഞെല്‍ദോയുടെ സ്‌ക്കൂള്‍ കാലഘട്ടത്തില്‍ നിന്നാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ് കോളെജില്‍ എത്തുന്ന കുഞ്ഞെല്‍ദോയും കസിനും ക്യാംപസ് ജീവിതം ആസ്വദിച്ച് തുടങ്ങുന്നതും കുഞ്ഞെല്‍ദോയുടെ പ്രണയവും പിന്നീട് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു നിര്‍ണായക സംഭവവുമാണ് ചിത്രത്തിന്റെ ആദ്യ പകുതിയില്‍ പറയുന്നത്.

രണ്ടാം പകുതിയില്‍ ക്യാംപസ ജീവിതത്തിന് പുറത്തേക്ക് സിനിമ സഞ്ചരിക്കുകയാണ്. അര്‍ജുന്‍ ഗോപാല്‍, മിഥുന്‍ എം.ദാസ്, രേഖ, ഹരിതാ ഹരിദാസ്, എബിന്‍ പോള്‍, അഖില്‍ മനോജ്, അശ്വതി ശിവപ്രസാദ്, സിദ്ദീഖ്, രൂപേഷ് പീതാംബരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തുടക്കത്തില്‍ പറഞ്ഞപോലെ സംവിധായകന്‍ മാത്തുക്കുട്ടിയുടെ സുഹൃത്തും സഹപാഠിയുമായിരുന്ന എല്‍ദോ ജോണിന്റെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ചെറിയ ചെറിയ സംഭവങ്ങളും തമാശകളും പ്രണയവുമെല്ലാം നിറഞ്ഞ് നില്‍ക്കുന്ന സിനിമയിലെ പ്രധാന പോരായ്മയായി തോന്നിയത് ചിത്രത്തിന്റെ ദൈര്‍ഘ്യം തന്നെയാണ്. ഇന്ത്യന്‍ സിനിമകള്‍ക്ക് പ്രധാനമായും മലയാള സിനിമകള്‍ക്ക് ഇപ്പോഴും 2.30 മണിക്കൂര്‍ ദൈര്‍ഘ്യം വേണമെന്ന ചിന്ത പലപ്പോഴും സിനിമകള്‍ക്ക് തന്നെ ഒരു വെല്ലുവിളിയാകാറുണ്ട്.

ക്യാംപസ് ജീവിതത്തിന് ഉപരിയായി കുഞ്ഞെല്‍ദോയുടെ ജീവിതത്തിലൂടെ കഥ പറയാന്‍ സംവിധായകന്‍ ശ്രദ്ധിച്ചപ്പോള്‍ ഇത്രയും ദൈര്‍ഘ്യം സിനിമയ്ക്ക് വേണ്ടിയിരുന്നില്ലെന്ന് തോന്നി. റിയല്‍ ലൈഫ് സംഭവങ്ങള്‍ ആണെങ്കില്‍ കൂടിയും കുറച്ച് കൂടി സിനിമാറ്റിക് എലമെന്റ്‌സ് സിനിമയിലേക്ക് കൊണ്ടുവരാമായിരുന്നു.

കോളേജ് കാലഘട്ടത്തിലെ ഓര്‍മകള്‍ തരുന്ന റാഗിങ്, എന്‍.എസ്.എസ് ക്യാംപ്, യുവജനോത്സവം തുടങ്ങിയവയെല്ലാം ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ചിത്രത്തിന്റെ ഒരു ഘട്ടത്തില്‍ വരുന്ന ഡിസിഷന്‍ മേക്കിംഗ് എന്ന ഒരു അവസ്ഥയെ അല്ലെങ്കില്‍ അത്തരമൊരു സംഭവത്തിലേക്ക് ആളുകള്‍ എത്തുന്നതിനെ രസകരമായി സംവിധായകന് കാണിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ചിത്രത്തിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആസിഫ് അലി തന്നെയാണ്. പ്ലസ് ടു കാലം കഴിഞ്ഞ് കോളേജിലേക്ക് എത്തുന്ന കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് കടക്കുന്ന ആണ്‍കുട്ടിയുടെ നിഷ്‌കളങ്കതയും പക്വതയില്ലായ്മയും ഒരോ വര്‍ഷം കഴിയുമ്പോഴുമുള്ള പക്വതയിലേക്കുള്ള കുഞ്ഞെല്‍ദോയുടെ വളര്‍ച്ചയും വളരെ മനോഹരമാക്കാന്‍ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.

ബോഡി ലാഗ്വേജിലും സംസാരത്തിലും ഒക്കെ ഈ പ്രായവും പക്വതയും കാലഘട്ടത്തിന് അനുസരിച്ച് മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എടുത്ത് പറയേണ്ട മറ്റു രണ്ട് പേര്‍ ജിന്റോ ആയി എത്തിയ അര്‍ജുന്‍ ഗോപാലും പ്രൊഫസര്‍ ഗീവര്‍ഗീസ് ആയ സിദ്ധീഖുമാണ്.

സിദ്ധീഖിന്റെ കഥാപാത്രത്തിന്റെ ഗൗരവമുള്ള പ്രകൃതവും അത് തമാശയിലേക്കും പിന്നീടുള്ള ഇമോഷണല്‍ ഭാവത്തിലേക്കും വളരെ എളുപ്പത്തില്‍ എത്തുകയും അത് അതേ തീവ്രതയില്‍ പ്രേക്ഷകരിലേക്ക് എത്തുകയും എത്തും.

ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ള ഗാനങ്ങള്‍ ഒരുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുുണ്ട്. ഒരു ക്യാംപസ് മാസ് എന്റര്‍ടെയിനറായിട്ടൊന്നുമല്ല കുഞ്ഞെല്‍ദോ വന്നിട്ടുള്ളത്. പോരായ്മകളൊന്നുമില്ലാത്ത ഒരു പെര്‍ഫക്ട് സിനിമയൊന്നുമല്ല കുഞ്ഞെല്‍ദോ. പക്ഷേ ക്രിസ്തുമസ് കാലത്ത് കുടുംബത്തിനൊപ്പം പോയി കണ്ട് സന്തോഷിക്കാന്‍ പറ്റിയ ഒരു കുഞ്ഞു സിനിമ ആതാണ് കുഞ്ഞെല്‍ദോ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Kunjeldho actor Asif Ali new Malayalam Movie Directed by RJ Mathukutty Film Review

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.