| Monday, 23rd June 2025, 9:33 am

'സ്റ്റിൽ ബാച്ച്ലർ, ഗുഡ് ബൈ' എന്നെഴുതിയ കാർഡാണ് ആ സൂപ്പർസ്റ്റാർ എൻ്റെ കല്യാണത്തിന് സമ്മാനമായി തന്നത്: കുഞ്ചൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ സീനിയർ നടൻമാരിലൊരാളാണ് കുഞ്ചൻ. 700ലധികം സിനിമകളിൽ വേഷമിട്ടിട്ടുള്ള കുഞ്ചൻ അധികവും ഹാസ്യ റോളുകൾ മാത്രമാണ് ചെയ്തിട്ടുള്ളത്. 1970ൽ ശശികുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ റസ്റ്റ് ഹൗസ് എന്ന സിനിമയിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നത്.

ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിൽ തുടങ്ങി ഇന്നുവരെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചു. മലയാളത്തിലെ നിരവധി അഭിനേതാക്കളോടൊപ്പം അഭിനയിച്ച കുഞ്ചൻ ഇപ്പോൾ മലയാളത്തിന് പുറത്തുള്ള സൗഹൃദത്തിനെക്കുറിച്ച് സംസാരിക്കുകയാണ്.

മലയാളത്തിന് പുറത്ത് സൗഹൃദമുള്ളത് പ്രധാനമായും കമൽഹാസനുമായിട്ടാണെന്നും ഒരുപാട് കാര്യങ്ങൾ സിനിമയേയും അഭിനയത്തേയും കുറിച്ച് പറഞ്ഞുതരുമെന്നും കുഞ്ചൻ പറയുന്നു. വളരെ താഴ്മയോടെ എല്ലാവരോടും പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹമെന്നും തൻ്റെ വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിച്ചിരുന്നെന്നും കുഞ്ചൻ പറഞ്ഞു.

അദ്ദേഹത്തിന് തിരക്കുള്ളതിനാൽ അന്ന് വരാൻ പറ്റിയില്ലെന്നും എന്നാൽ ഒരു കാർഡ് സമ്മാനമായി കൊടുത്തുവിട്ടെന്നും നടൻ പറയുന്നു. മകളുടെ വിവാഹം ക്ഷണിക്കാൻ പോയപ്പോൾ കാർഡ് അദ്ദേഹത്തെ കാണിച്ചുകൊടുത്തെന്നും അതുകണ്ടപ്പോൾ കമൽഹാസൻ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പ്രധാനമായും കമൽഹാസൻ ആണ് മലയാളത്തിന് പുറത്ത് സൗഹൃദം പുലർത്തിയത്. ഒരുപാട് കാര്യങ്ങൾ സിനിമയേയും അഭിനയത്തേയും കുറിച്ച് അദ്ദേഹം പറഞ്ഞ് തരും. വളരെ താഴ്‌മയോടെ എല്ലാവരോടും പെരുമാറുന്ന വ്യക്തിയാണ്. എന്റെ വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. തിരക്കുകൾ കാരണം വരാൻ കഴിയാത്തതിനാൽ ഒരുകാർഡ് സമ്മാനമായി കൊടുത്തുവിട്ടു.

‘സ്റ്റിൽ ബാച്ച്ലർ, ഗുഡ് ബൈ’ എന്നായിരുന്നു അദ്ദേഹം അതിൽ എഴുതിയിരുന്നത്. അത് ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ പോയപ്പോൾ ആ കാർഡ് അദ്ദേഹത്തെ കാണിച്ചുകൊടുത്തു. അതുകണ്ട് അദ്ദേഹം ശരിക്കും ഞെട്ടി,’ കുഞ്ചൻ പറയുന്നു.

Content Highlight: Kunchan Talking about Kamal Haasan

We use cookies to give you the best possible experience. Learn more