തന്റെ നായികമാരെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സിനിമയില്‍ വന്ന കാലം മുതല്‍ താന്‍ പങ്കാളി പ്രിയയുമായി പ്രണയത്തില്‍ ആയിരുന്നുവെന്നും അക്കാര്യം തന്റെ കൂടെ അഭിനയിച്ച നായികമാര്‍ക്കെല്ലാം അറിയാമെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. അതുകൊണ്ടുതന്നെ സിനിമയില്‍ വന്നതിന് ശേഷം അനാവശ്യ വിവാദങ്ങള്‍ ഉണ്ടായില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
തനിക്ക് സിനിമയില്‍ നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായിക ശാലിനിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാലിനി കഴിഞ്ഞാല്‍ കാവ്യാ മാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ തുടങ്ങിയവരോടും തനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഭാവനയുടെ കൂടെ മാത്രം പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നടന്‍ വ്യക്തമാക്കി. പ്രണയഭാവവുമായി ഭാവനയുടെ മുന്നില്‍ പോയാല്‍ ഭാവന ചിരിക്കാന്‍ തുടങ്ങുമെന്നും അതോടെ തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്നും കുഞ്ചാക്കോ പറഞ്ഞു.
‘സിനിമയില്‍ വന്ന കാലംമുതല്‍ ഞാന്‍ പ്രിയയുമായി പ്രണയത്തില്‍ ആയിരുന്നതിനാല്‍ ആ കാര്യം കൂടെ അഭിനയിച്ച നായികമാര്‍ക്കെല്ലാം അറിയാം. അതിനാല്‍ സിനിമയില്‍ കൂടെ അഭിനയിക്കുന്നവരോട് പ്രണയം ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ഞാനും അവരും സേഫ് ആയി. പേരുദോഷം ഉണ്ടായില്ല.
സിനിമയില്‍ എനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായികയായിരുന്നു ശാലിനി. അത് കഴിഞ്ഞാല്‍ കാവ്യാ മാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ എന്നിവരും പെടും. എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന. പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും. അതോടെ എല്ലാ മൂഡും പോകും,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.
Content Highlight: Kunchacko Boban Talks About Shalini