1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ നടനാണ് കുഞ്ചാക്കോ ബോബന്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ എന്ന ലേബല്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
മികച്ച സിനിമകളുടെ ഭാഗമായ കുഞ്ചാക്കോ ബോബന്‍ പെട്ടെന്നായിരുന്നു മലയാളികളുടെ ഇഷ്ടനടനായി മാറിയത്. ഇപ്പോള്‍ റൊമാന്റിക് റോളുകളില്‍ നിന്ന് ട്രാക്ക് മാറ്റിപ്പിടിക്കുകയും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്ന നടന്‍ ഓരോ സിനിമയിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.
ഈയിടെ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ചിത്രമായിരുന്നു ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. സിനിമയില്‍ നായികയായി അഭിനയിച്ചത് പ്രിയാമണി ആയിരുന്നു. ഇപ്പോള്‍ താന്‍ പ്രിയാമണിയുടെ കൂടെ അഭിനയിക്കുമ്പോള്‍ കംഫേര്‍ട്ടബിളായിരുന്നുവെന്ന് പറയുകയാണ് നടന്‍.
‘പ്രിയാമണി നാഷണല്‍ അവാര്‍ഡ് വിന്നറാണ്. അപ്പോള്‍ പിന്നെ അവളുടെ അഭിനയത്തെ കുറിച്ച് കൂടുതലൊന്നും പറയേണ്ട ആവശ്യമില്ലല്ലോ. ഞാന്‍ പ്രിയാമണിയുടെ കൂടെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ അഭിനയിക്കുമ്പോള്‍ ഒരുപാട് കംഫേര്‍ട്ടബിളായിരുന്നു എന്നതാണ് സത്യം.
അപ്പോഴും മറ്റൊരു കാര്യമുണ്ട്. നമ്മളുടെ കൂടെ അഭിനയിക്കുന്ന ആളും അങ്ങനെ തന്നെ ചിന്തിച്ചാല്‍ മാത്രമേ അവിടെ കാര്യമുള്ളൂ. അല്ലെങ്കില്‍ അത് നമ്മളെ ബാധിക്കും. ഞാന്‍ ഒരു സിനിമയില്‍ നന്നായി ചെയ്താല്‍ അതിന്റെ ക്രെഡിറ്റ് കൂടെ അഭിനയിച്ച ആള്‍ക്കും ഉള്ളതാണ്.
ഞാന്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നന്നായി ചെയ്തിട്ടുണ്ട് എന്നാണ് ആളുകള്‍ പറയുന്നതെങ്കില്‍, പ്രിയാമണിക്കും അതിന്റെ ക്രെഡിറ്റുണ്ട്. അമ്പത് ശതമാനം ക്രെഡിറ്റോ അതില്‍ കൂടുതലോ അവള്‍ക്കുള്ളതാണെന്ന് പറയാം,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി:
നായാട്ട്, ജോസഫ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഷാഹി കബീര്‍ രചന നിര്‍വഹിച്ച ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ഈ സിനിമ നിര്‍മിച്ചത് മാര്‍ട്ടിന്‍ പ്രക്കാട്ട് ആയിരുന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ആദ്യമായി ഒന്നിച്ചുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ടായിരുന്നു.
Content Highlight: Kunchacko Boban Talks About Priyamani