| Wednesday, 19th February 2025, 4:08 pm

സിനിമയിലായാലും അല്ലെങ്കിലും എന്റെ വഴികാട്ടിയെന്ന് പറയാന്‍ കഴിയുന്ന നടനാണ് അദ്ദേഹം: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായിരുന്നു. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.

മലയാളസിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടിലൊന്നാണ് മമ്മൂട്ടി- മോഹന്‍ലാല്‍- മഹേഷ് നാരായണന്‍ പ്രൊജക്ട്. ഒരുപാട് കാലത്തിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും തുല്യപ്രാധാന്യമുള്ള വേഷങ്ങളിലെത്തുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റുകളുടെ കൂടെ വര്‍ക്ക് ചെയ്യാനാവുക എന്നത് തന്നെയാണ് ഈ പ്രൊജക്ടിലേക്ക് തന്നെ ആകര്‍ഷിച്ച ഏറ്റവും വലിയ ഘടകമെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അവരോടൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുക എന്നത് തന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ഫാസില്‍ എന്ന സംവിധായകന്‍ കൈപിടിച്ച് കൊണ്ടുവന്ന മോഹന്‍ലാല്‍, ഫഹദ് എന്നിവരോടൊപ്പം താനും ഈ സിനിമയില്‍ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയിലായാലും ജീവിതത്തിലായാലും തന്റെ വഴികാട്ടിയായി കാണുന്ന മമ്മൂട്ടിയും സിനിമയില്‍ തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ മഹേഷ് നാരായണനൊപ്പവും ഈ സിനിമയില്‍ വര്‍ക്ക് ചെയ്യുക എന്നത് വളരെ നല്ലൊരു അവസരമാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

‘മഹേഷ് സംവിധാനം ചെയ്യുന്ന മമ്മൂക്ക- ലാലേട്ടന്‍ പ്രൊജക്ടില്‍ എനിക്ക് ഏറ്റവും എക്‌സൈറ്റിംഗായി തോന്നിയത് അതിന്റെ കാസ്റ്റാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റുകളാണ് ആ പ്രൊജക്ടിലുള്ളത്. അപ്പോള്‍ അവരോടൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുക എന്ന് പറഞ്ഞാല്‍ അത് വലിയൊരു കാര്യം തന്നെയാണ്.

അത് മാത്രമല്ല, ലാലേട്ടനായാലും ഫഹദായാലും പാച്ചിക്ക മലയാളത്തില്‍ പരിചയപ്പെടുത്തിയവരാണ് അവര്‍. അതുപോലെ സിനിമയിലും ജീവിതത്തിലും എന്റെ വഴികാട്ടിയായിട്ടുള്ള മമ്മൂക്ക, സിനിമയില്‍ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ മഹേഷ് നാരായണന്‍ ഇവരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് ചെറിയ കാര്യമല്ലല്ലോ. അതൊക്കെയാണ് ഈ പ്രൊജക്ടില്‍ ഞാന്‍ കാണുന്ന പ്രത്യേകത,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchacko Boban shares his excitement on Mammootty Mohanlal Mahesh Narayanan project

We use cookies to give you the best possible experience. Learn more