| Wednesday, 21st May 2025, 2:23 pm

എന്റെ പഴയൊരു മോഹം നടന്നത് വൈറസ് എന്ന സിനിമയിലൂടെ: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാളികളുടെ ചോക്ലേറ്റ് ഹീറോയായി മാറി. എന്നാല്‍ തന്റെ കരിയറിലെ രണ്ടാം ഫേസില്‍ എത്തിനില്‍ക്കുന്ന താരം ചോക്ലേറ്റ് ഹീറോ എന്ന ടാഗ് തച്ചുടക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.

ന്നാ താന്‍ കേസ് കൊട്, നായാട്ട്, ബോഗെയിന്‍വില്ല തുടങ്ങിയ സിനിമകളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഏത് വേഷവും തനിക്കിണങ്ങുമെന്ന് കുഞ്ചാക്കോ ബോബന്‍ തെളിയിച്ചു.

തനിക്ക് ഡോക്ടര്‍ ആകാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവിലെ സുധി എം.ബി.എക്ക് പഠിക്കുകയായിരുന്നുവെന്നും വൈറസ് എന്ന സിനിമയില്‍ ഡോ. സുരേഷ് രാജനായെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. പണ്ട് ഡോക്ടര്‍ ആകാന്‍ കഴിയാത്ത വിഷമം വൈറസ് എന്ന സിനിമയിലൂടെ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എം.ബി.എ പഠിച്ച് ഡോക്ടറായെന്ന് പറയാം അല്ലേ? അനിയത്തിപ്രാവിലെ സുധി എം.ബി.എയ്ക്ക് പഠിക്കുകയായിരുന്നു. വൈറസ് എന്ന സിനിമയില്‍ ഡോ. സുരേഷ് രാജനായി. ഞാന്‍ പ്രീ ഡിഗ്രിക്ക് സെക്കന്‍ഡ് ഗ്രൂപ്പാണ് പഠിച്ചത്. അന്ന് ഡോക്ടറാകാന്‍ കഴിയാത്തതില്‍ ചെറിയൊരു സങ്കടമുണ്ടായിരുന്നു. വൈറസിലൂടെ അതു മാറി. ആ കഥാപാത്രം നന്നായെന്ന് പലരും പറഞ്ഞു. അതിനൊരു കാരണം ആ പഴയ മോഹം കൂടിയായിരുന്നു.

സിനിമ മാറിയതിനനുസരിച്ച് ഞാനും മാറി. പക്ഷേ ഇരുപതിലേറെ വര്‍ഷം കൊണ്ട് വ്യക്തി എന്ന രീതിയില്‍ മാറിയിട്ടില്ല. അന്നും ക്രിക്കറ്റാണിഷ്ടം. പക്ഷേ, ബാറ്റ്മിന്റണ്‍ കളിക്കുന്നു. ഡാന്‍സ് ചെയ്യുന്നു, പഴയ സുഹൃത്തുക്കള്‍ ഒപ്പമുണ്ട്. ഞാനിപ്പോഴും ഭയങ്കര ഇമോഷനലാണ്. സിനിമയിലെ സങ്കട സീനുകള്‍ കണ്ടാല്‍ കരയും.

അതുപോലെ സമൂഹത്തിലെ അനീതികള്‍ക്കെതിരേ പ്രതികരിക്കുന്ന കഥാപാത്രങ്ങളെ കണ്ടാല്‍ ആവേശം കയറും. ഇതൊന്നും മാറില്ല. സിനിമ ഒരുപാടു കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് താരമെന്നതിനെക്കാള്‍ മനുഷ്യനായി നില്‍ക്കാന്‍ കഴിയുന്നത്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Content Highlight: Kunchacko Boban Says He Had A Dream Of Becoming A Doctor

We use cookies to give you the best possible experience. Learn more