ഒരേ സമയം എത്ര പേർക്ക് വേണമെങ്കിലും എന്നെ പ്രേമിക്കാം, കല്യാണം കഴിഞ്ഞ സ്ത്രീകൾക്കും അപേക്ഷിക്കാം: വൈറലായി കുഞ്ചാക്കോ ബോബന്റെ കത്ത്
Malayalam Cinema
ഒരേ സമയം എത്ര പേർക്ക് വേണമെങ്കിലും എന്നെ പ്രേമിക്കാം, കല്യാണം കഴിഞ്ഞ സ്ത്രീകൾക്കും അപേക്ഷിക്കാം: വൈറലായി കുഞ്ചാക്കോ ബോബന്റെ കത്ത്
നന്ദന എം.സി
Monday, 9th March 2026, 1:40 pm

മലയാളികളുടെ പ്രിയപ്പെട്ട ‘ചോക്ലേറ്റ് ഹീറോ’യായ കുഞ്ചാക്കോ ബോബൻ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പഴയ ഒരു സ്റ്റേജ് ഷോയിൽ താരത്തിന്റെ ഒരു രസകരമായ കത്താണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചു.

ഇപ്പോഴിതാ കുഞ്ചാക്കോ ബോബനും മന്യ, ജോമോൾ, ബിന്ദു പണിക്കർ എന്നിവരും പങ്കെടുത്തിരുന്ന ഒരു പഴയ സ്റ്റേജ് ഷോയുടെ വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആ പരിപാടിക്കിടെ മന്യക്കും ജോമോളിനും നൽകുന്ന ഒരു കത്താണ് പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് ഇപ്പോൾ വൈറലായിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ, Photo: Kunjako Boban/ Facebook

കത്തിൽ കുഞ്ചാക്കോ ബോബൻ തമാശയോടെ പറയുന്നത് ഇങ്ങനെ
‘ഞാനൊരു സമ്പന്ന കുടുംബത്തിൽ പിറന്നവനാണ്. എനിക്ക് അച്ഛനും അമ്മയും മാത്രമേ ഉള്ളൂ. സംശയമുണ്ടെങ്കിൽ നാട്ടുകാരോട് ചോദിക്കാം. കൂടാതെ ഞാൻ സുന്ദരനും സുമുഖനുമാണ്. പാരലൽ കോളേജ് അധ്യാപകനായിരുന്ന ഞാൻ ഒരിക്കൽ ക്ലാസെടുക്കുന്നതിനിടെ അലമാരിയിൽ വച്ചിരുന്ന ലവ് ലെറ്റർ നിറഞ്ഞ ചാക്കുകൾ ഇടിഞ്ഞ് എന്റെ വലത് തോളിന് പരിക്കേറ്റു.

അതിനുശേഷം സ്വന്തം കൈകൊണ്ട് ലവ് ലെറ്റർ എഴുതാനുള്ള സ്വാതന്ത്ര്യം നഷ്ടമായി. അതിനാൽ ഈ പ്രണയരോഗിക്ക് നിങ്ങളാൽ കഴിയുന്ന ലവ് നൽകി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. ഒരേസമയം എത്ര പേർക്ക് വേണമെങ്കിലും എന്നെ പ്രേമിക്കാം. കല്യാണം കഴിഞ്ഞ സ്ത്രീകൾക്കും അപേക്ഷിക്കാം,’

ഈ രസകരമായ കത്തിലെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. വെറുതെയല്ല ചാക്കോച്ചനെ ചോക്ലേറ്റ് ഹീറോ എന്ന് വിളിക്കുന്നത്, ഇത്രയും റൊമാന്റിക് ആയിരുന്നോ കുഞ്ചാക്കോ ബോബൻ, ഈ ചളികൾ എല്ലാം എവിടുന്ന് കിട്ടുന്നു തുടങ്ങിയ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

അതേസമയം ‘പാട്രിയറ്റ്’ ആണ് കുഞ്ചാക്കോ ബോബന്റെതായി വരാനിരിക്കുന്ന അടുത്ത ചിത്രം. ഏപ്രിൽ 23ന് തിയേറ്ററുകളിലെത്തുന്ന ചിത്രം വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മലയാള സിനിമയിലെ മഹാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാട്രിയറ്റിനുണ്ട്.

ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പം നയൻതാര, ഫഹദ് ഫാസിൽ, രേവതി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മികച്ച താരനിരയോടെ എത്തുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് ആരാധകർ നൽകുന്നത്.

Content Highlight: Kunchacko Boban’s letter goes viral

 

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.