റെന്റിനെടുത്ത കാറും കൊണ്ട് ചേസിങ്ങിനിറങ്ങിയ മണ്ടന്‍.. പേട്രിയറ്റ് ഒ.ടി.ടി റിലീസിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന് ട്രോള്‍
Malayalam Cinema
റെന്റിനെടുത്ത കാറും കൊണ്ട് ചേസിങ്ങിനിറങ്ങിയ മണ്ടന്‍.. പേട്രിയറ്റ് ഒ.ടി.ടി റിലീസിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന് ട്രോള്‍
അമര്‍നാഥ് എം.
Saturday, 6th June 2026, 5:35 pm

ഈ വര്‍ഷം ഏറ്റവുമധികം ഹൈപ്പില്‍ തിയേറ്ററുകളിലെത്തി പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചിത്രമാണ് പേട്രിയറ്റ്. മോളിവുഡിന്റെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രം ബോക്‌സ് ഓഫീസിലും തിളങ്ങാതെ പോയി. ഇരുവരും ചേര്‍ന്നുള്ള മാസ് ചിത്രം പ്രതീക്ഷിച്ചുപോയവരെ ചിത്രം നിരാശപ്പെടുത്തി.

കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. റിലീസ് സമയത്ത് പലരും പ്രവചിച്ചതുപോലെ ഒ.ടി.ടി റിലീസിന് ശേഷം പേട്രിയറ്റിന് ട്രോള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച പ്രൊഡക്ഷന്‍ ക്വാളിറ്റിയിലൊരുക്കിയ ചിത്രത്തില്‍ പലയിടത്തും എഴുത്തിലുണ്ടാകുന്ന ലോജിക്കല്‍ മിസ്‌റ്റേക്കുകളാണ് ട്രോളിന് ഇരയായത്.

ക്ലൈമാക്‌സിനോടടുക്കുമ്പോഴുള്ള ചേസ്‌ സീനിന് മുമ്പുള്ള ഭാഗമാണ് ട്രോള്‍ മെറ്റീരിയലാകുന്നത്. വില്ലന്മാരുടെ കണ്ണുവെട്ടിച്ച് മമ്മൂട്ടിയുടെ ഡാനിയല്‍ ജെയിംസും മോഹന്‍ലാലിന്റെ റഹീം നായിക്, കുഞ്ചാക്കോ ബോബന്റെ മൈക്കള്‍ ദേവസ്സി എന്നിവര്‍ മംഗലാപുരത്തേക്ക് പോകുന്നതാണ് സീന്‍. ഫഹദ് അവതരിപ്പിച്ച ശക്തി എന്ന കഥാപാത്രത്തിന്റെ സഹായികള്‍ പിന്നാലെയുണ്ടെന്ന് കരുതി ഡിജിറ്റില്‍ ട്രേസുകള്‍ ഒന്നും നല്‍കാതെ യാത്ര നടത്താനാണ് ഇവരുടെ പ്ലാന്‍.

ടോള്‍ ബൂത്തുകളും നാഷണല്‍ ഹൈവേയും ഒഴിവാക്കി പോകുന്നുണ്ടെങ്കിലും വില്ലന്മാര്‍ ഇവരുടെ പിന്നാലെയെത്തുന്നുണ്ട്. എങ്ങനെ വില്ലന്മാര്‍ പിന്നാലെയെത്തി എന്ന് സംശയിച്ച് നില്‍ക്കുമ്പോള്‍ ‘ഈ കാറ് ആരുടേതാണ്’ എന്ന് ഡാനിയല്‍ മൈക്കിളിനോട് ചോദിക്കുന്നുണ്ട്. ‘റെന്റിനെടുത്ത കാറാണ്’ എന്നായിരുന്നു മൈക്കിളിന്റെ മറുപടി.

ഇത്രയും ഗംഭീരമായി പ്ലാന്‍ ചെയ്തിട്ടും അതിനെയെല്ലാം ഇല്ലാതാക്കുന്ന തരത്തില്‍ മണ്ടത്തരം കാണിച്ച മൈക്കള്‍ ദേവസിയെ ട്രോളന്മാര്‍ എടുത്തിട്ടലക്കുകയാണ്. ബുദ്ധിമാനായ മണ്ടന്‍ എന്നാണ് ഈ കഥാപാത്രത്തെ ട്രോളന്മാര്‍ വിശേഷിപ്പിക്കുന്നത്. ആട് 2ല്‍ വിനായകന്റെ കഥാപാത്രവും സംഘവും ആംബുലന്‍സില്‍ പോകുന്ന സീനിന്റെ മീമും പേട്രിയറ്റിലെ സീനും മിക്‌സ് ചെയ്തുകൊണ്ടുള്ള ട്രോളുകള് ചിരിയുണര്‍ത്തുന്നുണ്ട്.

ഇതേ സീനില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗും ട്രോളുകള്‍ക്ക് ഇരയായിരിക്കുകയാണ്. രണ്ട് കഥാപാത്രങ്ങളും പരസ്പരം മരണത്തെക്കുറിച്ച് സംസാരിക്കുന്നത് ക്രിഞ്ചാണെന്ന് പലരും കമന്റ് പങ്കുവെക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളുടെ ലിസ്റ്റിലാണ് പേട്രിയറ്റിന്റെ സ്ഥാനം.

Content Highlight: Kunchacko Boban’s character in Patriot movie getting trolls

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

 

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം