വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് കുഞ്ചാക്കോ ബോബൻ. 1997 ൽ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് താരം നായകനായി വേഷമിട്ടത്. എന്നാൽ തന്റെ കരിയറിൽ മാറ്റം ഉണ്ടാക്കിയത് ട്രാഫിക്കാണെന്നാണ് താരത്തിന്റെ പ്രതികരണം.
എന്നാൽ നീണ്ട കാലത്തോളം താൻ ചോക്ലേറ്റ് ബോയ് എന്ന ലേബലിൽ അറിയപ്പെട്ടു എന്നും ട്രാഫിക് ഒരു മാറ്റത്തിന് കാരണമായെന്നും താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഉന്മാദത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
‘ട്രാഫിക് എനിക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. പ്രേക്ഷകർക്ക് തന്നെ ക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയത് ട്രാഫിക്കിലൂടെയാണ്. ബോബി-സഞ്ജയും രാജേഷ് പിള്ളയും ആദ്യത്തെ ഏഴ് സീൻ പറഞ്ഞപ്പോഴേക്കും കഥയിലേക്ക് എന്നെ ആകർഷിച്ചു. പിന്നീട് സിനിമയുടെ ആദ്യ പകുതി ഭാര്യക്ക് വായിച്ച് കൊടുത്തപ്പോൾ അടുത്തത് എന്താണെന്ന് ആകാംഷയോടെ അവൾ ചോദിച്ചു.
ഈ സിനിമയ്ക്ക് എന്തോ ഒരു മാജിക് ഉണ്ടെന്ന് ഞാൻ അന്ന് തന്നെ മനസിലാക്കിയിരുന്നു. മലയാള സിനിമയ്ക്ക് പുതിയ ഒരു വഴി തുറന്ന് കൊടുക്കാൻ ട്രാഫിക്കിന് സാധിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നതെന്നും താരം പറഞ്ഞു.
എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം ലഭിച്ചത് കസ്തൂരിമാനിലൂടെയാണ്. ക്യാമ്പസ് പശ്ചാത്തലവുമായി ബന്ധപ്പെട്ട ആ സിനിമ എന്റെ ജീവിതവുമായി ഏറെ ബന്ധമുള്ളതായിരുന്നു. സിനിമയുടെ ഒരു ഔട്ട്ലൈൻ മാത്രമായാണ് ലോഹിതദാസ് പറഞ്ഞിരുന്നത്. സെറ്റിൽ വെച്ച് അദ്ദേഹം എഴുതിയ ഡയലോഗുകൾ തന്നെ വല്ലാതെ ആകർഷിച്ചിരുന്നു . ചെറിയ നോട്ടത്തിലൂടെ അഭിനയം എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യാം എന്ന് പഠിച്ചത് കസ്തൂരിമാനിലൂടെയാണെന്നും താരം പറഞ്ഞു.
ഷാഹി കബീർ തിരക്കഥ ഒരുക്കി കിരൺ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉന്മാദം’. എഡിറ്ററായി ശ്രദ്ധേയനായ കിരൺ ദാസ് പാവ, ഇഷ്ക്, അമ്പിളി, മൂത്തോൻ, ജോജി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇഷ്ക് എന്ന ചിത്രത്തിലെ എഡിറ്റിംങ്ങിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കുഞ്ചാക്കോ ബോബൻ പൊലീസ് വേഷത്തിലെത്തുന്ന ഉന്മാദം ജൂലൈ 31-ന് തിയേറ്ററുകളിലെത്തും.