ഫാസില്‍ മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. ആദ്യചിത്രത്തിലൂടെ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയ കുഞ്ചാക്കോ ബോബന്റെ റെക്കോഡ് ഇന്നും ആരും തകര്‍ത്തിട്ടില്ല. കരിയറിന്റെ തുടക്കത്തില്‍ ചോക്ലേറ്റ് ബോയ് റോളുകള്‍ ചെയ്ത് അക്കാലത്തെ യുവതികളുടെ ഹാര്‍ട്ട്‌ത്രോബായി മാറാന്‍ കുഞ്ചാക്കോ ബോബന് സാധിച്ചു.
എന്നാല്‍ കഴിഞ്ഞകുറച്ച് കാലങ്ങളായി വ്യത്യസ്തമായ സിനിമകള്‍ ചെയ്തുകൊണ്ട് ഇന്‍ഡസ്ട്രിയെ മുഴുവന്‍ ഞെട്ടിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ആരും തെരഞ്ഞെടുക്കാന്‍ മടിക്കുന്ന കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്തുകൊണ്ട് സ്വയം റീബ്രാന്‍ഡ് ചെയ്യുകയാണ് താരമിപ്പോള്‍. കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തില്‍ റിലീസിന് തയാറെടുക്കുകയാണ്.
കരിയറിന്റെ പുതിയ ഫെയ്‌സിനെക്കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍. വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുത്തതില്‍ ചിലത് ബോധപൂര്‍വമായിരുന്നെന്നും ചിലത് തന്നെ തേടിയെത്തുകയായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഓരോ കഥാപാത്രവും പ്രേക്ഷകര്‍ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. പേര്‍ളി മാണിയോട് സംസാരിക്കുകയായിരുന്നു താരം.
‘ചില കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തത് ഓര്‍ഗാനിക്കായി സംഭവിച്ച മാറ്റം കാരണമാണ്. പക്ഷേ, അതില്‍ കുറച്ചധികം എഫര്‍ട്ടിടേണ്ടി വന്നിട്ടുണ്ട്. കാരണം, 2017ന് മുമ്പ് ഞാന്‍ ചെയ്ത സിനിമകള്‍ നോക്കിയാല്‍ അതിലെല്ലാം എന്ന പ്രസന്റ് ചെയ്തത് ഒരേ രീതിയിലാണ്. അങ്ങനെയേ എന്നെ കാണാന്‍ സാധിക്കുമായിരുന്നുള്ളൂ. ഒരേ അപ്പിയറന്‍സും ഒരേ ഗെറ്റപ്പുമായിരുന്നു ആ സമയത്ത്.
കഥാപാത്രങ്ങളെ നോക്കിയാല്‍ എല്ലാത്തിനും റൊമാന്റിക് ഷെയ്ഡുമുണ്ട്. 2020ന് ശേഷം ഞാന്‍ ചെയ്ത സിനിമകളെല്ലാം നോക്കിയാല്‍ അതില്‍ ഒരു സ്ലോ ആയിട്ടുള്ളതും സ്‌റ്റെഡിയായിട്ടുള്ളതുമായ ഒരു പ്രോസസ്സുണ്ട്. 2020ന് ശേഷം പെട്ടെന്നുണ്ടായ മാറ്റമല്ല. ഒരുപാട് പരീക്ഷണങ്ങളും പരാജയങ്ങളുമെല്ലാം അതിലുണ്ടായിട്ടുണ്ട്. അല്ലാതെ ഒറ്റരാത്രി കൊണ്ട് മാറിക്കളയാമെന്ന് തീരുമാനിച്ചതല്ല,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.
ഒരുപാട് വര്‍ഷത്തെ കഠിനാധ്വാനവും പരീക്ഷണവും പരാജയവുമെല്ലാം നേരിട്ടിട്ടുണ്ടായിരുന്നെന്നും അതില്‍ നിന്ന് പാഠം പഠിച്ചെന്നും താരം പറഞ്ഞു. ഇപ്പോള്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്ന പ്രോസസ്സും പണ്ട് റൊമാന്റിക് റോളുകള്‍ ചെയ്ത കാലവും താന്‍ ഒരുപോലെ എന്‍ജോയ് ചെയ്യുന്നുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.
‘ആളുകള്‍ക്ക് പഴയ ചാക്കോച്ചനെയാണ് ഇഷ്ടമെന്നും അത്തരം റോളുകള്‍ ചെയ്യണമെന്നും ചിലര്‍ പറയുന്നുണ്ട്. പക്ഷേ, ഒരുകാലത്ത് സ്ഥിരമായി ഒരുപോലുള്ള വേഷങ്ങള്‍ ചെയ്തപ്പോള്‍ എനിക്ക് ഒരുഘട്ടത്തില്‍ ബോറടിച്ചുതുടങ്ങി. പ്രേക്ഷകര്‍ക്കും ആ ബോറടി തോന്നിതുടങ്ങിയപ്പോള്‍ വീട്ടിലിരിക്കേണ്ടി വന്നു. അവിടുന്നാണ് ട്രാക്ക് മാറിത്തുടങ്ങിയത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Kunchacko Boban about the experimental roles in his career