നിലവിലെ ജാതി വര്‍ഗ ലിംഗ ധാരണങ്ങളെ പരിഹാസത്തോടെ ചോദ്യം ചെയ്ത് നമ്മുടെ സിനിമകള്‍ സമകാലികമാവുകയാണ്‌
Film Review
നിലവിലെ ജാതി വര്‍ഗ ലിംഗ ധാരണങ്ങളെ പരിഹാസത്തോടെ ചോദ്യം ചെയ്ത് നമ്മുടെ സിനിമകള്‍ സമകാലികമാവുകയാണ്‌
ബിനിത തമ്പി
Sunday, 10th March 2019, 2:28 pm

“കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ കണ്ടു പുറത്തിറങ്ങുമ്പോള്‍, പ്രത്യേകിച്ചു മനസ്സില്‍ ഒന്നും തങ്ങുന്നില്ല. നിത്യ ജീവിതത്തിന്റെ കേവല സ്വാഭാവികതകളില്‍, അതിന്റെ നൈമിഷികതകളില്‍, അല്പം നര്‍മ്മം കലര്‍ത്തി, ഒപ്പം ഭൂപ്രകൃതിയെ മനോഹര സാന്നിധ്യമാക്കി, സമയ കാലങ്ങളില്‍ നിന്നും വിടുതല്‍ നേടി പറന്നു നടക്കുന്ന ഒരു കഥാതന്തുവും അവതരണവുമേയുള്ളൂ.” പുരോഗമന കേരളത്തിന്റെ മുഖങ്ങളായി അറിയപ്പെടുന്ന, മധ്യവയസ്സ് കടന്ന ഏതാനും പുരുഷ സുഹൃത്തുക്കളുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിലാണ് ഇങ്ങനെ ഒരു പരാമര്‍ശമുണ്ടായത്. ഇതെന്നെ ശരിക്കും അത്ഭുതപ്പെടുത്തി. സിനിമ കണ്ടിറങ്ങിയ ഞാനാകട്ടെ, എന്റെ വ്യക്തി ജീവിതത്തില്‍ ഇടപെട്ടിട്ടുള്ള നിരവധി “ഷമ്മി”മാരുടെ കണക്കെടുക്കുകയും വിശകലം നടത്തുകയുമായിരുന്നു. സൂക്ഷ്മതലത്തില്‍ ധാരാളം വായനകള്‍ക്ക് സാധ്യതയുള്ള ഒരു ചലച്ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. മലയാളി ആണത്തം നേരിടുന്ന പ്രതിസന്ധികള്‍, കുടുംബ ഘടനയെ സംബന്ധിച്ച സങ്കല്പങ്ങളും അവ രൂപപ്പെടുത്തുന്ന ബന്ധങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍, എല്ലാറ്റിനുമുപരി, അയവ് (fluidity) എന്ന ആശയത്തെ ദൃശ്യഭാഷയിലേക്ക് മാറ്റിയെഴുതാനുള്ള ശ്രമം എന്നീ നിലകളില്‍ ഈ സിനിമ സവിശേഷമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.

പ്രധാനമായും, ഈ സിനിമയില്‍ രണ്ടുതരം കുടുംബത്തെ ചിത്രീകരിക്കുന്നു. ഒന്ന്, ഗൃഹനാഥന്‍ മരിച്ചുപോയ, അമ്മയും രണ്ടു പെണ്‍മക്കളും അടങ്ങിയ താരതമ്യേന മധ്യവര്‍ഗ്ഗത്തില്‍പെട്ട കുടുബം. ഇവിടേക്ക്, മൂത്തമകളായ സിമിയെ വിവാഹം കഴിച്ചെത്തുന്ന ഷമ്മി, കുടുംബനാഥന്റെ സ്ഥാനം സ്വയം ഏറ്റെടുക്കുകയാണ്. ഷമ്മിയെ അംഗീകരിക്കുന്ന, ബഹുമാനിക്കുന്ന, ഭയക്കുക പോലും ചെയ്യുന്ന അവസ്ഥയിലേക്ക് ആ കുടുംബാംഗങ്ങള്‍ പരിവര്‍ത്തനപ്പെടുന്നുണ്ട്. അയാളുടെ വരവോടെ ആ വീട് ഒരു “തികഞ്ഞ” കുടുംബമായി മാറുകയാണ്. അയാളാവട്ടെ, അച്ഛന്റെയോ, സഹോദരന്റെയോ പുരുഷസ്ഥാനം കേവലമായി ഏറ്റെടുക്കുകയല്ല ചെയ്യുന്നത്. അത് സാധ്യവുമല്ല. പുറത്തുനിന്നും വന്നയാള്‍ എന്ന നിലയില്‍, തന്റെ അധികാരവും അംഗീകാരവും അയാള്‍ക്ക് സ്ഥാപിച്ചെടുക്കേണ്ടതുണ്ട്.

ഭാര്യയെയും അനിയത്തിയേയും “മോളെ ” എന്ന് വിളിച്ചും, അമ്മയോട് അമിതസ്‌നേഹവും ബഹുമാനവും കാണിച്ചും, ദിനവും നിരവധി ആളുകളോടിടപഴകുന്ന തന്റെ ലോകപരിചയം എടുത്തുപറഞ്ഞും, എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചും, താനൊരു പൂര്‍ണ്ണ വിജയമെന്ന് തന്നെത്തന്നേയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചും അയാള്‍ പടുത്തുയര്‍ത്തുന്നത് മരുമകന്റെ സവിശേഷമായ പുരുഷാധികാരമാണ്.

തങ്ങളേക്കാള്‍ താഴ്ന്ന നിലയിലുള്ള ബോബിയുമായുള്ള ബേബിയുടെ പ്രണയത്തെ അയാള്‍ ആദ്യം (സംയമനത്തോടെ) നേരിടുന്നത് തന്റെ ഈ സവിശേഷാധികാരത്തിലൂടെയാണ്. കുടുംബത്തിന് കളങ്കമുണ്ടായാല്‍ നാട്ടുകാര്‍ തന്നോടാണ് ചോദിക്കുക എന്നാണയാള്‍ പറയുന്നത്. ഈ അധികാരത്തെ ബേബി പലപ്പോഴും ചോദ്യം ചെയ്യുന്നുണ്ട്. ബോണിയുമായുള്ള ബന്ധത്തിന്റെ പേരില്‍ തന്റെ വീടിനോടു ചേര്‍ന്നു നടത്തുന്ന ഹോം സ്റ്റേയില്‍ താമസിക്കുന്ന അമേരിക്കക്കാരിയായ ടൂറിസ്റ്റിനെ അയാള്‍ ഇറക്കിവിടുമ്പോള്‍, അമ്മ വിലക്കിയിട്ടും ചേട്ടന്‍ ചെയ്തത് മോശമായിപ്പോയി എന്നവള്‍ക്ക് പറയാനാവുന്നുണ്ട്. ഇത്തരം ആളുകളെ താമസിപ്പിച്ചു ഉണ്ടാക്കുന്ന പണം നമുക്ക് (കുടുംബത്തിന്) വേണ്ട എന്നയാള്‍ പറയുന്നു. ഒപ്പം, എന്നോടിങ്ങനെയൊന്നും പറയരുത് ബേബിമോളെ എന്നും. ടി.വി സീരിയലുകള്‍ മാത്രം കാണാതെ വാര്‍ത്തകള്‍ കൂടി കാണണം എന്ന പുരോഗമനവാദിയായ പുരുഷന്റെ ഉപദേശവും അകമ്പടിയായുണ്ട്.

എന്നാല്‍, തന്റെ കഴിവും തന്ത്രപൂര്‍വമായ സമീപനവും കൊണ്ട് ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാമെന്നുമുള്ള ഷമ്മിയുടെ ആത്മവിശ്വാസം ചോദ്യം ചെയ്യപ്പെടുകയാണ്. ബോബിക്കും അയാളുടെ മറ്റു സഹോദരന്മാര്‍ക്കും താനുമായുള്ള വ്യത്യാസം അവര്‍ പല തന്തയ്ക്കും താന്‍ ഒറ്റ തന്തയ്ക്കും പിറന്നതാണ് എന്ന് ഒരു വിജയിയുടെ മട്ടില്‍ അയാള്‍ വിശദീകരിക്കുന്നുണ്ട്. പല തന്തയ്ക്കു പിറക്കല്‍ എന്നത് ജീവശാസ്ത്രപരമായി അസംഭവ്യമാണെന്നും എല്ലാവര്‍ക്കും ഓരോ തന്തമാരാണെന്നുമുള്ള ബേബിയുടെ മറുപടി അയാളുടെ സമനില തെറ്റിക്കുന്നു. ബേബി തള്ളിക്കളയുന്നത് മധ്യവര്‍ഗ്ഗ കുടുംബാധികാരത്തെയും അതിന്റെ സാമൂഹിക നിലയെയും അതിനു മുകളില്‍ മെനഞ്ഞ പുരുഷാധികാരത്തെയുമാണ്. സമനില നഷ്ടപ്പെട്ട് ബേബിയെ ചീത്തവിളിക്കുന്ന ഷമ്മിയെ, സിമി വിലക്കുന്നുണ്ട്. സ്വന്തം ചേട്ടനെപോലെയാണ് ഞാന്‍ ബേബിമോള്‍ക്ക് എന്നതാണ് അയാളുടെ ന്യായം. ഈ ന്യായത്തിന് ഏതു തരം ചേട്ടനായാലും ബേബിമോളെ ചീത്തവിളിക്കാന്‍ പാടില്ല എന്ന സിമിയുടെ മറുപടി അയാളുടെ സവിശേഷാധികാരത്തെ വീണ്ടും തള്ളിക്കളയുകയാണ്. തികച്ചും അവിശ്വസനീയമായ ആ മുഹൂര്‍ത്തത്തെ ഒരു മൂലക്ക് പോയി കുറേനേരം പുറം തിരിഞ്ഞു നിന്നാണ് ഷമ്മി നേരിടുന്നത്. പിന്നീട് തീര്‍ത്തും അക്രമണോത്സുകമായ, രോഗാതുരമായ ആണത്തമാണ് ഷമ്മിയില്‍ നാം കാണുന്നത്. ബോബിയും സഹോദരന്മാരും എത്തി രക്ഷപ്പെടുത്തുമ്പോള്‍ “അവനു ഭ്രാന്താണ്, പോലീസിനെ വിളിക്കൂ” എന്നാണ് അമ്മ പറയുന്നത്.

ഷമ്മി സ്വയം പറയുന്നത് താന്‍ ഹീറോ ആണെന്നാണ്. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഷമ്മിമാര്‍ ഹീറോ തന്നെയാണ്. അത്ര എളുപ്പത്തില്‍ വയലന്‍സിലേക്ക് വഴുതി വീഴുന്നവരല്ല അവര്‍. ബോബിയെ പോലും വിവാഹത്തില്‍ നിന്ന് സ്വമേധയാ പിന്തിരിപ്പിക്കാന്‍ തക്ക നയചാതുരിയും വാക്‌സാമര്‍ഥ്യവും ഉള്ളവര്‍!. അവരെ അവതരിപ്പിക്കുക ഒരു നടന് അത്ര എളുപ്പമല്ല. ഒരുപക്ഷെ, അതാവാം ഫഹദ് ഫാസിലിന്റെ ഭാവ പകര്‍ച്ചയില്‍ ഷമ്മി എന്ന കഥാപാത്ര നിര്‍മ്മിതി അല്പം ഏറി നില്‍ക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നതിന് ഹേതു. ഷമ്മി വില്ലനാണെന്ന് സിനിമയില്‍ ആദ്യം മുതലേ പല സൂചനകളുണ്ട്. ഒരു മാനസിക രോഗിയുടെ ധാരാളം ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. എന്തായാലും അതിന്റെ അടിസ്ഥാനത്തില്‍ ഷമ്മിക്ക് ജാമ്യം നല്‍കേണ്ടതില്ല- അയാള്‍ മാനസികാസ്വാസ്ഥ്യത്തോളം പോന്ന രോഗാതുരവും അപകടകരവുമായ ആണത്തത്തിന്റെ വക്താവാണ്. അത് സിമി/ബേബി/അമ്മമാരാല്‍ തകര്‍ക്കപ്പെടേണ്ടതുമാണ്.

അച്ഛന്‍ മരിച്ച, അമ്മ ദൈവവിളിയുടെ പുറകെ പോയ രണ്ടാമത്തെ കുടുംബം സജി, ബോണി, ബോബി, ഫ്രാങ്കി എന്നീ നാല് സഹോദരന്മാരുടേതാണ്. ജീവിച്ചു വളര്‍ന്ന സാഹചര്യങ്ങള്‍ കൊണ്ട് തന്നെ അപരിചിതത്വത്തോടെ ഇടപെടേണ്ടിവരുന്നവര്‍. വ്യത്യസ്ത സൗഹൃദ വലയങ്ങളില്‍ ജീവിക്കുന്നവര്‍. അവരെ കുടുംബം എന്ന് വിളിക്കാന്‍ തന്നെ കഴിയില്ല. ഒരു കുടുംബത്തിന്റെ സാമൂഹിക നിലക്ക് ചേര്‍ന്ന ഒന്നും അവര്‍ക്കില്ല. ഷമ്മി അധിക്ഷേപിക്കും പോലെ പല തന്തക്ക് പിറന്നവര്‍. മോശപ്പെട്ട ഇടത്തില്‍ താമസിക്കുന്നവര്‍. കൂട്ടുകാര്‍ വീട്ടിലേക്ക് വരാതിരിക്കാന്‍ എല്ലാര്‍ക്കും ചിക്കന്‍ പോക്‌സ് പിടിപെട്ടിരിക്കുകയാണ് എന്നാണ് ഫ്രാങ്കി നുണ പറയുന്നത്. ലോഡ്ജ് പോലുള്ള വീട്ടിലേക്ക് നിന്നെ എങ്ങനെ അയക്കും എന്ന് ബേബിയോട് സഹോദരി സിമി ചോദിക്കുന്നുണ്ട്. മൂത്ത സഹോദരനായ സജിക്ക് അതുകൊണ്ടുതന്നെ വലിയ കുടുംബാധികാരമൊന്നുമില്ല. അയാള്‍ വിജയപൂര്‍വം ആ കുടുംബം നടത്തുന്നില്ല. തേപ്പ് പണിയെടുക്കുന്ന തമിഴനായ വിജയിനെ പണ്ട് സഹായിച്ച കടപ്പാടിന്റെ പേരില്‍ “ഓസി” ജീവിക്കുകയാണ് സജി. സജിയും ഒരു പണിയും ചെയ്യാതെ നടക്കുന്ന സഹോദരന്‍ ബോബിയും തമ്മില്‍ലുള്ള തര്‍ക്കങ്ങള്‍ കയ്യാങ്കളിയില്‍ എത്താറുമുണ്ട്.

അപ്പന്റെ ഓര്‍മ്മദിനത്തില്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിന്നും അവധിക്ക് വീട്ടിലെത്തുന്ന ഏറ്റവും ഇളയ സഹോദരനായ ഫ്രാങ്കി ഭക്ഷണം ഉണ്ടാക്കി മറ്റു സഹോദരന്‍മാര്‍ക്കായി കാത്തിരിക്കുകയാണ്. ബോബി ഒറ്റക്ക് ഭക്ഷണം എടുത്തു കഴിക്കുകയും അപ്പന്റെ ഫോട്ടോക്ക് മുന്നില്‍ മെഴുകുതിരി കത്തിക്കുന്ന സജിയോട് “എന്ത് പ്രഹസനാ സജീ” എന്ന് പരിഹസിക്കുകയും ചെയ്യുന്നു. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക എന്ന ഷമ്മിയുടെ തരം കുടുംബ കാഴ്ചപ്പാട് അവിടെ പാലിക്കപ്പെടുന്നില്ല.

ബേബിയുമായുള്ള പ്രേമബന്ധം ബോബിയെ തൊഴിലെടുക്കാനും അന്തസ്സോടെ ജീവിക്കാനും പ്രേരിപ്പിക്കുന്നുണ്ട്. അയാളുടെ സുഹൃത്ത് പ്രശാന്ത് ബാറില്‍ വെച്ച് താന്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്നും നാളെ തൊട്ടു പണിക്ക് പോവുകയാണെന്നും അറിയിക്കുന്നു. അതിനെ പരിഹസിക്കുന്ന ബോബിയോട് “നീ പോലും എനിക്ക് വില തന്നിട്ടില്ല, അവള്‍ അങ്ങനെയല്ല” എന്ന് പറഞ്ഞു എഴുന്നേറ്റു പോകുന്ന സുഹൃത്ത് അയാളെ സ്പര്‍ശിച്ചിരിക്കാം. പ്രണയത്തില്‍ മാത്രം സാധ്യമാവുന്ന അത്തരം സാക്ഷാത്കാരങ്ങള്‍ക്ക് അയാളെയും പ്രേരിപ്പിച്ചിരിക്കാം. സജിയെ കൂട്ടി അയാള്‍ ഷമ്മിയുടെ സലൂണില്‍ പെണ്ണ് ചോദിക്കാന്‍ പോകുമ്പോള്‍ അവരുടെ ജീവിത സാഹചര്യങ്ങള്‍ തീരെ മോശമാണെന്നും അത് മാറിയെന്ന് തനിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ പെണ്ണ് തരൂ എന്നും ഷമ്മി പറയുന്നു. അങ്ങനെ മറ്റുള്ളവര്‍ മോശം പറയാത്ത കുടുംബം എന്ന ആശയത്തിലേക്ക് അയാള്‍ വീഴുന്നു. ബോണിയാവട്ടെ, ഷമ്മിയുടെ ഹോം സ്റ്റേയില്‍ നിന്നും ഇറക്കിവിട്ട തന്റെ അമേരിക്കന്‍ കൂട്ടുകാരിയുമായി സ്വന്തം വീട്ടിലേക്ക് വരുന്നു. അവരെ കാണുന്ന ബോബി കൂടുതല്‍ വിഷണ്ണനാവുന്നത് തങ്ങളുടേത് വീണ്ടും മോശം കുടുംബമാവും എന്നതിനാലാണ്. അപ്രതീക്ഷിതമായി വിജയ് മരണപ്പെടുന്നു, അയാളുടെ ഭാര്യയെയും കുഞ്ഞിനേയും കൂടി സജി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുകയും ബോബി രണ്ടു സഹോദരന്മാരോടും കൊണ്ടുവന്ന സ്ത്രീകളെയും വിളിച്ചു വീട് വിട്ടു പോകണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു… ബോബി കുടുംബത്തിന്റെ “നിലയെയും വിലയേയും” കുറിച്ച് നടത്തുന്ന പരാമര്‍ശങ്ങളും അതിന് ബോണി കൊടുക്കുന്ന മറുപടിയും, സജിയുടെ പ്രതികരണവും ചേര്‍ന്ന് രൂപപ്പെടുന്നത് നിലനില്‍ക്കുന്ന കുടുംബാധികാര ഘടനയോടുള്ള കേവലമായ പരിഹാസം മാത്രമാണ് – കാണികള്‍ അതില്‍ പങ്കുചേരുന്നു.

വിദ്യാര്‍ത്ഥിയായ ഫ്രാങ്കിയാവട്ടെ, വീട്ടിലേക്ക് വന്ന പുതിയ അതിഥികളെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. ഒരു വീട് രൂപപ്പെടുന്നത് അവന്‍ കാണുന്നുണ്ട്. ഇഷ്ടപ്പെട്ട ആളുകള്‍ സ്‌നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറുന്ന ഇടം. പിന്നീട് വിജയിന്റെ ഭാര്യയോട്, നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തോളം കാലം ഇവിടെ തന്നെ നില്‍ക്കാം – നിങ്ങള്‍ എന്നാല്‍ ചേച്ചിക്ക് – എന്ന് ബോബി തന്നെ പറയുന്നുണ്ട്. അവര്‍ നാലുപേരും ചേര്‍ന്ന് കുടുംബം എന്നതിനെ പൊളിച്ചെഴുതുകയാണ്. അത് ഷമ്മിയുടെ സങ്കല്‍പ്പത്തിലുള്ള തരം കുടുംബമേയല്ല.

പുരുഷാധീശ വ്യവസ്ഥയില്‍ കുടുംബങ്ങള്‍ എങ്ങനെ മനുഷ്യവിരുദ്ധമാകുന്നു എന്നതിന് നിരവധി സമകാലീന സാമൂഹികപാഠങ്ങള്‍ ഉണ്ട്. പല കാരണങ്ങളാലും കുടുംബം ഉപേക്ഷിക്കേണ്ട സ്ഥാപനം ആണെന്ന് ഫെമിനിസ്റ്റുകള്‍ വാദിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നത്തെ വ്യവസ്ഥയില്‍ അവ നിര്‍വഹിക്കുന്ന സാമൂഹിക ധര്‍മ്മം കാണാതിരിക്കാന്‍ കഴിയില്ല. ബേബിയെ പെണ്ണ് ചോദിക്കാന്‍ പോകാന്‍ ബോബിക്ക് ജ്യേഷ്ഠസഹോദരനായ സജി വേണം. തങ്ങളുടേത് മെച്ചപ്പെട്ട ഒരു കുടുംബമായി മാറും/മാറ്റും എന്ന് സജി ബോബിയെ സമാശ്വസിപ്പിക്കുന്നുണ്ട്. തന്റെ സ്‌കോളര്‍ഷിപ് കൊണ്ട് ഫ്രാങ്കി വീട്ടില്‍ കക്കൂസ് പണിയുന്നുണ്ട്. ഇന്ന് പല ഫെമിനിസ്റ്റുകളും മുന്നോട്ട് വെയ്ക്കുന്ന “ഫാമിലീസ് ഓഫ് ചോയ്സ്” എന്ന ആശയമാണ് ഈ സിനിമ മുന്നോട്ട് വെക്കുന്നത് എന്ന് തോന്നുന്നു. വ്യത്യസ്തമായ ഇഷ്ടങ്ങള്‍ അംഗീകരിക്കപ്പെട്ടുന്ന, അധികാര പ്രയോഗങ്ങള്‍ ചെറുക്കപ്പെടുന്ന, വൈകാരിക തളര്‍ച്ചകളില്‍ താങ്ങാവുന്ന ഒരിടം – അതാണ് കുടുംബം. ഒരു പക്ഷെ, കുമ്പളങ്ങി നൈറ്റ്‌സിലെ രാവ് പുലരുന്നത് ഇങ്ങനെ തെളിച്ചമുള്ള ഒരു ഇടത്തിലേക്കാവും.

മറ്റൊന്ന്, “ഏജന്‍സി” എന്ന് വിളിക്കുന്ന, അവനവന്റെ രാഷ്ട്രീയം കണ്ടെത്താനും അതിന്റെ അടിസ്ഥാനത്തില്‍ സ്വയം പ്രകാശിപ്പിക്കാനും മനുഷ്യര്‍ക്കുള്ള സാധ്യതയെ/ കഴിവിനെ , ഈ സിനിമ കൈകാര്യം ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു. അതിനാസ്പദമായ നിരവധി സന്ദര്‍ഭങ്ങള്‍ കാണാന്‍ കഴിയും. അമേരിക്കന്‍ യുവതിയെ ഹോം സ്റ്റേയില്‍ നിന്നും ഇറക്കിവിട്ടത് തെറ്റായി പോയി എന്നും ജീവശാസ്ത്രപരമായി ഒരാള്‍ക്ക് ഒരച്ഛനേ ഉണ്ടാക്കാന്‍ വഴിയുള്ളൂ എന്നും ഷമ്മിയോട് ബേബി പറയുന്നുണ്ട്. ഏത് തരം ചേട്ടനായാലും ബേബിമോളെ ചീത്തവിളിക്കാന്‍ പാടില്ല എന്ന് ഷമ്മിയെ ഭാര്യയായ സിമി വിലക്കുന്നുണ്ട്. കടപ്പാടിന്റെ ബന്ധം നിലനില്‍ക്കുമ്പോഴും സജി തന്നെ “ഓസി” ജീവിക്കുന്നു എന്നത് ശരിയാണെന്ന് അയാളുടെ മുഖത്തു നോക്കി പറയുകയും, താന്‍ വാങ്ങി തരുന്ന അവസാനത്തെ പെഗ്ഗാണിത് എന്ന് പറഞ്ഞുകൊണ്ട് സജിക്ക് മദ്യം കൊടുക്കുകയും ചെയ്യുന്നു വിജയ്. നീ പോലും എനിക്ക് വില തന്നിട്ടില്ല (കാമുകിയെ പോലെ) എന്ന് പറഞ്ഞു മദ്യശാലയില്‍ നിന്നും എഴുന്നേറ്റ് പോകുന്നുണ്ട് ബോബിയുടെ കൂട്ടുകാരന്‍ പ്രശാന്ത്. ദൈവവിളിയാല്‍ വീട് വിട്ടുപോയ അമ്മയെ ചെറിയ കാലത്തേക്കെങ്കിലും കൂടെ താമസിക്കാന്‍ വിളിക്കുമ്പോള്‍ ഞാന്‍ വരില്ല, പ്രാര്‍ത്ഥിക്കാം എന്ന ഉറപ്പാണ് ആ അമ്മ മക്കള്‍ക്ക് നല്‍കുന്നത് . ഇത്തരം നിരവധി സന്ദര്‍ഭങ്ങള്‍ ഈ സിനിമയിലുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളെ (difficult situations & dialogues) വിഴുങ്ങാനും അവഗണിക്കാനും ശീലിച്ച മധ്യവര്‍ഗ്ഗ മലയാളിക്ക് ഇതൊരു പാഠം തന്നെയാണ്. അതിനുള്ള ആര്‍ജ്ജവവും ഭാഷയും നാം ഇനിയും രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.

ആണത്ത പ്രകടങ്ങളെയും പ്രതിസന്ധികളെയും ചിത്രീകരിക്കുന്ന ഈ സിനിമ ജീവിതത്തില്‍ നാം ആര്‍ജ്ജിക്കേണ്ട ചില തുറവുകളെയും അയവുകളെയും കൂടി വെളിപ്പെടുത്തുന്നുണ്ട്. കാലം മാറുകയാണ്. തൊഴില്‍പരമായി മാറ്റങ്ങള്‍ ഉണ്ടാവുന്നു. പുതിയ കാലത്തേക്ക് ചുവടുമാറ്റിയ സലൂണ്‍ എന്ന ബാര്‍ബര്‍ ഷോപ്പും മാറിയ തൊഴില്‍ നിലയും ഷമ്മി എന്ന ഹീറോയിലുണ്ട്. മീന്‍പിടുത്തം എന്ന ഉപജീവന മാര്‍ഗത്തെ,സഹജമായ കഴിവുകളോടെ ആര്‍ജ്ജിച്ച ബോബി അതിനെ അന്തസ്സ് കുറഞ്ഞ പണിയായി കാണുന്നു; പ്രത്യേകിച്ചും, കാമുകിയായ ബേബിയുടെ കുടുംബ നിലയുമായി തട്ടിച്ചു നോക്കുമ്പോള്‍. ഷമ്മി ബേബിയോട് ചോദിക്കുന്നത്, തീന്മേശയില്‍ തന്നോടൊപ്പം ഇരുന്ന് നമ്മുടെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ ബോബിക്ക് എന്ത് യോഗ്യതയുണ്ടെന്നാണ്. ബേബിയാവട്ടെ, ഈ ധാരണയെ, മലയാളിയുടെ ജനകീയ സംസ്‌കാരത്തിന്റെ ചിഹ്നങ്ങളില്‍ ഒന്നായ സിനിമാ സംഭാഷണങ്ങള്‍ ഉപയോഗിച്ച് പരിഹസിക്കുകയാണ്. അവള്‍ ബോബിയോട് ഇന്നുരാവിലെ കൂടി ഈ മീന്‍ കൂട്ടി ഭക്ഷണം കഴിച്ച എന്നോടോ ബാലാ ( മത്സ്യത്തൊഴിലാളി എന്ന സാമൂഹിക അന്തസുമായി ബന്ധപ്പെട്ട് ) എന്ന് ചോദിച്ചു കളിയാക്കുന്നു.

വിദേശ ടൂറിസ്റ്റുകള്‍ക്ക് മീന്‍ വലവിരിച്ച് കാട്ടി കൊടുക്കുന്നതിനായാണ് ആദ്യമായി ബേബിയും കൂട്ടുകാരിയും ബോബിയുടെ അടുത്തെത്തുന്നത്. അയാളുടേത് ഒരുകുറഞ്ഞ തൊഴിലല്ല എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് ബേബി. ടൂറിസം കുമ്പളങ്ങിയിലെ ജീവനോപാധികളെയും തൊഴിലവസരങ്ങളെയും തൊഴില്‍ അന്തസ്സിനെത്തന്നെയും മാറ്റുന്നുണ്ട്. ചെറുപ്പക്കാര്‍ ഒരു തുറവ് ആര്‍ജ്ജിക്കുണ്ട്. ഷമ്മിയൊഴികെ മറ്റു ചെറുപ്പക്കാരെല്ലാം പുറത്തുനിന്നും വരുന്നവരോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിവുള്ളവരാണ്. അയാളുടെ ഈ ഭാഷാ നഷ്ടമാകട്ടെ, വാസ്തവത്തില്‍, മധ്യവര്‍ഗ ആണത്ത പുരോഗമന നാട്യത്തിന്റെ സാംസ്‌കാരികനിലയുടെ രൂപകം ആവുന്നു.

തന്നെ രക്ഷിക്കാന്‍ ശ്രമിച്ചു വിജയ് മരണപ്പെടുന്നത് താങ്ങാന്‍ കഴിയാതെ സജി ഇളയ സഹോദരനായ ഫ്രാങ്കിയോട് തന്നെയൊന്ന് ആശുപത്രിയിലേക്ക് കൂട്ടികൊണ്ടു പോകാന്‍ അപേക്ഷിക്കുന്നു. എന്നാല്‍ മനഃശാസ്ത്ര വിദഗ്ധനോട് സജി പറയുന്നത് തന്റെ കുടുംബ ബന്ധങ്ങളിലെ പിരിമുറുക്കങ്ങളെയും അതയാളിലുണ്ടാക്കിയ സംഘര്‍ഷങ്ങളെയും കുറിച്ചാണ്. പിന്നീട്, മനഃശാസ്ത്രജ്ഞന്റെ കുപ്പായം സജിയുടെ കണ്ണുനീരില്‍ നനഞ്ഞു കുതിര്‍ന്നതായി കാണിക്കുമ്പോള്‍ കാണികള്‍ ചിരിക്കുന്നുണ്ട്. ആണുങ്ങളാരെങ്കിലും കരയുമോ എന്ന പൊതുബോധത്തിന്റെ തിരിച്ചിടലാണ് ഇവിടെ ചിരി പരത്തുന്നത്.

ബോബിയാവട്ടെ, ഈ സംഘര്‍ഷം കാമുകിയായ ബേബിയുമായി പങ്കുവെച്ചു ആശ്വാസം കണ്ടെത്തുകയാണ്. പലതരം അനിശ്ചിതതങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും കടന്നു പോകുന്ന ഇന്നത്തെ തലമുറ മാനസിക ആരോഗ്യത്തിനായി സഹായം തേടേണ്ടതും പുതു തുരുത്തുകള്‍ കണ്ടെത്തേണ്ടതും ആവശ്യമാണ്. പുരുഷന്മാര്‍ അത് തങ്ങള്‍ മാത്രമുള്ള ആണത്ത അഹന്ത പ്രകടമാക്കുന്ന മദ്യപാന സദസ്സുകള്‍ക്കായി വിട്ടുകൊടുത്താല്‍ അത് അനാരോഗ്യകരമായ സാമൂഹിക ബന്ധങ്ങളാവും സൃഷ്ടിക്കുക.

എന്തായാലും “ന്യുജെന്‍” എന്ന വിളിപേരില്‍ മലയാള സിനിമ മാറുകയാണ്. അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ ജീവിതത്തെ വ്യത്യസ്തമായി ചിത്രീകരിച്ചു കൊണ്ടും, ഭൂമി ശാസ്ത്രപരമായും സാമൂഹികമായും രൂപപ്പെടുന്ന പുതിയ ഇടങ്ങള്‍ കാട്ടിതന്നും, നിലവിലുള്ള ജാതി, വര്‍ഗ്ഗ, ലിംഗപരമായ ധാരണകളെ/ വിവേചനകളെ പരിഹാസത്തോടെ ചോദ്യം ചെയ്തുകൊണ്ടുമെല്ലാം നമ്മുടെ സിനിമ സമകാലികമാവുകയാണ്, ആരൊക്കെ അത് കണ്ടില്ലെന്ന് നടിച്ചാലും!

ബിനിത തമ്പി
അസ്സോസിയേറ്റ് പ്രൊഫസർ, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്മെന്റ്, ചെന്നൈ ഐ ഐ ടി