കടലിനും ,തന്റെ കരക്കും ,കടലിന്റെ മക്കള്‍ക്കും വേണ്ടി സ്‌റ്റെര്‍ലിംഗ് യൂണിവേര്‍സിറ്റിയില്‍ നിന്ന് കുമാര്‍ നേടിയ ബിരുദാനന്തര ബിരുദത്തിന്റെ കഥ
life of coastline
കടലിനും ,തന്റെ കരക്കും ,കടലിന്റെ മക്കള്‍ക്കും വേണ്ടി സ്‌റ്റെര്‍ലിംഗ് യൂണിവേര്‍സിറ്റിയില്‍ നിന്ന് കുമാര്‍ നേടിയ ബിരുദാനന്തര ബിരുദത്തിന്റെ കഥ
സൗമ്യ ആര്‍. കൃഷ്ണ
Tuesday, 27th November 2018, 12:24 am

“ശരാശരി ഇംഗ്ളീഷ് പരിജ്ഞാനം മാത്രം ഉണ്ടായിരുന്ന ആളാണ് ഞാന്‍. എന്റെ മുന്നില്‍ ഒരാള്‍ നില്ക്കുകയാണെങ്കില്‍ നാല് വരിയില്‍ കൂടുതല്‍ പറയാന്‍ മടിക്കുന്ന ഒരാളായിരുന്നു. പക്ഷേ ഞാന്‍ കണ്ടു വളര്‍ന്ന മത്സ്യതൊഴിലാളികളെ കുറിച്ചും അവര്‍ അനുഭവിക്കുന്ന അവഗണനെയപ്പറ്റിയും കൂടാതെ എന്റെ പ്രവൃത്തിപരിചയം എനിക്ക് നേടിതന്ന കടലറിവുകളെ കുറിച്ചും നന്നായി സംസാരിക്കാന്‍ കഴിയുമെന്നെനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. മത്സ്യ തൊഴിലാളികള്‍ സസ്റ്റെയിനബിള്‍ ആയി കടലിനെ ഉപയോഗിക്കുന്നത് ഒരു മോഡലായി അവതരിപ്പിക്കാനും അവരുടെ കടലറിവുകള്‍ ഉപയോഗിച്ച് കൂടുതല്‍ കടല്‍ വിഭവങ്ങള്‍ ഉണ്ടാക്കാനും അവസരം വേണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടു. അവര്‍ക്ക് ആ ആവശ്യം തഴയാന്‍ കഴിഞ്ഞില്ല.

ഇന്ന് നിങ്ങള്‍ എനിക്കൊരു അവസരം നല്‍കുന്നില്ല എങ്കില്‍ പ്രത്യകിച്ച് ഒന്നും സംഭവിക്കില്ല ഈ ദിവസവും കടന്നു പോകും. ഞാന്‍ എന്റെ റിസേര്‍ച്ച് തുടരും. പക്ഷേ യെസ് പറഞ്ഞാല്‍ എന്നെപ്പോലെ തീര പ്രദേശങ്ങളില്‍ ജീവിക്കുന്ന നിരവധിപ്പേര്‍ക്ക് ,സ്വപ്നം കാണാനുള്ള ധൈര്യമാണ് നിങ്ങള്‍ നല്‍കുന്നത്. ഞാന്‍ ഇന്‍ര്‍വ്യൂവിനൊടുവില്‍ പറഞ്ഞു.”

സ്റ്റെര്‍ലിംഗ് യൂണിവേര്‍സിറ്റിയില്‍ നിന്ന് എം.എസ്.സി മറൈന്‍ ബയോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ മത്സ്യതൊഴിലാളി കുടുംബാംഗമായ കുമാര്‍ കരുംകുളം ഇത്രയും പറഞ്ഞവസാനിപ്പിക്കുകയായിരുന്നില്ല. കടലാഴങ്ങളെ കുറിച്ചും കടലിന്റെ മക്കളുടെ ജീവിതത്തെ കുറിച്ചുമുള്ള ആഴമേറിയ പാഠങ്ങള്‍ പഠിച്ചു തുടങ്ങുകയായിരുന്നു.

യു.കെ യിലെ പ്രമുഖ യൂണിവേര്‍സിറ്റിയായ സ്റ്റെര്‍ലിംഗ് യൂണിവേര്‍സിറ്റിയില്‍ ഷീവനിങ്ങ് സ്‌കോളര്‍ഷിപ്പോടുകൂടിയാണ് കുമാര്‍ മറൈന്‍ ബയോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.

തിരുവനന്തപുരം ജില്ലയില്‍ പൂവാറിനടുത്ത് കരുംകുളത്താണ് കുമാറിന്റെ സ്വദേശം. അച്ഛന്‍ സ്നേഹരാജ് അമ്മ ജെന്നറ്റ് മത്സ്യത്തൊഴിലാളിയാണ്. രണ്ട് സഹോദരിമാരാണ്, രണ്ട് പേരും വിവാഹം കഴിച്ചു. അതില്‍ മൂത്ത സഹോദരിയുടെ ഭര്‍ത്താവിനെ അവര്‍ക്ക് ഓഖിയില്‍ നഷ്ടപ്പെട്ടു. തന്റെ നേട്ടം പ്രിയപ്പെട്ട അളിയന് സമര്‍പ്പിക്കുന്നുവെന്നാണ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഉന്നത വിദ്യാഭ്യാസം മോഹിച്ചല്ല

സ്റ്റെര്‍ലിംഗ് യൂണിവേര്‍സിറ്റി പോലൊരിടത്ത് പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ആളൊന്നുമല്ല ഞാന്‍. പക്ഷേ ഞാന്‍ നടത്തിയ പഠനങ്ങളലില്ലൊം ഞാന്‍ ഉള്‍പ്പെടുന്ന സമൂഹം എങ്ങനെയാണ് ചൂഷണം ചെയ്യപ്പെടുന്നത് എന്ന് തിരിച്ചറിഞ്ഞു അതിനെതിരെ നമ്മള്‍ തന്നെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിച്ച് ഇറങ്ങുകയായിരുന്നു. ഞങ്ങള്‍ക്കിടയില്‍ നിന്നും ഇനിയും വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് തയ്യാറാകണമെന്നാണ് എന്റെ ആഗ്രഹം. അതിന് ഒരു പ്രചോദനമാകാന്‍ എനിക്ക് കഴിഞ്ഞെങ്കില്‍ അതാണ് ഏറ്റവും വലിയ സന്തോഷം. ഞാന്‍ എങ്ങനെ പഠിച്ചു എന്നതിനേക്കാള്‍ എന്ത് പഠിച്ചു എന്നതാണ് പ്രധാനം.

Image may contain: Kumar Karumkulam, smiling, standing

ജോണ്‍സണ്‍ മാഷ് തന്ന ഊര്‍ജ്ജത്തില്‍ അപേക്ഷ നല്‍കി

സി.എ.സി.എഫ്. പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ജോണ്‍സണ്‍ ജാമന്റ് മാഷിനെ പരിചയപ്പെടുന്നത്. കടലെന്ത് കൊണ്ട് പഠനവിധേയമാകണമെന്ന് ഞാനടക്കം ഒരുപാട് പേരെ പറഞ്ഞ് ബോധവാത്മരാക്കുന്നതില്‍ വലിയ പങ്കു വഹിച്ച ആളാണ് ജോണ്‍സണ്‍ മാഷ്. മാഷാണ് ഉന്നത വിദ്യഭ്യാസത്തിന് പ്രേരിപ്പിക്കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് ഉന്നത പഠനത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചപ്പോള്‍ സ്‌കോളര്‍ഷിപ്പുകള്‍കൊണ്ട് പഠനം നടത്താനാകും എന്ന ഉപാധിയും കാണിച്ചു തന്നത് ജോണ്‍സണ്‍ മാഷ് ആണ്. അങ്ങനെയാണ് ഷീവനിങ്ങ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നത്. സ്‌കോളര്‍ഷിപ്പിന്റെ ആപ്ലിക്കേഷനുകളില്‍ മുഴുവനായും സഹായിച്ചത് ജോണ്‍സണ്‍ ജാമെന്റ് മാഷാണ്.

നവ സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഉപയോഗിച്ച് പരമ്പരാഗത മത്സ്യ തൊഴിലാളികളികളുടെ കടലറിവുകളെ സാധൂകരിക്കുക. മത്സ്യ തൊഴിലാളികളുടെ അറിവുകള്‍ ഉപയോഗിച്ച് പുതിയ സയന്‍സ് ടൂള്‍സ് നിര്‍മ്മിക്കുക. മത്സ്യ തൊഴിലാളികളുടെ പിന്തുണയോടു കൂടി തന്നെ കടലിലെ ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുക. യു.എന്‍ പറഞ്ഞിട്ടുള്ള സസ്‌റ്റൈനബിലിറ്റി കോളിനു വേണ്ടി മറൈന്‍ ബയോ ടെക്നോളജി ടൂള്‍സിനെയും പരമ്പരാഗത മത്സ്യ തൊഴിലാളികളികളുടെ കടലറിവുകളെയും ഉപയോഗിക്കുക എന്നിവയ്ക്കൊക്കെ വേണ്ടി ഒരു അവസരം നല്‍കുക എന്നിവയാണ് ഷീവനിങ്ങ് കമ്മീഷന് മുന്നില്‍ സമ്മര്‍പ്പിച്ച ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Also Read:  ജമ്മു കാശ്മീര്‍; പെല്ലറ്റ് ആക്രമണത്തിനിരയായി 19 മാസം പ്രായമുള്ള ഹിബ

പലകുറി വീണിടത്ത് നിന്നും തുടങ്ങിയ പഠനം

“കുമാറിന് എഞ്ചിനീയറിങ്ങ് പഠിക്കാന്‍ നാഗര്‍കോവിലില്‍ പോകണമെങ്കില്‍ പതിനാല് രൂപ വേണമായിരുന്നു. ഒരു ദിവസം മുഴുവന്‍ നടന്ന അധ്വാനിച്ച് 28 തുട്ട് ശേഖരിച്ചിട്ട് അവന് കൊടുത്തയച്ച ദിവസങ്ങള്‍ ഓര്‍ക്കുന്നു. അവന്റെ നേട്ടങ്ങള്‍ അവസാനിച്ചിട്ടില്ല. കുടുംബവും ബന്ധുക്കളും മാത്രമല്ല ഈ നാട്ടുകാരും സുഹൃത്തുക്കളും കുമാറിന് വേണ്ടി ഏറെ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്”- കുമാറിന്റെ അമ്മ ജെന്നറ്റ് പറയുന്നു.

സെയിന്റ് ആന്‍ഡ്രൂസ് എല്‍.പി.സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കരുംകുളത്ത് എസ്.എന്‍.ഡി.പി യു.പി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് എന്റെ നേതൃപാടവവും കവിത എഴുതാനുള്ള കഴിവും ഒക്കെ തിരിച്ചറിയുന്നത്. രണ്ട് വര്‍ഷം സ്‌കൂള്‍ ലീഡറാവുകയും കവിത രചനാ മത്സരങ്ങളില്‍ പങ്കെടുക്കുകയുമൊക്കെ ചെയ്തിരുന്നു.

വീട്ടുകാരുടെ സാമ്പത്തിക സ്ഥിതി മോശമായത് കൊണ്ട് അഞ്ചാം ക്ലാസില്‍ തന്നെ എന്നോട് പഠിക്കണ്ട അച്ഛനോട് ഒപ്പം കടലില്‍ പോയിക്കോളാന്‍ പറഞ്ഞിരുന്നു. പക്ഷെ അന്നൊക്കെ ഞാന്‍ നന്നായി പഠിച്ചിരുന്നത് കൊണ്ട് കൊത്തരം കോണ്‍വെന്റിലെ സിസ്റ്റര്‍മാര്‍ ഏഴാം ക്ലാസ് വരെ എന്നെ പഠിപ്പിച്ചു. പിന്നീട് പുല്ലുവിള കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന തീര ജ്യോതി എന്ന സംഘടനയുടെ സഹായത്തോടെ പ്ലസ് ടു വരെയുള്ള വിദ്യാഭ്യസത്തിന്റെ മുഴുവന്‍ ചിലവും നടത്തി തന്നു.

ഡിഗ്രിക്ക് എങ്ങനെ ആണ് ആപ്ലിക്കേഷന്‍ സമര്‍പ്പിക്കേണ്ടതെന്നൊന്നും പറഞ്ഞ് തരാന്‍ ആരും ഇല്ലായിരുന്നു. എല്ലാവരും പോവുന്ന പോലെ ഞാനും തമിഴ്നാട്ടില്‍ എഞ്ചിനീയറിങ്ങ് പഠിക്കാന്‍ പോകാന്‍ തീരുമാനിച്ചു. കോളജില്‍ ചെന്ന് ആദ്യം ചോദിച്ചത് ഇവിടെ ഫീസ് കുറവുള്ള കോഴ്സ് ഏതാണ് എന്നാണ്. അല്ലാതെ ബയോടെക്നോളജി തന്നെ എടുക്കണമെന്ന് കരുതി എടുത്തതല്ല.

സ്‌കൂള്‍ കാലഘട്ടത്തിന്റെ രസകരമായ അന്തരീക്ഷം വിട്ട് പെട്ടെന്ന് എഞ്ചിനീയറിങ്ങ് ക്ലാസില്‍ അടച്ചിടുന്ന രീതി എനിക്ക് ഇഷ്ടപ്പെട്ടില്ല. അത് കൊണ്ട് ക്ലാസ് കട്ട് ചെയ്യാന്‍ തുടങ്ങി. അങ്ങനെ തുടര്‍ച്ചയായി ക്ലാസ് കട്ട് ചെയ്തതിനെ തുടര്‍ന്ന് എന്നെ കോളജില്‍ നിന്നും ഡീബാര്‍ ചെയ്തു. അങ്ങനെ ഇഞ്ചക്കലുള്ള വൈറ്റ് ഫീല്‍ഡ് റെസ്റ്റോറന്റില്‍ വെയിറ്ററായി ജോലി ചെയ്തു. അവിടെ കൂട്ടത്തോടെയെത്തുന്ന കോളജ് വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ വീണ്ടും പഠിക്കാന്‍ ആഗ്രഹമുണ്ടായി.

Image may contain: 4 people, people standing and indoor

രണ്ടാം വട്ടം അതേ കോളജില്‍ എഞ്ചിനീയറിങ്ങ് പഠനം തുടര്‍ന്നു. എന്റെ കൂടെ പഠിച്ചിരുന്നവരുടെ ജൂനിയറായി പഠിച്ചു. കോളജില്‍ കെട്ടിവച്ച കാശ് തിരിച്ചു തന്നില്ല. ബാങ്ക് ലോണും കിട്ടിയില്ല. കടം വാങ്ങിയും ബാക്കിയുള്ളവര്‍ സഹായിച്ചുമാണ് എഞ്ചിനീയറിങ്ങ് പഠനം നടക്കുന്നത്

കോളജിലെത്തിയപ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടായി. അമ്മ എവിടെ നിന്നെങ്കിലും കണ്ടുപിടിക്കുന്ന കാശ് കൊണ്ടാണ് പഠിച്ചിരു ന്നത്. പരീക്ഷാ ഫീസ് അടക്കാത്തത് കൊണ്ട് മാത്രം 25ഓളം അരിയറുകള്‍ ഉണ്ടായിട്ടുണ്ട്. പരീക്ഷയുടെയന്ന് രാവിലെ മാനേജറുടെ മുറിക്ക് മുന്‍പില്‍ ഒരു കത്തിന് വേണ്ടി കാത്ത് നില്‍ക്കുന്നത് പതിവായിരുന്നു. ഫീസ് അടക്കാത്തവരെ ക്ലാസ്സില്‍ നിന്നും ഇറക്കിവിടുമ്പോഴൊക്കെ കോഴ്സ് നിര്‍ത്തി പോവാന്‍ ശ്രമിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെയും അധ്യാപകരുടേയും സഹായത്തോടെയാണ് പലപ്പോഴും പഠനം തുടരാന്‍ സാധിച്ചത്.

രണ്ടാം വര്‍ഷത്തിന് ശേഷമുള്ള മുഴുവന്‍ ചിലവും നോക്കിയത് ബാബു എന്ന എന്റെ മാമനാണ്. ഹോട്ടല്‍ ജീവനക്കാരനായ അദ്ദേഹത്തിന്റെ വാശിയായിരുന്നു എന്നെ പഠിപ്പിക്കുക എന്നത്.

ഇവരൊക്കെയുള്ളത് കൊണ്ട ഇല്ലായ്മകളില്‍ നിന്നുമാണ് ഞാന്‍ പഠിച്ചതെന്ന് പറയാന്‍ കഴിയില്ല. സ്‌കൂളില്‍ വച്ച് കഞ്ഞിയുണ്ടാക്കി തരാറുള്ള അമ്മച്ചി മുതല്‍ സ്റ്റെര്‍ലിംഗില്‍ വിശ്രമിക്കാനിട തരുന്ന ഹൗസ്‌കീപ്പിങ്ങ് സ്റ്റാഫ് വരെയുള്ളവര്‍ എന്നും എന്നോട് കനിവ് മാത്രമേ കാണിച്ചിട്ടുള്ളു. ശമ്പളം തന്ന് ഫീസ് അടക്കാന്‍ പറഞ്ഞ അധ്യാപകരും മത്സ്യ തൊഴിലാളിയുടെ മകനാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്താതെ കൂടെയിരുന്നു ഭക്ഷണം കഴിച്ച സുഹൃത്തുക്കളുമുള്ളപ്പോള്‍ ഞാനെങ്ങനെ ഇല്ലായ്മകളില്‍ നിന്നും വന്നവനാകും – കുമാര്‍ ചോദിക്കുന്നു.

Also Read:  ശബരിമലയില്‍ നിരോധനാജ്ഞ 30 വരെ നീട്ടി; ക്രമസമാധാന പ്രശ്‌നം തുടരുന്നുവെന്ന് കലക്ടര്‍

കടലറിവുകള്‍ക്ക് ആഴം കൂട്ടിയ റിസേര്‍ച്ച് കാലം

പഠനശേഷം എം.എസ്. സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്റെ റിസര്‍ച്ച ഇന്റേണ്‍ ആയി ജോലി ലഭിച്ചു. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് കടല്‍ കാലാവസ്ഥ വിവരങ്ങള്‍ എത്തിച്ച് കൊടുക്കുക. കടല്‍ സംരക്ഷണത്തെ കുറിച്ചും കടല്‍ ജൈവവൈവിധ്യ സമ്പത്തിനെ കുറിച്ചും അവരെ ബോധവാന്മാരാക്കുക. അവരില്‍ നിന്നു കടലറിവുകള്‍ ശേഖരിക്കുക. ഈ ജോലി ചെയ്യുന്നതിനിടയിലാണ് എന്ത് കൊണ്ടാണ് ശാസ്ത്ര സാങ്കേതിക വളര്‍ച്ച തീരദേശത്ത് പ്രയോഗിക്കാന്‍ കഴിയാത്തത് എന്നും മനസ്സിലാക്കുന്നത്.

ഈ സമയത്ത് തന്നെ സിറ്റിസണ്‍ സൈന്റിസ്റ്റും സ്‌കൂബാ ഡൈവറുമായ റോബര്‍ട്ട് പനിപ്പുളയുടെ നേതൃത്വത്തില്‍ വലിയതുറ കേന്ദ്രമാക്കി ഫ്രന്‍സ് ഓഫ് മറൈന്‍ ലൈഫിനെ കുറിച്ച് അറിയുന്നത്. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ കടലറിവുകള്‍ പഠിക്കുകയും ഡോക്യൂമെന്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നറിഞ്ഞത്. റോബര്‍ട്ട് പനിപ്പുളയുമായുള്ള ബന്ധം കടലറിവുകളുള്‍ കൂടുതലറിയാന്‍ സഹായിച്ചു.

ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കെ തന്നെയാണ് സുഹൃത്തായ ജെയ്സണ്‍ ജോണിന്റെ നേതൃത്വത്തില്‍ കോസ്റ്റല്‍ സ്റ്റുഡന്റ്സ് കള്‍ച്ചറല്‍ ഫോറത്തിന് രൂപം കോടുക്കുന്നത്. യാതൊരു രാഷ്ട്രീയ ചായ്വുകളുമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയാണ് കോസ്റ്റല്‍ സ്റ്റുഡന്റ്സ് കള്‍ച്ചറല്‍ ഫോറം.

അപൂര്‍ണ്ണമായ ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും അപാകമായ വിവര വിനിമയ സംവിധാങ്ങളുടെയും രക്തസാക്ഷികളായി, തീരത്തുനിന്നും വീണ്ടും നിലവിളികളുയരാതിരിക്കാന്‍ തനിക്കുമിനി പ്രതിബദ്ധതയുണ്ടെന്ന ബോധ്യത്തോടെ തന്നെയാണ് കുമാറിന്റെ മുന്നോട്ടുള്ള യാത്ര.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.