വിന്‍ഡീസിനെ തകര്‍ത്ത കുല്‍ദീപ് മാജിക്; കുറിച്ചത് അപൂര്‍വ ചരിത്രം!
Cricket
വിന്‍ഡീസിനെ തകര്‍ത്ത കുല്‍ദീപ് മാജിക്; കുറിച്ചത് അപൂര്‍വ ചരിത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th October 2025, 3:49 pm

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ വിന്‍ഡീസിനെ ഇന്ത്യ ഫോളോ ഓണിന് അയച്ചിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ 248 റണ്‍സിന് പുറത്തായിരുന്നു. കുല്‍ദീപ് യാദവിന്റെ മികച്ച ബൗളിങ്ങിലാണ് ഇന്ത്യയ്ക്ക് വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ പുറത്താക്കാന്‍ സാധിച്ചത്.

വിന്‍ഡീസിനെതിരെ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് കുല്‍ദീപ് യാദവ് മികച്ച പ്രകടനം നടത്തിയത്. 26.5 ഓവറുകള്‍ എറിഞ്ഞ താരം 82 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിന്‍ഡീസ് താരങ്ങളെ മടക്കിയത്.

ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടമാണ് കുല്‍ദീപ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. വിന്‍ഡീസിനെതിരെ അഞ്ച് വിക്കറ്റ് നേടിയതോടെ, കരിയറിലെ അഞ്ചാം ഫൈഫറാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ഫൈഫര്‍ വീഴ്ത്തുന്ന ഇടം കൈയ്യന്‍ റിസ്റ്റ് സ്പിന്നര്‍മാരുടെ പട്ടികയിലാണ് താരം ഒന്നാമതെത്തി.

മുന്‍ ഇംഗ്ലണ്ട് താരം ജോണി വാര്‍ഡലും ഇത്ര തന്നെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും മത്സരങ്ങളുടെ എണ്ണത്തിലാണ് കുല്‍ദീപ് തലപ്പത്തെത്തിയത്. ഇന്ത്യന്‍ താരം വെറും 15 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം കൊയ്തത്. അതേസമയം, 28 ടെസ്റ്റ് കളിച്ചാണ് വാര്‍ഡലിന്റെ അഞ്ച് ഫൈഫര്‍ നേട്ടം.

കുല്‍ദീപിന് പുറമെ, രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇവര്‍ക്കൊപ്പം, മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

വിന്‍ഡീസിനായി ബാറ്റിങ്ങില്‍ അലിക്ക് അത്തനാസെ 84 പന്തില്‍ 41 റണ്‍സ് നേടി മികവ് തെളിയിച്ചു. കൂടാതെ, ഷായ് ഹോപ്പ് (57 പന്തില്‍ 36), തഗനരെയ്ന്‍ ചന്ദ്രപോള്‍ (67 പന്തില്‍ 34), ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് (93 പന്തില്‍ 24*) എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു.

നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചിന് 518 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ട് സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍ എത്തിയത്. യശസ്വി ജെയ്സ്വാളും ശുഭ്മന്‍ ഗില്ലുമാണ് സെഞ്ച്വറി നേടിയവര്‍. ജെയ്‌സ്വാള്‍ 258 പന്തില്‍ നിന്ന് 175 റണ്‍സ് നേടിയപ്പോള്‍ ഗില്‍ 196 പന്തില്‍ പുറത്താവാതെ 129 റണ്‍സും സ്‌കോര്‍ ചെയ്തു.

ഇവര്‍ക്കൊപ്പം സായ് സുദര്‍ശന്‍ (165 പന്തില്‍ 87), ധ്രുവ് ജുറെല്‍ (79 പന്തില്‍ 44), നിതീഷ് കുമാര്‍ റെഡ്ഡി
(54 പന്തില്‍ 43), കെ.എല്‍ രാഹുല്‍ (54 പന്തില്‍ 38) എന്നിവരും മികവ് പുലര്‍ത്തി.

നിലവില്‍ വിന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ രണ്ടിന് 248 റണ്‍സ് എടുത്തിട്ടുണ്ട്. ജോണ്‍ കാംബെല്‍ (84 പന്തില്‍ 58), ഷായ് ഹോപ്പ് (39 പന്തില്‍ 33) എന്നിവരാണ് ക്രീസിലുള്ളത്.

ചന്ദ്രപോളിന്റെയും (30 പന്തില്‍ 10), അത്തനാസെയുടെയും (17 പന്തില്‍ ഏഴ്) വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. സിറാജും വാഷിങ്ടണ്‍ സുന്ദറുമാണ് ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

Content Highlight: Kuldeep Yadav tops the list five wicket hauls in Test by an left arm wrist spinner