സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഗുവാഹത്തി ടെസ്റ്റില്‍ വീണ്ടും കാലിടറി ആതിഥേയര്‍. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 489 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 201ന് പുറത്തായി.
ഇന്ത്യയെ ഫോളോ ഓണിനയക്കാതെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക മൂന്നാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 26 എന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്.
97 പന്ത് നേരിട്ട് 58 റണ്‍സ് നേടിയ യശസ്വി ജെയ്സ്വാളാണ് ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ ഏക 50+ സ്്‌കോറും ഇത് മാത്രമാണ്.
ഹോം ഗ്രൗണ്ടിന്റെ അഡ്വാന്റേജ് മുതലാക്കാന്‍ സാധിക്കാതെ കഷ്ടപ്പെടുന്ന ഇന്ത്യന്‍ ടീമായിരുന്നു ഗുവാഹത്തിയിലെ കാഴ്ച.
ക്യാപ്റ്റന്‍ റിഷബ് പന്ത് അടക്കമുള്ളവര്‍ ചെറുത്തുനില്‍ക്കാന്‍ പോലും പ്രയാസപ്പെട്ടു. വെറും എട്ട് പന്ത് മാത്രമാണ് റിഷബ് പന്തിന് ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചത്. ഇന്ത്യന്‍ നിരയില്‍ വെറും നാല് താരങ്ങള്‍ മാത്രമാണ് 50+ പന്തുകള്‍ നേരിട്ടത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ടത്. എറിഞ്ഞ 134ാം പന്തില്‍ മാത്രമാണ് ചൈനാമാന്‍ സ്പിന്നറെ മടക്കാന്‍ സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചത്. ഇന്ത്യന്‍ നിരയില്‍ നൂറ് പന്ത് നേരിട്ട ഏക താരവും കുല്‍ദീപ് തന്നെ.
ഇതോടെ ഹോം ടെസ്റ്റില്‍ ഏറ്റവും കുറഞ്ഞ സ്‌ട്രൈക് റേറ്റിന്റെ നേട്ടവും കുല്‍ദീപിന്റെ പേരില്‍ പിറവിയെടുത്തു. സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിനെ മറികടന്നാണ് കുല്‍ദീപ് ഒന്നാമതെത്തിയത്.
ഹോം ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും കുറവ് സ്‌ട്രൈക് റേറ്റ് (ചുരുങ്ങിയത് 100 പന്തുകള്‍)
(താരം – എതിരാളികള്‍ – റണ്‍സ് – സ്‌ട്രൈക് റേറ്റ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
കുല്‍ദീപ് യാദവ് – സൗത്ത് ആഫ്രിക്ക – 19 (134) – 14.17 – ഗുവാഹത്തി – 2025*