2025ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ എല്ലാം അവസാനിച്ചിരിക്കുകയാണ്. സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ടി – 20 പരമ്പരയോടെയാണ് ഈ വര്‍ഷത്തെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വിരാമമായത്. ടെസ്റ്റില്‍ ഇന്ത്യ പരമ്പര കൈവിട്ടപ്പോള്‍ ഏകദിനവും ടി – 20 പരമ്പരയും മെന്‍ ഇന്‍ ബ്ലൂ സ്വന്തമാക്കി.
ഇപ്പോള്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിന്റെ കണക്ക് പരിശോധിക്കുമ്പോള്‍ ബൗളര്‍മാരില്‍ മുന്നിലുള്ളത് സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. താരം പ്രോട്ടിയാസിനെതിരെ മാത്രം മൂന്ന് ഫോര്‍മാറ്റുകളിലായി 19 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയില്‍ താരം എട്ട് വിക്കറ്റും ഏകദിനത്തില്‍ ഒമ്പത് വിക്കറ്റുമാണ് ചൈനമാന്‍ ബൗളര്‍ നേടിയത്. ടി – 20യില്‍ ഒരു മത്സരത്തില്‍ ഇറങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.
കുൽദീപ് യാദവ്. Photo: The MSDian Boy/x.com
ഈ പ്രകടനത്തിന്റെ മികവിലാണ് കുല്‍ദീപ് 2025ല്‍ മൂന്ന് ഫോര്‍മാറ്റിലുമായി ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ ലിസ്റ്റില്‍ മുന്നിലെത്തിയത്. ഈ വര്‍ഷം ടെസ്റ്റിലും ഏകദിനത്തിലും ടി – 20യിലും കളിച്ച് 60 വിക്കറ്റാണ് താരം സ്വന്തം അക്കൗണ്ടില്‍ എത്തിച്ചത്. വെറും 28 ഇന്നിങ്‌സില്‍ കളിച്ചാണ് ഇടം കൈയ്യന്‍ സ്പിന്നര്‍ ഇത്രയും വിക്കറ്റുകള്‍ നേടിയത്.
2025ലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ 50ന് മുകളില്‍ വിക്കറ്റ് വീഴ്ത്തിയ ഏക ബൗളറും കുല്‍ദീപ് തന്നെയാണ്. കൂടാതെ, ഈ ലിസ്റ്റിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങളുമായി കുല്‍ദീപിന് ഏകദേശം 15 വിക്കറ്റിന്റെയെങ്കിലും വ്യത്യാസമുണ്ട്.
ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും. Photo: BCCI/x.com
ഈ ലിസ്റ്റില്‍ രണ്ടാമതുള്ളത് വരുണ്‍ ചക്രവര്‍ത്തിയാണ്. 46 വിക്കറ്റാണ് വരുണ്‍ നേടിയത്. ഇവര്‍ക്ക് പിന്നില്‍ 45 വീതം വിക്കറ്റുമായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയുമുണ്ട്.
(താരം – ഇന്നിങ്സ് – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)
കുല്‍ദീപ് യാദവ് – 28 – 60
വരുണ്‍ ചക്രവര്‍ത്തി – 22 – 46
മുഹമ്മദ് സിറാജ് – 22 – 45
ജസ്പ്രീത് ബുംറ – 25 – 45
രവീന്ദ്ര ജഡേജ – 28 – 37
അക്സര്‍ പട്ടേല്‍ – 28 – 30
Content Highlight: Kuldeep Yadav is the leading wicket taker for India in international Cricket