സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ മിന്നും വിജയമാണ് നേടിയത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങാന്‍ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് സാധിച്ചിരുന്നു. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മാത്യൂ ബ്രീറ്റ്‌സ്‌കെ (72), ടോണി ഡിസോര്‍സി (39), മാര്‍ക്കോ യാന്‍സന്‍ (70), പ്രെണലന്‍ സുഭ്രയെന്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ഇതോടെ ഒരു മികച്ച റെക്കോഡ് സ്വന്തമാക്കാനും ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവും മികച്ച ബൗളിങ് ആവറേജുള്ള ഇന്ത്യന്‍ താരമാകാനാണ് കുല്‍ദീപിന് സാധിച്ചത്. ഈ നേട്ടത്തില്‍ സ്വന്തം നേട്ടം തന്നെയാണ് കുല്‍ദീപ് മറികടന്നത്.
അതേസമയം സൗത്ത് ആഫ്രിക്കയ്ക്കെതിരായ സീരീസ് ഡിസൈഡറില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 270 റണ്‍സിന്റെ വിജയലക്ഷ്യം 39.5 ഓവറില്‍ ഇന്ത്യ മറികടന്നാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഓപ്പണറായ യശസ്വി ജെയ്സ്വാള്‍ കാഴ്ചവെച്ചത്. ഏകദിനത്തില്‍ കന്നി സെഞ്ച്വറി നേടിയാണ് താരം തകര്‍ത്താടിയത്. 121 പന്തില്‍ 12 ഫോറും 2 സിക്സും ഉള്‍പ്പെടെ പുറത്താകാതെ 116 റണ്‍സാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്.
ജെയ്സ്വാളിന് പുറമെ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വെടിക്കെട്ട് പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. 73 പന്തില്‍ മൂന്ന് സിക്സറും ഏഴ് ഫോറും ഉള്‍പ്പെടെ 75 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. വിരാട് 45 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 65 റണ്‍സും നേടി.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് പ്രോട്ടിയാസിനെതിരെയുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ്. ഡിസംബര്‍ ഒമ്പതിന് ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്.
Content Highlight: Kuldeep Yadav In Great Record Achievement In Bowling