‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിൽ ബേസിൽ ജോസഫിന്റെ അമ്മയായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച നടിയാണ് കുടശനാട് കനകം. നാടക കലാകാരി കൂടിയായ കനകം, ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവ സാന്നിധ്യമായി മാറിയ താരം, അടുത്തിടെ പുറത്തിറങ്ങിയ ‘വാഴ 2’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ സിനിമാ ജീവിതത്തിൽ ഏറ്റവുമധികം നിരാശ തോന്നിയ ഒരു അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് കനകം. അഭിനയിച്ച ഒരു സിനിമയിൽ പ്രധാന്യമുള്ള കഥാപാത്രമായി എത്തിയെങ്കിലും ചിത്രം റിലീസ് ചെയ്തപ്പോൾ ആ കഥാപാത്രം പൂർണമായും ഒഴിവാക്കപ്പെട്ട അനുഭവമാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് താരം പറയുന്നു.
കുടശനാട് കനകം, Photo: IMDb
‘സിനിമയിൽ അഭിനയിക്കുകയെന്നത് ആഹ്ലാദകരമായ അനുഭവം തന്നെയാണ്. പക്ഷേ, അഭിനയിച്ച സിനിമയിലെ സീനുകൾ വെട്ടിമുറിച്ചതായി കാണുമ്പോൾ കരള് കീറിമുറിച്ച വേദനയാണ് അനുഭവപ്പെട്ടത്.
അടുത്തകാലത്തിറങ്ങിയ ഒരു സിനിമയിൽ മോഡേൺ വേഷത്തിലാണ് ഞാൻ അഭിനയിച്ചത്. എന്നാൽ ആ സിനിമ തിയേറ്ററിലെത്തിയപ്പോൾ എന്റെ കഥാപാത്രമില്ലായിരുന്നു. പകരം ആൾക്കൂട്ടത്തിലൊരാളായിട്ടാണ് എന്നെ കാണിച്ചത്. ഇതെന്നെ ഏറെ വേദനിപ്പിച്ചു,’ കുടശനാട് കനകം പറഞ്ഞു.
അതേസമയം, മലയാള സിനിമയിൽ ഇതിനകം പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞുവെന്നും താരം വ്യക്തമാക്കി. ‘സന്തോഷ് ട്രോഫി’യിൽ പൃഥ്വിരാജിന്റെ അമ്മയായും, ‘മൂക്കില്ലാരാജ്യത്ത്’ എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസന്റെ അമ്മയായും അഭിനയിച്ചിട്ടുണ്ട്.
കൂടാതെ ‘മരണമാസ്’, ‘നാൽപ്പതുകളിലെ പ്രണയം’, ‘പ്രകമ്പനം’, ‘ആശാൻ’, ‘സുഖമാണോ സുഖമാണ്’, ‘വാഴ-2’, ‘നദി’, ‘സംഭവം’, ‘പാതിരാപ്പതിര്’, ‘വാഗ്ദാനങ്ങൾ’, ‘സ്വർഗ്ഗം’, ‘മിസ്റ്റർ ആന്റ് മിസ്സിസ് ബാച്ചിലർ’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു.
താൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ചിലത് ഇന്നും പ്രേക്ഷകർ ഓർക്കുന്നുണ്ടെന്നും കുടശനാട് കനകം കൂട്ടിച്ചേർത്തു. ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രത്തിലെ ജഡ്‌ജി, ‘ഗുരുവായൂരമ്പലനടയിലെ’ വേലക്കാരി, ‘കമ്മ്യൂണിസ്റ്റ് പച്ച’യിലെ വൃദ്ധ എന്നീ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു എന്നും താരം വ്യക്തമാക്കി.
സിനിമയിൽ അവസരങ്ങൾ ചെറുതോ വലുതോ ആയാലും ആത്മാർത്ഥതയോടെ ചെയ്യുന്നതാണ് തന്റെ രീതിയെന്നും, അഭിനയ ജീവിതത്തിൽ ലഭിച്ച അംഗീകാരങ്ങളാണ് മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമെന്നും കനകം പറഞ്ഞു. സിനിമയിലെ ചില അനുഭവങ്ങൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ സ്നേഹമാണ് തനിക്ക് ഏറ്റവും വലിയ ശക്തിയെന്നും താരം കൂട്ടിച്ചേർത്തു.
Content Highlight: Kudasanadu Kanakam shares her difficult experience in cinema
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.