വിമോചനസമരകാലത്ത് സംഘപരിവാര്‍ എന്തുചെയ്യുകയായിരുന്നു?
DISCOURSE
വിമോചനസമരകാലത്ത് സംഘപരിവാര്‍ എന്തുചെയ്യുകയായിരുന്നു?
കെ.ടി. കുഞ്ഞിക്കണ്ണന്‍
Thursday, 22nd January 2026, 6:15 pm
വിമോചനസമരത്തില്‍ ഹിന്ദുമഹാസഭയും ആര്‍.എസ്.എസും ജനസംഘവും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ജാതിമത പിന്തിരിപ്പന്‍ മുന്നണിക്കൊപ്പമായിരുന്നു. അക്കാലത്തെ മാതൃഭൂമി, മനോരമ, ദീപിക പത്രറിപ്പോര്‍ട്ടുകള്‍ തന്നെ അതിന് വേണ്ടത്ര തെളിവുകളായി ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലുണ്ട്. വിമോചനസമരത്തിനാരംഭം കുറിച്ചുകൊണ്ട് കോട്ടയത്തെ തിരുനക്കര മൈതാനിയില്‍ നടന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ജാതിമത സമുദായശക്തികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തത് അക്കാലത്ത് ആര്‍.എസ്.എസ് പ്രചാരക് മാത്രമായിരുന്ന ജനസംഘം നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയായിരുന്നു. | കെ.ടി. കുഞ്ഞിക്കണ്ണന്‍ ഡൂള്‍ന്യൂസിലെഴുതുന്നു

 

ജനുവരി 20ാം തിയ്യതിയിലെ മാധ്യമം പത്രത്തിന്റെ എഡിറ്റ് പേജില്‍ വന്ന ലേഖനം ഇ.എം.എസ് സര്‍ക്കാരിന വിമോചന സമരകാലത്ത് ഹിന്ദുത്വവാദികള്‍ പിന്തുണച്ചിരുന്നുവെന്ന് സമര്‍ത്ഥിക്കാനുള്ള ഹീനമായ ഒരു ശ്രമമായിരുന്നു.

തീവ്രവലതുപക്ഷ ശക്തികള്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നീചമായ പ്രചാരണ യുദ്ധത്തിന്റെ ഭാഗമായിട്ടുതന്നെയാണ് ചരിത്രത്തിന്റെ യാതൊരു അടിസ്ഥാനവുമില്ലാത്ത അത്തരമൊരു ലേഖനം മാധ്യമം അച്ചടിച്ചുവിട്ടത്.

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ ഡോളറുകളൊഴുക്കി അമേരിക്കന്‍ സി.ഐ.എയുടെ ആസൂത്രണത്തിലും കാര്‍മികത്വത്തിലും നടന്നതാണ് വിമോചനസമരം.

വിമോചന സമരാനുകൂലികള്‍. Photo: Keralaculture.org

സര്‍വ ജാതിമത പിന്തിരിപ്പന്‍ ശക്തികളും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണത്തിനും വിദ്യാഭ്യാസപരിഷ്‌കരണത്തിനും എതിരായി നടത്തിയ ഒരു പ്രതിവിപ്ലവമായിരുന്നു വിമോചനസമരം.

ആ സമരത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ഹിന്ദുത്വാചാര്യന്‍ സവര്‍ക്കര്‍ ആവശ്യപ്പെട്ടിരുന്നുവെന്നത് ചരിത്രവും യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നുണപ്രചരണമാണ്.

വി.ഡി. സവർക്കർ. Photo: Wikipedia

വിമോചനസമരത്തില്‍ ഹിന്ദുമഹാസഭയും ആര്‍.എസ്.എസും ജനസംഘവും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ജാതിമത പിന്തിരിപ്പന്‍ മുന്നണിക്കൊപ്പമായിരുന്നു. അക്കാലത്തെ മാതൃഭൂമി, മനോരമ, ദീപിക പത്രറിപ്പോര്‍ട്ടുകള്‍ തന്നെ അതിന് വേണ്ടത്ര തെളിവുകളായി ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലുണ്ട്.

വിമോചനസമരത്തിനാരംഭം കുറിച്ചുകൊണ്ട് കോട്ടയത്തെ തിരുനക്കര മൈതാനിയില്‍ നടന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ജാതിമത സമുദായശക്തികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തത് അക്കാലത്ത് ആര്‍.എസ്.എസ് പ്രചാരക് മാത്രമായിരുന്ന ജനസംഘം നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയായിരുന്നു.

അടല്‍ ബിഹാരി വാജ്‌പേയി. Photo: Wikipedia

വിമോചനസമരകാലത്ത് സംഘപരിവാറുകാര്‍ കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കും മറ്റ് ജാതിമത സാമുദായികശക്തികള്‍ക്കുമൊപ്പം കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള പണിയിലായിരുന്നു.

ചരിത്രത്തിന്റെ ഈ അനിഷേധ്യമായ വസ്തുതയെയാണ് കമ്യൂണിസ്റ്റ് വിരോധത്തിന്റെ അന്ധതയില്‍ മാധ്യമം ലേഖനം മറച്ചുപിടിക്കാന്‍ നോക്കുന്നത്.

കെ.എം.ഷാജി തലശ്ശേരി കലാപം ആസൂത്രണം ചെയ്തത് പിണറായി വിജയനാണെന്ന് ആരോപിച്ച് സംഘപരിവാറുകാരെ കുറ്റമുക്തരാക്കുന്നതുപോലെ മാധ്യമം ലേഖകനും വിമോചനസമരമെന്ന സ്വാതന്ത്ര്യാനന്തര കേരളം കണ്ട ഏറ്റവും ഭീകരമായ ജനാധിപത്യ വിരുദ്ധ സമരത്തില്‍ ആര്‍.എസ്.എസ് ഉണ്ടായിരുന്നില്ല എന്ന് സ്ഥാപിച്ച് ആ ഫാസിസ്റ്റ് ശക്തികളെ കുറ്റവിമുക്തരാക്കാനാണ് നോക്കുന്നത്.

 K.M. Shaji responds to criticism of religious references

കെ.എം.ഷാജി

നാണംകെട്ട കമ്യൂണിസ്റ്റ് വിരോധത്തിന്റെയും സംഘപരിവാര്‍ സേവയുടേതുമായ ഇത്തരം അശ്ലീലസാഹിത്യത്തെ മതനിരപേക്ഷ ജനാധിപത്യശക്തികള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

എന്നുമാത്രമല്ല 1959ലെ വിമോചനസമരത്ത തുടര്‍ന്ന് ഭരണഘടനയുടെ 356ാം വകുപ്പനുസരിച്ച് നെഹ്‌റു സര്‍ക്കാര്‍ കേരളസര്‍ക്കാരിനെ പിരിച്ചുവിട്ടതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണിക്കൊപ്പം നില്‍ക്കുകയാണ് ദേശീയനേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് കേരളത്തിലെ ജനസംഘക്കാര്‍ ചെയ്തത്.

1960ലെ തെരഞ്ഞെടുപ്പില്‍ പട്ടാമ്പി നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിച്ച ഇ.എം.എസിനെതിരായി ജനസംഘം സ്ഥാനാര്‍ത്ഥിയായി ഒരു ഗോവിന്ദമേനോന്‍ നാമനിര്‍ദേശപത്രിക നല്‍കിയതാണ്.

തുടര്‍ന്ന് കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകുമെന്നും അതുവഴി ഇ.എം.എസ് ജയിക്കുന്ന സാഹചര്യമുണ്ടാവുമെന്നും കണ്ട് എ.ഐ.സി.സി നേതൃത്വം ഇടപെട്ടാണ് ദീനദയാല്‍ ഉപാധ്യായ ഉള്‍പ്പെടെയുള്ള ജനസംഘം നേതാക്കളുമായി ആലോചനയെതുടര്‍ന്ന് ഗോവിന്ദമേനോന്റെ നോമിനേഷന്‍ പിന്‍വലിക്കുന്നത്.

ദീനദയാല്‍ ഉപാധ്യായ

ആ തെരഞ്ഞെടുപ്പില്‍ ജനസംഘത്തിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഒന്നിച്ച് കമ്യൂണിസ്റ്റുകാര്‍ക്കെതിരായി പട്ടാമ്പി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയെന്നതുമാണ് ചരിത്രം.

ഇപ്പോള്‍ മാധ്യമം ലേഖകന്‍ സവര്‍ക്കറുടെ ജീവചരിത്രകൃതിയിലെ ചരിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വീമ്പിളക്കല്‍ പൊക്കിയെടുത്ത് കമ്യൂണിസ്റ്റുകാരും ഹിന്ദുത്വവാദികളും തമ്മില്‍ പണ്ടുമുതലേ ബന്ധമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനുള്ള കുത്സിതമായ ശ്രമമാണ് നടത്തിയത്. കമ്യൂണിസ്റ്റുകാരെ എതിര്‍ക്കാനും ആക്ഷേപിക്കാനും എന്തുമാകാമെന്ന മക്കാര്‍ത്തിയന്‍ പ്രചാരണ തന്ത്രമാണിത്.

ചരിത്രത്തെയും വസ്തുതകളെയും അജ്ഞതയില്‍ നിര്‍ത്തി കേരളം കണ്ട ഏറ്റവും ഭീകരമായ ജനാധിപത്യ വിരുദ്ധതയുടെയും തീവ്രവലതുപക്ഷ ഉത്ഥാനത്തിന്റെയും ചരിത്രത്തെ അതിന്റെ ഇരകളായ കമ്യൂണിസ്റ്റുകാര്‍ക്കെതിരായ അപനിര്‍മിച്ചെടുക്കാനുള്ള വൃത്തികെട്ട ശ്രമമാണിത്.

ചരിത്രത്തെ തങ്ങള്‍ക്കാവശ്യമായ രീതിയില്‍ വളച്ചൊടിക്കുന്ന സംഘികളുടെ ആചാര്യനെതന്നെ കൂട്ടുപിടിച്ചുകൊണ്ടാണ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ പത്രം വസ്തുതകളും ചരിത്രവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ആരോപണം എടുത്തിട്ടിരിക്കുന്നത്. ഏശുമെങ്കില്‍ ഏശട്ടെ എന്ന നുണയന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ തന്ത്രമാണ് മാധ്യമം പത്രം പയറ്റിനോക്കിയത്.

വിമോചന സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍

വിമോചനസമരകാലത്ത് ഇ.എം.എസ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സവര്‍ക്കര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് സ്ഥാപിക്കാന്‍ മാധ്യമം ലേഖകന്‍ ഉദ്ധരിച്ചത് സവര്‍ക്കറുടെ ജീവചരിത്രകൃതിയാണെന്നത് യാദൃശ്ചികമല്ല. എല്ലാ വര്‍ഗീയവാദികളും മതരാഷ്ട്രവാദികളും ഒരേ ആശയത്തിന്റെയും ചരിത്രത്തിന്റെയും പിന്‍പറ്റുകാരാണല്ലോ.

സവര്‍ക്കറുടെ ജീവിതം പോലെതന്നെ സമ്പൂര്‍ണമായ വീമ്പിളക്കലും വീരവാദങ്ങളും നിറച്ച ഒരു അസംബന്ധ കൃതിയാണ് ധനഞ്ജയകീര്‍ എഴുതിയിട്ടുള്ള സവര്‍ക്കറുടെ ജീവിചരിത്ര കൃതി.

അതില്‍ കേരളത്തിലെ ക്രൈസ്തവ മേധാവിത്വത്തെ ഇല്ലാതാക്കാന്‍ ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ല് സഹായകരമാവുമെന്ന് കണ്ടാണ് ഇ.എം.എസ് സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ഹിന്ദുത്വാചാര്യന്‍ നിര്‍ദേശം നല്‍കിയതെന്നാണ് ധനഞ്ജയകീര്‍ എഴുതിവെച്ചിട്ടുള്ളതെന്നാണ് മാധ്യമം ലേഖകന്‍ ഖനനം ചെയ്ത് കണ്ടുപിടിച്ചിരിക്കുന്നത്.

ആര്‍.എസ്.എസ്-ജനസംഘം കക്ഷികളുള്‍പ്പെടെ സര്‍വ വലതുപക്ഷ പിന്തിരിപ്പന്‍മാരും വിമോചനസമരത്തിനായി ഒന്നിച്ചവരായിരുന്നുവെന്ന ചരിത്രത്തെക്കുറിച്ച് ലേഖകന്‍ കൗശലപൂര്‍വ്വം മൗനം പാലിക്കുകയാണ്.

ആദ്യഘട്ടത്തില്‍ ഇ.എം.എസ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നടപടികളോട് എതിര്‍പ്പ് പ്രകടിപ്പിച്ച പല സാമുദായിക നേതാക്കളും വിദ്യാഭ്യാസബില്ലിനോട് ആഭിമുഖ്യം കാണിച്ചിരുന്നുവെന്നത് വസ്തുതയാണ്.

ഇ.എം.എസ്. Photo: Wikipedia

മന്നത്ത് പത്മനാഭനും ആര്‍.ശങ്കറും ഉള്‍പ്പെടെയുള്ള സമുദായ നേതാക്കള്‍ വിദ്യാഭ്യാസബില്ലിന് അനുകൂലമായിരുന്നുവെങ്കിലും കമ്യൂണിസ്റ്റ് വിരോധം മൂലം എല്ലാവരും സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ ഒന്നിച്ചുനില്‍ക്കുകയായിരുന്നു.

വിമോചന സമരം ഉദ്ഘാടനം ചെയ്യുന്ന മന്നത്ത് പദ്മനാഭന്‍. Photo: Wikipedia

നിയമനത്തില്‍ ജാതി സംവരണം വേണമെന്നുപറഞ്ഞ പിന്നോക്ക ജാതിസംഘടനകള്‍ വരെ കമ്യൂണിസ്റ്റ് വിരോധം മൂലം കത്തോലിക്ക സഭയും എന്‍.എസ്.എസും മുസ്‌ലിം ലീഗുമെല്ലാം ചേര്‍ന്ന വിമോചന സമരമുന്നണിയില്‍ ചേരുകയായിരുന്നു.

കേരളത്തില്‍ വേരുപിടിപ്പിക്കാനുള്ള ആര്‍.എസ്.എസിന്റെ തന്ത്രങ്ങളിലാണ് ഹിന്ദുമഹാമണ്ഡലമുള്‍പ്പെടെ രൂപീകരിക്കാനുള്ള ആലോചനകളും നീക്കങ്ങളും നടന്നത്. അതിനെയെല്ലാം എസ്.എന്‍.ഡി.പിയിലെയും എന്‍.എസ്.എസിലെയും തന്നെ മതനിരപേക്ഷ നിലപാട് പുലര്‍ത്തുന്നവര്‍ അംഗീകരിക്കില്ലെന്ന് വന്നപ്പോഴാണ് ശങ്കറിനും മന്നത്തിനും അത്തരം നീക്കങ്ങളില്‍ നിന്ന് പിറകോട്ടുപോകേണ്ടിവന്നത്.

ആര്‍.ശങ്കര്‍ കെ.പി.സി.സിയുടെ അധ്യക്ഷപദവിയിലിരുന്നുകൊണ്ടാണ് ഹിന്ദുമഹാമണ്ഡലത്തിനുവേണ്ടിയുള്ള നീക്കങ്ങളില്‍ പങ്കാളിയായിയെന്നതും കേരളത്തിലെ കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബാന്ധവത്തിന്റെ ചരിത്രവുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്.

ആര്‍.ശങ്കര്‍. Photo: Wikipedia

ഇ.എം.എസ് സര്‍ക്കാരിന്റെ പ്രോജ്ജ്വലമായ നേട്ടമാണ് 1959ല്‍ പാസാക്കിയ കാര്‍ഷികബന്ധ ബില്‍. ഫ്യൂഡല്‍ ഭൂബന്ധങ്ങളുടെ തലയറുത്ത കാര്‍ഷികബന്ധനിയമം ചൂഷണത്തിന്റെ കൊടിയടയാളമായി നിലനിന്നിരുന്ന ജന്മിത്വത്തിന് അറുതിവരുത്തി.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഇ.എം.എസ്‌

കേരളത്തിലെ ഫ്യൂഡല്‍ ഉത്പാദന ബന്ധങ്ങളെ, ബ്രഹ്‌മസ്വം-ദേവസ്വം സ്വത്തുടമാ ബന്ധങ്ങള്‍ കീഴ്‌മേല്‍ മറിച്ച ഭൂപരിഷ്‌കരണബില്‍ സാധാരണക്കാരന്റെ, മണ്ണില്‍ പണിയെടുക്കുന്നവന്റെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്ന ‘കൃഷിഭൂമി കൃഷിക്കാര’നെന്ന ലക്ഷ്യപ്രാപ്തിയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തെ ത്വരിതപ്പെടുത്തുകയുണ്ടായി.

ഇതാണ് സര്‍വമതജാതി ഫ്യൂഡല്‍ പ്രമാണിമാരെയും പ്രകോപിപ്പിച്ചത്. അവരാണ് തെരുവുകളിലിറങ്ങി പാളയില്‍ കഞ്ഞികുടിപ്പിക്കുമെന്നും തമ്പ്രാനെന്ന് വിളിപ്പിക്കുമെന്നുമുള്ള അശ്ലീലകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഇ.എം.എസ് സര്‍ക്കാരിന്റെ വിപ്ലവകരമായ ഭൂപരിഷ്‌കരണ വിദ്യാഭ്യാസ നിയമങ്ങളാണ് ഇന്നത്തെ കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത്.

1956ല്‍ തൃശൂരില്‍ വെച്ച് നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനമാണ് കേരളവികസനത്തെ സംബന്ധിച്ച ഇടതുപക്ഷ സമീപനത്തിന് ജന്മം നല്‍കിയത്. കാര്‍ഷികബന്ധനിയമം, വിദ്യാഭ്യാസ മേഖലയില്‍ സ്വീകരിക്കേണ്ട നടപടികള്‍, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ എന്നിവയ്‌ക്കെല്ലാം വിശാലമായ ഒരു രൂപരേഖ ഇവിടെ തയ്യാറാക്കുകയുണ്ടായി.

CPI(M) condemns central government's action against The Wire

ഡോ.കെ.കെ.എന്‍.കുറുപ്പ് അഭിപ്രായപ്പെടുന്നതുപോലെ; ‘മുപ്പതുകളിലും നാല്‍പ്പതുകളിലും ഇവിടുത്തെ സംഘടിത പ്രസ്ഥാനങ്ങള്‍ ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായി അണിനിരന്നതിന്റെ ഫലമാണ് കേരളത്തിലെ ഭൂപരിഷ്‌കരണനിയമം.’

കേരളസംസ്ഥാന പിറവിയോടെ വോട്ടവകാശം ലഭ്യമായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമടങ്ങുന്ന മഹാഭൂരിപക്ഷവും, തങ്ങളുടെ ആശയ്ക്കും പ്രതീക്ഷയ്ക്കും ജീവന്‍ നല്‍കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമെ കഴിയൂ എന്ന് തിരിച്ചറിഞ്ഞതാണ് ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പിറവിയ്ക്ക് നിമിത്തമായത്.

അതാണ് സര്‍വപിന്തിരിപ്പന്‍മാരെയും പ്രകോപിപ്പിച്ചതും അവരുടെ നേതൃത്വമായ കോണ്‍ഗ്രസ് സി.ഐ.എ പണം പറ്റി വിമോചനസമരം അഴിച്ചുവിടുന്നതിലേക്കെത്തിച്ചതും.

1959ല്‍ നിയമസഭ പാസാക്കിയ കേരള കാര്‍ഷിക ബന്ധനിയമം ആദ്യമായി നിയമസഭയില്‍ അവതരിപ്പിച്ചത് 1957 ഡിസംബര്‍ 21നാണ്. ശക്തമായ എതിര്‍പ്പ് നിയമസഭയ്ക്കകത്തും പുറത്തും നേരിടേണ്ടിവന്ന കാര്‍ഷിക ബന്ധബില്ലിനോടൊപ്പമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നില്‍ക്കുന്നതെന്ന ശക്തമായ സന്ദേശം പൊതുസമൂഹത്തിന് നല്‍കി.

കര്‍ഷകരോടും കര്‍ഷകത്തൊഴിലാളികളോടുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ നിന്നുണ്ടായതാണ്. കാര്‍ഷിക-ബന്ധബില്‍ നിയമമാക്കുന്നതിന് മുമ്പ് തന്നെ കോഴിക്കോട് ജില്ലയിലെ കൂത്താളി സമരത്തിന്റെ ഫലമെന്നോണം മലബാറിലെ 2000 ഏക്കര്‍ ഭൂമി ഭൂരഹിതരായ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.

1959ല്‍ പാസാക്കിയ കാര്‍ഷികബന്ധ നിയമത്തോടെ കേരളത്തില്‍ നിലനിന്നിരുന്ന പാട്ട സമ്പ്രദായമനുസരിച്ച് കൃഷി ചെയ്തിരുന്ന സാധാരണകൃഷിക്കാര്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശം ലഭിച്ചു.

കുഴിക്കാണം, വെറും പാട്ടം, സ്ഥിരം കുടിയാന്മാര്‍ എന്നിവരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്ത നിയമം, അഞ്ച് അംഗം വരെയുള്ള കുടുംബത്തിന് കൈവശം വെക്കാവുന്ന പരമാവധി ഭൂമിയുടെ പരിധി 15 ഏക്കറയായി പരിമിതപ്പെടുത്തി.

നിയമസഭയ്ക്കുള്ളില്‍ ജന്മിമാരുടെയും മുതലാളിമാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പ്രയത്‌നിച്ച ചിലര്‍ നിയമത്തിന്റെ അന്തസത്തയെ ചോര്‍ത്തുന്ന തരത്തിലുള്ള ഭേദഗതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു.

എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാക്കി നാദാപുരം നിയോജകമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായി ഒന്നാം കേരളനിയമസഭയിലെത്തിയ സ: സി.എച്ച്.കണാരന്‍ തന്റെ ചരിത്രപ്രസിദ്ധമായ നിയമസഭാ പ്രസംഗത്തിലൂടെ കാര്‍ഷികബന്ധബില്‍ അവതരിപ്പിച്ചരീതിയില്‍ തന്നെ പാസാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി.

സി.എച്ച് കണാരന്‍. Photo: Wikipedia

നാദാപുരം, കുറ്റ്യടി ഭാഗത്തെ കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് ജനസംഘക്കാര്‍ക്കൊപ്പമായിരുന്നു ആ മേഖലയിലെ ജമാഅത്തെ ഇസ്‌ലാമിയും എന്നത് വിമോചനസമരത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതാണ്. ആര്‍.എസ്.എസ് തൊട്ട് സര്‍വ വലതുപക്ഷശക്തികളും കമ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള വിമോചനസമരത്തില്‍ ഒന്നിച്ചവരാണ്.

1959 ജൂണില്‍ പാസാക്കിയ കാര്‍ഷികബന്ധനിയമത്തിന് പക്ഷെ പ്രസിഡന്റ് അനുമതി നിഷേധിച്ചു. കാര്‍ഷികബന്ധബില്ലിനെതിരെ ഭൂവുടമകളും വിദ്യാഭ്യാസ നിയമത്തിനെതിരെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളും മറ്റുപ്രതിലോമശക്തികളുമായി ചേര്‍ന്ന് നടത്തിയ വിമോചനസമരം കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ അന്ത്യം കുറിച്ചു.

1959ല്‍ സഭ പാസാക്കിയ കാര്‍ഷികബന്ധ ബില്‍ 1961ല്‍ ഭേദഗതി ചെയ്തു. നേരത്തെ പാസാക്കിയ നിയമത്തിന്റെ യഥാര്‍ത്ഥ സത്തയെ നിരാകരിക്കുകയായിരുന്നു ഭേദഗതിയുടെ ഉദ്ദേശ്യം.

എന്നാല്‍ 1969ലെ ഇ.എം.എസ് മന്ത്രിസഭ ഈ നിയമത്തിന് സമഗ്രമായ ഭേദഗതി കൊണ്ടുവരികയും അദ്ദേഹം രാജിവെച്ചൊഴിഞ്ഞപ്പോള്‍ ബില്‍ വീണ്ടും പ്രതിസന്ധിയിലാവുകയും ചെയ്തു. തുടര്‍ന്നുവന്ന ഗവണ്‍മെന്റ് 1970 ജനുവരി 1 മുതല്‍ കേരളത്തില്‍ നൂറ്റാണ്ടുകളായി നിന്നിരുന്ന ജന്മിത്തം അവസാനിപ്പിക്കുകയും ചെയ്തു.

ഇന്ന് ഇന്ത്യയിലേറ്റവും കൂടുതല്‍ ഭൂമിയുടെ വികേന്ദ്രീകരണം നടന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസപരമായി ഏറ്റവും മുന്നേറിയ സംസ്ഥാനവും കേരളം തന്നെ. ഇതെല്ലാം നേടാന്‍ കേരളത്തെ പ്രാപ്തമാക്കിയത് വിമോചനസമരത്തിന്റെ യാഥാസ്ഥിതികശക്തികളെയും വലതുപക്ഷരാഷ്ട്രീയത്തെയും തോല്‍പിച്ച ഇടതുപക്ഷത്തിന്റെ ജനകീയ ഇടപെടലുകളാണ്.

 

Content Highlight: KT Kunjikkannan writes about Vimochana Samaram 

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍