വന്ദേമാതരത്തിലെ വെട്ടിയ വരികളല്ല സാമ്രാജ്യത്വമാണ് ഇന്ത്യയെ വിഭജിച്ചത്
DISCOURSE
വന്ദേമാതരത്തിലെ വെട്ടിയ വരികളല്ല സാമ്രാജ്യത്വമാണ് ഇന്ത്യയെ വിഭജിച്ചത്
കെ.ടി. കുഞ്ഞിക്കണ്ണന്‍
Friday, 12th December 2025, 4:14 pm
ഇപ്പോള്‍ പ്രധാനമന്ത്രി മോദി പറയുന്നത് വന്ദേമാതരം ഗാനത്തിലെ വെട്ടിമാറ്റലാണ് ഇന്ത്യയുടെ വിഭജനത്തിലേക്കെത്തിച്ചത് എന്നാണ്. അതിനുത്തരവാദിത്വം നെഹ്റുവിലേക്കും ദേശീയപ്രസ്ഥാനത്തിലെ സെക്യുലര്‍ നേതാക്കളിലേക്കും ചുമത്തിക്കൊണ്ടുള്ള പരിഹാസ്യമായ ആരോപണമാണ് മോദി തന്റെ പ്രസംഗത്തിലൂടെ മുന്നോട്ടുവെച്ചതും. വിഭജനരാഷ്ട്രീയം സാമ്രാജ്യത്വസൃഷ്ടിയാണെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിക്കുകയാണ് ഇത്തരം വാദങ്ങളിലൂടെ ആര്‍.എസ്.എസ് പ്രചാരകായിരുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി | കെ.ടി. കുഞ്ഞിക്കണ്ണന്‍ ഡൂള്‍ന്യൂസിലെഴുതുന്നു

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം അത്യന്തം അപലപനീയവും ഇന്ത്യയുടെ ചരിത്രത്തെയും നെഹ്റു ഉള്‍പ്പെടെയുള്ള ദേശീയനേതാക്കളെയും അപമാനിക്കുന്നതുമാണ്.

1875ലാണ് ബങ്കിംചന്ദ്ര ചാറ്റര്‍ജി വന്ദേമാതരം രചിക്കുന്നത്. 1896ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ദേശഗീതമെന്ന നിലയില്‍ അത് ആലപിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വന്ദേമാതരം ദേശീയഗാനമായി അംഗീകരിക്കാന്‍ പാടില്ല എന്നത് നെഹ്റുവിന്റെ മാത്രം നിലപാടായിരുന്നില്ല ദേശീയപ്രസ്ഥാനത്തിലെ മതനിരപേക്ഷനേതൃത്വത്തിന്റെയാകെ നിലപാടായിരുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു. Photo: Wikipedia

മോദി പാര്‍ലമെന്റിലെ തന്റെ പ്രസംഗത്തില്‍ പറഞ്ഞത് വന്ദേമാതരം ദേശീയഗാനമായി അംഗീകരിക്കാത്തതിന് പിന്നില്‍ നെഹ്റുവിന്റെ മുസ്‌ലിം ലീഗിനോടും മുഹമ്മദലി ജിന്നയോടുമുള്ള വിധേയത്വമായിരുന്നുവെന്നാണ്.

 


1937ലെ എ.ഐ.സി.സി സമ്മേളനം വന്ദേമാതരത്തിലെ ആദ്യ രണ്ടുവരികള്‍ മാത്രം ദേശീയഗീതമായി അംഗീകരിക്കുകയും തുടര്‍ന്നുള്ള വരികള്‍ ഹിന്ദുക്കളല്ലാത്ത മതവിശ്വാസികള്‍ക്ക് സ്വീകാര്യമായിരിക്കില്ല എന്നതുകൊണ്ട് ഒഴിവാക്കുകയുമാണ് ചെയ്തത്.

ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ വന്ദേമാതരം വരികള്‍ ഹൈന്ദവദേവതകളുടെ സ്തുതികളുള്ള വരികളാണ് ഒഴിവാക്കപ്പെട്ടത്. അത് ടാഗോറിന്റെ കൂടി ഉപദേശമനുസരിച്ചായിരുന്നു.

ബങ്കിംചന്ദ്ര ചാറ്റര്‍ജി. Photo: Wikipedia

വന്ദേമാതരത്തിലെ ദുര്‍ഗ, ലക്ഷ്മി, സരസ്വതി ദേവിമാരെ സ്തുതിക്കുന്ന വരികള്‍ ഹിന്ദുക്കളല്ലാത്ത മതസ്ഥര്‍ക്ക് സ്വീകാര്യമായിരിക്കില്ല എന്നുള്ളത് ചിന്തിക്കാവുന്നതേയുള്ളൂ.

അതുകൊണ്ടുതന്നെയാണ് ദേശീയനേതൃത്വം ദേശഭക്തിഗാനം ഒരു കാരണവശാലും ഒരു പ്രത്യേകമതവിഭാഗത്തിന്റെ ഈശ്വരസ്തുതിയായി പരിമിതപ്പെട്ടുകൂട എന്ന് തീരുമാനിച്ചതും വന്ദേമാതരത്തിലെ അത്തരം വരികള്‍ ഒഴിവാക്കിയതും.

ഇപ്പോള്‍ പ്രധാനമന്ത്രി മോദി പറയുന്നത് വന്ദേമാതരം ഗാനത്തിലെ വെട്ടിമാറ്റലാണ് ഇന്ത്യയുടെ വിഭജനത്തിലേക്കെത്തിച്ചത് എന്നാണ്. അതിനുത്തരവാദിത്വം നെഹ്റുവിലേക്കും ദേശീയപ്രസ്ഥാനത്തിലെ സെക്യുലര്‍ നേതാക്കളിലേക്കും ചുമത്തിക്കൊണ്ടുള്ള പരിഹാസ്യമായ ആരോപണമാണ് മോദി തന്റെ പ്രസംഗത്തിലൂടെ മുന്നോട്ടുവെച്ചതും.

വിഭജനരാഷ്ട്രീയം സാമ്രാജ്യത്വസൃഷ്ടിയാണെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിക്കുകയാണ് ഇത്തരം വാദങ്ങളിലൂടെ ആര്‍.എസ്.എസ് പ്രചാരകായിരുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി.

നരേന്ദ്ര മോദി. Photo: Wikipedia

ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരു രാഷ്ട്രമാണെന്ന നിലപാടിനെ എല്ലാകാലത്തും എതിര്‍ത്തവരാണ് ആര്‍.എസ്.എസുകാര്‍. ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ നീണ്ടിനിന്ന സാമ്രാജ്യത്വവിരുദ്ധ സമരധാരയുമായി ഒരുകാലത്തും ബന്ധം പുലര്‍ത്താത്തവരാണ് ഹിന്ദുമഹാസഭയും ആര്‍.എസ്.എസുകാരും.

ദേശീയതയും ദേശാഭിമാനവുമെന്നതെല്ലാം സാമ്രാജ്യത്വവിരുദ്ധമാണെന്ന ആധുനിക ജനാധിപത്യസങ്കല്‍പത്തെ അംഗീകരിക്കാത്തവരാണ് ആര്‍.എസ്.എസുകാര്‍. ദേശാഭിമാനത്തിന്റെ മര്‍മപ്രധാനമായ ഉള്ളടക്കത്തെ, സാമ്രാജ്യത്വവിരുദ്ധതയെ എല്ലാകാലത്തും തള്ളിക്കളഞ്ഞവരാണ് ഹിന്ദുത്വവാദികള്‍.

സ്വാതന്ത്ര്യസമരത്തിന്റെ അഗ്‌നിപഥങ്ങളിലൂടെ സഞ്ചരിച്ചവരാണ് ഇന്ത്യന്‍ദേശീയതയെ നിര്‍മിച്ചത്. അക്കാലത്തെല്ലാം ഭൂതകാലത്തിലെ ജഡജീര്‍ണതകളെ പൊക്കിക്കൊണ്ടുവന്ന് ദേശീയസ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ തകര്‍ക്കാനും അതില്‍ പ്രവര്‍ത്തിക്കുന്നവരെ പിന്തിരിപ്പിക്കാനും പണിയെടുത്തവരാണ് ഹിന്ദുമഹാസഭക്കാരും ആര്‍.എസ്.എസുകാരും.

ബ്രിട്ടീഷുകാരുടെ കയ്യില്‍കളിച്ച് ഹിന്ദു-മുസ്‌ലിം മൈത്രിയെയും സ്വാതന്ത്ര്യസമരത്തിലെ ജനകീയ ഐക്യത്തെയും തകര്‍ക്കുകയെന്ന ഒരൊറ്റ അജണ്ട മാത്രമെ ആര്‍.എസ്.എസിനുണ്ടായിരുന്നുള്ളൂ.

സ്വാതന്ത്ര്യാനന്തരകാലത്തും ഇന്ത്യയില്‍ വര്‍ഗീയവിഭജനവും സാമുദായിക ധ്രുവീകരണവുമുണ്ടാക്കുകയെന്ന ഒരൊറ്റ അജണ്ടയിലാണ് നരേന്ദ്ര മോദിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസ് പ്രവര്‍ത്തിച്ചിട്ടുള്ളത്.

ഹിന്ദുമഹാസഭയും മുസ്‌ലിം ലീഗും വര്‍ഗീയസംഘനകള്‍ മാത്രമല്ല ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അസ്ഥിരീകരിക്കുന്ന ദേശദ്രോഹ സംഘടനകളാണെന്നാണ് 1915ല്‍ അന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു ഗോപാലകൃഷ്ണ ഗോഖലെ വിലയിരുത്തിയത്.

ഗോപാലകൃഷ്ണ ഗോഖലെ. Photo: Wikipedia

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചവരും ബ്രിട്ടീഷുകാരുടെ കയ്യില്‍കളിച്ചവരുമായ ആര്‍.എസ്.എസുകാര്‍ ദേശീയതയുടെ ചാമ്പ്യന്മാരായി തങ്ങളുടെ മതരാഷ്ട്രവാദത്തിന് ഭീഷണിയാവുന്ന മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തെ നിരന്തരം കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്.

അതിന്റെ ഭാഗമാണ് വന്ദേമാതരത്തിന്റെ വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയിട്ടുള്ള ആക്ഷേപകരമായ പ്രസംഗമെന്നുതന്നെ കാണണം.

സാമ്രാജ്യത്വവിരുദ്ധ ദേശീയസ്വാതന്ത്ര്യസമരത്തില്‍ നിന്ന് മാറിനില്‍ക്കുകയും ഒരുവേള അതിനെ ഒറ്റിക്കൊടുക്കുകയും ചെയ്തവര്‍ തങ്ങളുടെ ദേശദ്രോഹചരിത്രത്തിന് മറയിടാനായി മതാത്മകദേശീയതയുടെ ചരിത്രത്തെയും സാംസ്‌കാരികാവിഷ്‌കാരങ്ങളെയും നിരന്തരം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

അത്തരം പ്രത്യയശാസ്ത്ര ഇടപെടലുകളുടെ ഭാഗമായിട്ടുവേണം ഹൈന്ദവദൈവ സ്തുതിയുള്ള വരികളെ ഒഴിവാക്കി വന്ദേമാതരത്തെ ദേശീയഗീതമാക്കിയ ചരിത്രത്തെ ആക്ഷേപിച്ചുകൊണ്ടുള്ള മോഡിയുടെ പാര്‍ലമെന്റ് പ്രസംഗത്തെ.

 

Content Highlight: KT Kunjikkannan writes about Vande Matharam controversy

 

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍