മനുഷ്യാവകാശപ്രവര്‍ത്തകര്‍ രാജ്യദ്രോഹികളായി മാറുന്ന ഇന്ത്യ
National Politics
മനുഷ്യാവകാശപ്രവര്‍ത്തകര്‍ രാജ്യദ്രോഹികളായി മാറുന്ന ഇന്ത്യ
കെ.ടി. കുഞ്ഞിക്കണ്ണന്‍
Friday, 10th December 2021, 11:29 am
മഹാരാഷ്ട്രയിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സര്‍ക്കാറുകള്‍ ദളിത് പ്രതിഷേധങ്ങളെയും ഉയിര്‍ത്തഴുന്നേല്‍പ്പുകളെയും മാവോയിസ്റ്റ് അക്രമങ്ങളും ഭീകരപ്രവര്‍ത്തനങ്ങളുമായി ചിത്രീകരിച്ച്, ദളിത് അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന ബുദ്ധിജീവികളെയും പ്രതിബദ്ധരായ സാമൂഹ്യപ്രവര്‍ത്തകരെയും കള്ളക്കേസുകളില്‍പ്പെടുത്തി പീഡിപ്പിക്കുന്നതാണ് ഭീമാ കൊറെഗാവ് കേസ് സാക്ഷ്യപ്പെടുത്തുന്നത്.

സുധാ ഭരദ്വാജിന് ഉപാധികളോടെ കോടതി ജാമ്യമനുവദിച്ചു. മൂന്ന് വര്‍ഷം നീണ്ടുനിന്ന തടവറ ജീവിതത്തില്‍ നിന്നും അവര്‍ക്ക് പുറംലോകത്തിലേക്ക് കടന്നുവരാനാണ് അനുമതി കിട്ടിയിരിക്കുന്നത്.

2018ലെ ഭീമാ കൊറെഗാവ് സംഭവങ്ങളെത്തുടര്‍ന്നാണ് അഭിഭാഷകയും പി.യു.സി.എല്‍ നേതാവുമായ സുധാ ഭരദ്വാജിനെ മറ്റു പലരെയും പോലെ യു.എ.പി.എ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് തടവിലിടുന്നത്. കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച അവര്‍ ട്രേഡ് യൂണിയന്‍ രംഗത്താണ് നിലയുറപ്പിച്ചത്.

ഹരിയാനയിലെ ഫരീദാബാദിലെ വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ അവര്‍ തൊഴിലാളി യൂണിയനുകള്‍ കെട്ടിപ്പടുക്കുകയും അവകാശസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. വ്യക്തിപരവും ജന്മസിദ്ധവുമായ എല്ലാ സൗകര്യങ്ങളും സൗഭാഗ്യങ്ങളും ഉപേക്ഷിച്ച്, നിസ്വവര്‍ഗങ്ങളുടെ അവകാശപോരാട്ടങ്ങള്‍ സ്വന്തം കര്‍മ്മപഥമായി സ്വീകരിച്ച അവര്‍ മൂലധനശക്തികള്‍ക്ക് എന്നും അസ്വസ്ഥത സൃഷ്ടിച്ചു.

                                                                      സുധ ഭരധ്വാജ്

തൊഴിലാളികള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കുമിടയില്‍ ജീവിച്ചുകൊണ്ട്, അവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി.

ഈയൊരു സാഹചര്യത്തിലാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഭീമാ കൊറെഗാവ് കേസില്‍പ്പെടുത്തി അവരെ വേട്ടയാടിയത്.

മഹാരാഷ്ട്രയിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സര്‍ക്കാറുകള്‍ ദളിത് പ്രതിഷേധങ്ങളെയും ഉയിര്‍ത്തഴുന്നേല്‍പ്പുകളെയും മാവോയിസ്റ്റ് അക്രമങ്ങളും ഭീകരപ്രവര്‍ത്തനങ്ങളുമായി ചിത്രീകരിച്ച്, ദളിത് അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന ബുദ്ധിജീവികളെയും പ്രതിബദ്ധരായ സാമൂഹ്യപ്രവര്‍ത്തകരെയും കള്ളക്കേസുകളില്‍പ്പെടുത്തി പീഡിപ്പിക്കുന്നതാണ് ഭീമാ കൊറെഗാവ് കേസ് സാക്ഷ്യപ്പെടുത്തുന്നത്.

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ആദിവാസി അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടേത്.

വന്‍കിട ഖനനത്തിനായി കോര്‍പ്പറേറ്റുകളും സര്‍ക്കാറും ചേര്‍ന്ന് നടത്തുന്ന തദ്ദേശീയ ജനവിഭാഗങ്ങളുടെ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുത്തതാണ് വൃദ്ധനായ ഈ പുരോഹിതനെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയാക്കിയത്.

                                                                          ഫാദര്‍ സ്റ്റാന്‍ സ്വാമി

ജീവിതത്തില്‍ ഒരിക്കല്‍ പോലും ഭീമാ കൊറെഗാവ് സന്ദര്‍ശിച്ചിട്ടില്ലാത്ത സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റാക്കി കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. യു.എ.പി.എ ചാര്‍ജ് ചെയ്ത് ജാമ്യം പോലും കൊടുക്കാതെ, രോഗിയും വയോധികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇടത്-ദളിത് ചിന്തകനായ ആനന്ദ് തെല്‍തുംബ്‌ഡെയെ കേസില്‍പ്പെടുത്തി തടവിലിട്ടു. ഗോവയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ അധ്യാപകനായ തുംബ്‌ഡെ ശ്രദ്ധേയനായ അക്കാഡമിഷ്യനാണ്.

അദ്ദേഹത്തെ പോലുള്ള നിരവധി നിരപരാധികളായ അക്കാഡമിഷ്യന്മാരെയാണ് മാവോയിസ്റ്റ് ബന്ധം ചാര്‍ത്തി ഭരണകൂടം ഭീമാ കൊറെഗാവ് കേസില്‍ പ്രതി ചേര്‍ത്ത് തടവിലിട്ട് പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്. ദളിതുകള്‍ക്കും ആദിവാസികള്‍ക്കും വേണ്ടി സംസാരിക്കുന്ന ബുദ്ധിജീവികളെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ഭരണകൂട തന്ത്രമാണിത്.

                             ആനന്ദ് തെല്‍തുംബ്‌ഡെ

സംഘപരിവാറിനെയും കോര്‍പ്പറേറ്റ് അധിനിവേശത്തെയും എതിര്‍ക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും ഭീകരവാദികളാക്കി വേട്ടയാടുക എന്ന ഫാസിസ്റ്റ് തന്ത്രത്തെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യാതെ ഹിന്ദുത്വവാദികളുടെ ഫാസിസ്റ്റധികാര പ്രയോഗങ്ങള്‍ക്കെതിരെ വിശാല ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കാനാവില്ല.

സംഘപരിവാറിനെയും കോര്‍പ്പറേറ്റ് കൊള്ളയെയും എതിര്‍ക്കുന്നവരെയാകെ ജിഹാദികളും ഖാലിസ്ഥാനികളും മാവോയിസ്റ്റുകളുമാക്കി മുദ്രകുത്തി അടിച്ചമര്‍ത്താനുള്ള ഫാസിസ്റ്റ് തന്ത്രത്തെ തുറന്നുകാട്ടുകയും ജനകീയ ഐക്യംകൊണ്ട് അതിജീവിക്കുകയും ചെയ്യേണ്ടതുണ്ട്.

കര്‍ഷകസമരത്തെ ഖാലിസ്ഥാന്‍ തീവ്രവാദി ബന്ധമാരോപിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനമാക്കി ചിത്രീകരിക്കാനാണ് കേന്ദ്രസര്‍ക്കാറും സംഘപരിവാര്‍ നേതാക്കളും ശ്രമിച്ചത്. കരുത്താര്‍ന്ന വര്‍ഗഐക്യവും ജനകീയതയും കൊണ്ട് അത്തരം നുണപ്രചരണങ്ങളെയെല്ലാം അതിജീവിച്ച് കര്‍ഷകസമരം ചരിത്രവിജയം നേടുകയാണുണ്ടായത്.

ഇന്ന് രാജ്യത്ത് വളര്‍ന്ന് ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റധികാരം, ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും വേണ്ടി വാദിക്കുന്നവരെയും കോര്‍പ്പറേറ്റ് ഹിന്ദുത്വനയങ്ങളെ വിമര്‍ശിക്കുന്നവരെയും അതിനോട് വിയോജിക്കുന്നവരെയും ഭീകരവാദികളും രാജ്യദ്രോഹികളുമാക്കി വേട്ടയാടുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: KT Kunjikkannan writes about Sudha Bharadwaj and Bhima Koregaon case

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍