ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെടുന്ന പല രേഖകളും പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടതാണ്. പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും എസ്.ഐ.ആറുമെല്ലാം ചേര്‍ന്ന് വലിയൊരു വിഭാഗം ജനങ്ങളെ വോട്ടര്‍പട്ടികയില്‍ നിന്നും പൗരത്വത്തില്‍ നിന്നും പുറംതള്ളുമോയെന്ന ആശങ്കയാണ് പടരുന്നത് | കെ.ടി. കുഞ്ഞിക്കണ്ണന്‍ ഡൂള്‍ന്യൂസിലെഴുതുന്നു
തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ രാജ്യത്തൊട്ടാകെ പരിഹാസ്യമായി തീരുകയാണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലും എസ്.ഐ.ആര്‍ നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതത്വവും ഇലക്ഷന്‍ കമ്മീഷന്റെ നടപടികളില്‍ ആശങ്കയുമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കേന്ദ്രഭരണപ്രദേശങ്ങളിലും എസ്.ഐ.ആര്‍ നടപടികള്‍ വലിയ പരാജയമായി തീര്‍ന്നിരിക്കുന്നു. കേരളത്തില്‍ എസ്.ഐ.ആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചതോടെ വലിയ ആശങ്കയാണ് ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. 24 ലക്ഷത്തിലേറെ പേരാണ് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തുപോയിരിക്കുന്നത്.
എസ്.ഐ.ആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ വീണ്ടും അപേക്ഷ നല്‍കണം. അതായത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലുള്ള ഫോം 6 മുഖേന അപേക്ഷിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കരട് പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരെല്ലാം ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുമായി ഹിയറിങ്ങിന് ഹാജരാവണം.
ഇത് വളരെ പ്രയാസകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് മാത്രമല്ല പട്ടികയില്‍ ഇടംപിടിച്ചവര്‍ക്ക് പോലും വോട്ടുചെയ്യാനാവാത്ത സാഹചര്യമാണുള്ളത്.
പ്രസിദ്ധീകരിക്കപ്പെട്ട കരട് പട്ടികയില്‍ ഉള്‍പ്പെട്ട അഡ്രസ്സിലും ഇനീഷ്യലിലും മാറ്റം വരുന്നവരും പുതുതായി അപേക്ഷ നല്‍കേണ്ട അവസ്ഥയാണ് ഇലക്ഷന്‍ കമ്മീഷന്‍ സൃഷ്ടിച്ചിരിക്കുന്നത്. അവരും ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കണം.
എസ്.ഐ.ആറിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ എം.പിമാര്‍ . Photo: x.com
ഇലക്ഷന്‍ കമ്മീഷന്റെ ധൃതിവെച്ച നടപടികള്‍ സ്വന്തം വോട്ടവകാശം ഉറപ്പുവരുത്താന്‍ വലിയ ബുദ്ധിമുട്ടാണ് ജനങ്ങള്‍ക്കാകെയുണ്ടാക്കിയിരിക്കുന്നത്. പുതിയ വോട്ടര്‍ പട്ടികയനുസരിച്ച് ബൂത്തുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ബൂത്ത് പുനഃക്രമീകരണം നടത്തിയത് അങ്ങേയറ്റം അശാസ്ത്രീയവും പ്രദേശത്തിന്റെ ഭൂമിശാസ്ത്രഘടനയെ കണക്കിലെടുക്കാതെയുമാണ്. ആവാസസ്ഥലങ്ങളെ പരിഗണിക്കാതെ വോട്ടര്‍മാരെ പിളര്‍ത്തിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും ഈ പ്രശ്നമുണ്ട്. ബൂത്തുകളുടെ ക്രമീകരണത്തില്‍ ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഒരേ വീട്ടിലെ വോട്ടര്‍മാര്‍തന്നെ പല ബൂത്തുകളിലായിരിക്കുകയാണ്.
അതില്‍തന്നെ പലരും തൊട്ടടുത്ത ബൂത്തുകളില്‍ പോലുമല്ല ഉള്ളത്. വളരെ വിചിത്രമാണ് ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വോട്ടര്‍ പട്ടിക. ഇതിനെല്ലാം കാരണം ഇലക്ഷന്‍ കമ്മീഷന്‍ എസ്.ഐ.ആര്‍ പൂര്‍ത്തീകരിക്കാന്‍ ബി.എല്‍.ഒമാര്‍ക്ക് ധൃതിപിടിച്ച് നിര്‍ദേശം നല്‍കിയതാണ്.
വളരെ ഉത്തരവാദിത്തോടെയും വേണ്ടത്ര സമയമെടുത്തും നിര്‍വഹിക്കേണ്ട വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ബി.എല്‍.ഒമാരില്‍ കെട്ടിയേല്‍പ്പിക്കുകയാണ് ഇലക്ഷന്‍ കമ്മീഷന്‍ ചെയ്തത്. അതിന്റെ കൂടി ഫലമായിട്ടാണ് 2002ലെ വോട്ടര്‍പട്ടികയുമായി മാപ്പിങ് നടത്തിയ വോട്ടര്‍മാരുടെ പേര് പോലും ചേര്‍ക്കാതെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കേണ്ടിവന്നത്.
പൗരരുടെ സമ്മതിദാനവകാശം ഉറപ്പുവരുത്താനുള്ള ഭരണഘടനാ ഉത്തരവാദിത്വം ശരിയായ രീതിയില്‍ നിര്‍വഹിക്കുന്നതിനുപകരം ഇലക്ഷന്‍ കമ്മീഷന്‍ തിടുക്കപ്പെട്ട് തീവ്രപരിഷ്‌കരണം അടിച്ചേല്‍പ്പിച്ചിരിക്കുന്നത് നിക്ഷിപ്തമായ താത്പര്യങ്ങള്‍ക്കുവേണ്ടിയാണെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനം ശരിവെക്കപ്പെടുകയാണ്.
എല്ലാ വോട്ടര്‍മാരുടെയും സമ്മതിദാനവകാശം ഉറപ്പുവരുത്താനും വോട്ടര്‍ പട്ടികയില്‍ വന്ന പിശകുകളും ബൂത്തുകള്‍ ക്രമീകരിച്ചപ്പോള്‍ വന്ന അപാകതകളും പരിഹരിക്കാന്‍ അടിയന്തിരമായി ഇലക്ഷന്‍ കമ്മീഷന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
ഇപ്പോള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഹിയറിങ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. വില്ലേജ് ഓഫീസുകളില്‍ അസിസ്റ്റന്റ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണിത്. അണ്‍മാപ്പ്ഡ് വോട്ടര്‍മാര്‍ക്കായാണ് ഹിയറിങ്.
അതായത് 2025ലെ പട്ടികയിലുണ്ടായിരുന്നവരും 2002ലെ പട്ടികയിലുള്ളവരുമായി ബന്ധം കണ്ടെത്താന്‍ സാധിക്കാത്തവരാണ് അണ്‍മാപ്പ്ഡ് വോട്ടര്‍മാര്‍. ഇവര്‍ ഫെബ്രുവരി 14നകം ഹിയറിങ്ങിന് ഹാജരായി രേഖകള്‍ നല്‍കണം. അല്ലാത്തവര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകുമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നത്.
ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. Photo: Wikipedia
ഹിയറിങ്ങിന് ഹാജരാകണമെന്ന നോട്ടീസ് കിട്ടിയവര്‍ തങ്ങളുടെ വോട്ടവകാശം സ്ഥാപിക്കാനുള്ള രേഖകള്‍ക്കായുള്ള നെട്ടോട്ടത്തിലാണ്. വലിയ പ്രയാസമാണ് ജനങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്റെ ധൃതിവെച്ച നടപടികള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്ന രേഖകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സംഘടിപ്പിച്ച് ഹാജരാക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.
പല രേഖകളും പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടതാണുതാനും. പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും എസ്.ഐ.ആറുമെല്ലാം ചേര്‍ന്ന് വലിയൊരു വിഭാഗം ജനങ്ങളെ വോട്ടര്‍പട്ടികയില്‍ നിന്നും പൗരത്വത്തില്‍ നിന്നും പുറംതള്ളുമോയെന്ന ആശങ്കയാണ് പടരുന്നത്.
ബംഗാളില്‍ എന്റോള്‍മെന്റ് ഫോമുകള്‍ സമര്‍പ്പിച്ചിട്ടും പ്രായമായവര്‍ക്കുവരെ വിദൂരസ്ഥലങ്ങളില്‍ നേരിട്ട് ഹാജരാവേണ്ട അവസ്ഥയാണുണ്ടായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരികയുണ്ടായി. അതോടെയാണ് ഇലക്ഷന്‍ കമ്മീഷന്‍ വീടുകളിലെത്തി പരിശോധന നടത്താന്‍ നിര്‍ബന്ധിതമായത്.
ഇപ്പോള്‍ ബംഗാള്‍ സംസ്ഥാനത്ത് 2002ലെ പട്ടികയുമായി പേര് പൊരുത്തപ്പെടാത്ത, അണ്‍മാപ്പ്ഡ് വോട്ടര്‍മാരുടെ ഹിയറിങ് തത്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ദേശീയതലത്തിലെ പ്രമുഖരും പ്രതിപക്ഷപാര്‍ട്ടികളും ബംഗാള്‍, തമിഴ്നാട്, കേരളം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്.ഐ.ആറിന് ഇലക്ഷന്‍ കമ്മീഷന്‍ കാണിച്ച തിടുക്കം ഒഴിവാക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സോഫ്റ്റ്‌വെയര്‍ വഴിയാണ് വോട്ടര്‍മാര്‍ക്ക് നോട്ടീസുകളയച്ചത്. എന്നാല്‍ ബീഹാറില്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിരുന്നില്ല. വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ നിയമപരമായ അധികാരം മറികടന്ന് സോഫ്റ്റ്‌വെയറുകള്‍ തീരുമാനമെടുക്കുന്ന അവസ്ഥയാണുള്ളത്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘടനയുടെ പരാതിപ്രകാരമാണിതുണ്ടായതെന്ന് ഹിന്ദു ദിനപത്രം അതിന്റെ എഡിറ്റോറിയയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബീഹാറില്‍ ഒഴിവാക്കിയ ഒരു സോഫ്റ്റ്‌വെയര്‍ മറ്റ് സംസ്ഥാനങ്ങളില്‍ പ്രോട്ടോക്കോള്‍ ഇല്ലാതെ ഉപയോഗിക്കുന്നത് വലിയ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ടെന്ന് എഡിറ്റോറിയല്‍ വിശദീകരിക്കുന്നുണ്ട്.
വോട്ടര്‍ പട്ടിക പുതുക്കല്‍ എന്ന പേരില്‍ യഥാര്‍ത്ഥത്തില്‍ പൗരത്വപരിശോധനയാണോ നടക്കുന്നതെന്ന സംശയം കമ്മീഷന്റെ നടപടിക്രമങ്ങള്‍ തന്നെ സംശയിപ്പിക്കുന്നുണ്ട്. പ്രാഥമിക കണക്കുകളനുസരിച്ച് രാജ്യത്തുടനീളം 6.5 കോടി വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ 94 ലക്ഷവും ഗുജറാത്തില്‍ 73.7 ലക്ഷവും വോട്ടര്‍മാരെ നീക്കം ചെയ്തിട്ടുണ്ട്.
ഹിന്ദു പത്രം എടുത്തുപറയുന്ന ഒരു കാര്യം പിന്നീട് ലക്ഷക്കണക്കിന് ആളുകളെ വീണ്ടും പട്ടികയിലുള്‍പ്പെടുത്തിയത് വോട്ടര്‍പട്ടിക പരിഷ്‌കരണ പ്രക്രിയയുടെ അശാസ്ത്രീയതയാണ് ചൂണ്ടിക്കാട്ടുന്നതെന്നാണ്.
തീവ്ര വോട്ടര്‍ പട്ടികയുടെ ഭരണഘടനാസാധുത പരിശോധിക്കാന്‍ സുപ്രീം കോടതി തയ്യാറാകണമായിരുന്നുവെന്നും അതിനുപകരം ബീഹാറിലെ വോട്ടര്‍മാരുടെ കാര്യത്തിലുണ്ടായ ചെറിയ ഇടപെടലുകളില്‍ പരിമിതപ്പെടുകയായിരുന്നുവെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നമ്മുടെ രാജ്യത്തിന്റെ ജനങ്ങളുടെ സമ്മതിദാനവകാശം സംരക്ഷിക്കാന്‍, സാര്‍വത്രിക വോട്ടവകാശം ഉറപ്പുവരുത്താന്‍ കോടതിയുടെ ഇടപെടല്‍ അനിവാര്യമാണ്. ആര്‍.എസ്.എസ് അജണ്ടയില്‍ നിന്ന് രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ തങ്ങളുടെ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങള്‍ക്കായി ഇലക്ഷന്‍ കമ്മീഷനെ വരെ ഉപയോഗിക്കുന്ന അവസ്ഥയാണുള്ളത്.
Content Highlight: KT Kunjikkannan writes about SIR and Voter List