മൊസാദിനെ വിറപ്പിക്കുന്ന ഇറാന്റെ മിസൈല്‍ വര്‍ഷം
DISCOURSE
മൊസാദിനെ വിറപ്പിക്കുന്ന ഇറാന്റെ മിസൈല്‍ വര്‍ഷം
കെ.ടി. കുഞ്ഞിക്കണ്ണന്‍
Thursday, 19th June 2025, 3:18 pm
ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് തിട്ടൂരമിറക്കി. എന്നാല്‍ ഇറാന്‍ കടുത്ത ഭാഷയില്‍ ട്രംപിന്റെ തിട്ടൂരം തള്ളുകയാണുണ്ടായത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് പശ്ചിമേഷ്യയില്‍ തങ്ങള്‍ക്കെതിരായ സൈനിക നടപടിയില്‍ അമേരിക്ക പങ്കാളിയായാല്‍ അപരിഹാര്യമായ നാശനഷ്ടം നേരിടേണ്ടിവരുമെന്നാണ്. | കെ.ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു

ഇറാന് നേരെ ഇസ്രാഈല്‍ തുടക്കമിട്ട ആക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷം ഒരാഴ്ചയിലേക്കെത്തവെ പശ്ചിമേഷ്യയിലാകെ യുദ്ധഭീകരത പടരുകയാണ്. ഇറാനും ഇസ്രാഈലും പരസ്പരം ഷെല്‍വര്‍ഷം തുടരുന്നു. ഇരുരാജ്യങ്ങളിലും നൂറുകണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഇതിനിടയില്‍ ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് തിട്ടൂരമിറക്കി. എന്നാല്‍ ഇറാന്‍ കടുത്ത ഭാഷയില്‍ ട്രംപിന്റെ തിട്ടൂരം തള്ളുകയാണുണ്ടായത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് പശ്ചിമേഷ്യയില്‍ തങ്ങള്‍ക്കെതിരായ സൈനിക നടപടിയില്‍ അമേരിക്ക പങ്കാളിയായാല്‍ അപരിഹാര്യമായ നാശനഷ്ടം നേരിടേണ്ടിവരുമെന്നാണ്.

ഡൊണാള്‍ഡ് ട്രംപ് | ആയത്തുല്ല അലി ഖാംനഇ

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ സെന്‍ട്രിഫ്യൂജ് ഉത്പാദനവും ആയുധ സൗകര്യങ്ങളും നിലകൊള്ളുന്ന നാല്‍പതോളം സ്ഥലങ്ങളിലാണ് ബുധനാഴ്ച ഇസ്രാഈല്‍ ബോംബാക്രമണം നടത്തിയത്. ഈ മേഖലകളില്‍ നിന്ന് ആയിരങ്ങള്‍ പലായനം ചെയ്തതായിട്ടാണ് വിവരങ്ങള്‍ വരുന്നത്.

എന്നാല്‍ ട്രംപ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഇറാന്‍ ഇസ്രാഈലിലേക്ക് ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗമുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ തൊടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

പശ്ചിമേഷ്യയില്‍ ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയും പങ്കാളിയാകുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്‍ ഇസ്രാഈലിനുനേരെ ഫത്താര്‍-1 മിസൈല്‍ പ്രയോഗിച്ചത്. ഇറാന്‍ വെടിവെച്ചു വീഴ്ത്തിയിരിക്കുന്ന ഇസ്രഈലി വിമാനങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു.

പശ്ചിമേഷ്യയില്‍ യുദ്ധാഗ്നി ആളിക്കത്തിക്കാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ സയണിസ്റ്റുകളുമായി ചരിത്രപരമായിതന്നെ അമേരിക്കന്‍ സാമ്രാജ്യത്വത്തിനുള്ള കുറ്റകരമായ ബാന്ധവത്തെയാണ് അനാവരണം ചെയ്യുന്നത്.

ഇസ്രാഈലി ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടായിരുന്നു ആദ്യം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയ ലോകത്തോട് പറഞ്ഞത്. എന്നാല്‍ ഈ നിലപാടുകളില്‍ നിന്നെല്ലാം മലക്കം മറിഞ്ഞു ഇപ്പോള്‍ അമേരിക്ക ഇസ്രാഈലിന് സൈനിക വിമാനങ്ങളും വിമാനവാഹിനി പടക്കപ്പലുകളും അയച്ചുകൊടുത്തിരിക്കുന്നു. നെതന്യാഹുവിന് പിന്നാലെ ട്രംപും ഖാംനഇക്കെതിരായി വധഭീഷണി മുഴക്കുന്ന സന്ദേശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ കൈമാറിക്കൊണ്ടിരിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും

യു.എസും ഇറാനും തമ്മിലുള്ള ആണവചര്‍ച്ചയുടെ ആറാം റൗണ്ടിന് മണിക്കൂറുകള്‍ അവശേഷിക്കവെയാണ് ഇസ്രഈല്‍ ഏകപക്ഷീയമായി ഇറാനുനേരെ ആക്രമണമഴിച്ചുവിട്ടതും അമേരിക്കയെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള തന്ത്രങ്ങള്‍ നീക്കിയതും.

ഇസ്രാഈല്‍ എന്ന ജൂതരാഷ്ട്രം ആയുധങ്ങള്‍ക്കും വംശീയപ്രത്യയശാസ്ത്രത്തിനുമപ്പുറം അതിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നത് മൊസാദ് എന്ന ഇന്റലിജന്‍സ് ഏജന്‍സിയെ ഉപയോഗിച്ചാണ്. എത്രയോ ദശകങ്ങളായി ഇറാനും അതിന്റെ ആണവ പദ്ധതികള്‍ക്കുമെതിരായി തങ്ങളുടെ ചാരശൃംഖലകളെ ഉപയോഗിച്ച് ഉപജാപങ്ങളും അട്ടിമറികളും സംഘടിപ്പിക്കുകയാണ് മൊസാദ് ചെയ്തുകൊണ്ടിരിക്കുന്നത്.

മൊസാദെന്ന കുപ്രസിദ്ധ ഇന്റലിജന്‍സ് ഏജന്‍സിക്ക് അമേരിക്കന്‍ ഭരണകൂടത്തെ പോലും പലതലങ്ങളിലുള്ള സമ്മര്‍ദതന്ത്രങ്ങളിലൂടെ ഇസ്രാഈലിന് അനുകൂലമാക്കാന്‍ കഴിയുന്നുവെന്നതാണ് ചരിത്രം. ഇസ്രാഈല്‍ എന്ന സയണിസ്റ്റ് ഭീകരരാഷ്ട്രത്തിന്റെ ശക്തി മൊസാദും അതിന്റെ മനുഷ്യത്വരഹിതമായ ഉപജാപതന്ത്രങ്ങളുമാണ്.

ചാരശൃംഖലകള്‍ സൃഷ്ടിച്ചുകൊണ്ട് സയണിസ്റ്റ് ചാരസംഘടനയായ മൊസാദ് നടത്തുന്ന ഇടപെടലുകളെക്കുറിച്ചുള്ള തിരിച്ചറിവില്‍ നിന്നാണ് ഇറാന്‍ മൊസാദിന്റെ ആസ്ഥാനത്തിനുനേരെ ശക്തമായ ആക്രമണം നടത്തിയത്. മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനത്തിന് സമീപം മിസൈല്‍ പതിച്ച് തീപടരുകയായിരുന്നു.

ഹൈഫയിലെ ബെസാന്‍ റിഫൈനറികള്‍ക്കുനേരെയും ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടു. ഇസ്രാഈലിന്റെ എഫ് 35 യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

മൊസാദിന്റെയും ഇസ്രഈല്‍ സേനയുടെയും ഗൂഢാലോചനകള്‍ക്കും ആക്രമണങ്ങള്‍ക്കും ഇറാനിലെ ആണവകേന്ദ്രങ്ങളെ തകര്‍ക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എത്ര കാലം മിസൈല്‍വര്‍ഷം തുടര്‍ന്നാലും ഇസ്രഈലിന് തകര്‍ക്കാന്‍ പറ്റാത്ത ആണവ നിലയമാണ് ഇറാന്‍ ഫോര്‍ദോയില്‍ നിര്‍മിച്ചിട്ടുള്ളത്.

ഫോര്‍ദോ ആണവ നിലയം കടപ്പാട്: ദി ന്യൂയോര്‍ക് ടൈംസ്

 

ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് മറ്റേത് നിലയം തകര്‍ന്നാലും ഫോര്‍ദോയെ ഒരു പോറലേല്‍പിക്കാന്‍ പോലും ഇസ്രാഈല്‍ ബോംബറുകള്‍ക്ക് കഴിയില്ലെന്നാണ്. കാരണം മറ്റൊന്നുമല്ല. ഈ ആണവ നിലയം പണിതിട്ടുള്ളത് കൂറ്റന്‍ പര്‍വതത്തിനടിയില്‍ ഭൂമിയുടെ ആഴങ്ങളിലാണ്.

ഇസ്രാഈലിന്റെയും അമേരിക്കയുടെയും വ്യോമാക്രമണങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള മുന്‍കരുതലോടെയാണ് ഫോര്‍ദോ നിലയം പണിതിട്ടുള്ളത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത് ഫോര്‍ദോയെ തകര്‍ക്കാന്‍ തക്ക ശക്തമായ ആയുധങ്ങള്‍ ഇപ്പോഴും ഇസ്രാഈലിന്റെ കൈവശമില്ലെന്നാണ്.

ടെഹ്റാനില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ ഫോര്‍ദോ ഗ്രാമത്തില്‍ പര്‍വതത്തിനടിയില്‍ 2000-ന്റെ തുടക്കത്തിലാണ് ഇറാന്‍ ഈ ആണവനിലയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2009ല്‍ തന്നെ സി.ഐ.എയും മൊസാദുമൊക്കെ അടങ്ങുന്ന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചുവെങ്കിലും നിര്‍മാണത്തെ തടയാനുള്ള അട്ടിമറിശ്രമങ്ങളൊന്നും അവര്‍ക്ക് നടത്താന്‍ കഴിഞ്ഞില്ല.

ഭൗമോപരിതലത്തില്‍ നിന്ന് 80 മുതല്‍ 300 അടിവരെ താഴെയാണ് ഫോര്‍ദോ നിലയം പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായ ബോംബാക്രമണത്തെ അതിജീവിക്കാനുള്ള ശേഷിയോടെയുള്ള നിര്‍മാണമാണ് നടത്തിയിട്ടുള്ളത്. അത്യന്താധുനിക ഇസ്രാഈലി പടക്കോപ്പുകള്‍ക്കൊന്നും അവിടേക്ക് തുരന്നെത്താനാകില്ല.

സുപ്രധാനമേഖലയ്ക്ക് റഷ്യന്‍ നിര്‍മിത മിസൈല്‍ കവചവും ഒരുക്കിയിട്ടുണ്ട്. ഈ സുരക്ഷാസംവിധാനങ്ങളെല്ലാം ഇസ്രാഈലിന് ഫോര്‍ദോ ആണവനിലയത്തെ തൊടാന്‍ കഴിയാത്ത സ്ഥിതിയിലാക്കിയിട്ടുണ്ട്.

2009 മുതല്‍ മൊസാദും സി.ഐ.എയും ഫോര്‍ദോ ആണവനിലയത്തെ തകര്‍ക്കാനാവശ്യമായ ഉപജാപങ്ങളും ഗൂഢാലോചനകളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. കാരണം ഇറാന്റെ അവസാനത്തേതും ഏറ്റവും നിര്‍ണായകവുമായ സമ്പുഷ്ടീകരണകേന്ദ്രമാണ് ഫോര്‍ദോയിലേത്. അതുകൊണ്ടുതന്നെയാണ് ഫോര്‍ദോവിനെ തകര്‍ക്കുക ഇസ്രാഈലിന്റെ പരമപ്രധാനലക്ഷ്യമായി മാറിയിരിക്കുന്നത്.

പല അന്താരാഷ്ട്ര വിദഗ്ധന്മാരും ചൂണ്ടിക്കാണിക്കുന്നത് ഇറാന്റെ ആണവനിലയങ്ങളെ തകര്‍ക്കാനോ ഒരു രാഷ്ട്രശക്തിയെന്ന നിലയ്ക്ക് പശ്ചിമേഷ്യയിലെ അതിന്റെ സ്വാധീനശേഷിയെ ഇല്ലാതാക്കാനോ യു.എസ് സയണിസ്റ്റ് കുതന്ത്രങ്ങള്‍ക്കാവില്ലെന്നാണ്.

അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനെ ഇല്ലാതാക്കാനും പശ്ചിമേഷ്യയില്‍ തങ്ങള്‍ക്ക് വഴങ്ങിത്തരാത്ത രാഷ്ട്രങ്ങളെ തകര്‍ക്കാനുമുള്ള ആസൂത്രണബുദ്ധിയിലാണ് ഇസ്രാഈലിനെ ഉപയോഗിച്ച് ട്രംപ് ഭരണകൂടം ഇറാനെതിരായി ആക്രമണപരമ്പര തുടങ്ങിയത്.

അതിനെതുടര്‍ന്നുള്ള സംഘര്‍ഷം ഒരാഴ്ച പിന്നിടുമ്പോഴേക്കും ഇസ്രാഈലിന് കനത്ത പ്രഹരമാണ് ഇറാന്‍ ഏല്‍പിച്ചിരിക്കുന്നത്. ജി-7 രാജ്യങ്ങള്‍ ഇസ്രാഈലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇസ്രാഈലിനെതിരെ 20 ഇസ്‌ലാമികരാഷ്ട്രങ്ങളുടെ കൂട്ടായ്മ രംഗത്തുവന്നുവെന്നത് ഈ മേഖലയില്‍ യു.എസ് സയണിസ്റ്റ് യുദ്ധഭീകരതക്കെതിരെ ഉയരുന്ന ജനങ്ങളുടെ പ്രതിഷേധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

 

Content Highlight: KT Kunjikkannan writes about Iran’s missile attack over Israel

 

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍