അന്താരാഷ്ട്ര വനിതാദിനം: ചരിത്രം, വര്‍ത്തമാനം, പ്രത്യയശാസ്ത്രം
DISCOURSE
അന്താരാഷ്ട്ര വനിതാദിനം: ചരിത്രം, വര്‍ത്തമാനം, പ്രത്യയശാസ്ത്രം
കെ.ടി. കുഞ്ഞിക്കണ്ണന്‍
Friday, 6th March 2026, 4:49 pm
സ്ത്രീയെ എന്നും അടിമയാക്കി നിര്‍ത്തുകയെന്ന ആധിപത്യവര്‍ഗങ്ങളുടെ പുരുഷാധിപത്യപരമായ ധര്‍മസംഹിതകളെ ചോദ്യം ചെയ്തും ലംഘിച്ചുമാണ് സ്ത്രീ പുരുഷ സമത്വത്തിനുവേണ്ടിയുള്ള നവോത്ഥാന പരമായ ഉണര്‍വുകള്‍ ചരിത്രത്തിലുടനീളം സംഭവിച്ചിട്ടുള്ളത് | കെ.ടി.കുഞ്ഞിക്കണ്ണന്‍ ഡൂള്‍ന്യൂസില്‍ എഴുതുന്നു

ഭൂഖണ്ഡങ്ങളിലുടനീളം പുരുഷാധികാരത്തിലധിഷ്ഠിതമായ നവഫൈനാന്‍സ് മൂലധനവ്യവസ്ഥയും മതവംശാധികാരത്തിലധിഷ്ഠിതമായ പ്രാചീന മൂല്യവ്യവസ്ഥകളും സ്ത്രീകളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു വനിതാദിനം കൂടി കടന്നുപോകുന്നത്.

2026ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ മുദ്രാവാക്യം ഗിവ് ടു ഗെയ്ന്‍ എന്നാണ്.

സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങളും നേട്ടങ്ങളും ഉണ്ടാക്കണമെന്ന പ്രമേയത്തെ മുന്‍നിര്‍ത്തി ഐക്യരാഷ്ട്രസഭ വനിതാദിനാചരണത്തിന് ആഹ്വാനം ചെയ്യുന്ന സമ്പദര്‍ഭത്തില്‍ തന്നെയാണ് സ്ത്രീയുടെ നൈസര്‍ഗിക സത്തയെതന്നെ നിഷേധിക്കുന്ന സയണിസം ഉള്‍പ്പെടെയുള്ള നവഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളും സാമ്രാജ്യത്വവും സ്ത്രീകളെയം കുട്ടികളെയും ലക്ഷ്യമിടുന്ന യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇസ്രയേല്‍ കഴിഞ്ഞ ഫെബ്രുവരി 28ന് ഇറാനെതിരായ യുദ്ധം തുടങ്ങിയത് പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന് മുകളില്‍ ബോംബിട്ടുകൊണ്ടാണ്.

സ്ത്രീകളെയും കുട്ടികളെയും കൊന്നുകൂട്ടുന്ന, പശ്ചിമേഷ്യയാകെ ചോരക്കളമാക്കുന്ന യു.എസ്-ഇസ്രഈല്‍ യുദ്ധഭീകരതയെ അപലപിക്കാതെ അതിനെതിരായി നിലപാട് സ്വീകരിക്കാതെ ഇന്നത്തെ ലോകത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നിലനില്‍പ്പിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് അര്‍ത്ഥം നല്‍കാനാവില്ല.

ഇസ്രഈൽ-യു.എസ്.എ ആക്രമണത്തിൽ സ്കൂളിന് മേൽ മിസെെൽ പതിച്ച് കൊല്ലപ്പെട്ട പെൺകുട്ടികൾക്കായുള്ള കൂട്ടക്കുഴിമാടം

മാര്‍ച്ച് 8 വനിതാദിനത്തിന്റെ ചരിത്രം

സ്ത്രീകളുടെ അവകാശങ്ങള്‍ക്കും തുല്യതയ്ക്കും വേണ്ടിയുള്ള അനവധിയായ സമരങ്ങളുടെ തുടര്‍ച്ചയിലാണ് മാര്‍ച്ച് 8 വനിതാദിനമായി ആചരിക്കാനുള്ള തീരുമാനമുണ്ടാകുന്നത്. 1857ലെ മാര്‍ച്ച് 8ന് ന്യൂയോര്‍ക്കിലെ വനിതാ തൊഴിലാളികള്‍ നടത്തിയ സമരപ്രക്ഷോഭങ്ങളാണ് അന്താരാഷ്ട്ര വനിതാദിനത്തിന് തുടക്കമായത്.

തുണിമില്ലുകളിലെ കഠിനമായ തൊഴില്‍സാഹചര്യത്തിനെതിരെ ഉണര്‍ന്ന സ്ത്രീ തൊഴിലാളികളുടെ പോരാട്ടത്തിന്റെ ചരിത്രപശ്ചാത്തലമാണ് വനിതാദിനത്തിനുള്ളത്.

കുറഞ്ഞ ശമ്പളത്തിന് ദീര്‍ഘനേരത്തെ ജോലിക്കും വേണ്ടി മാത്രമല്ല സ്ത്രീകള്‍ക്ക് മുതലാളിത്തത്തിനെതിരെ വോട്ടുചെയ്യാനുള്ള അവകാശത്തിനും വേണ്ടിയുള്ള സമരമായിരുന്നു ന്യൂയോര്‍ക്കിലെ സ്ത്രീ തൊഴിലാളികള്‍ നടത്തിയത്.

1909 ഫെബ്രുവരി 28നാണ് അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആഹ്വാനമനുസരിച്ചുള്ള ആദ്യ വനിതാദിനാചരണം നടക്കുന്നത്. അത് 19ാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ ന്യൂയോര്‍ക്കിലെ സ്ത്രീതൊഴിലാളികളുടെ ഓര്‍മ്മയെ മുന്‍നിര്‍ത്തിയായിരുന്ന വനിതാദിനാചരണം നടന്നത്.

വനിതാ ദിന പോസ്റ്റർ‌

പിന്നീട് 1910ല്‍ കോപ്പന്‍ഹെഗനില്‍ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലിന്റെ സമ്മേളനത്തില്‍ വനിതാദിനം സാര്‍വ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു.

ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (അതായിരുന്നു ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആ കാലത്തെ പേര്) നേതാവായിരുന്ന ക്ലാരാ സെത്കിന്റെ മുന്‍കൈയില്‍ 1910ല്‍ വിളിച്ചുചേര്‍ത്ത 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനമാണ് മാര്‍ച്ച് 8 വനിതാദിനമായി ആചരിക്കാനുള്ള തീരുമാനത്തിലെത്തുന്നത്.

ക്ലാരാ സെത്ക്. Photo: Wikipedia

അതിന്റെ അടിസ്ഥാനത്തില്‍ 1911 മാര്‍ച്ച് 8ന് അന്താരാഷ്ട്ര തലത്തില്‍ പലരാജ്യങ്ങളിലും വനിതാദിനം ആചരിച്ചു. 1917ലെ ഒക്ടോബര്‍ വിപ്ലവത്തിനുശേഷമാണ് ലോകമാകെ വനിതാദിനം വ്യാപകമായി ആചരിക്കാന്‍ തുടങ്ങിയത്.

റഷ്യയില്‍ ലെനിന്റെ സര്‍ക്കാര്‍ വനിതാദിനം പൊതു അവധി ദിവസമാക്കി. 1975ലാണ് ഐക്യരാഷ്ട്രസഭ മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്.

ഇന്ത്യയില്‍ തീവ്രമാകുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍

ഹിന്ദുത്വശക്തികള്‍ ദേശീയാധികാരത്തിലെത്തിയതോടെ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ തീവ്രമായ മാനങ്ങളില്‍ കൂടിവരികയാണ്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് 3,71,503 സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു (2020-2021 ലെ). ഇതില്‍ ഭൂരിഭാഗവും 32 ശതമാനം ഭര്‍ത്താവില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഉണ്ടായതാണ് എന്നും വ്യക്തമാക്കുന്നു.

പുരുഷാധികാര മൂല്യവ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക അതിക്രമങ്ങള്‍ വര്‍ധിച്ചതായാണ് പഠനങ്ങള്‍ പറയുന്നത്.

ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം വിവാഹിതരായ സ്ത്രീകളില്‍ മൂന്നിലൊരുഭാഗം അവരുടെ പങ്കാളികളില്‍ നിന്ന് എപ്പോഴെങ്കിലും ശാരീരികവും ലൈംഗികവും മാനസികവുമായ പീഢനങ്ങള്‍ നേരിടുന്നു.

2020ല്‍ നടന്ന 28,546 ബലാത്സംഗക്കേസുകളുടെ പ്രതികളില്‍ 2655 പേര്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് എന്നതും നമ്മെ അസ്വസ്ഥരാക്കുന്നു.

നമ്മുടെ രാജ്യതലസ്ഥാനമായ ദല്‍ഹി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടമാണ് എന്ന് 2021 ജൂലൈ മാസം ദല്‍ഹി പൊലീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2021ല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 63.5% അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമൊക്കെ സ്ത്രീ എന്ന നിലയിലും സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ജാതിയില്‍പ്പെട്ടവര്‍ എന്ന നിലയിലും അതിക്രൂരമായവിധം പീഡനങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

2021ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം സൈബര്‍ കുറ്റകൃത്യങ്ങളില്‍ 55 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.

സാമൂഹ്യജീവിതത്തിന് സ്ത്രീപക്ഷമാനങ്ങള്‍ നല്‍കുന്നതിലും സ്ത്രീകളുടെ ആത്മപ്രകാശനത്തിനുള്ള അവസരം സൃഷ്ടിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിൽ‌പോലും സ്ത്രീ വിരുദ്ധത നിറയുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

Photo: ChatGPT

ആര്‍ട്ടിക്കിള്‍ 14, 15 പ്രകാരം അവസരതുല്യത ഉറപ്പുവരുത്തിയ ഭരണഘടന നിലനില്‍ക്കുന്ന ഇന്ത്യയില്‍, ജീവിക്കാനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 21) പോലും അംഗീകരിച്ചു കിട്ടാത്തവരാണ് ഇന്ത്യയിലെ സ്ത്രീകള്‍ എന്നതിന്റെ സാക്ഷ്യമാണ് വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍.

ഇത് നിയമത്തിന്റെ അഭാവം കൊണ്ട് സംഭവിക്കുന്നതല്ല മറിച്ച് ഇതൊരു സാമൂഹ്യപ്രശ്നമാണ്. ജാതീയതയും വര്‍ഗീയതയും സ്ത്രീവിരുദ്ധതയും മുഖമുദ്രയാക്കിയവര്‍ അധികാരത്തിലിരിക്കുന്നു എന്ന ഇന്ത്യന്‍ പശ്ചാത്തലവും എല്ലാം ചരക്കുവല്‍ക്കരിക്കുന്ന കമ്പോള സംസ്‌കാരവും സര്‍വ്വോപരി ഇന്ത്യന്‍ സമൂഹത്തില്‍ കാലങ്ങളായി തുടരുന്ന പുരുഷാധിപത്യവുമെല്ലാം ചേര്‍ന്ന് പ്രശ്നം സങ്കീര്‍ണമാക്കുന്നു.

നവലിബറല്‍ നയങ്ങളും നവ ഹിന്ദുത്വശക്തികളും ചേര്‍ന്ന് രൂപീകരിക്കപ്പെട്ട മാരക സഖ്യത്തിന് കീഴില്‍ സ്ത്രീകള്‍ ഞെരിഞ്ഞമരുകയാണ്.

കേരളവും സ്ത്രീശാക്തീകരണവും

സ്ത്രീധനം കുടുംബ മഹിമയുടെ അളവുകോലായി കാണുന്ന, കുടുംബം നിലനിര്‍ത്തുന്നത് സ്ത്രീകളുടെ മാത്രം കടമയായി കണ്ട് സര്‍വംസഹയായി കഴിഞ്ഞുകൊള്ളണമെന്നുള്ള ബോധം വിദ്യാസമ്പന്നമായ കേരളീയ സമൂഹത്തിനും കുടുംബത്തിലും രൂഢമൂലമായി തുടരുന്നു.

സ്ത്രീധന നിരോധന നിയമവും ഗാര്‍ഹികപീഡന നിരോധന നിയമവും എല്ലാം ഉണ്ടായിട്ടും അവയെ ഊന്നുവടിയായി ഉപയോഗിക്കാന്‍ ആവുന്നില്ല എന്നത് നമ്മുടെ സമൂഹത്തിന്റെ ദുര്യോഗമാണ്.

ലൈംഗികാതിക്രമങ്ങളും സ്ത്രീപീഡനങ്ങളും സ്ത്രീധനകൊലപാതകങ്ങളും പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും കേരളത്തില്‍ സംഭവിക്കുമ്പോള്‍ കേരളസര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുകയാണ്.

സ്ത്രീധനമെന്ന മഹാവിപത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു. എല്ലാ ജില്ലകളിലും ജില്ലാ ശിശുവികസന ഓഫീസറെ മുഖ്യ സ്ത്രീധനം തടയല്‍ ഓഫീസറായി നിയമിച്ചിരിക്കുന്നു. പിങ്ക് സുരക്ഷ പദ്ധതി ഫലപ്രദമായി നടപ്പിലാക്കിവരുന്നു.

പിങ്ക് പൊലീസ്

സ്ത്രീകള്‍ക്കതിരായ അതിക്രമ കേസുകളില്‍ കുറ്റവാളികളെ കണ്ടെത്തുന്നതിലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിലും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിലും കേരള പോലീസ് ഫലപ്രദമായി ഇടപെട്ടതിന്റെ രണ്ട് ഉദാഹരണങ്ങളാണ് ഉത്രാ കേസും വിസ്മയാ കേസും.

കുറ്റകൃത്യങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിച്ചും വ്യാപകമായ സാമൂഹ്യ ബോധവത്കരണ പരിപാടികള്‍ നടത്തിയും ലിംഗനീതി നടപ്പിലാകാനാണ് കേരളസര്‍ക്കാര്‍ നിശ്ചയിച്ചുറപ്പിച്ചത്.

കേരളീയ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന സ്ത്രീവിരുദ്ധതക്കെതിരെ പുരോഗമന വിപ്ലവ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ കേരളം ക്യാമ്പയിന്‍ ഏറ്റെടുത്തിരിക്കുന്നു. ‘മാറണം മനോഭാവം‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി പുരോഗമന മഹിളാ പ്രസ്ഥാനം സ്ത്രീകള്‍ക്കിടയില്‍ സജീവമായി രംഗത്തുണ്ട്.

വിദ്യാര്‍ത്ഥിനികള്‍, അധ്യാപികമാര്‍, മദര്‍ പി.ടി.എകള്‍, പാചക തൊഴിലാളികള്‍, പ്രീപ്രൈമറി ജീവനക്കാര്‍ എല്ലാം ചേര്‍ന്ന സ്ത്രീകള്‍ സജീവ സാന്നിധ്യമായ വിദ്യാഭ്യാസ മേഖലയില സ്ത്രീ വിരുദ്ധതയ്ക്കെതിരെ ശക്തമായ ക്യാമ്പയിന്‍ ഏറ്റെടുക്കാനും ആണ്‍-പെണ്‍ തുല്യതയുടെ പാഠങ്ങള്‍ പകര്‍ത്തിയെടുക്കുവാനും കഴിയും വിധം വിദ്യാലയാന്തരീക്ഷത്തെ പൂര്‍ണമായി മാറ്റിയെടുക്കാന്‍ അധ്യാപക സമൂഹം മുന്‍കൈയെടുക്കണം.

കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പുരോഗമന വിപ്ലവ പ്രസ്ഥാനങ്ങളുടെയും സര്‍ക്കാരിന്റെയും ഫലപ്രദമായ ഇടപെടലിലൂടെ സ്ത്രീ ജീവിതത്തെ വലിയ തോതില്‍ മുന്നോട്ടുനയിക്കാനായിട്ടുണ്ട്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലുമെല്ലാം അത് പ്രതിഫലിക്കുന്നു.

ശിശുമരണനിരക്ക് 28.77 ഉള്ള ഇന്ത്യയില്‍ ഇത് നാലിലേക്ക് കുറയ്ക്കാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും നമുക്കായിട്ടുണ്ട്.

2019-20 അടിസ്ഥാനമാക്കിയുള്ള 5-ാമത് കുടുംബാരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം പോഷകാഹാര ലഭ്യത, ശിശുമരണം, വിദ്യാഭ്യാസം, പാചക ഇന്ധനം, ശുചിത്വം, ശുദ്ധജലം, വൈദ്യുതി എന്നീ ഘടകങ്ങള്‍ പരിശോധിച്ച് നീതി ആയോഗ് തയ്യാറാക്കിയ ദരിദ്രസൂചിക പ്രകാരം ദരിദ്രര്‍ ഏറ്റവും കുറവ് കേരളത്തിലാണെന്നും രാജ്യത്ത് ദരിദ്രര്‍ ഇല്ലാത്ത ഏക ജില്ല കോട്ടയമാണെന്നും കണ്ടെത്തിയിരിക്കുന്നു എന്ന അഭിമാനകരമായ മാറ്റവും ഈ കണക്കില്‍ നിന്ന് വ്യക്തമാകുന്നു.

പത്തോ അതില്‍ കൂടുതലോ വര്‍ഷം സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ച 77 ശതമാനം പുരുഷന്മാരും 73.3 ശതമാനം സ്ത്രീകളുമുണ്ട്. രാജ്യത്ത് വിവാഹിതരായ സ്ത്രീകളില്‍ 29.3 ശതമാനം പേരും 18-49 വയസ്സിനിടയില്‍ ജീവിത പങ്കാളിയില്‍ നിന്ന് പീഡനം നേരിടുമ്പോള്‍ കേരളത്തിലിത് 9.9 ശതമാനം മാത്രമാണ്.

ഗര്‍ഭിണികള്‍ക്കെതിരായ ഗാര്‍ഹിക അതിക്രമം ദേശീയ ശരാശരി 3.9 ശതമാനമാണെങ്കില്‍ കേരളത്തില്‍ ആ അപരിഷ്‌കൃതത്വം ഇല്ല എന്നുതന്നെ പറയാം (0.4%). സ്ത്രീ സുരക്ഷയില്‍ കേരളം മാതൃകയാണെന്നും ലിംഗാധിഷ്ഠിത ആക്രമണങ്ങള്‍ ഏറ്റവും കുറവ് കേരളത്തിലാണെന്നും ദേശീയ കുടുംബാരോഗ്യ സര്‍വ്വേയില്‍ നിന്ന് വ്യക്തമാണ്.

വിദ്യാഭ്യാസ മേഖലയില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളാണ് എന്നത് നമ്മുടെ സവിശേഷതയാണ്. പ്രാദേശിക ഭരണകൂടങ്ങളിലും അധികാരസ്ഥാനങ്ങളിലും പകുതിയിലധികവും സ്ത്രീകളാണ്. 46 ലക്ഷം സ്ത്രീകള്‍ അണിനിരന്നിട്ടുള്ള കുടുംബശ്രീ പ്രസ്ഥാനം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നു.

സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ക്ക് പുറമെ സ്ത്രീകള്‍ക്കായി വിധവാ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, അവിവാഹിതരായ അമ്മമാര്‍ക്കുള്ള പെന്‍ഷന്‍, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ തുടങ്ങി സാമ്പത്തിക പിന്തുണാ സംവിധാനങ്ങള്‍ കേരളത്തില്‍ തുടരുന്നു.

ഇപ്പോള്‍ 35 വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സ്ത്രീസുരക്ഷാ ധനസഹായമായി പ്രതിമാസം 1000 രൂപ നല്‍കുന്ന പദ്ധതി കേരള സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ സമ്പത്ത് ഉത്പാദനക്രമത്തിനകത്ത് കൂലിയില്ലാപ്പണി ചെയ്യുന്ന സ്ത്രീകളുടെ അധ്വാനത്തെ പരിഗണിക്കുകയും അതിനെ ദൃശ്യതയിലേക്ക് കൊണ്ടുവരികയാണ് ഇടതുപക്ഷസര്‍ക്കാര്‍ ഈയൊരു പദ്ധതിയിലൂടെ.

ലിംഗനീതി നേരിടുന്ന വെല്ലുവിളികള്‍

എന്നാല്‍ കേരളീയ സമൂഹത്തിലും ലിംഗനീതിയിലും പ്രശ്നം അതിസങ്കീര്‍ണമായി തുടരുന്നു. ഭാവി തലമുറയുടെ മനോഭാവത്തില്‍ പുരോഗമനപരമായ മാറ്റം വരുത്താന്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാധ്യമാവൂ.

ലിംഗനീതിക്കായുള്ള വിദ്യാഭ്യാസവും ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസവും ഉറപ്പുവരുത്താന്‍ പാഠ്യപദ്ധതിക്കാവണം. കേരളത്തില്‍ നടപ്പിലാക്കുന്ന പാഠ്യപദ്ധതിപരിഷ്‌കരണം ആ ദിശയില്‍ ഒരു നാഴികക്കല്ലായി മാറുകയാണ്.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ജനറല്‍ സ്‌കൂളുകള്‍ എല്ലാം ആ ദിശയിലേക്കുള്ള ചുവടുവെപ്പുകള്‍ തന്നെയാണ്. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും നടത്തിപ്പിലും ലിംഗനീതി ഉറപ്പുവരുത്താന്‍ നമ്മുടെ വിദ്യാഭ്യാസത്തിന് വേണ്ടത്ര സാധിച്ചിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയുകയാണ്.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അണിഞ്ഞ വിദ്യാർത്ഥികള്‍

ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധങ്ങളും സഹവര്‍ത്തിത്വവും ഉറപ്പുവരുത്താന്‍ ആവുംവിധം നമ്മുടെ വിദ്യാഭ്യാസത്തില്‍ ലിംഗനീതി ഉള്‍ച്ചേര്‍ക്കേണ്ടതുണ്ട്.

ലിംഗനീതി ഒരു ജീവിതശൈലിയാക്കി മാറ്റിയെടുക്കുന്നതിനുള്ള ഇടപെടല്‍ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയിലൂടെ സാധിക്കേണ്ടതുണ്ട്. പാഠ്യപദ്ധതിപരിഷ്‌കരണത്തില്‍ നടത്തിപ്പിലും ലിംഗനീതി ഉള്‍പ്പെടുത്താന്‍ നമ്മുടെ സംഘടന ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്.

അധ്യാപകരുടെ മനോഭാവത്തില്‍ ഈ ദിശയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രത്യേക പരിശീലന പരിപാടികള്‍ ആവിഷ്‌കരിക്കാനാവണം. നവോത്ഥാന മൂല്യങ്ങളും, സ്ത്രീകളുടെയും കുട്ടികളുടെയും ഭരണഘടനാപരമായ അവകാശങ്ങളും പാഠ്യപദ്ധതിയില്‍ അനിവാര്യമായും ഉള്‍പ്പെടുത്തേണ്ടതുണ്ട്.

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നമ്മുടെ ടെക്സ്റ്റ് ബുക്കുകളും കരിക്കുലവും സംഘടനാരീതിയുമെല്ലാം ഒരു ജെന്‍ഡര്‍ ഓഡിറ്റിംഗിന് വിധേയമാക്കുകയും സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്ന് ലിംഗപരമായ വാര്‍പ്പുമാതൃകകളെ നീക്കം ചെയ്യുകയും വേണം. ‘ലൈംഗിക വിദ്യാഭ്യാസം‘ എന്ന പദത്തോടുപോലും വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആശയപരിസരം കേരളത്തില്‍ നിലനില്‍ക്കുന്നു.

സമൂഹത്തിലെ വലതുപിന്തിരിപ്പന്‍ പ്രതിലോമശക്തികള്‍ പുരോഗമനപരമായ മാറ്റങ്ങളെ രൂക്ഷമായി എതിര്‍ക്കുന്നു. ശൈശവ വിവാഹം, കൗമാരകാലത്തെ ഗര്‍ഭധാരണം, ഭ്രൂണഹത്യ, ഏയ്ഡ്സ് പോലുള്ള രോഗങ്ങള്‍, പ്രണയ പകയുടെ പേരിലുള്ള കൊലപാതകങ്ങള്‍, കൗമാരക്കാരിലെ മാനസിക വൈകൃതങ്ങള്‍ തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകള്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്.

കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണം. അതിനായുള്ള സാമൂഹ്യ ബോധവത്കരണ പ്രക്രിയയിലും ഫലപ്രദമായി ഇടപെടാന്‍ നമുക്ക് കഴിയണം.

ഔപചാരിക വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യവിദ്യാഭ്യാസത്തിലൂടെയും ലിംഗനീതിയുടെ പാഠങ്ങള്‍ പഠിക്കാനും സമഭാവനയുടെ അവബോധം സ്വാംശീകരിക്കാനും നവോത്ഥാന പൈതൃകവും ഇടതുപക്ഷ മനസ്സുള്ള കേരളത്തിന് സാധിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ഇത് സാക്ഷ്യപ്പെടുത്തിയവരാണ് നാം. അധികാര കേന്ദ്രങ്ങളില്‍ ആനുപാതികമായ സ്ത്രീ പങ്കാളിത്തം സ്ത്രീകളുടെ അധമമായ അവസ്ഥ തുടരുന്നതിനുള്ള പ്രധാന കാരണമാണ്.

2030ഓടുകൂടി സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ പുരുഷന്മാര്‍ക്കൊപ്പം തുല്യനീതി ഉറപ്പുവരുത്തണമെന്ന യു.എന്‍ നിര്‍ദേശം ഇന്ത്യയില്‍ നടക്കാത്ത സുന്ദര സ്വപ്നമായി അവശേഷിക്കാനിടയുണ്ട്.

ഇപ്പോള്‍ പാര്‍ലമെന്റിലെ സ്ത്രീ പങ്കാളിത്തം 14.24 ശതമാനം മാത്രമാണ്. 23.5 ശതമാനം എന്ന ലോക ശരാശരിയുടെ പകുതിപോലും എത്താനായിട്ടില്ല. കേരള നിയമസഭയില 140 ല്‍ 11 പേര്‍ മാത്രമാണ് സ്ത്രീകള്‍ ആയിട്ടുള്ളത്.

ഭരണഘടന ഉറപ്പുനല്‍കിയ തുല്യനീതി സാര്‍ത്ഥകമാവണമെങ്കില്‍ നിയമനിര്‍മാണ സഭകളിലെ പങ്കാളിത്തത്തിലും നീതി ഉറപ്പുവരുത്തേണ്ടതുണ്ട്. പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണ്.

പൊതുസമൂഹത്തില്‍, സാംസ്‌കാരിക മണ്ഡലത്തില്‍, രാഷ്ട്രീയ മണ്ഡലത്തില്‍, ട്രേഡ് യൂണിയനുകളില്‍, സര്‍വീസ് സംഘടനകളില്‍, വിദ്യാര്‍ത്ഥി യുവജന സംഘടനകളില്‍, പൊതു ഇടങ്ങളിലെല്ലാം വന്‍തോതില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കിക്കൊണ്ടുമാത്രമെ സാമൂഹ്യ അനീതിക്കെതിരായുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താനും രാജ്യത്തിന്റെ പുരോഗതിക്കും സാമൂഹ്യമോചനത്തിനും വേണ്ടി മുന്നേറാനും സാധിക്കൂ.

ഉത്പാദന പ്രക്രിയയില്‍ വന്‍തോതില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മുഖ്യധാരയിലേക്ക് സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ മാത്രമെ സമഭാവനയുള്ള സാമൂഹ്യസൃഷ്ടി സാധ്യമാവൂ.

മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രസമീപനം

എംഗല്‍സ് സ്ത്രീയുടെ അടിമത്വത്തെ ഉല്‍പാദന പ്രത്യുത്പാദന പ്രക്രിയയുമായി ബന്ധപ്പെട്ടാണ് പരിശോധനാവിധേയമാക്കുന്നത്. ലിംഗവ്യത്യാസം വഴി നിര്‍ണയിക്കപ്പെടുന്ന ജൈവ ധര്‍മങ്ങളാണ് പ്രത്യുത്പാദനത്തിന്റെ അടിസ്ഥാനമെങ്കിലും സ്ത്രീ പുരുഷ അസമത്വത്തിന്റെ അടിസ്ഥാനം ഈ ലിംഗപരമായ വ്യത്യാസമല്ല. സാമൂഹ്യനിര്‍മിതമായ ലിംഗപദവി ധര്‍മങ്ങളാണെന്ന കാര്യമാണ് പ്രധാനമായി കാണുന്നത്.

സ്ത്രീയെ എന്നും അടിമയാക്കി നിര്‍ത്തുകയെന്ന ആധിപത്യവര്‍ഗങ്ങളുടെ പുരുഷാധിപത്യപരമായ ധര്‍മസംഹിതകളെ ചോദ്യം ചെയ്തും ലംഘിച്ചുമാണ് സ്ത്രീ പുരുഷ സമത്വത്തിനുവേണ്ടിയുള്ള നവോത്ഥാനപരമായ ഉണര്‍വുകള്‍ ചരിത്രത്തിലുടനീളം സംഭവിച്ചിട്ടുള്ളത്.

സ്ത്രീകള്‍ കീഴ്പ്പെടുത്തപ്പെട്ടതിന്റെ ചരിത്രസാഹചര്യത്തെ വിശകലനം ചെയ്തുകൊണ്ട് എംഗല്‍സ് ‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം ഇവയുടെ ഉത്ഭവം‘ എന്ന കൃതിയില്‍ എഴുതുന്നു; മനുഷ്യരുടെ ആവശ്യങ്ങളും അധ്വാനവും അറിവിന്റെ അതിരുകള്‍ ഉല്‍പാദനശക്തികെള കുറേക്കൂടി ഉയര്‍ന്ന നിലവാരത്തിലേക്ക് വികസിപ്പിച്ചു. കാലക്രമത്തില്‍ നിലനില്‍പിന് ആവശ്യമുള്ളതിനപ്പുറം മിച്ചോത്പാദനത്തില്‍ ഉണ്ടാക്കുന്നതിന് അത് സഹായിച്ചു.

ഫെഡ്രിക് എംഗല്‍സ്. Photo: Wikipedia

സമൂഹത്തിന്റെ ആദ്യകാല വര്‍ഗപൂര്‍വഘട്ടത്തില്‍ സ്ഥിര സമ്പത്ത് ഏതാണ്ട് പൂര്‍ണമായും വീട്, വസ്ത്രം, പരുക്കന്‍ ആഭരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുന്നതിനും തയ്യാറാക്കുന്നതിനുമുള്ള ഉപകരണങ്ങള്‍, തോണി, ആയുധങ്ങള്‍, ഏറ്റവും ലളിതമായ വീട്ടുപാത്രങ്ങള്‍ എന്നിവ അടങ്ങുന്നതായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഇവ കൈവശം വെച്ചിരുന്നു.

മൃഗങ്ങളെ മെരുക്കി വളര്‍ത്താന്‍ തുടങ്ങിയതോടെ വേട്ടയാടുകയും മീന്‍ പിടിക്കുകയും ചെയ്യുന്ന സമ്പ്രദായത്തില്‍ നിന്ന് മാറ്റമുണ്ടായി. അങ്ങനെ വീട്ടുമൃഗങ്ങളുടെ രൂപത്തില്‍ സ്വത്ത് വര്‍ധമാനമായ രൂപത്തില്‍ സൃഷ്ടിക്കപ്പെടാന്‍ തുടങ്ങി അത് സ്ഥായിയായ മിച്ചം ഉണ്ടാക്കി. ആദ്യകാല വര്‍ഗ സമൂഹങ്ങള്‍ക്ക് അത് ജന്മം നല്‍കി. മൃഗക്കൂട്ടങ്ങളുടെ ഉടമസ്ഥത ആദ്യം സമുദായത്തിനായിരുന്നു.

സ്വകാര്യ ഉടമസ്ഥത ആദ്യം ഉടലെടുത്തത്, ഗോത്രത്തിന്റെയും ഗണത്തിന്റെയും തലവന്മാര്‍ വീട്ടു മൃഗങ്ങളുടെ രൂപത്തിലുള്ള സ്വത്തില്‍ ഏറിയ പങ്കും നിയന്ത്രിക്കുകയും മിച്ചത്തില്‍ ഏറ്റവും വലിയ പങ്ക് കയ്യടക്കുകയും ചെയ്തതോടെയായിരുന്നു. ഗോത്രത്തിലെയോ, കുലത്തിലെയോ സാധാരണ അംഗങ്ങള്‍ക്ക് സ്വത്തൊന്നും ഉണ്ടായിരുന്നില്ല.

സമൂഹത്തിലെ ചില വിഭാഗങ്ങള്‍ സമൂഹത്തിന്റെ ഉത്പാദനോപകരണങ്ങളില്‍ അഥവാ സമ്പത്തില്‍ മിക്കതും സ്വകാര്യ സ്വത്തെന്ന നിലയില്‍ കയ്യടക്കി സമൂഹ ബന്ധങ്ങളില്‍ മൗലികമായ മാറ്റം വരുത്തിക്കൊണ്ട് സമൂഹം രണ്ടു വര്‍ഗങ്ങളായി വിഭജിക്കപ്പെട്ടു.

പരസ്പരം ബന്ധപ്പെട്ടതും പ്രധാനപ്പെട്ടതുമായ രണ്ട് മാറ്റങ്ങള്‍ വര്‍ഗങ്ങളുടെ ആവിര്‍ഭാവം കുറിച്ചു. ഒന്നാമത്, ഉത്പാദനോപകരണങ്ങള്‍ എന്ന നിലയില്‍ കാലിക്കൂട്ടങ്ങളുടെ മേല്‍ ഉടമാവകാശം ഉറപ്പിച്ചത് പുരുഷന്മാരായിരുന്നു.

കാരണം മേച്ചില്‍ പുറങ്ങളില്‍ കാലിക്കൂട്ടങ്ങളുമായി ചുറ്റിത്തിരിയുന്നത് പുരുഷന്റെ പ്രവര്‍ത്തനമായി കണക്കാക്കപ്പെട്ടു. അതേസമയം മണ്‍പാത്ര നിര്‍മാണവും, തുണിനെയ്ത്തും സ്ത്രീകള്‍ ഏറ്റെടുത്തു.

ഇത് പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ മേല്‍ സാമ്പത്തികമായും, സാമൂഹ്യമായും മേധാവിത്വപരമായ സ്ഥാനം നല്‍കി. അടിമത്ത സമൂഹം ഉടലെടുത്തപ്പോള്‍ സ്വത്തുടമകളുടെ പുതുതായി രൂപപ്പെട്ട വര്‍ഗങ്ങളിലെ പുരുഷന്മാരുടെ കൈകളിലേക്കാണ് അതിലെ അടിമകളും ചെന്നുപെട്ടത്.

കാലിക്കൂട്ടങ്ങളുടെ ഉടമയായ ഗോത്രത്തലവന്‍ യുദ്ധത്തില്‍ പിടികൂടപ്പെടുകയും മൃഗപരിപാലനത്തിനായി നിയോഗിക്കപ്പെടുകയും ചെയ്ത അടിമകളുടെയും ഉടമയായി.

വീടിന്റെ ചുറ്റുവട്ടത്തിന് പുറത്ത് ഉത്പാദനോപകരണങ്ങള്‍ വികസിപ്പിക്കപ്പെട്ടതോടെ, വീട്ടിനുള്ളില്‍ സ്ത്രീകള്‍ ചെയ്തുവന്ന സേവനത്തിന് സാമൂഹ്യസ്വഭാവം നഷ്ടപ്പെടുകയും അതൊരു സ്വകാര്യ സേവനം മാത്രമായി മാറുകയും ചെയ്തു.

അത് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ബന്ധങ്ങളില്‍ മൗലികമായ വ്യത്യാസം വരുത്തി. ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ വസ്തുത വര്‍ഗസമൂഹത്തിന്റെ വരവ് കുടുംബത്തിന്റെ രൂപം മാറ്റുന്നതില്‍ അതിന്റേതായ ആഘാതം ഏല്‍പിച്ചതാെണന്ന് എംഗല്‍സ് വിശദീകരിക്കുന്നു.

സ്വാകാര്യസ്വത്ത് ഉണ്ടായതോടെ പൈതൃകാവകാശം സ്ഥാപിക്കേണ്ടത് ആവശ്യമായിത്തീര്‍ന്നു. തന്റെ സ്വത്തവകാശം ഉറപ്പിക്കുന്നത് ഒരു സ്ത്രീയുമായുള്ള തന്റെ ബന്ധത്തില്‍ നിന്നുണ്ടായ കുട്ടി തന്റെ ശരിയായ അവകാശിയാണെന്ന് ഒരു പുരുഷന്‍ സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി ആദ്യം ആ സ്ത്രീയുടെ മേല്‍ അയാള്‍ക്ക് നിയന്ത്രണം ഉണ്ടാകണം.

എംഗല്‍സ് ചൂണ്ടിക്കാട്ടുന്നു; അമ്മവഴിയുള്ള പിന്തുടര്‍ച്ചാവകാശം നിലനില്‍ക്കുന്ന കാലത്തോളം ഇത് അസാധ്യമായിരുന്നു. പെണ്‍വഴിക്ക് പിന്തുടര്‍ച്ച നിര്‍ണയിക്കുന്നതും അമ്മവഴിക്കുള്ള പിന്തുടര്‍ച്ചാവകാശം നിര്‍ത്തലാക്കപ്പെടുകയും ആണ്‍വഴിക്കുള്ള പിന്തുടര്‍ച്ചയും അച്ഛനില്‍ നിന്നുള്ള പൈതൃകാവകാശവും സ്ഥാപിക്കപ്പെടുകയും ചെയ്തു. അങ്ങനെ കുടുംബത്തിന്റെ ഘടനയിലും നാട്ടുനടപ്പുപ്രകാരമുള്ള അവകാശത്തിലും മൗലികമായ മാറ്റമുണ്ടായി.

മുമ്പ് കൂട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവാഹത്തില്‍ നിന്ന് രണ്ടുപേര്‍ തമ്മിലുള്ള വിവാഹത്തിലേക്കുള്ള മാറ്റം വരുത്തിയത് സ്ത്രീകള്‍ തന്നെയായിരുന്നു എന്ന് എംഗല്‍സ് വിവരിച്ചിട്ടുണ്ട്. ജീവിതത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ വന്ന മാറ്റം വഴി പ്രാകൃത സമൂഹങ്ങളില്‍ മാറ്റങ്ങള്‍ വന്നതോടെ, പഴയ രൂപങ്ങളിലുള്ള കൂട്ടവിവാഹങ്ങള്‍ സ്ത്രീകളെ തരംതാഴ്ത്തുന്നതും അടിച്ചമര്‍ത്തുന്നതുമായിരുന്നു.

അതിനാല്‍ അവര്‍ ജോഡികളായുള്ള വിവാഹത്തിലേക്ക് മാറ്റം വരുത്തി. സ്വകാര്യസ്വത്ത് നിലവില്‍ വന്നതോടെയാണ് ഏക ഭര്‍തൃത്വം എന്ന വിവാഹ രൂപം രംഗപ്രവേശം ചെയ്തതും സ്ത്രീയുടെമേല്‍ നിയന്ത്രണം ചെലുത്തുന്നതിനുള്ള ഉപകരണമായിത്തീര്‍ന്നതും. അത് രംഗപ്രവേശം ചെയ്ത ചരിത്രപരമായ ചുറ്റുപാടുകളായിരുന്നു പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അസമത്വത്തില്‍ ഊന്നിനിന്നത്.

എംഗല്‍സ്, ആ സംഭവവികാസത്തെ ഇങ്ങനെ വിവരിച്ചു; ”ഏക ഭര്‍തൃത്വം ചരിത്രപരമായി വലിയൊരു കാല്‍വെയ്പായിരുന്നു. അതേസമയം അടിമത്തത്തോടും സ്വകാര്യസ്വത്തിനോടുമൊപ്പം ഇന്നുവരെ നിലനില്‍ക്കുന്ന ഒരു യുഗത്തിന്റെ തുടക്കവുമായിരുന്നു. അതില്‍ ഓരോ മുന്നോട്ടുള്ള കാല്‍വെയ്പും അതോടൊപ്പം ആപേക്ഷികമായ പിന്നോട്ടു പോക്കുമായിരുന്നു. അതില്‍ ഒരു വിഭാഗത്തിന്റെ ക്ഷേമവും വളര്‍ച്ചയും കൈവരിക്കപ്പെടുന്നത് മറ്റൊന്നിന്റെ മേല്‍ ദുരിതവും അടിച്ചമര്‍ത്തലും അടിച്ചേല്‍പ്പിച്ചുകൊണ്ടാണ്.”

എംഗല്‍സ് എഴുതി; ചരിത്രത്തില്‍ ആദ്യത്തെ വര്‍ഗവൈരുദ്ധ്യം പ്രത്യക്ഷപ്പെട്ടത് ഏക ഭര്‍തൃ വിവാഹത്തിലൂടെ പുരുഷനും സ്ത്രീയും തമ്മില്‍ ശത്രുത വളര്‍ന്നുവന്നതോടൊപ്പമായിരുന്നു. ആദ്യത്തെ വര്‍ഗപരമായ അടിച്ചമര്‍ത്തല്‍ സ്ത്രീയെ പുരുഷന്‍ ലിംഗപരമായി അടിച്ചമര്‍ത്തിയതോടൊപ്പമായിരുന്നു വര്‍ഗസമൂഹം, പരിണമിച്ചുവരുന്ന കുടുംബ, പുരുഷാധിപത്യ സംസ്‌കാരങ്ങള്‍.”

കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം ഇവയുടെ ഉത്ഭവം. പുസ്തകത്തിന്‍റെ പുറം ചട്ട

സ്വകാര്യസ്വത്തിനെ അടിസ്ഥാനമാക്കിയുള്ള സമൂഹങ്ങള്‍ക്ക് സ്ത്രീകളെ അടിച്ചമര്‍ത്തേണ്ടത് ഒരു ആവശ്യമാണ്. ചരിത്രപരമായി, സാമൂഹ്യ വികാസത്തിന്റെ വിവിധ ഘട്ടങ്ങള്‍ വര്‍ഗചൂഷണത്തെയും സ്വകാര്യസ്വത്തിനെയും സ്ത്രീകളെ കീഴ്പ്പെടുത്തുന്നതിനെയും ലിംഗത്തെ അടിസ്ഥാനമാക്കിയുള്ള അധ്വാനത്തിന്റെ അസമമായ വിഭജനം വഴി നടപ്പാക്കിവന്നത് രൂപത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും സ്ഥിരമായി നിലനിന്നു.

പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അസമമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന വര്‍ഗ സമൂഹത്തിലെ സ്ഥാപനങ്ങളിലൊന്ന് കുടുംബമാണ്.

എംഗല്‍സ് എഴുതി; (സന്താനങ്ങളുടെ പിന്തുടര്‍ച്ച നിശ്ചയിക്കുന്നതില്‍) ”അമ്മ വഴിക്കുള്ള അവകാശത്തെ തള്ളിക്കളഞ്ഞത് സ്ത്രീലിംഗത്തിന്റെ ലോകചരിത്രത്തിലെ തന്നെ പരാജയമായിരുന്നു. പുരുഷന്‍ വീട്ടിനകത്തും നിയന്ത്രണം പിടിച്ചെടുത്തു.

സ്ത്രീ വശീകരിക്കപ്പെട്ടു. പുരുഷന്റെ ഭോഗേച്ഛക്ക് അടിമയായി. കുട്ടികളെ പെറ്റുവളര്‍ത്തുന്ന വെറും യന്ത്രം.” കുടുംബത്തിനകത്തെ അധികാരബന്ധങ്ങളെ അദ്ദേഹം ഇങ്ങനെ വിശകലനം ചെയ്തു; ”ആധുനിക വ്യതിരക്ത കുടുംബം പ്രത്യക്ഷമോ പ്രച്ഛന്നമോ ആയ സ്ത്രീയുടെ അടിമത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആധുനിക സമൂഹമാകട്ടെ, വ്യതിരക്ത കുടുംബങ്ങള്‍ തന്മാത്രകള്‍ എന്നപോലെ ചേര്‍ന്നുണ്ടായ ബഹുജനമാണ്.”

തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ ഊന്നിപ്പറഞ്ഞു; ”സ്ത്രീകളുടെ വിമോചനത്തിനുള്ള ആദ്യത്തെ ഉപാധി പൊതുവ്യവസായത്തില്‍ സ്ത്രീ ലിംഗത്തെയാകെ തിരിച്ചുകൊണ്ടു വരികയാണ്. സമൂഹത്തിന്റെ സാമ്പത്തിക ഘടകമെന്ന നിലയില്‍ വ്യതിരക്തത കുടുംബത്തിന് കൈവന്നിട്ടുള്ള ഗുണവിശേഷം ഇല്ലായ്മ ചെയ്യണമെന്ന് ഇത് വീണ്ടും ആവശ്യപ്പെടുന്നു” (കടപ്പാട്: കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം ഇവയുടെ ഉത്ഭവം, എംഗല്‍സ്).

ഫെഡ്രിക് എംഗല്‍സ്. Photo: Wikipedia

നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ മുതലാളിത്ത വികസനവും ആധുനിക വ്യവസായങ്ങളും പഴയ കുടുംബത്തിന്റെ രൂപങ്ങളെ മാറ്റിയെങ്കിലും സ്ത്രീയുടെ അടിമത്വം പുതിയ രൂപഭാവങ്ങളില്‍ ദൃഢീകരിച്ചെടുക്കുകയായിരുന്നു.

മുതലാളിത്തപൂര്‍വ വ്യവസ്ഥകളുമായി ബന്ധപ്പെട്ട എല്ലാ ധര്‍മശാസ്ത്രങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും തങ്ങളുടെ ചൂഷണവ്യവസ്ഥക്കാവശ്യമായ രീതിയില്‍ നിലനിര്‍ത്തുകയും പുനരുജ്ജീവിപ്പിച്ചെടുക്കുകയുമാണ് മുതലാളിത്ത ഭരണകൂടങ്ങള്‍ ചെയ്തത്.

നിയോലിബറല്‍ കാലഘട്ടത്തിലെ മുതലാളിത്തം ചരിത്രത്തിലെ കാലഹരണപ്പെട്ട മൂല്യങ്ങളെയും ആചാരങ്ങളെയും മതവംശ ഘടകങ്ങളെയും പുനരുജ്ജീവിപ്പിച്ചാണ് തങ്ങളുടെ അതിജീവനം ഉറപ്പുവരുത്തുന്നത്.

ഇന്ത്യയില്‍ ജാതി ബ്രാഹ്‌മണ്യത്തിന്റെ മൂല്യങ്ങളും കോര്‍പ്പറേറ്റ് മൂലധനവും ചേര്‍ന്നാണ് ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രവും പ്രയോഗവഴികളും രൂപപ്പെടുത്തിയിരിക്കുന്നത്.

പുനരുത്ഥാനത്തിന്റെ സംസ്‌കാരത്തെ നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിക്കൊണ്ട് മാത്രമെ പ്രതിരോധിക്കാനാവൂ. നവോത്ഥാനത്തിന്റെ ചരിത്രവും സംസ്‌കാരവും എന്തെന്ന് മനസ്സിലാക്കുമ്പോഴേ തുല്യനീതിക്കും ലിംഗനീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ വര്‍ത്തമാനപ്രസക്തിയെന്തെന്ന് തിരിച്ചറിയാനാവൂ.

കേരളത്തിന്റെ പൂര്‍വചരിത്രമെന്നത് ജാതിജന്മിമേധാവിത്വത്തിന്റെയും പുരുഷാധിപത്യത്തിന്റെയും അടിച്ചമര്‍ത്തലുകളുടേതായിരുന്നു. വേഷവും വസ്തുവും ആഭരണവും തലമുടിയും ഭാഷയും ശരീരഭാഷയാകെയും സാമൂഹ്യ അധികാരശ്രേണീ ബന്ധത്തിന്റെ അടയാളങ്ങളായും കീഴ്നടപ്പുകളായും നിലനിന്നിരുന്ന സമൂഹമായിരുന്നു കേരളം.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുരുഷാധികാരത്തിലധിഷ്ഠിതമായ ജാതിബ്രാഹ്‌മണ്യത്തിന്റെ അടിച്ചമര്‍ത്തലുകള്‍ നോക്കിലും വാക്കിലും ഉടുപ്പിലും ഉടലിലും ബോധത്തിലും ഏറ്റുവാങ്ങേണ്ടിവന്ന നിര്‍ദയമായ ജീവിതാവസ്ഥയായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്.

ഈയൊരു കാലഘട്ടത്തോടും ആചാരസമ്പ്രദായങ്ങളോടും പ്രതിഷേധിച്ചാണ് നവോത്ഥാന മുന്നേറ്റങ്ങള്‍ വളര്‍ന്നുവന്നത്. സാമൂഹ്യവിവേചനങ്ങള്‍ക്കെതിരെ സാമുദായിക പരിഷ്‌കരണത്തിനുവേണ്ടി ഉയര്‍ന്നുവന്ന പ്രസ്ഥാനങ്ങളില്‍ പലതും സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വിമോചനാത്മകമായ ധര്‍മങ്ങളെക്കൂടി ഏറ്റെടുത്തിരുന്നു.

 

Content highlight: KT Kunjikkannan writes about International Women’s Day

 

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍