ബാബരി തകര്‍ച്ചയുടെ 33ാം വാര്‍ഷികം കടന്നുപോകുമ്പോള്‍ ന്യൂനപക്ഷ ആരാധനാലയങ്ങള്‍ക്കെതിരായ ധ്വംസനപരിപാടികള്‍ കൂടുതല്‍ തീവ്രമായി സംഘപരിവാര്‍ നടപ്പിലാക്കുകയാണെന്ന് നാം തിരിച്ചറിയണം. ഭരണഘടനയെ തന്നെ ഇല്ലാതാക്കുന്ന വിധ്വംസകമായ ഭേദഗതികളും നിയമനിര്‍മാണങ്ങളും തുടരുകയാണ് മോദി സര്‍ക്കാര്‍ | കെ.ടി. കുഞ്ഞിക്കണ്ണന്‍ ഡൂള്‍ന്യൂസിലെഴുതുന്നു
ഇന്ത്യന്‍ ഫാസിസത്തിന്റെ കാലാള്‍പ്പടയായ ആര്‍.എസ്എസ് നേതൃത്വം നല്‍കിയ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തിട്ട് 33 വര്‍ഷമാകുന്നു. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും സംഘപരിവാര്‍ നേതൃത്വവും തമ്മിലുണ്ടാക്കിയ അപരാധപൂര്‍ണമായ ധാരണകളിലാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്.
ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകങ്ങളെന്നപോലെ ഉയര്‍ന്നുനിന്നിരുന്ന ബാബരി മസ്ജിദിന്റെ മൂന്ന് കുംഭഗോപുരങ്ങള്‍ കര്‍സേവകര്‍ തകര്‍ത്തുകളയുകയായിരുന്നു.
ബാബരി മസ്ജിദ് (ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായിരുന്ന സാമുവല്‍ ബോണ്‍ പകര്‍ത്തിയ ചിത്രം). Photo: Wikipedia/Wikimedia Commons
സുപ്രീം കോടതിയും ദേശീയ ഉദ്ഗ്രഥന സമിതിയും അയോധ്യയിലെ പള്ളി സംരക്ഷിക്കാനുള്ള എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാര്‍തന്നെ സ്വീകരിക്കണമെന്ന് റാവു സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കാരണം യു.പി ഭരിക്കുന്നത് ബി.ജെ.പിക്കാരനായ കല്ല്യാണ്‍ സിങ്ങാണെന്നും അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് ആര്‍.എസ്.എസ് ഇംഗിതങ്ങള്‍ക്ക് വഴങ്ങി പള്ളി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും മാറിനില്‍ക്കുമെന്നും സുപ്രീം കോടതി മുന്‍കൂട്ടികണ്ടിരുന്നു.
എന്നിട്ടും റാവു സര്‍ക്കാര്‍ പ്രഖ്യാപിതമായി പള്ളി പൊളിക്കുമെന്ന അജണ്ടയുമായി അയോധ്യയിലേക്ക് ഇരച്ചെത്തിയ കര്‍സേവകരെ തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നുള്ളതാണ് ചരിത്രത്തിലെ ഏറ്റവും കുറ്റകരവും വഞ്ചനാപരവുമായ യാഥാര്‍ത്ഥ്യം. ചരിത്രപരമായി തന്നെ കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ മസ്ജിദ് പ്രശ്നത്തില്‍ എക്കാലത്തും ആര്‍.എസ്.എസിന്റെ അജണ്ടക്കൊപ്പമായിരുന്നു.
നരസിംഹ റാവു. Photo: Wikipedia/Wikimedia Commons
1949 ഡിസംബര്‍ 22നാണ്, ഒരു രാമായണമാസാചരണത്തിന്റെ അവസാനം മസ്ജിദിനുള്ളിലേക്ക് ഹിന്ദുത്വവാദികള്‍ രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തി സ്ഥാപിച്ചതിനുശേഷം ഇതാ പള്ളിക്കകത്ത് രാമനും സീതയും സ്വയംഭൂവായിരിക്കുന്നുവെന്ന് പ്രചാരണം നടത്തിയത്.
വിവരമറിഞ്ഞ ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വിഗ്രഹങ്ങള്‍ സ്വയംഭൂവായതല്ലെന്നും അതിക്രമിച്ചുകടന്ന് സ്ഥാപിച്ചതാണെന്നും അതെല്ലാമെടുത്ത് സരയൂനദിയുടെ പ്രവാഹഗതിയിലേക്ക് എറിഞ്ഞു കളയണമെന്നുമാണ് പറഞ്ഞത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്തിനോട് വിഗ്രഹങ്ങള്‍ എടുത്തുമാറ്റാന്‍ നെഹ്റു നിര്‍ദേശം നല്‍കുകയും ചെയ്തു. പക്ഷെ നെഹ്റുവിനെ പോലും ധിക്കരിച്ച് പള്ളിക്കകത്ത് അതിക്രമിച്ചുകടന്ന് കൊണ്ടുവെച്ച വിഗ്രഹങ്ങള്‍ അവിടെതന്നെ നിലനിര്‍ത്താനാണ് അന്നത്തെ ഫൈസാബാദ് ഡിസ്ട്രിക്ട് കലക്ടറായിരുന്ന കെ.കെ. നായര്‍ വഴി കോണ്‍ഗ്രസിന്റെ ജി.ബി. പന്ത് സര്‍ക്കാര്‍ ചെയ്തത്.
ഗോവിന്ദ് വല്ലഭ് പന്ത്. Photo: Indian National Congress/inc.in
എന്നുമാത്രമല്ല ബാബരി മസ്ജിദിനകത്ത് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തി സ്ഥാപിച്ചതിനെതിരെ ഫൈസാബാദില്‍ ഉയര്‍ന്നുവന്ന കോണ്‍ഗ്രസിലെ മതേതരവാദികളുടെയും ആചാര്യ നരേന്ദ്ര ദേവിനെപോലുള്ള സോഷ്യലിസ്റ്റ് നേതാക്കളുടെയും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ഹിന്ദുമഹാസഭക്കൊപ്പം ചേരുകയായിരുന്നു.
ബാബരി മസ്ജിദിനകത്ത് അതിക്രമിച്ചുകയറി വിഗ്രഹങ്ങള്‍ സ്ഥാപിച്ച ബാബാ രാഘവദാസ് ഉള്‍പ്പെടെയുള്ള ഹിന്ദുമഹാസഭക്കാരെ അറസ്റ്റുചെയ്യണമെന്നും വിഗ്രഹങ്ങള്‍ എടുത്തുമാറ്റി അയോധ്യയിലെ മുസ്‌ലിങ്ങള്‍ക്ക് മസ്ജിദ് ആരാധനയ്ക്കായ് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് അക്കാലത്തെ ഫൈസാബാദ് ഡി.സി.സി സെക്രട്ടറിയായിരുന്ന അക്ഷയ് ബ്രഹ്‌മചാരി നിരാഹാരസമരം വരെ നടത്തി.
ആ കോണ്‍ഗ്രസ് നേതാവിന് ബാബാ രാഘവദാസിന്റെ അനുയായികളായ കോണ്‍ഗ്രസുകാരുടെയും ഹിന്ദുമഹാസഭക്കാരുടെയും ക്രൂരമര്‍ദ്ദനത്തിനിടയാവേണ്ടിവന്നുവെന്നതും നമ്മുടെ ലജ്ജാകരമായ ചരിത്രമാണ്.
അക്ഷയ് ബ്രഹ്‌മചാരിയുടെ സമരപന്തല്‍ അടിച്ചുപൊളിക്കുകയും അദ്ദേഹത്തെ വിവസ്ത്രനാക്കി ഓടിക്കുകയുമാണ് ഹിന്ദുവര്‍ഗീയവാദികളായ ഹിന്ദുമഹാസഭക്കാരും ഫൈസാബാദിലെ കോണ്‍ഗ്രസുകാരും ചെയ്തത്.
ബാബരി മസ്ജിദ് തകര്‍ത്ത് ആ സ്ഥാനത്ത് ക്ഷേത്രം പണിയുന്നതിലേക്കെത്തിച്ച സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആര്‍.എസ്.എസിന്റെ വിധ്വംസകനീക്കങ്ങള്‍ക്കെല്ലാ പലഘട്ടങ്ങളിലായി കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സഹായവും ഒത്താശയും ഉണ്ടായിരുന്നു.
1980കളില്‍ മസ്ജിദ്-മന്ദിര്‍ തര്‍ക്കം ഉയര്‍ത്താനും രഥയാത്രകളിലൂടെ രാജ്യത്തെ വര്‍ഗീയവത്കരിക്കാനുമാണ് ആര്‍.എസ്.എസ്-ബി.ജെ.പി ശക്തികള്‍ ആസൂത്രിതമായി നീക്കം നടത്തിയത്.
രാമായണത്തിലെ രാമനെ ചരിത്രപുരുഷനും ക്ഷാത്രവീര്യം തുടിക്കുന്ന ദേശീയപുരുഷനുമായി ആവിഷ്‌ക്കരിച്ച രാമാനന്ദസാഗറിന്റെ രാമായണം സീരിയല്‍ ദൂരദര്‍ശനിലൂടെ രാജ്യമാകെ കാണിച്ച് ആര്‍.എസ്.എസിന്റെ പുനരുത്ഥാന രാഷ്ട്രീയത്തിന് പ്രത്യയശാസ്ത്ര പരിസരം സൃഷ്ടിച്ചുകൊടുത്തതും രാജീവ് ഗാന്ധി സര്‍ക്കാരായിരുന്നു.
1986ല്‍ ഫൈസാബാദ് കോടതി വിധിയെ നിമിത്തമാക്കി 1949ല്‍ പൂട്ടിയിട്ട പള്ളിയുടെ താക്കോല്‍ ഹിന്ദുത്വവാദികള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചത് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തായിരുന്നു.
1989ല്‍ ബാബരി മസ്ജിദിന്റെ മൂന്ന് കുംഭഗോപുരങ്ങള്‍ നില്‍ക്കുന്ന സ്ഥാനത്ത് രാമക്ഷേത്രത്തിന് ശിലാന്യാസം നടത്താന്‍ ഹിന്ദു വര്‍ഗീയവാദികള്‍ക്ക് അനുമതി നല്‍കിയതും രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ്. ചരിത്രം ഹിന്ദുത്വവാദികള്‍ക്കെന്നപോലെ അവര്‍ക്ക് കൂട്ടുനിന്ന ഇന്ത്യയെ വര്‍ഗീയധ്രുവീകരണത്തിന്റെ തീരങ്ങളിലേക്ക് തള്ളിവിട്ട ആര്‍ക്കും മാപ്പ് നല്‍കാന്‍ പോകുന്നില്ല.
ചിഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ മൂന്നംഗ ഭരണഘടനാബെഞ്ച് 2019 നവംബര്‍ 9ാം തിയ്യതിയാണ് അയോധ്യാ കേസില്‍ വിധിയെഴുതിയത്.
വിശ്വാസത്തെയും നീതിയെയും നിയമപാലനത്തെയുമെല്ലാം സംബന്ധിച്ച ആശങ്കകളും വെല്ലുവിളികളും ഉയര്‍ത്തുന്നതായിരുന്നു ആ വിധിപ്രസ്താവന എന്ന് പറയാതിരിക്കാനാവില്ല. വളരെ വിവേകത്തോടെയും സംയമനത്തോടെയുമാണ് മതനിരപേക്ഷ ജനാധിപത്യശക്തികളും ഇന്ത്യന്‍ ജനതയാകെയും വിധിയെ സമീപിച്ചതെന്ന് പറയുമ്പോഴും വിശ്വാസത്തെ നീതിക്ക് പകരംവെക്കുന്ന വളരെ അപകടകരമായ ഒന്നായിരുന്നു ആ വിധിപ്രസ്താവന.
നിയമപരമായി ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമാവകാശം മുസ്‌ലിങ്ങള്‍ക്കാണെങ്കിലും വിശ്വാസപരമായി ഹിന്ദുക്കള്‍ അത് രാമന്റെ ജനനസ്ഥലമായി കാണുന്നുവെന്ന വിചിത്രമായ വാദമാണ് വിധിപ്രസ്താവനയിലൂടെ മുന്നോട്ടുവെച്ചത്.
അയോധ്യ വിധിയെഴുതിയ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് റിട്ടയര്‍മെന്റിനുശേഷം അതിവേഗം രാജ്യസഭയിലേക്ക് ബി.ജെ.പി എം.പിയായി നോമിനേറ്റ് ചെയ്യപ്പെടുകയും മറ്റ് രണ്ട് ജഡ്ജിമാരും ഉന്നതപദവികളില്‍ നിയമിതരാവുകയും ചെയ്തു!
സംഘപരിവാര്‍ ഇംഗിതത്തിന് നമ്മുടെ നീതിന്യായ സംവിധാനം പോലും വഴങ്ങിക്കൊടുത്ത അത്യന്തം രോഷജനകമായ ചരിത്രത്തിലെ അപരാധമായി മതനിരപേക്ഷ ജനാധിപത്യശക്തികള്‍ ബാബരി മസ്ജിദ് സ്മരണയെ ഗണിക്കേണ്ടിവരുന്നു.
400 വര്‍ഷത്തിലേറെ കാലം പഴയ ഔധിലെയും അയോധ്യയിലെയും മുസ്‌ലിങ്ങള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന പള്ളിയാണ് ബാബരി മസ്ജിദ്. അത് നിലനില്‍ക്കുന്ന 2.77 ഏക്കര്‍ സ്ഥലം രാമജന്മഭൂമിയാണെന്നും അതുകൊണ്ടുതന്നെ അത് രാമക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിക്കണമെന്നുമാണ് സുപ്രീംകോടതി ബെഞ്ച് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
2010ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയനുസരിച്ച് തര്‍ക്കത്തില്‍ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാം ലല്ലയ്ക്കും പതിച്ചുനല്‍കിയ ഭൂമിയാണ് ഇപ്പോള്‍ സുപ്രീം കോടതി രാമവിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ക്ഷേത്രനിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റുണ്ടാക്കുകയും ഭൂമി അവര്‍ക്ക് കൈമാറുകയും ചെയ്യണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ബാബരി മസ്ജിദ് തകര്‍ത്തതിന് നഷ്ടപരിഹാരമായെന്നോണം അഞ്ചേക്കര്‍ ഭൂമി അയോധ്യയില്‍ തന്നെ കണ്ടെത്തി സുന്നി വഖഫ് ബോര്‍ഡിന് നല്‍കണമെന്നും ഭരണഘടനാബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
അയോധ്യയില്‍ ക്ഷേത്രമുയര്‍ന്നിട്ടും മസ്ജിദിനുവേണ്ടി ഒരു നടപടിയും ഭരണപരമായി മോഡിയുടെ കേന്ദ്രസര്‍ക്കാരോ യോഗിയുടെ യു.പി സര്‍ക്കാരോ നടത്തിയിട്ടില്ല എന്നതാണ് മസ്ജിദ് തകര്‍ച്ചയുടെ ഈ 33-ാം വര്‍ഷത്തില്‍ നാം കാണേണ്ടത്.
പ്രശസ്ത ചരിത്രകാരി ഡോ.റൊമീലാ ഥാപര്‍ അയോധ്യാവിധിയെ കുറിച്ച് പറഞ്ഞത്; ചരിത്രത്തെ റദ്ദ് ചെയ്ത് വിശ്വാസത്തെ അവലംബമാക്കിയാണ് കോടതി വിധിയെന്നാണ്.
9 ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ത്രേതായുഗത്തില്‍ രാമന്‍ അയോധ്യയില്‍ ജനിച്ചുവെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് രാമജന്മഭൂമി പ്രശ്നം ഉയര്‍ത്തുന്നതും ഹിന്ദുത്വശക്തികള്‍ ബാബരി മസ്ജിദിനെ തര്‍ക്കപ്രശ്നമാക്കി മാറ്റുന്നതും.
1528-ല്‍ ബാബറുടെ സൈനികത്തലവന്‍ പണിത പള്ളിക്കടിയില്‍ രാമക്ഷേത്രമുണ്ടായിരുന്നുവെന്ന് കോടതിക്കും നിഗമനത്തിലെത്താനായിട്ടില്ല. അവിടെ ഹിന്ദുനിര്‍മ്മിതിയുടെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നുവെന്നതുമാത്രമാണ് ശരിവെക്കപ്പെട്ടിട്ടുള്ളത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ അഭിപ്രായത്തില്‍ ഊന്നിനിന്നുകൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള വിധിയും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്നാണ് പ്രമുഖ ചരിത്രകാരനായ ഡോ. കെ.എന്‍. പണിക്കര്‍ നിരീക്ഷിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ വിശ്വാസത്തെ അവലംബമാക്കിയതുവഴി കോടതി സംഘപരിവാര്‍ ആഗ്രഹിച്ചരീതിയില്‍ തര്‍ക്കഭൂമി ക്ഷേത്രനിര്‍മ്മാണത്തിനേല്‍പിച്ചുകൊടുക്കുന്നതിയിലേക്കാണ് എത്തിയത്. ചരിത്രത്തെയും പ്രമാണങ്ങളെയും അടിസ്ഥാനമാക്കിയുള്ള തെളിവുകള്‍ക്കുപകരം വിശ്വാസത്തെ അവലംബമാക്കേണ്ടിവരുമ്പോഴുള്ള സങ്കീര്‍ണതകളും സംശയങ്ങളും വിധിന്യായത്തില്‍ അന്തര്‍ലീനമായി കിടക്കുന്നുണ്ട്.
അത്തരം സംശയങ്ങളും വിധി പരിശോധിക്കപ്പെടണമെന്ന ആവശ്യവും ഒരു ജനാധിപത്യ സമൂഹത്തില്‍ സ്വാഭാവികമായും ഉണ്ടാവും. സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധി അംഗീകരിക്കുമ്പോള്‍ തന്നെ അതിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാനും റിവ്യൂ ചെയ്യുവാനും നിയമം തന്നെ അനുമതി നല്‍കുന്നുണ്ട്.
അയോധ്യ വിധിയെ പരിശോധിച്ചുകൊണ്ട് ജസ്റ്റിസ് ഗാംഗുലി വിധിയിലെ ശരികേടുകള്‍ വിശകലനം ചെയ്ത് വസ്തുതാപരമായി വിമര്‍ശനങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു.
1949 ഡിസംബര്‍ 22ന് പള്ളിക്കകത്തേക്ക് അതിക്രമിച്ചുകടന്ന് വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും 1992 ഡിസംബര്‍ 6ന് പള്ളി പൊളിച്ചതും നിയമവിരുദ്ധ പ്രവര്‍ത്തനമായി അംഗീകരിച്ച കോടതിയുടെ വിധിപ്രസ്താവനയില്‍ വിശ്വാസത്തെ നിയമത്തിന്റെ മേല്‍ പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്. ഇത് ഈ വിധിയിലെ ചിന്തനീയമായ വൈരുദ്ധ്യമാണെന്നും പല നിയമവിദഗ്ധരും ചൂണ്ടിക്കാണിച്ചതാണ്.
ബാബരി മസ്ജിദ് തര്‍ക്കപ്രശ്നമാക്കുന്നത് അയോധ്യയിലെ ഹിന്ദുക്കള്‍ക്കിടയിലും മുസ്‌ലിങ്ങള്‍ക്കിടയിലും വര്‍ഗീയമായ വേര്‍തിരിവ് ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളാണ് അയോധ്യയിലും മസ്ജിദിനെ കേന്ദ്രമാക്കി വേര്‍തിരിവുകള്‍ സൃഷ്ടിച്ചത്.
അതവരുടെ ഭിന്നിപ്പിക്കുക ഭരിക്കുകയെന്ന കൊളോണിയല്‍ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ബാബര്‍ പള്ളി പണിത് മൂന്ന് നൂറ്റാണ്ടിനുശേഷമാണ് 1850ല്‍ അയോധ്യയില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷമുണ്ടാകുന്നത്. അതിനെ തുടര്‍ന്നാണ് ഫൈസാബാദ് ജില്ലാ ഭരണാധികാരികള്‍ മസ്ജിദിന് പുറത്ത് രാംഛബൂത്ര അനുവദിക്കുന്നതും ഹിന്ദുക്കള്‍ക്ക് ആരാധനാസ്വാതന്ത്ര്യം കൊടുക്കുന്നതും.
കോടതി നിരീക്ഷിക്കുന്നതുപോലെ രാംഛബൂത്രയില്‍ ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കുള്ള സ്വാതന്ത്ര്യമല്ലാതെ ഭൂമിയില്‍ ഉടമാവകാശം നല്‍കിയിരുന്നില്ല.
ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും തോളോടുതോള്‍ ചേര്‍ന്ന് ബ്രിട്ടീഷുകാരെ പ്രതിരോധിച്ച പ്രദേശമാണ് അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദ്. ഹിന്ദു-മുസ്‌ലിം ഐക്യം കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാരാണ് ‘ഭിന്നിപ്പിക്കുക ഭരിക്കുക’ എന്ന രാഷ്ട്രതന്ത്രം പ്രയോഗിക്കുന്നതിന് ബാബരി മസ്ജിദിനെ തര്‍ക്കഭൂമിയാക്കിമാറ്റുകയായിരുന്നു.
ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തെക്കുറിച്ച് വര്‍ഗീയവാദിയാകുന്നതിനുമുമ്പ് സവര്‍ക്കര്‍ എഴുതിയ ‘1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം’ എന്ന പുസ്തകത്തില്‍ ചാള്‍സ്ബാളിനെ ഉദ്ധരിച്ചിരിക്കുന്നതുനോക്കൂ;
”അത്ര അപ്രതിഹതവും ആശ്ചര്യജനകവും അസാമാന്യവുമായ പരിണാമം ലോകചരിത്രത്തില്‍ തന്നെ വിരളമാണ്.”
സവര്‍ക്കറുടെ ഈ വിലയിരുത്തല്‍ പോലെതന്നെയാണ് ജോര്‍ജ്ജ് ഡബ്ല്യൂ. ഫോറസ്റ്ററും ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തെ വിലയിരുത്തിയത്.
”ബ്രാഹ്‌മണരും ശ്രൂദ്രരും ഹിന്ദുക്കളും മുഹമ്മദീയരും ഒരുമിച്ച് വിപ്ലവമുണ്ടാക്കുന്നതിന് സാധ്യതയുണ്ടെന്നതില്‍ കവിഞ്ഞ് ഇന്ത്യന്‍ വിപ്ലവം നല്‍കുന്ന മറ്റൊരു മുന്നറിയിപ്പില്ല.”
ഈയൊരു ഐക്യത്തെ തകര്‍ക്കാനാണ് ഫൈസാബാദ് ജില്ലാഭരണകൂടം അയോധ്യയില്‍ ബാബരി മസ്ജിദിനുമുമ്പിലുള്ള ഭൂമി മഹന്തുക്കള്‍ക്ക് നല്‍കി അവിടെ വേലി കെട്ടിയത്. 1858-ല്‍ അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് പള്ളിയിലേക്കുള്ള പ്രവേശനം വടക്കേ ഗോപുരം വഴിയാക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തു.
ഇതെല്ലാം അയോധ്യയിലെ ജനങ്ങളുടെ ചിരപുരാതനമായ ഐക്യത്തെയും മതസൗഹാര്‍ദ്ദത്തെയും തകര്‍ക്കാനുള്ള ബ്രിട്ടീഷ് തന്ത്രമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ സംശയവും സ്പര്‍ദ്ദയും വളര്‍ത്തി സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്.
ഈയൊരു അപകടകരമായ നീക്കങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടാണ് ഫൈസാബാദിലെ ആത്മീയാചാര്യന്മാരായ മൗലവി അമീര്‍ അലിയും മഹന്ത് രാംചരണ്‍ദാസും ഇരുവിഭാഗങ്ങളെയും അനുരജ്ഞനത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. ജനങ്ങളുടെ ബ്രിട്ടീഷ് വിരുദ്ധ ഐക്യത്തെ നിലനിര്‍ത്താന്‍ ശ്രമിച്ച ഈ രണ്ട് ആത്മീയാചാര്യന്മാരെയും ബ്രിട്ടീഷ് ഭരണകൂടം പ്രതികാരബുദ്ധിയോടെ കേസുകളില്‍ കുടുക്കി തൂക്കിലേറ്റുകയായിരുന്നു.
മതസൗഹാര്‍ദ്ദത്തിനും ജനങ്ങളുടെ ഐക്യത്തിനും വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന ഈ ആത്മീയാചാര്യന്മാരുടെ ഓര്‍മ്മകളെപോലും ബ്രിട്ടീഷ് ഭരണകൂടം ഭയന്നു. അവരെ തൂക്കിലേറ്റിയ ആല്‍മരത്തെ ജനങ്ങള്‍ ആരാധിക്കാന്‍ തുടങ്ങിയതോടെയാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ അത് മുറിച്ചുമാറ്റിയത്.
1885ലാണ് മഹന്ത് രഘുബീര്‍ദാസ് എന്നൊരാളാണ് മസ്ജിദിന് പുറത്ത് ക്ഷേത്രം പണിയാന്‍ അനുമതി ചോദിച്ച് ഫൈസാബാദ് ജില്ലാകോടതിയെ സമീപിക്കുന്നത്. കോടതി അദ്ദേഹത്തിന്റെ ഹരജി തള്ളുകയാണ് ഉണ്ടായത്. 1949 വരെ ഈ സ്ഥിതി തുടര്‍ന്നു.
ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ രാമചരിതമാനസ് എന്ന പേരില്‍ 9 ദിവസമായി നടന്ന അഖണ്ഡനാമാചരണത്തിന്റെ സമാപന ദിവസമായിരുന്നു ഈ അതിക്രമം നടന്നത്. അതായത് അഖിലഭാരതീയ രാമായണ മഹാസഭ നടത്തുന്നതിന്റെ തുടര്‍ച്ചയിലാണ് പള്ളിയില്‍ അതിക്രമിച്ചുകടന്ന് വിഗ്രഹങ്ങള്‍ സ്ഥാപിച്ചത്.
മഹന്ത് ദിഗ്വിജയ്നാഥ് ബാബാരാഘവദാസ് തുടങ്ങിയ ഹിന്ദുമഹാസഭാ നേതാക്കളായിരുന്നു ഈ കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്തത്. എന്നിട്ടവര്‍ രാമവിഗ്രഹം പള്ളിക്കകത്ത് സ്വയംഭൂ ആയതാണെന്ന് പ്രചരണം നടത്തുകയായിരുന്നു.
സുന്നി വഖഫ് ബോര്‍ഡും അക്കാലത്ത് ഫൈസാബാദ് അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ആചാര്യ നരേന്ദ്രദേവും ഈ കടന്നുകയറ്റത്തില്‍ ശക്തമായി പ്രതിഷേധമുയര്‍ത്തിയതായി മുകളില്‍ സൂചിപ്പിച്ചിരുന്നല്ലോ.
ആചാര്യ നരേന്ദ്രദേവിനോടുള്ള ആദരസൂചകമായി പുറത്തിറക്കിയ സ്റ്റാംപ്. Photo: Wikipedia/Wikimedia Commons
1950ല്‍ ഗോപാല്‍ഷിംലാവിശാരദ് എന്നൊരാള്‍ രാംലല്ലയില്‍ പൂജ നടത്താന്‍ കോടതിയില്‍ ഹരജി നല്‍കി. അതേ വര്‍ഷം തന്നെ പരമഹംസ് രാമചന്ദ്രദാസ് എന്നൊരാള്‍ സ്ഥിരം പൂജക്ക് സൗകര്യം ചോദിച്ച് കോടതിയെ സമീപിച്ചു. 1959-ല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ചോദിച്ച് നിര്‍മോഹി അഗാഡ കേസ് ഫയല്‍ ചെയ്തതോടെയാണ് കോടതി വ്യവഹാരങ്ങള്‍ സജീവമായത്.
ഇതിനെതിരെ 1961ല്‍ യു.പി സുന്നി വഖഫ് ബോര്‍ഡ് നാലാമതൊരു ഹരജി കൂടി ഫയല്‍ ചെയ്യുന്നുണ്ട്. 1986ലാണ് ഫൈസാബാദ് ജില്ലാകോടതി തര്‍ക്കഭൂമിയായി പൂട്ടിയിട്ട പള്ളി ഹിന്ദുക്കള്‍ക്ക് തുറന്നുനല്‍കാന്‍ ഉത്തരവിട്ടത്.
അന്നത്തെ എന്‍.ഡി.തിവാരിയുടെ നേതൃത്വത്തിലുള്ള യു.പി സര്‍ക്കാരും രാജീവ് ഗാന്ധി നേതൃത്വം കൊടുത്ത കേന്ദ്രസര്‍ക്കാരും ആ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള നടപടിക്രമങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്ന് പള്ളി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കാന്‍ തിടുക്കം കാണിക്കുകയായിരുന്നു.
രാജീവ് ഗാന്ധി. Photo: Wikipedia/Wikimedia Commons
അതോടെയാണ് ബാബരി മസ്ജിദ് പ്രശ്നം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീക്ഷ്ണമായത്. 1989ല്‍ ബാബരി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള വി.എച്ച്.പിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നീക്കങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും യു.പി സര്‍ക്കാരും എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. അയോധ്യയില്‍ പള്ളി നില്‍ക്കുന്ന സ്ഥലത്ത് ശിലാന്യാസത്തിന് അനുമതി നല്‍കി.
1991ല്‍ യു.പി സര്‍ക്കാര്‍ മസ്ജിദിന് സമീപമുള്ള ഭൂമി ഏറ്റെടുത്തു. 1992 ഡിസംബര്‍ 6-ന് ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകമായ ബാബ്റിമസ്ജിദ് ഹിന്ദുത്വശക്തികള്‍ പൊളിച്ചു.
ബാബരി മസ്ജിദ് ധ്വംസനത്തെ കുറിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ പത്രവാര്‍ത്ത
സുപ്രീംകോടതിയും ദേശീയ ഉദ്ഗ്രഥനസമിതിയും പാര്‍ലിമെന്റിലെ ബി.ജെ.പി എം.പിമാരൊഴിച്ച് മറ്റെല്ലാ എം.പിമാരും ഒന്നിച്ച് നരസിംഹറാവു സര്‍ക്കാരിനോട് പള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടതാണ്. അതിനുവേണ്ടി ഏതറ്റം വരെ പോകാനും കേന്ദ്രസര്‍ക്കാരിനവര്‍ ഏകകണ്ഠമായി അവര്‍ പിന്തുണ നല്‍കിയതാണ്.
നരസിംഹറാവുവിന് ഉത്കണ്ഠ അയോധ്യയില്‍ പള്ളിപൊളിക്കാനെത്തിയവര്‍ കര്‍സേവകര്‍ക്ക് ആവശ്യമായ സാനിറ്റേഷന്‍ സൗകര്യം ഫൈസാബാദില്‍ ഒരുക്കുന്നതിനെക്കുറിച്ചായിരുന്നല്ലോ!
1980കള്‍ മുതല്‍ ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബാബരി മസ്ജിദിന്റെയും സംഘപരിവാറിന്റെ അയോധ്യ രാഷ്ട്രീയത്തെയും കുറിച്ച് സംസാരിക്കാനും എഴുതാനും തുടങ്ങിയതാണ്.
ഇന്നിപ്പോള്‍ ബാബരി മസ്ജിദ് തകര്‍ച്ചയുടെ 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മസ്ജിദ് ധ്വംസനത്തിന്റെ ഉന്മാദം പിടിപെട്ടവര്‍ രാജ്യമെമ്പാടും അഴിഞ്ഞാടുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. തീവ്ര വോട്ടര്‍ പരിശോധനയും ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥകളുടെ തുടര്‍ച്ചയായ ഭേദഗതികളും വഴി രാജ്യത്തെ ഹിന്ദുരാഷ്ട്രത്തിലേക്ക് നയിക്കാനുള്ള കുടിലമായ നീക്കങ്ങളാണ് നടക്കുന്നത്.
ബാബരി തകര്‍ച്ചയുടെ 33ാം വാര്‍ഷികം കടന്നുപോകുമ്പോള്‍ ന്യൂനപക്ഷ ആരാധനാലയങ്ങള്‍ക്കെതിരായ ധ്വംസനപരിപാടികള്‍ കൂടുതല്‍ തീവ്രമായി സംഘപരിവാര്‍ നടപ്പിലാക്കുകയാണെന്ന് നാം തിരിച്ചറിയണം.
ഭരണഘടനയെ തന്നെ ഇല്ലാതാക്കുന്ന വിധ്വംസകമായ ഭേദഗതികളും നിയമനിര്‍മ്മാണങ്ങളും തുടരുകയാണ് മോദി സര്‍ക്കാര്‍. എന്‍.ഐ.എ, യു.എ.പി.എ നിയമഭേദഗതികള്‍, മുത്തലാഖ് ഭേദഗതി, തൊഴില്‍നിയമഭേദഗതി, 370-ാം വകുപ്പ് എടുത്തുകളഞ്ഞത്, പൗരത്വനിയമഭേദഗതി, വഖഫ് നിയമഭേദഗതി, വനം-പരിസ്ഥിതി-ഖനന നിയമഭേദഗതികള്‍ തുടങ്ങി കോര്‍പ്പറേറ്റ് ഹിന്ദുത്വ അജണ്ടയില്‍ നിന്നുള്ള ഫാസിസ്റ്റ് അധികാരപ്രയോഗങ്ങള്‍ക്ക് ഗതിവേഗം കൂട്ടിയിരിക്കുകയാണ്.
ഏറ്റവുമൊടുവില്‍ സഞ്ചാര്‍ സാഥി ആപ്പ് വഴി പൗരരുടെ സ്വകാര്യജീവിതവ്യവഹാരങ്ങള്‍ക്കുമേല്‍ കടന്നുകയറാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തിയത്. ഭരണകൂടം മനുഷ്യജീവിതത്തിന്റെ സമസ്തതലങ്ങളെയും തങ്ങളുടെ നിരീക്ഷണങ്ങള്‍ക്കുകീഴില്‍ കൊണ്ടുവരുന്ന ഫാസിസ്റ്റ് ഭീകരതയിലേക്കാണ് രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നത്.
Content Highlight: KT Kunjikkannan writes about Babari Masjid demolition