| Thursday, 12th June 2025, 1:45 pm

കുടിയേറ്റക്കാര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന ട്രംപ് ഭരണകൂടം

കെ.ടി. കുഞ്ഞിക്കണ്ണന്‍

അമേരിക്കന്‍ കവി ലാങ്സ്റ്റണ്‍ഹ്യൂഗ്സ് എഴുതിയിട്ടുണ്ട്; അമേരിക്ക നിര്‍മ്മിച്ചവരായ ജന സമൂഹങ്ങളെങ്ങനെയാണ് ‘സ്വതന്ത്രരുടെ ആ ജന്മഭൂമി’യില്‍ അന്യരും അപരരുമായി അടിച്ചമര്‍ത്തപ്പെടുന്നതെന്ന്, ആട്ടിയോടിക്കപ്പെടുന്നതെന്ന്.

ഹ്യൂഗ്സ് എഴുതുന്നത്, ”വിഡ്ഢിയായി തള്ളിമാറ്റപ്പെട്ട ദരിദ്രനായ വെള്ളക്കാരനാണ് ഞാന്‍, ഞാനാണ് നിഗ്രോ, അടിമത്വത്തിന്റെ വടുക്കള്‍ വഹിക്കുന്നത്, നാട്ടില്‍നിന്ന് ആട്ടിപ്പായിക്കപ്പെട്ട ചുവപ്പനാണ്-പ്രതീക്ഷ മുറുകെപ്പിടിക്കുന്ന കുടിയേറ്റക്കാരനും ഞാനാണ്-ഞാനിപ്പോഴും കാണുന്നത് ആ പഴയ വിഡ്ഢികളുടെ പദ്ധതിതന്നെ, നായയെ തീറ്റയാക്കുന്ന, ശക്തര്‍ ദുര്‍ബലരെ ഞെരിക്കുന്ന അതേ നീതി”

ലാങ്സ്റ്റണ്‍ഹ്യൂഗ്സ്

അമേരിക്ക നിര്‍മ്മിച്ചവര്‍ അവരില്‍ ഓരോ മനുഷ്യനും തങ്ങളുടേത് സ്വതന്ത്രരുടെ നാടാണെന്നും വിശ്വസിച്ചിരുന്നു. വെള്ളക്കാരന്റെയും റെഡ്ഇന്ത്യന്റെയും നീഗ്രോകളുടെയും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ഓരോ മനുഷ്യന്റെയും നാടാണ് അമേരിക്ക എന്നാണ് അവരോരോരുത്തരും കരുതിയത്. ഞാനാണ് അമേരിക്ക നിര്‍മ്മിച്ചതെന്നായിരുന്നു അവരോരുത്തരുടെയും വിശ്വാസം. കുടിയേറ്റക്കാരുടെ രാജ്യമായിരുന്നു അമേരിക്ക.

റെഡ്ഇന്ത്യന്‍ വംശജരുടെ ഉന്മൂലനത്തിലൂടെയാണ് അമേരിക്ക കണ്ടുപിടിച്ചവര്‍ അമേരിക്കയെ തങ്ങളുടേതാക്കി തീര്‍ത്തത്. ഇന്നിപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ കടുത്ത കുടിയേറ്റവിരുദ്ധത വംശീയാക്രമണങ്ങളായി അമേരിക്കയിലെങ്ങും ജനങ്ങളെ വേട്ടയാടുകയാണ്. അതെ അമേരിക്ക നിര്‍മ്മിച്ച കുടിയേറ്റക്കാരെ, പലഭാഗങ്ങളില്‍ നിന്നും അമേരിക്കയിലെത്തിയ കുടിയേറ്റക്കാരെ വേട്ടയാടുകയാണ്.

ലോസ്ആഞ്ചലോസില്‍ കഴിഞ്ഞ ആഴ്ച 2000-ഓളം നാഷണല്‍ ഗാര്‍ഡുകളെ വിന്യസിച്ചുകൊണ്ടാണ് കുടിയേറ്റക്കാര്‍ക്കെതിരായ റെയ്ഡും മര്‍ദ്ദന നടപടികളും ആരംഭിച്ചത്. കുടിയേറ്റക്കാരെക്കൊണ്ട് ലോസ്ആഞ്ചലോസ് മാലിന്യകൂമ്പാരമായിരിക്കുന്നുവെന്നാണ് വംശീയവെറിയനായ ട്രംപ് ആക്രോശിച്ചുകൊണ്ടിരിക്കുന്നത്.

ട്രംപ്

ഒരാഴ്ചക്കാലത്തോളമായി തുടരുന്ന ട്രംപിന്റെ കുടിയേറ്റക്കാരെ തെരഞ്ഞുള്ള റെയ്ഡിനും സൈനികവേട്ടയ്ക്കുമെതിരെ ലോസ്ആഞ്ചലോസില്‍ പ്രതിഷേധം ആഞ്ഞടിക്കുകയാണ്. ട്രംപും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായ മാര്‍ക്കോറൂബിയയും ചേര്‍ന്നുണ്ടാക്കിയ കുടിയേറ്റനയം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോസ്ആഞ്ചലോസില്‍ റെയ്ഡുകള്‍ ആരംഭിച്ചത്. കുടിയേറ്റക്കാരെ നാടുകടത്താനുള്ള റെയ്ഡിനെതിരായി ശക്തമായ പ്രതിഷേധമാണ് ലോസ്ആഞ്ചലോസ് നഗരത്തിലും പാരമൗണ്ട് നഗരത്തിലുമെല്ലാം ഉയര്‍ന്നുവന്നിരിക്കുന്നത്.

അമേരിക്ക നിര്‍മ്മിച്ചവര്‍ അവരില്‍ ഓരോ മനുഷ്യനും തങ്ങളുടേത് സ്വതന്ത്രരുടെ നാടാണെന്നും വിശ്വസിച്ചിരുന്നു.

ലോസ്ആഞ്ചലോസില്‍ ആരംഭിച്ച പ്രതിരോധം ഇപ്പോള്‍ മറ്റ് അമേരിക്കന്‍ നഗരങ്ങളിലേക്കും വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ന്യൂസോം ട്രംപിന്റെ ഭ്രാന്തന്‍ നയങ്ങളെ ശക്തമായി എതിര്‍ത്ത് രംഗത്തുവന്നിരിക്കുകയാണ്.

ഗവര്‍ണറുടെ അനുമതിപോലുമില്ലാതെയാണ് 4000-ഓളം നാഷണല്‍ഗാര്‍ഡ് സൈനികരെ ഈ മേഖലയില്‍ ട്രംപ് വിന്യസിച്ചത്. പ്രസിഡണ്ടിന്റെ സ്വേച്ഛാധിപത്യപരവും വികലവുമായ ഭ്രമകല്‍പനയാണ് നാഷണല്‍ഗാര്‍ഡുകളെ ഇറക്കി കുടിയേറ്റക്കാരെ വേട്ടയാടാനുള്ള ഉത്തരവെന്നാണ് ഗാവിന്‍ന്യൂസോം പറഞ്ഞത്. ഗവര്‍ണറുടെ അനുമതിയില്ലാതെ സൈന്യത്തെ അയച്ച നീക്കത്തിനെതിരായി നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന്

ന്യൂയോര്‍ക്ക്, ഫിലാഡാല്‍ഫിയ, ഡാലസ്, ഓസ്റ്റിന്‍, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങി അമേരിക്കയിലെ ഒമ്പതോളം നഗരങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ലോസ്ആഞ്ചലോസില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മില്‍ പലസ്ഥലങ്ങളിലും ഏറ്റുമുട്ടല്‍ നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ജനങ്ങള്‍ അമേരിക്കന്‍ സേനയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിച്ചതോടെ കൂട്ട അറസ്റ്റും കര്‍ഫ്യൂ പ്രഖ്യാപനവുമായി ട്രംപ് ഭരണകൂടം അമേരിക്കന്‍ ജനതയ്ക്കെതിരായിതന്നെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

എത്രപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നകാര്യം വ്യക്തമാക്കാന്‍പോലും സൈന്യവും പോലീസും തയ്യാറല്ല. കുടിയേറ്റക്കാരെ വിദേശശത്രുക്കളായി പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് അമേരിക്കന്‍ ജനതയ്ക്കെതിരായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശശത്രു കീഴടക്കുന്ന നഗരത്തെ സ്വതന്ത്രമാക്കുമെന്ന് പ്രഖ്യാപിച്ചാണ് ഡൊണാള്‍ഡ് ട്രംപ് 4000 സൈനികരെയും 700 മറൈനുകളെയും ലോസ്ആഞ്ചലോസില്‍ ഇറക്കിയ തീരുമാനത്തെ ന്യായീകരിച്ചത്.

അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയ

അമേരിക്ക നിര്‍മ്മിച്ച കുടിയേറ്റക്കാര്‍ക്കെതിരായി ട്രംപ് ഭരണകൂടം നടത്തുന്ന യുദ്ധം അമേരിക്കന്‍ സമ്പദ്ഘടനയും സമൂഹവും നേരിടുന്ന കടുത്ത പ്രതിസന്ധികളില്‍നിന്നും തകര്‍ച്ചയില്‍നിന്നും ശ്രദ്ധതിരിച്ചുവിടാനാണ്. അമേരിക്കന്‍ സമൂഹത്തില്‍ വെള്ളക്കാരായ യുവതി-യുവാക്കള്‍ക്കുപോലും തൊഴില്‍കിട്ടാതായിരിക്കുന്നത് റിപ്പബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും ഒരുപോലെ അടിച്ചേല്‍പ്പിച്ച വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ നയങ്ങള്‍ മൂലമാണ്.

അമേരിക്കന്‍ സമ്പദ്ഘടന നേരിടുന്ന പ്രതിസന്ധിക്ക് കാരണം അമേരിക്കന്‍ ആഗോളകുത്തകകള്‍ക്ക് ലോകത്തിലെ വിഭവങ്ങളും സമ്പത്തും കയ്യടക്കാനുള്ള യുദ്ധോത്സുകത മൂലമാണ്. ഈ യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ട് അമേരിക്കയിലെ വെള്ളക്കാരായ യുവതി-യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഇല്ലാത്തത് മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റക്കാര്‍ വന്ന് അമേരിക്കയിലെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നത്കൊണ്ടാണെന്ന പ്രചരണമാണ് റിപ്പബ്ലിക്കന്‍ പാര്‍ടിക്കാരും ട്രംപിന്റെ പിന്നിലണിനിരന്നിരിക്കുന്ന തീവ്ര വലതുപക്ഷ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ സമ്പദ്ഘടന അഗാധമായ ഒരു ഘടനാപ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധിയുടെ തീവ്രവും ബഹുമുഖവുമായ പ്രശ്നങ്ങളാണ് ആഗോളവല്‍ക്കരണത്തിലൂടെ ലോക ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

തങ്ങള്‍തന്നെ തുടക്കം കുറിച്ച ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണനയങ്ങള്‍ എത്തിയിരിക്കുന്ന കടുത്ത പ്രതിസന്ധിയിലാണ് ട്രംപ് ഭരണകൂടം തങ്ങള്‍ക്ക് ഭീഷണിയാകുന്ന രാഷ്ട്രങ്ങള്‍ക്കും വ്യാപാരശക്തികള്‍ക്കുമെതിരെ താരിഫ് യുദ്ധം ആരംഭിച്ചത്.

അമേരിക്കന്‍ സമ്പദ്ഘടന നേരിടുന്ന ഘടനാപരമായ പ്രതിസന്ധിക്ക് ട്രംപിന്റെ പിന്നിലണിനിരന്നിരിക്കുന്ന ബൂര്‍ഷ്വാ കോര്‍പ്പറേറ്റ് മൂലധനശക്തികള്‍ക്ക് സാര്‍വ്വദേശീയ രംഗത്ത് എന്നപോലെ ആഭ്യന്തര രംഗത്തും സൈനികശക്തിയെ ഉപയോഗിക്കുകയെന്നല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നുവന്നിരിക്കുന്നു.

ട്രംപ്

സാമ്പത്തിക വളര്‍ച്ചയുടെ ഓരോ മേഖലയിലും അമേരിക്കയുടെ വളര്‍ച്ചാനിരക്ക് അവരോട് മത്സരിക്കുന്ന മറ്റുരാജ്യങ്ങളുടെ വളര്‍ച്ചാനിരക്കിനേക്കാള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന പ്രവണതയാണുള്ളത്. രണ്ടാം ലോകമഹായുദ്ധാനന്തരം ഒരു സാമ്രാജ്യത്വ ശക്തിയെന്ന നിലയ്ക്ക് അമേരിക്ക കൈവരിച്ച വമ്പിച്ച വളര്‍ച്ചയ്ക്കുശേഷം അത് അതിഗുരുതരമായ തകര്‍ച്ചയെ നേരിടുകയാണെന്നാണ് സമീപകാല പഠനങ്ങളെല്ലാം കാണിക്കുന്നത്.

ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് അമേരിക്കന്‍ സമൂഹത്തിലുള്ളത്. ഭവനരഹിതരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. വ്യവസായവല്‍കൃത പാശ്ചാത്യരാജ്യങ്ങളില്‍ പോഷകാഹാരക്കുറവ് ഏറ്റവുമധികം അനുഭവിക്കുന്ന ശിശുക്കളുള്ളത് അമേരിക്കയിലാണ്. ശിശുമരണനിരക്കിന്റെ കാര്യത്തിലും ലക്സംബര്‍ഗ് പഠനം ചൂണ്ടിക്കാണിക്കുന്നത് അമേരിക്ക 20-ാം സ്ഥാനത്താണെന്നാണ്.

ചൈനയുമായുള്ള മത്സരത്തിലും വ്യാപാരവിപണിയിലും പിടിച്ചുനില്‍ക്കാനാവാത്ത പ്രതിസന്ധിയിലാണ് അമേരിക്ക. അമേരിക്കയെക്കുറിച്ചുള്ള പല പഠനങ്ങളും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത് അമേരിക്ക സ്പഷ്ടമായ വിധത്തില്‍ മേധാവിത്വം നിലനിര്‍ത്തുന്ന ഒരേയൊരു മേഖല സൈന്യത്തിന്റെയും യുദ്ധോപകരണ സാങ്കേതികവിദ്യയുടെയും രംഗത്ത് മാത്രമാണെന്നാണ്.

ഷി ജിന്‍പിങ്‌

അമേരിക്കയുടെ വിദേശനയത്തിന്റെ മൂലക്കല്ലായിരിക്കുന്നത് സൈനികമേധാവിത്വമാണ്. സൈനികരംഗത്ത് അമേരിക്കയ്ക്കുള്ള മേധാവിത്വം ഉപയോഗിച്ചാണ് ഐക്യരാഷ്ട്രസഭയെപോലും, ജനറല്‍കൗണ്‍സില്‍ പ്രമേയങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് ലോകരാജ്യങ്ങള്‍ക്കും ജനതയ്ക്കുമെതിരായി അമേരിക്ക തങ്ങളുടെ ശിങ്കിടിരാജ്യങ്ങളെ ഉപയോഗിച്ച് യുദ്ധം അഴിച്ചുവിടുന്നത്.

പലസ്തീനെതിരായ ഇസ്രയേലിനെ ഉപയോഗിച്ചുള്ള യുദ്ധവും ഉക്രൈന്‍ യുദ്ധവുമെല്ലാം അമേരിക്കയുടെ യുദ്ധവ്യാപാരതാല്‍പര്യങ്ങളുമായി ബന്ധപ്പെട്ടാണ് നീണ്ടുപോകുന്നത്. ലോകത്തിന്റെ പ്രതിരോധച്ചെലവിന്റെ 40%ലേറെ അമേരിക്കയുടേതാണെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്.

അമേരിക്കയുടെ ലോകമേധാവിത്വമെന്നത് കോര്‍പ്പറേറ്റ് മൂലധനത്തിന്റെ ലോകാധിപത്യവും അതിനായുള്ള നിയോലിബറല്‍ പരിഷ്‌കാരങ്ങളും സൈനിക ചാരപ്രവര്‍ത്തനങ്ങളുമാണ്. ഇതിന്ന് ലോകജനത അതിന്റെ അനുഭവങ്ങളിലൂടെതന്നെ തിരിച്ചറിയുന്നു.

ചൈനയുമായുള്ള മത്സരത്തിലും വ്യാപാര വിപണിയിലും പിടിച്ചുനില്‍ക്കാനാവാത്ത പ്രതിസന്ധിയിലാണ് അമേരിക്ക.

അമേരിക്ക ഒരു സാമ്രാജത്വ ശക്തിയെന്ന നിലയ്ക്ക് നേരിടുന്ന പ്രതിസന്ധികളുടെയും സാമ്പത്തികതകര്‍ച്ചയുടെയും പ്രതിഫലനമെന്ന രീതിയില്‍ തന്നെവേണം ട്രംപിസത്തെ വിലയിരുത്താന്‍.

കടുത്ത ജീവിത പ്രതിസന്ധികളില്‍ നിന്ന്, അതിന് പരിഹാരം കാണാനാവാത്ത നിയോലിബറല്‍ നയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് കുടിയേറ്റവിരുദ്ധതയും വംശീയാക്രമണങ്ങളും അതിനായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റനയവുമെന്നതാണ് വാസ്തവം.

ട്രംപിന്റെ കുടിയേറ്റനയത്തിനെതിരായ പ്രക്ഷോഭം 6-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രതിഷേധം ശക്തിപ്പെടുകയാണ്. ജോര്‍ജ്ജിയയിലെ അറ്റ്ലാന്റയിലും ലോവര്‍ മാന്‍ഹട്ടനിലും ആയിരങ്ങളാണ് കുടിയേറ്റക്കാര്‍ക്കെതിരായ റെയ്ഡിനും നാടുകടത്തലിനുമെതിരായ പ്രകടനങ്ങളില്‍ അണിനിരക്കുന്നത്. ഇവിടങ്ങളിലേക്കെല്ലാം നാഷണല്‍ ഗാര്‍ഡുകളെ അയച്ച് സ്വന്തം ജനതയ്ക്കെതിരായി യുദ്ധം നടത്തുകയാണ് വംശവെറിയനായ ട്രംപും കൂട്ടാളികളും ചെയ്തുകൊണ്ടിരിക്കുന്നത്.

content highlights: KT Kunjikannan Writes against Trump’s anti-immigrant policies 

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more