കോഴിക്കോട് കോര്‍പ്പറേഷനിലെ നികുതി അപ്പീല്‍ സമിതി അധ്യക്ഷപദവി ബി.ജെ.പിക്ക് എത്തിച്ചുകൊടുത്തത് ആരാണ്? കോണ്‍ഗ്രസ് തന്നെ. കോഴിക്കോട്ടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും തര്‍ക്കവും മൂലം അവര്‍ക്ക് ഒരാസൂത്രണവും തയ്യാറെടുപ്പും സ്റ്റാന്റിങ് കമ്മറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നതാണ് വസ്തുത.
അതൊക്കെ മറച്ചുപിടിച്ച് ബി.ജെ.പിക്ക് സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ പദവി കിട്ടിയത് സി.പി.ഐ.മ്മിന്റെ നിലപാട് കൊണ്ടാണെന്ന് പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസുകാരും ലീഗിലെ കമ്യൂണിസ്റ്റ് വിരോധം കൊണ്ട് തിളയ്ക്കുന്നവരും ഒരു കാര്യം മനസ്സിലാക്കണം ഇന്ത്യയുടെ ചരിത്രത്തിലുടനീളം ഹിന്ദുത്വ വര്‍ഗീയതയെ താലോലിച്ചും അവരുമായി രഹസ്യവും പരസ്യവുമായി കൂട്ടുകൂടിയതും കോണ്‍ഗ്രസ് മാത്രമാണ്.
താമരക്കുളത്തിന് വെള്ളമൊഴിച്ചവര്‍ മറ്റാരുമല്ല കോണ്‍ഗ്രസുകാരും ലീഗുകാരും തന്നെയാണെന്ന ചരിത്രം കോഴിക്കോട്ടുകാര്‍ക്ക് നന്നായി അറിയാം. അതവിടെ നില്‍ക്കട്ടെ വിശദാംശങ്ങള്‍ പിറകെ പറയാം.
കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ 35 അംഗങ്ങളുള്ള എല്‍.ഡി.എഫ് കൃത്യമായ ആസൂത്രണത്തോടെ പരമാവധി ലഭ്യമാകാവുന്ന 6 സ്ഥിരം സമിതികളും നേടിയപ്പോള്‍ 28 കൗണ്‍സിലര്‍മാരുള്ള യു.ഡി.എഫിന് 2 സമിതികള്‍ നേടാമായിരുന്നല്ലോ.
കോഴിക്കോട് കോര്‍പ്പറേഷന്‍
അതിനവര്‍ക്ക് കഴിയാതെപോയത് കോണ്‍ഗ്രസ് കൗണ്‍സിലറായ ശോഭിതയെ ഒതുക്കാനുള്ള കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കളികളായിരുന്നു എന്ന വസ്തുത ആര്‍ക്കാണ് അറിയാത്തത്.
അരമനരഹസ്യങ്ങളെല്ലാം അങ്ങാടിയില്‍ പാട്ടാണെന്ന കാര്യം കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കളും അവര്‍ക്കുവേണ്ടി സോഷ്യല്‍ മീഡിയയില്‍ തള്ളുന്ന പ്രചാരകപണ്ഡിറ്റുകളും ഓര്‍ക്കുന്നത് നന്ന്.
ക്ഷേമം, നികുതി അപ്പീല്‍ സമിതിയിലേക്കുള്ള ബി.ജെ.പി വിജയം എങ്ങനെയുണ്ടായി എന്നതിന് കോണ്‍ഗ്രസും യു.ഡി.എഫുമാണ് ഉത്തരം പറയേണ്ടത്. കോണ്‍ഗ്രസിന്റെ അധികാരക്കൊതിയും ഗ്രൂപ്പ് വഴക്കും തന്നെയാണ് സ്റ്റാന്റിങ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയസാധ്യത ഉണ്ടാക്കിക്കൊടുത്തത്.
ആകെ 76 അംഗങ്ങളുള്ള കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ബി.ജെ.പിക്ക് 13 അംഗങ്ങള്‍ മാത്രമാണുള്ളത്. 28 യു.ഡി.എഫിനും 35 എല്‍.ഡി.എഫിനുമാണ്. ഈ കണക്ക് പ്രകാരം എല്‍.ഡി.എഫിന് ആറ് സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷപദവിയും യു.ഡി.എഫിന് രണ്ടും ഉറപ്പായും കിട്ടേണ്ടതാണ്.
ഇതനുസരിച്ചാണ് എല്‍.ഡി.എഫ് വിവിധ കമ്മറ്റികളിലേക്ക് അംഗങ്ങളെ നിശ്ചയിച്ചതും അവര്‍ക്ക് മുന്‍ഗണനാ വോട്ടുകള്‍ നല്‍കിയതും. യു.ഡി.എഫിന് കിട്ടേണ്ട ക്ഷേമം, നികുതി അപ്പീല്‍ കമ്മറ്റികളാണ് എല്‍.ഡി.എഫ് ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അവര്‍ക്ക് അറിയാമായിരുന്നു.
ഒരുവേള മാധ്യമ വാര്‍ത്തകള്‍ ഉണ്ടാക്കിയ ഹരത്തില്‍ യു.ഡി.എഫ് കൂടുതല്‍ സമിതികള്‍ പിടിക്കാമെന്ന് വ്യാമോഹിച്ചിരിക്കാം. അങ്ങനെയാവാം യാതൊരുവിധ മുന്നൊരുക്കവും നടത്താതെ തോന്നിയതുപോലെ കമ്മറ്റികളിലേക്ക് മത്സരിച്ച് അവര്‍ക്ക് കിട്ടുമായിരുന്ന കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം ലഭിക്കാനാവശ്യമായ അംഗങ്ങളെ നഷ്ടപ്പെടുത്തിയത്.
ഇടതുപക്ഷം ക്ഷേമം, നികുതി അപ്പീല്‍ കമ്മറ്റികളുടെ അധ്യക്ഷ സ്ഥാനങ്ങളിലേക്ക് മത്സരിക്കുകയോ വോട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാല്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ലാത്ത മരാമത്ത്, വിദ്യാഭ്യാസ കമ്മറ്റി അധ്യക്ഷപദവികളിലേക്ക് യു.ഡി.എഫുകാര്‍ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ യു.ഡി.എഫിന്റെ ആസൂത്രണമില്ലായ്മയും മുന്നൊരുക്കമില്ലായ്മയുമാണ് അവര്‍ക്ക് ക്ഷേമം, നികുതി അപ്പില്‍ സമിതിയുടെ അധ്യക്ഷപദവി നഷ്ടപ്പെടുത്തിയത്.
എല്‍.ഡി.എഫ് അംഗങ്ങള്‍ അവരുടെ പ്രഖ്യാപിത നിലപാടില്‍ നിന്ന്, വോട്ടിങ്ങില്‍ നിന്ന് മാറിനില്‍ക്കുകയാണ് ചെയ്തത്. തങ്ങളുടെ ഗ്രൂപ്പ് കളിയും അതൊക്കെ സൃഷ്ടിച്ച മുന്നൊരുക്കമില്ലായ്മയുമാണ് ബി.ജെ.പിക്ക് വിജയമുണ്ടാക്കിക്കൊടുത്തത് എന്ന വസ്തുത മറച്ചുപിടിക്കാന്‍ കോണ്‍ഗ്രസുകാരും ലീഗുകാരും നടത്തുന്ന പ്രചാരവേലകള്‍ മലര്‍ന്നുകിടന്ന് മേലോട്ട് തുപ്പുന്നതിന് തുല്യമാണെന്നേ പറയാനുള്ളൂ.
സി.പി.ഐ.എം ബി.ജെ.പിയുമായി അഡ്ജസ്റ്റ് ചെയ്യുകയാണെന്ന ആഖ്യാനനിര്‍മിതിക്കുവേണ്ടി കരാറെടുത്തിട്ടുള്ള എല്ലാവരോടും പറയാനുള്ളത് ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച പല വാര്‍ഡുകളിലും ബി.ജെ.പി വോട്ട് കുറഞ്ഞുപോയതും ബി.ജെ.പി ജയിച്ച പല വാര്‍ഡുകളിലും കോണ്‍ഗ്രസ് വോട്ടിന് അതിദയനീയമായ ശോഷണം സംഭവിച്ചതും എന്തുകൊണ്ടാണെന്ന് ആലോചിക്കണം.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പിക്ക് ജയിച്ചുകയറാന്‍ കഴിഞ്ഞ 40ലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയി എന്നുമാത്രമല്ല അവരുടെ വോട്ട് അതിദയനീയമാംവിധം കുറയുകയാണുണ്ടായത്.
ഗോവയെയും അരുണാചല്‍ പ്രദേശിനെയും ഓര്‍മിപ്പിക്കുന്ന തരത്തിലാണ് മറ്റത്തൂര്‍ പഞ്ചായത്തില്‍ ബി.ജെ.പിയുമായുള്ള ധാരണപ്രകാരം ജയിച്ചുവന്ന എട്ട് പഞ്ചായത്ത് മെമ്പര്‍മാരും കൂട്ടത്തോടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയോടൊപ്പം ചേര്‍ന്നത്.
ഇതിന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എന്ത് മറുപടിയാണ് പറഞ്ഞതെന്നും നമ്മള്‍ കണ്ടതാണ്. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി പഞ്ചായത്തിലും കാസര്‍ഗോട്ടെ പൈവെളിഗെ പഞ്ചായത്തിലും കോണ്‍ഗ്രസ് അംഗങ്ങളുടെ സഹായം ബി.ജെ.പിക്ക് കൊടുത്തത് എന്തുകൊണ്ടാണെന്നും കേരളത്തിലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ വിശദീകരിക്കേണ്ടതല്ലേ?
ബി.ജെ.പിക്ക് മണ്ണൊരുക്കിക്കൊടുക്കുന്നതും താമരക്കുളങ്ങളില്‍ വെള്ളമൊഴിച്ചുകൊടുക്കുന്നതും പതിവ് പരിപാടിയാക്കി മാറ്റിയവരാണ് ഉളുപ്പില്ലാതെ ഇടതുപക്ഷത്തെ ആക്ഷേപിക്കാനിറങ്ങിയിരിക്കുന്നത്.
അരുണാചല്‍ പ്രദേശില്‍ 2016ല്‍ മുഖ്യമന്ത്രിയായിരുന്ന പേമ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ 43 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ഒഴുകുകയായിരുന്നു.
പേമ ഖണ്ഡു. Photo: pemakhandu_bjp/ instagram.com
കോണ്‍ഗ്രസ് വിട്ട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ രൂപീകരിച്ച് അതുവഴി ബി.ജെ.പിയിലേക്ക് പതിക്കുകയായിരുന്നു കോണ്‍ഗ്രസ് എം.എല്‍.എമാര്‍. ഇതേ രീതിയില്‍തന്നെയാണ് അസാമില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും മന്ത്രിമാരും കോണ്‍ഗ്രസ് പി.സി.സി നേതൃത്വമാകെയും തൃണമൂല്‍ വഴി ബി.ജെ.പിയില്‍ ചെന്ന് പതിച്ചത്.
2019ല്‍ കര്‍ണാടകയില്‍ ഓപ്പറേഷന്‍ ലോട്ടസ് വഴി സഖ്യസര്‍ക്കാരില്‍ നിന്ന് 13 കോണ്‍ഗ്രസ് എം.എല്‍.എ മാരാണ് ബി.ജെ.പിയിലേക്ക് പോയത്. 2020ല്‍ ജ്യോതിരാദിത്യ സിന്ധ്യയടക്കം 22 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് മധ്യപ്രദേശില്‍ ബി.ജെ.പിയിലെത്തിയത്. അങ്ങനെയാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അവിടെ നിലംപൊത്തിയത്.
ജ്യോതിരാദിത്യ സിന്ധ്യ
2019ല്‍ ഗോവയില്‍ ആകെയുള്ള 15 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 10 പേരും ബി.ജെ.പിയില്‍ ചേരുകയായിരുന്നു. 2022ലെ അസംബ്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളിലാണ് കോണ്‍ഗ്രസുകാരനായ മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, മൈക്കല്‍ ലോബോ എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അവരോടൊപ്പം എട്ട് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു.
മൈക്കല്‍ ലോബോ | ദിഗംബര്‍ കാമത്ത്
2020ല്‍ ഗുജറാത്തില്‍ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇപ്പോഴിതാ ബീഹാറിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒട്ടാകെ എന്‍.ഡി.എയില്‍ ചേക്കേറാന്‍ നീക്കങ്ങളാരംഭിച്ചിരിക്കുന്നുവെന്നാണ് അവിടെനിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ബീഹാറിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഒന്നടങ്കം ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
ആറ് എം.എല്‍.എ മാരാണ് കോണ്‍ഗ്രസിനുള്ളത്. ഇന്ത്യാ സഖ്യത്തില്‍ വലിയ വിലപേശല്‍ നടത്തിയാണ് 61 സീറ്റുകളില്‍ ബീഹാറില്‍ കോണ്‍ഗ്രസ് മത്സരിച്ചത്. ജയമുണ്ടായത് ആറ് ഇടത്ത് മാത്രമായിരുന്നു. ആ ആറ് എം.എല്‍.എമാരും തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം കഴിയും മുമ്പെ ബി.ജെ.പിയോടൊപ്പം ചേരുന്നുവെന്നത് എന്താണ് കാണിക്കുന്നത്.
ഇന്ന് ഇന്ത്യയുടെ പാര്‍ലമെന്റിലുള്ള ബി.ജെ.പിയുടെ എം.പിമാരില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് നേതാക്കളാണെന്ന വസ്തുത സി.പി.ഐ.എമ്മിനെ താമരക്കുളം നനയ്ക്കുന്നവരായി ആക്ഷേപിക്കാന്‍ ഉത്സാഹം കാണിക്കുന്നവര്‍ ഓര്‍മ്മിക്കുന്നത് നല്ലതാണ്.
ഓര്‍മയെന്നത് ഓരോ വ്യക്തിയുടെയും ജനതയുടെയും ചരിത്രബോധമാണ്. കമ്യൂണിസ്റ്റ് വിരോധത്തിന്റെയും അധികാരമോഹത്തിന്റെയും അന്ധതയില്‍ ചരിത്രബോധം നഷ്ടപ്പെട്ടവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം.
എങ്കിലും കോണ്‍ഗ്രസ് നേതാക്കളുണ്ടാക്കിക്കൊടുത്ത ആള്‍ബലത്തിലാണ് രാജ്യം വര്‍ഗീയ ഫാസിസ്റ്റുകളുടെ കയ്യിലെത്തിയിരിക്കുന്നതെന്ന് നമ്മളെല്ലാം ഓര്‍മ്മിച്ചേ പറ്റൂ.
ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടയ്ക്ക് എല്ലാകാലത്തും കോണ്‍ഗ്രസ് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിരുന്നു. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഒരേ സാമ്പത്തിക അടിത്തറയില്‍ നിന്നാണ് വന്നവരും ഭൂരിപക്ഷവര്‍ഗീയതയുടെ ഗുണകാംക്ഷികളുമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
നെഹ്റു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിനിധാനം ചെയ്തിരുന്ന മതനിരപേക്ഷ ജനാധിപത്യധാരയ്ക്കെതിരെ എല്ലാകാലത്തും കോണ്‍ഗ്രസിനകത്തുതന്നെ ഹിന്ദുത്വവാദികളോടൊപ്പം നിന്ന് അവരുടെ അജണ്ടയ്ക്ക് ഒത്താശചെയ്തുകൊടുത്തവരാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷ നേതാക്കളും.
ഗോവിന്ദ് വല്ലഭ് ഭായ് പന്ത് മുതല്‍ നരസിംഹറാവു വരെ… ബാബരി മസ്ജിദ് തുറന്നുകെടുക്കാനും ശിലാന്യാസം നടത്താനും അനുമതികൊടുത്ത രാജീവ് ഗാന്ധിവരെ… പള്ളി തകര്‍ത്ത സ്ഥലത്ത് അമ്പലം പണിയാന്‍ വെള്ളി ശിലകള്‍ നല്‍കിയ പ്രിയങ്കാ ഗാന്ധി വരെ… ആ നിര തുടരുകയാണ്.
ഗോവിന്ദ് വല്ലഭ് ഭായ് പന്ത് . Photo: Indian National Congress/inc.com
ദിവസത്തില്‍ 24 തവണയെങ്കിലും മോദിയെ സ്തുതിക്കുന്ന ദിഗ്‌വിജയ് സിങ്ങുമാരും ശശി തരൂരുമാരും ഇപ്പോഴും കോഗ്രസിന്റെ വര്‍ക്കിങ് കമ്മറ്റിയില്‍ അംഗങ്ങളാണ്.
ദിഗ്‌വിജയ് സിങ് | ശശി തരൂർ
നിയമസഭയില്‍ ഗണഗീതമാലപിക്കുകയും ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസരംഗത്തെ സേവനങ്ങളെ പുകഴ്ത്തുകയും ചെയ്യു ഡി.കെ.ശിവകുമാര്‍ കര്‍ണാടകയിലെ മാത്രമല്ല കേരളത്തിലെയും കോഗ്രസുകാരുടെയും ലീഗുകാരുടെയും ആരാധ്യപുരുഷനാണ്.
ഡി.കെ.ശിവകുമാര്‍
ആര്‍.എസ്.എസിന്റെ സംഘടനാശക്തിയെ ആരാധനയോടെ പുകഴ്ത്തു നേതാക്കളാണ് എ.ഐ.സി.സിയിലെ പ്രമുഖരെല്ലാമെന്ന് കമ്യൂണിസ്റ്റ് വിരോധംകൊണ്ട് ചരിത്രവും വര്‍ത്തമാനവും പഠിക്കാനും നോക്കിക്കാണാനും കഴിയാത്ത കോഗ്രസ് ലീഗ് പ്രചാരകരോട് പറഞ്ഞിട്ട് കാര്യമില്ല.
Content Highlight: KT Kunjikannan on Congress leaders joining BJP