ആരാണ് യുദ്ധം കൊതിക്കുന്നത്...?
India-Pak relation
ആരാണ് യുദ്ധം കൊതിക്കുന്നത്...?
കെ.ടി കുഞ്ഞിക്കണ്ണന്‍
Saturday, 2nd March 2019, 1:13 pm

യുദ്ധം സര്‍വ്വ പുരോഗതിയുടെയും സമൃദ്ധിയുടെയും മാതാവാണെന്നാണ് എല്ലാ ഫാസിസ്റ്റുകളും സാമ്രാജ്യത്വവാദികളും വിശ്വസിച്ചിരുന്നത്. ഹിറ്റ്‌ലറും മുസോളിനിയുമെല്ലാം യുദ്ധത്തെ ആരാധിക്കുകയും ജനങ്ങളെയാകെ യുദ്ധവാസനകളില്‍ അഭിരമിക്കാന്‍ പഠിപ്പിച്ചിരുന്നവരുമായിരുന്നു.സമാധാനവും ജനാധിപത്യവുമെല്ലാം ദുര്‍ബ്ബലരുടെ പ്രത്യയശാസ്ത്രമാണെന്നായിരുന്നു ഫാസിസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നത്,

തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും യുദ്ധത്തിലൂടെ ഇല്ലാതാക്കി ലോകത്തെ ശ്രേഷ്ഠ വംശജരായവരുടെ മേധാവിത്വത്തില്‍ കീഴില്‍ കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചത്.

കുത്തക മൂലധനത്തിന്റെ അധിനിവേശവാഞ്ഛയും ഈയൊരു വംശീയ പ്രത്യയശാസ്ത്രവും ചേര്‍ന്നാണ് രണ്ടാം ലോകമഹായുദ്ധം സൃഷ്ടിച്ചത്. കോടിക്കണക്കിന് മനുഷ്യരുടെ ജീവനും ജീവനോപാധികളും നഷ്ടപ്പെടുത്തിയ മഹായുദ്ധം, ഹിരോഷിമയും നാഗസാക്കിയും ആണവാഗ്‌നിയില്‍ വെന്തെരിഞ്ഞ മഹായുദ്ധം, യുറോപ്പിനെയും ലോകത്തെയും തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള മൂലധനശക്തികളുടെ അധിനിവേശ താല്പര്യങ്ങളില്‍ നിന്നാണ് ഹിറ്റ്‌ലറും മുസോളിനിയും ജപ്പാനിലെ ഹിരോഹിതചക്രവര്‍ത്തിയും ചേര്‍ന്ന് യുദ്ധം ആരംഭിക്കുന്നത്. 1939 ല്‍ നാസി സേന പോളണ്ട് വഴിയും യൂറോപ്പിലേക്ക് കടന്നത് യുറോപ്പിനെയാകെ കീഴടക്കി സോവിയറ്റ് യുണിയനെ വളഞ്ഞു പിടിക്കുക എന്ന തന്ത്രവുമായിട്ടായിരുന്നല്ലോ…

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ലോകജനതയും ജനാധിപത്യരാഷ്ട്രങ്ങളും ഒന്നിച്ച് നിന്ന് പൊരുതി. പക്ഷെ അമേരിക്കയിലെയും യൂറോപ്പിലെയും കുത്തക കമ്പനികള്‍ ഹിറ്റ്‌ലര്‍ക്കൊപ്പമായിരുന്നു. ഫോര്‍ഡും റോയല്‍ഡെച്ച്‌ഷെല്ലും സ്റ്റാന്‍ഡേര്‍ഡ് ഓയിലും കര്‍ണഗിയുമെല്ലാം ഹിറ്റ്‌ലറുടെ യുദ്ധഫണ്ടിലേക്ക് സ്വര്‍ണനാണയങ്ങള്‍ ഒഴുക്കി കൊടുത്തു. യൂറോപ്പിലെ ഏത് മേഖലയിലുമുള്ള യുദ്ധമുന്നണിയില്‍ നാസി സേനയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാനാണ് സ്വര്‍ണ നാണയങ്ങള്‍ തന്നെ ഒഴുക്കിക്കൊടുത്തത്. അവരെല്ലാം ഹിറ്റ്‌ലറിലൂടെ സോവിയറ്റ് യൂണിയന്റെയും സോഷ്യലിസത്തിന്റെയും അന്ത്യം സ്വപ്നം കണ്ടവരായിരുന്നു.

ഒക്‌ടോബര്‍ വിപ്ലവം റഷ്യയില്‍ അമേരിക്കന്‍ പെട്രോളിയം-ധാതു ഖനന കുത്തകകള്‍ക്ക് നഷ്ടപ്പെടുത്തിയ വിഭവങ്ങളും സമ്പത്തും തിരിച്ചുപിടിക്കാനും സോഷ്യലിസത്തിന്റെയും ദേശീയ സ്വാതന്ത്ര്യത്തിന്റെയും സ്വാധീനത്തില്‍ നിന്ന് ലോക ജനതയെ തടഞ്ഞുനിര്‍ത്താനുമാണ് ഫാസിസ്റ്റുകളെ കുത്തകകള്‍ അകമഴിഞ്ഞ് സഹായിച്ചത്.

രണ്ടാം ലോകമഹായുദ്ധാനന്തരം അമേരിക്ക ആവിഷ്‌കരിച്ച ശീതയുദ്ധ പദ്ധതികളാണ് വന്‍ശക്തി മത്സരത്തിനും അതിന്റെ ഫലമായ അനവധിയായ യുദ്ധങ്ങള്‍ക്കും കാരണമായത്. അറബ് ലോകത്തെ എണ്ണ സമ്പത്ത് കയ്യടക്കാനുള്ള സാമ്രാജ്യത്വ താല്പര്യങ്ങളിലാണ് പലസ്തീനികളുടെ ദേശീയസ്വത്വം വെല്ലുവിളിക്കപ്പെട്ടത്. സയണിസം ഒരു രാഷ്ട്രവാദമായി അറബ് വംശജരായ ജനങ്ങളെ വേട്ടയാടിയത്.

 

കൊറിയന്‍ യുദ്ധവും വിയറ്റ്‌നാമിനു നേരെയുള്ള ലോകമനസ്സാക്ഷിയെ ഞെട്ടിച്ച രാസായുധ പ്രയോഗങ്ങളും ഒന്നും രണ്ടും ഗള്‍ഫ് യുദ്ധങ്ങളും അമേരിക്കയുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ ആധിപത്യവാഞ്ഛകളില്‍ നിന്ന് ഉണ്ടായതാണ്. ലെനിന്‍ വിശദീകരിച്ചതുപോലെ സാമ്രാജ്യത്വമെന്നാല്‍ യുദ്ധമാണ്. വിഭവങ്ങളും സമ്പത്തും കയ്യടക്കാനും ലോകാധിപത്യം തങ്ങള്‍ക്ക് കീഴിലാക്കാനുമാണ് വന്‍ശക്തി രാഷ്ട്രങ്ങള്‍ യുദ്ധങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ളത്.

അഫ്ഗാനിലെ ഡോ.നജീബുള്ള ഗവണ്‍മെന്റിനെ അട്ടിമറിച്ചതും “ഇസ്‌ലാമിനെ” കമ്യൂണിസത്തിനെതിരായ പ്രത്യയശാസ്ത്രപദ്ധതിയായി അവതരിപ്പിച്ച് “വിശുദ്ധയുദ്ധ” ത്തിനായി തീവ്രവാദികളെ ഉല്‍പാദിപ്പിച്ചതും അമേരിക്കയായിരുന്നു. പാക്കിസ്ഥാനിലെ നിരുപദ്രവങ്ങളായ ആയിരക്കണക്കിന് മതപാഠശാലകളെ തീവ്രവാദികളെ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികളാക്കി മാറ്റുകയായിരുന്നു അമേരിക്കയിലെ റീഗന്‍ ഭരണകൂടവും പാക്കിസ്ഥാനിലെ സിയാഉള്‍ഹക്ക് ഭരണകൂടവും ചെയ്തത്. സ്വാത് മലാക്കുണ്ട് താഴ്‌വരയും ഖൈബര്‍ പക്തുണ്‍ മേഖലയും തീവ്രവാദികളുടെ താവളപ്രദേശമാക്കി മാറ്റിയത് സി.ഐ.എയും ഐ.എസ്.ഐയും പാക്കിസ്ഥാന്‍ സൈന്യവും ചേര്‍ന്നാണ്.

ജെയ്‌ഷെ മുഹമ്മദും ഹിസ്ബുള്‍ മുജാഹിദ്ദീനും ലഷ്‌കര്‍ ഇ തൊയ്ബയും തുടങ്ങി പല നാമങ്ങളില്‍ തീവ്രവാദ സംഘങ്ങളെ പടച്ചുവിട്ടതും താലിബാനിസ്റ്റുകളെ ലോകമെമ്പാടും വിന്യസിച്ചതും സാമ്രാജ്യത്വ ശക്തികളാണ്. ഇറാഖിലെ സദ്ദാംഹുസൈന്‍ ഭരണകൂടത്തെ തകര്‍ത്തതും ഇറാനെ ലക്ഷ്യമിട്ട് സിറിയയില്‍ കലാപം പടര്‍ത്തിയതും അതിനായി ഫ്രീസിറിയന്‍ ആര്‍മിയെന്ന പേരില്‍ അല്‍ഖ്വയ്ദയുടെ സിറിയന്‍ ഘടകമായ ജാബത്അന്‍സൂരിയ പോലുള്ള തീവ്രവാദ സംഘങ്ങളെ ഏകോപിപ്പിച്ചതും അമേരിക്കയാണ്. ഈ മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങളാണ് ഐ.എസ് പോലുള്ള ആഗോള ഭീകരവാദ സംഘങ്ങളെ വളര്‍ത്തിയെടുത്തത്.

 

പാക്കിസ്ഥാന്‍ കേന്ദ്രമായ ഒട്ടുമിക്ക തീവ്രവാദ സംഘങ്ങളും കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനുള്ള “വിശുദ്ധയുദ്ധം” പ്രഖ്യാപിച്ചിട്ടുള്ളവരാണ്. കാശ്മീര്‍ പ്രശ്‌നമാണ് ഇന്ത്യാ-പാക് വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനമായി നില്‍ക്കുന്നത്. കാശ്മീരിനെ പ്രശ്‌നവല്‍ക്കരിച്ചത് തെക്കനേഷ്യയിലെ വന്‍ശക്തി താല്‍പര്യങ്ങളായിരുന്നു. 1947-ല്‍ ഇന്ത്യയും പാക്കിസ്ഥാനുമായി നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതോടെയാണ് കാശ്മീര്‍ തര്‍ക്കപ്രശ്‌നമാകുന്നതും അതിനെ മുന്‍നിര്‍ത്തിയുള്ള സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയാകുന്നതും.

ബ്രിട്ടീഷ്-യു.എസ് സാമ്രാജ്യത്വവും കാശ്മീരിലെ ദോഗ്രിവംശ രാജഭരണകൂടവുമാണ് ഇന്ത്യയില്‍ നിന്ന് കാശ്മീരിനെ വേര്‍പെടുത്താനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. തന്ത്രപ്രധാനമായ കാശ്മീരിനെ പിടിച്ചെടുക്കാനാണ് റസല്‍ഹൈറ്റ്‌സ് എന്ന അമേരിക്കന്‍ സൈനിക ഉദേ്യാഗസ്ഥന്റെ മുന്‍കയ്യില്‍ പാക്ക് ഗോത്രവര്‍ഗ മിലിറ്റന്റുകളെ അണിനിരത്തി കാശ്മീരിലേക്ക് മാര്‍ച്ച് നടത്തിയത്. അങ്ങനെ പിടിച്ചെടുത്ത പ്രദേശമാണ് ഇന്നത്തെ പാക് ഓക്‌പൈഡ് കാശ്മീര്‍.

 

1947-ലെയും 1965-ലെയും 1971-ലെയും 1998-ലെ കാര്‍ഗില്‍ യുദ്ധവും കാശ്മീര്‍ പ്രശ്‌നത്തിന് ഒരു പരിഹാരവും ഉണ്ടാക്കിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. യുദ്ധം ഒന്നും പരിഹരിക്കുന്നില്ല എന്നുള്ളതാണ് കാശ്മീരിനെ മുന്‍നിര്‍ത്തിയുള്ള ഇന്ത്യാ-പാക്ക് സംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും ചരിത്രം തന്നെ നമ്മെ പഠിപ്പിക്കുന്നത്. ഇരു രാജ്യങ്ങളും ചര്‍ച്ചകളിലൂടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും ആഗോള സമൂഹത്തിന്റെ പിന്തുണയോടെ അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമുള്ള നയതന്ത്രപരമായ നീക്കമാണ് നടത്തേണ്ടത്. ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരവാദ സംഘങ്ങളെ ഒറ്റപ്പെടുത്താനും അമര്‍ച്ച ചെയ്യാനും പാക്കിസ്ഥാനെ നിര്‍ബന്ധിക്കാനാവശ്യമായ ആഗോള സമ്മര്‍ദ്ദങ്ങളും അതിനായുള്ള നയതന്ത്രപരമായ നീക്കങ്ങളുമാണ് നാം നടത്തേണ്ടത്.

സങ്കുചിതമായ ദേശീയലഹരിയും യുദ്ധോത്സുകതയും ഇരുരാജ്യങ്ങളുടെയും ഭരണവര്‍ഗ താല്‍പര്യങ്ങളെയാണ് സേവിക്കുന്നത്. അന്ധമായ ദേശീയവാദത്തില്‍ നിന്നല്ല സൗഹാര്‍ദ്ദപൂര്‍ണമായ അയല്‍പക്ക ബന്ധത്തില്‍ നിന്നാണ് ഇന്ത്യാ-പാക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാവുകയെന്ന കാര്യം ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നവരാകെ പറയേണ്ട സമയമാണിത്. പാകിസ്ഥാനിലെയും ഇന്ത്യയിലെയും ഭരണവര്‍ഗ താല്‍പര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജനാധിപത്യ ദേശീയതയുടെയും സാര്‍വദേശീയ സാഹോദര്യത്തിന്റെയും കൊടിക്കൂറ ഉയര്‍ത്തിക്കാട്ടേണ്ട സന്ദര്‍ഭമാണിത്.

കെ.ടി കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍