Administrator
Administrator
നല്ല കുഞ്ഞാലിക്കുട്ടിയെ തിരിച്ച് നല്‍കാനായി…
Administrator
Monday 8th February 2010 5:08pm

അഭിമുഖം / കെ ടി ജലീല്‍

മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ നിലപാടുകള്‍ക്കെതിരെ രംഗത്ത് വന്നതിന് പാര്‍ട്ടി പുറത്താക്കുകയും പിന്നീട് കുഞ്ഞാലിക്കുട്ടിക്കെതിരെ കുറ്റിപ്പുറത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തയാളാണ് കെ ടി ജലീല്‍ . കേരള രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട തിരഞ്ഞെടുപ്പ് അട്ടിമറിയായിരുന്നു കുറ്റിപ്പുറത്ത് ജലീല്‍ സാധിച്ചത്. ലീഗ് വിട്ട ശേഷം കേരളത്തിലങ്ങോളമിങ്ങോളം അദ്ദേഹം സി പി ഐ എം വേദികളിലെ നിറ സാന്നിധ്യമായി. ഇടത് -മുസ്‌ലിം സഖ്യ രാഷ്ട്രീയത്തില്‍ കെ ടി ജലീല്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് വിലയിരുത്തപ്പെട്ടു. കേരളത്തിലെ മാധ്യമങ്ങളാല്‍ ജലീല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പിണറായി വിജയന്‍ നയിച്ച കേരള യാത്രയില്‍ പാര്‍ട്ടി അംഗമല്ലാത്ത ഏക ആളായി പങ്കെടുത്തു.

എന്നാല്‍ ഏറെക്കാലമായി ജലീല്‍ നിശബ്ദനാണ്. മുഖ്യധാര മാധ്യമങ്ങള്‍ ജലീലിനെ കയ്യൊഴിഞ്ഞു. സി പി ഐ എമ്മും മതവിശ്വാസവുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങള്‍ ഉടലെടുത്തു. പാര്‍ട്ടി അംഗങ്ങളായ എം പിമാര്‍ ഒന്നൊന്നായി മതവിശ്വാസത്തിന്റെ പേരില്‍ പാര്‍ട്ടി വിട്ട് കൊണ്ടിരിക്കുന്നു. കേരളത്തിലെ മുസ്‌ലിം തീവ്രവാദത്തിന് പിന്നില്‍ ലീഗ് വിരുദ്ധ രാഷ്ട്രീയമാണെന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കെ ടി ജലീല്‍ കേരളഫഌഷ്‌ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ കെ മുഹമ്മദ് ഷഹീദുമായി സംസാരിക്കുന്നു.

കേരളം മതേതര സംസ്ഥാനമായി നിലനില്‍ക്കാന്‍ കാരണം തങ്ങളുടെ ഇടപെടലാണെന്ന് മുസ്‌ലിം ലീഗ് എപ്പോഴും പറയാറുണ്ട്. കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ ക്രഡിറ്റ് ഇങ്ങിനെ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവുമോ?.

– കേരളത്തിലെ ഊഷ്മളമായ മതേതരസ്വഭാവത്തിന് പല കാരണങ്ങളുമുണ്ട്. കേരളത്തിലെ സജീവമായ ഇടത് സാന്നിധ്യം ഇതിന് കാരണമാണ്. ലീഗിന്റെ സാന്നിധ്യവും സഹായിച്ചിട്ടുണ്ട്. ലീഗ് രണ്ട് മുന്നണിയില്‍ പ്രവര്‍ത്തിച്ചത് വര്‍ഗീയതയെ തടഞ്ഞു. എന്നാല്‍ കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ ക്രെഡിറ്റ് ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് മാത്രമായി ഏറ്റെടുക്കാനാവില്ല. മതേതരത്വത്തില്‍ മാത്രമല്ല, സാക്ഷരതയിലും ആരോഗ്യ രംഗത്തും കേരളം മുന്നിലാണ്.

ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ കേരളത്തില്‍ വര്‍ഗീയ പ്രശ്‌നങ്ങളൊന്നുമുണ്ടാകാതെ സംരക്ഷിച്ചത് ലീഗാണെന്ന് നേതാക്കള്‍ എപ്പോഴും പറയാറുണ്ട്.

– കേരളത്തില്‍ മാത്രമല്ല, ബോംബെയൊഴികെ മറ്റിടങ്ങളിലൊന്നും പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. കര്‍ണാടകയും പശ്ചിമ ബംഗാളുമെല്ലാം ശാന്തമായിരുന്നു. കാശ്മീരില്‍ ഒരു അനക്കവുമുണ്ടായില്ല. മുസ്‌ലിംകള്‍ ഏറ്റവും കൂടുതല്‍ കഴിയുന്ന രണ്ടാമത്തെ സംസ്ഥാനമായ ആസാമിലും സംഘര്‍ഷങ്ങളുണ്ടായില്ല. അപ്പോള്‍ പിന്നെ കേരളത്തില്‍ മാത്രമായി എങ്ങിനെയാണ് ലീഗിന് മതേതരത്വം കാത്തു സൂക്ഷിക്കേണ്ടി വരിക. കാശ്മീരില്‍ അഞ്ച് മുസ്‌ലിം ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ ലീഗ് കാത്തു സൂക്ഷിച്ച മതേതരത്വം എവിടെപ്പോയി. ലീഗ് ഭരണ പക്ഷത്താകുമ്പോള്‍ എന്നും മതേതര പക്ഷത്തായിരിക്കും. എന്നാല്‍ പ്രതിപക്ഷത്താവുമ്പോള്‍ സ്ഥിതി മാറും. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി യുടെ കാര്യത്തില്‍ ലീഗ് വര്‍ഗീയ പ്രചാരണമാണ് നടത്തിയത്. എല്ലാ കേന്ദ്ര യൂനിവേഴ്‌സിറ്റികളെയും പോലെ മാത്രമേ അലിഗഡിനും പ്രാധാന്യമുള്ളൂ. എന്നാല്‍ അതിന് ഒരു മത പരിവേഷം നല്‍കാനാണ് ലീഗ് ശ്രമിച്ചത്.

ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ മുസ്‌ലിം ലീഗ് കുറച്ചു കൂടി ശക്തമായ നിലപാടെടുത്തിരുന്നുവെങ്കില്‍ കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ കാശ്മീരിലേക്ക് പോവുകയില്ലായിരുന്നെന്ന് പറയാന്‍ കഴിയുമോ?

– അതെ അന്ന് മുസ് ലിം ലീഗ് കോണ്‍ഗ്രസിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് മുസ്‌ലിംകളില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. നിഷ്പക്ഷത പാലിക്കുന്നുവെന്നാണ് ലീഗ് അന്ന് പറഞ്ഞത്. അക്രമണം കണ്ട് നില്‍ക്കുകയെന്നത് നിഷ്പക്ഷതയല്ല. അക്രമിക്കപ്പെട്ടവരെ രക്ഷിക്കുകയാണ് നിഷ്പക്ഷത. എന്നാല്‍ എല്ലാം കാണിയെപ്പോലെ നോക്കി നില്‍ക്കുകയായിരുന്നു ലീഗ് ചെയ്തത്. അന്ന് കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു ലീഗ് ചെയ്യേണ്ടിയിരുന്നത്. എന്നിട്ട് എല്‍ ഡി എഫുമായി ധാരണയുണ്ടാക്കേണ്ടിയിരുന്നു വേണ്ടിയിരുന്നത്. എല്‍ ഡി എഫുമായി ഒരു അടവ് നയമെങ്കിലും സ്വീകരിക്കേണ്ടിയിരുന്നു.

ലീഗിന് സംഭവിച്ച ധാര്‍മ്മികാപചയവും മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദ ചിന്തയിലേക്ക് കൊണ്ട് പോയിട്ടുണ്ടോ?

അതെ, മുസ്‌ലിം ലീഗ് നേതൃത്വത്തിന് സംഭവിച്ച അപചയം യുവാക്കളെ നിരാശരാക്കിയിരുന്നു. അവര്‍ മറ്റ് വഴികളിലേക്ക് തെന്നിപ്പോകാന്‍ ഇത് കാരണമായി. മതപരിവേശത്തില്‍ രൂപീകൃതമായ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. കോണ്‍ഗ്രസ് നശിച്ച പോലെ അത് നശിക്കാന്‍ പാടില്ലായിരുന്നു.

ലീഗ് മതേതര പാര്‍ട്ടിയാണെന്ന് വിശ്വസിക്കുന്നുണ്ടോ?

ലീഗ് അടിസ്ഥാനപരമായി മതേതര പാര്‍ട്ടിയാണ്. അധികാരത്തിന് വേണ്ടി ഇടക്കിടെ ചില ഭ്രംശനങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അത് മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.

കമ്യൂണിസവും മതവിശ്വാസവും തമ്മിലുള്ള ബന്ധം എന്തായിരിക്കണം?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭൗതിക വാദത്തില്‍ അധിഷ്ടിതമാണ്. അത് എല്ലാവര്‍ക്കുമറിയാവുന്നതാണ്. കമ്യൂണിസ്്റ്റ് പാര്‍ട്ടി ശക്തമായ പ്രത്യയശാസ്ത്ര കാര്‍ക്കഷ്യം പുലര്‍ത്തിയിരുന്ന കാലത്താണ് ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് സി പി ഐ എമ്മുമായി സഖ്യമുണ്ടായിക്കിയത്. അബ്ദുല്ലക്കുട്ടിയും മനോജും ഇപ്പോള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ ബാലിശമാണ്. പാര്‍ട്ടി മാറാന്‍ രാഷ്ട്രീയ കാരണങ്ങള്‍ കണ്ടെത്തുകയാണ് ഇവര്‍ വേണ്ടത്. ഇന്ത്യയില്‍ 90 കോടി ഹിന്ദുക്കളുണ്ട്. അവരാരും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല. മുസ്‌ലിംകള്‍ക്കും കൃസ്ത്യാനികള്‍ക്കും മാത്രമാണ് ഇത്തരത്തില്‍ ആരോപണമുള്ളത്. ഇത്തരം നീക്കങ്ങള്‍ ഹിന്ദുത്വ വാദികള്‍ക്ക് കരുത്ത് പകരുകയാണ്.

നെഹ്‌റു നിരീശ്വര വാദിയായിരുന്നു. അദ്ദേഹത്തിനൊപ്പമാണ് മതവിശ്വാസിയായ മൗലാന അബ്ദുല്‍ കലാം പ്രവര്‍ത്തിച്ചിരുന്നത്. വിശുദ്ധ ഖുര്‍ആനിന് വ്യാഖ്യാനമെഴുതിയ പണ്ഡിതനായിരുന്നു അദ്ദേഹം. സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറി കെ സെയ്്താലിക്കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത് മഞ്ചേരി സെന്‍്ട്രല്‍ ജുമാമസ്ജിദിലാണ്. ലീഗ് നേതാവ് കൊരമ്പയില്‍ അഹമ്മദ് ഹാജിയെയും അടക്കം ചെയ്തത് ഈ ഖബര്‍ സ്ഥാനിലാണ്. എന്നാല്‍ മത്തായി ചാക്കോ ജീവിത കാലത്ത് വിശ്വാസിയല്ലതിരുന്നതിനാലാണ് മരണത്തിന് ശേഷവും പള്ളിയില്‍ അടക്കം ചെയ്യാതിരുന്നത്.

മതവിശ്വാസവുമായി ബന്ധപ്പെട്ട് സി പി ഐ എം നിലപാടില്‍ പുതുമയൊന്നുമില്ല. അവരുടെ പഴയ നിലപാട് തന്നെയാണിത്. പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചപ്പോഴും പിന്നീട് പാര്‍ട്ടി അംഗത്വത്തിന് അപേക്ഷ നല്‍കിയപ്പോഴെങ്കിലും മനോജ് പാര്‍ട്ടിയുടെ ഈ നിലപാടിനെ ക്കുറിച്ച് ആലോചിക്കേണ്ടിയിരുന്നു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇസ്‌ലാം, കൃസ്ത്യന്‍ മത വിശ്വാസങ്ങളെ വിലയിടിച്ചു കാണിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മതം ഇത്രയും ഇടുങ്ങിയതാണെന്നാണ് ഇവര്‍ നല്‍കുന്ന സന്ദേശം.

ജി ദേവരാജനെപോലുള്ള ഇടതു നേതാക്കള്‍ തന്നെ മതവിശ്വാസവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കുന്ന അനാവശ്യ കാര്‍ക്കശ്യങ്ങള്‍ ഒഴിവാക്കണമെന്ന് പറയുന്നുണ്ടല്ലോ?

അത് ഓരോരുത്തരുടെയും അഭിപ്രായമാണ്. സി പി ഐ എം ഇതിനേക്കാള്‍ പ്രത്യയശാസ്ത്ര കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന കാലത്താണ് അവര്‍ക്ക് ഇതിലും കൂടുതല്‍ ജനപിന്തുണയുണ്ടായിരുന്നത്. കാര്‍ക്കശം കുറഞ്ഞപ്പോഴാണ് ഇപ്പോള്‍ അല്‍പമെങ്കിലും ദുര്‍ബലമായത്. പഞ്ചാബിലെയും ആന്ധ്രയിലെയും ഉദാഹരണങ്ങളിലൂടെ ഇത് മനസിലാകും.

താങ്കളെ ഒരു ലൈംഗിക അപവാദക്കേസില്‍ പെടുത്താന്‍ ശ്രമം നടന്നതായി താങ്കള്‍ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവല്ലോ?

-യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡണ്ട് കെ എം ഷാജിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മറ്റ് ചില യൂത്ത് ലീഗ് നേതാക്കളും
മണ്ഡലത്തിലെ ചിലരും ഇതിന് പിന്നിലുണ്ടായിരുന്നു. കെ എം ഷാജി വളാഞ്ചേരിയില്‍ സുഖ ചികിത്സയില്‍ കഴിഞ്ഞ സമയത്താണ് ഈ നീക്കം നടന്നത്. തനിക്കെതിരെ അപവാദം പ്രചരിപ്പിക്കാന്‍ ഒരാളെ പണം കൊടുത്ത് ചട്ടം കെട്ടിയിരുന്നു. എന്നാല്‍ ഇടനിലക്കാരന്‍ ഈ വിവരം എന്നെ അറിയച്ചതോടെയാണ് നീക്കം പൊളിഞ്ഞത്. പത്ത് ലക്ഷം രൂപയും ഗള്‍ഫില്‍ ജോലിയുമായിരുന്നു തനിക്കെതിരെ അപവാദം പ്രചരിപ്പിക്കാന്‍ അവര്‍ വാഗ്ദാനം ചെയ്തത്.

തന്നെ യൂത്ത് ലീഗില്‍ നിന്ന് പുറത്താക്കാന്‍ മുന്‍ കയ്യെടുത്തത് ഷാജിയാണ്. പി കെ കുഞ്ഞാലിക്കുട്ടിയെക്കൊണ്ട് പാണക്കാട്ട് നിന്ന് സാദിഖലി ശിഹാബ് തങ്ങളെ കൊണ്ട് വന്നത് എന്നെ ഒഴിവാക്കാനായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഷാജിയാണ്. തന്നെ പുറത്താക്കാന്‍ മുന്‍പന്തിയില്‍ നിന്നയാളെന്ന നിലയിലാണ് കഴിഞ്ഞ തവണ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചത്. വരുന്ന തിരഞ്ഞെടുപ്പില്‍ കോട്ടക്കലില്‍ കെ എം ഷാജിയെ ഞാന്‍ മത്സരത്തിന് വിളിക്കുകയാണ്. ഞാന്‍ നേരിടാന്‍ തയ്യാറാണ്. വയനാട്ടില്‍ നിന്ന് കൊല്ലത്തേക്കുള്ള ദൂരം കോട്ടക്കലേക്കില്ല.

ലീഗും കുഞ്ഞാലിക്കുട്ടിയും തെറ്റുതിരുത്താന്‍ ശ്രമിക്കുന്നുണ്ടോ?.

ഇപ്പോള്‍ ചില ശ്രമങ്ങള്‍ കാണുന്നുണ്ട്. കഴിഞ്ഞ കാലം സഞ്ചരിച്ച ദിശയില്‍ നിന്ന ശരിയായ ദിശയിലേക്ക് ഒരു നോട്ടം കാണുന്നുണ്ട്. കഴിഞ്ഞ കാലത്ത് തെറ്റ് പറ്റിയെന്ന് കുഞ്ഞാലിക്കുട്ടി തന്നെ മാധ്യമങ്ങളിലൂടെ ഏറ്റ് പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയം എന്നെ മാറിചിന്തിപ്പിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗില്‍ താനുള്‍പ്പെടെയുള്ളവര്‍ നടത്താന്‍ ശ്രമിച്ച വിപ്ലവം ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിവെച്ചുവെന്നാണ് ഇത് തെളിയിക്കുന്നത്. ചുരുക്കത്തില്‍ ഞാന്‍ നടത്തിയ കലാപം നല്ല കുഞ്ഞാലിക്കുട്ടിയെ ലീഗിന് തിരിച്ച് കിട്ടാന്‍ സഹായിച്ചു.

താങ്കളുടെ വാക്കില്‍ ലീഗിലേക്കുള്ള തിരിച്ച് പോക്കിന് ഒരിടം കാണുന്നുണ്ടല്ലോ?.

ഇത് ഇടത്തിന്റെ പ്രശ്‌നമല്ല. ഞാന്‍ ലീഗില്‍ നിന്ന് പുറത്ത് വന്നത് ലീഗിന്റെ അടിസ്ഥാനത്തെ ചോദ്യം ചെയ്തകൊണ്ടല്ല. ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ലീഗിന്റെ നിലപാടുകളെയാണ് ഞാന്‍ വിമര്‍ശിച്ചത്. 20 വര്‍ഷം ഞാന്‍ ചെലവഴിച്ചത് ലീഗിലാണ്. ആ പാര്‍ട്ടിയോട് നന്ദിയും കടപ്പാടുമുണ്ട്. സംസ്ഥാന സെക്രട്ടറിയുടെ ചില നിലപാടുകളെ വിമര്‍ശിക്കുകയായിരുന്നു ഞാന്‍ ചെയ്തത്. അതിന് എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി നില്‍ക്കട്ടെ. ലീഗിനതിനുള്ള അവകാശവും അര്‍ഹതയുമുണ്ട്. എ പി അബ്ദുല്ലക്കുട്ടിക്ക് സി പി ഐ എമ്മിലേക്ക് ഇനിയൊരു തിരിച്ച് പോക്കില്ല, അബ്ദുല്ലക്കുട്ടി സി പി ഐ എമ്മിന്റെ അടിസ്ഥാന ആശയങ്ങളെ തള്ളിപ്പറഞ്ഞ് കൊണ്ടാണ് പുറത്തേക്ക പോയത്. എന്നാല്‍ ഞാന്‍ അങ്ങിനെയല്ല.

വ്യക്തികളുടെയുംസംഘടനകളുടെയും പ്രതാപ കാലത്ത് അതിനെ എതിര്‍ക്കാനുള്ള ധൈര്യം കാണിക്കലാണ് ആണത്തം. ലീഗിന്റെ പ്രതാപകാലത്ത് പാര്‍ട്ടിയെ എതിര്‍ത്തയാളാണ് ഞാന്‍. അക്കാലത്ത് കുഞ്ഞാലിക്കുട്ടിയെ പൂവിട്ട് പൂജിച്ചയാളാണ് ഷാജി. തിരഞ്ഞെടുപ്പില്‍ തോറ്റ് യുദ്ധഭൂമിയില്‍ വീണ കുഞ്ഞാലിക്കുട്ടിയെ ചവിട്ടാനാണ് ഷാജി ശ്രമിച്ചത്. ഷാജി എല്ലാ ആനൂകൂല്യങ്ങളും പറ്റിയ ശേഷം വീണ് കിടക്കുന്ന കുഞ്ഞാലിക്കുട്ടിയെ ചവിട്ടുകയായിരുന്നു.

പിണറായി വിജയന്റെ കേരള യാത്രക്കൊപ്പം താങ്കളുമുണ്ടായിരുന്നു. ഇതെച്ചൊല്ലി ഏറെ വിമര്‍ശനവുമേറ്റിരുന്നു. ലീഗിലെ അഴിമതിക്കെതിരായി നിലപാട് സ്വീകരിച്ച് പുറത്ത് വന്ന താങ്കള്‍ ലാവ്‌ലിന്‍ അഴിമതിയെ വെള്ള പൂശാനായി സംഘടിപ്പിച്ച കേരള യാത്രയില്‍ സ്ഥിരം അംഗമായി എന്നായിരുന്നു ആരോപണം.

-ലാവ്‌ലിന്‍ കേസ് അയഥാര്‍ഥമായ കേസാണ്. മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വം വേഗത്തില്‍ നിര്‍വ്വഹിക്കുക മാത്രമാണ് പിണറായി അന്ന് ചെയ്തത്. പിണറായി സ്വന്തം നിലയില്‍ ലാഭമുണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ല. പിണറായിയെ എന്നെക്കാളും വിശ്വസിക്കുന്നവരാണ് ലീഗ് നേതാക്കള്‍. ദേശാഭിമാനിയുടെ മലപ്പുറം യൂനിറ്റ് ഉദ്ഘാടനത്തിന് പിണറായിക്കൊപ്പം വേദി പങ്കിടാന്‍ ഇ ടി മുഹമ്മദ് ബഷീര്‍ തയ്യാറായത് അത് കൊണ്ടാണ്. എന്നാല്‍ അതിന് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.

സി പി ഐ എമ്മും ഇടത് പാര്‍ട്ടികളും എന്നോട് കാണിച്ച ആഭിമുഖ്യവും സ്‌നേഹവും മറക്കാനാവാത്തതാണ്. അതിന് എന്നും കടപ്പാടുണ്ടാവും. പിണറായി വിജയന്‍ നയിച്ച കേരള യാത്രയില്‍ എന്നെ അംഗമായി ചേര്‍ത്തത് വലിയ അംഗീകാരമായാണ് ഞാന്‍ കാണുന്നത്. ജീവിതത്തില്‍ ലഭിച്ച വലിയ ഒരു അവസരമായിരുന്നു അത്. യാത്രയില്‍ ഒരിക്കല്‍ പോലും എനിക്ക് നമസ്‌കാരം ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല.

നമ്മുടെ സമൂഹത്തിലെ വിവിധ ജാതി, മത, അവസ്ഥകളില്‍ കഴിയുന്നവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്കായി. 100 കൊല്ലത്തെ വായനയില്‍ നിന്ന് ലഭിക്കാത്ത അറിവായിരുന്നു അത്. കേരള യാത്ര എന്റെ മതേതര കാഴ്ചപ്പാടുകളെ വിശാലമാക്കി.

Advertisement