| Sunday, 6th April 2025, 7:53 am

ആഗ്രഹമുണ്ടായിട്ടും അദ്ദേഹത്തിന്റെ ഒരു പാട്ടുപോലും ഞാന്‍ പാടിയില്ല, ഒന്ന് കാണണമെന്നുണ്ടായിരുന്നു: കെ.എസ്. ചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ് കെ.എസ്. ചിത്ര. അഞ്ച് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ചിത്ര മലയാളമുള്‍പ്പെടെ 23 ഭാഷകളിലായി ഇരുപതിനായിരത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്. 16 തവണ മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ചിത്ര ആറ്തവണ മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കി.

ബാബുരാജ് മാഷിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്ര. മാഷിന്റെ ഒരു പാട്ടുപോലും പാടാനോ അദ്ദേഹത്തെ കാണാനോ കഴിഞ്ഞിട്ടില്ലെന്നും ചിത്ര പറയുന്നു. ബാബുരാജ് മാഷിനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് ചിത്ര പറഞ്ഞു.

എന്നാല്‍ നീലവെളിച്ചം എന്ന ചിത്രത്തിലൂടെ ബാബുരാജ് മാഷിന്റെ പാട്ടുപാടാന്‍ കഴിഞ്ഞെന്നും സംഗീതസംവിധായകന്‍ ബിജിബാലാണ് അതിന് അവസരമുണ്ടാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പാടാന്‍ അവസരം കിട്ടിയിരുന്നെങ്കിലെന്ന് തോന്നിയ മലയാള സംഗീത സംവിധായകരുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ചിത്ര.

മാഷിന്റെ ഒരു പാട്ട് പോലും ഞാന്‍ പാടിയിട്ടില്ല. കണ്ടിട്ടുപോലുമില്ല. പാടിയിട്ടില്ലെങ്കിലും ഒന്നു കാണണമെന്നുണ്ടായിരുന്നു – ചിത്ര

‘ബാബുരാജ് മാഷ്. മാഷിന്റെ ഒരു പാട്ട് പോലും ഞാന്‍ പാടിയിട്ടില്ല. കണ്ടിട്ടുപോലുമില്ല. പാടിയിട്ടില്ലെങ്കിലും ഒന്നു കാണണമെന്നുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ഇറങ്ങിയ നീലവെളിച്ചം എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ പേര് എന്റെ പുസ്തകത്തില്‍ എഴുതാന്‍ കഴിഞ്ഞു. ബിജിബാലാണ് അത് ചെയ്തതെങ്കിലും ബാബുക്കയുടെ പേര് എന്റെ ബുക്കില്‍ എഴുതാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം,’ ചിത്ര പറയുന്നു.

തനിക്ക് ലഭിച്ച അവാര്‍ഡുകളെ കുറിച്ചും ചിത്ര സംസാരിച്ചു. തനിക്ക് അവാര്‍ഡ് കിട്ടിയ പാട്ടുകളെല്ലാം മികച്ചതായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഇതിനും അവാര്‍ഡ് എന്ന് തോന്നിയ പാട്ടുകളുമുണ്ടെന്നും ചിത്ര പറഞ്ഞു. എന്നാല്‍ കിട്ടുന്ന ബഹുമതി വേണ്ടെന്ന് വെക്കാനുള്ള മനസ് തനിക്കില്ലെന്നും ചിത്ര വ്യക്തമാക്കി.

‘എനിക്ക് അവാര്‍ഡ് കിട്ടിയ പാട്ടുകള്‍ എല്ലാം മികച്ചതാണെന്ന് ഞാനും വിശ്വസിക്കുന്നില്ല. ഇതിനും അവാര്‍ഡ് എന്ന് തോന്നിയ പാട്ടുകളുമുണ്ട്. അത് വേറെ ഒരാളിന് കിട്ടണമോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. നമുക്ക് കിട്ടുന്ന ബഹുമതി വേണ്ടെന്നുവെക്കാനുള്ള ഒരു മനസ് എനിക്കില്ല. അങ്ങനെ ചെയ്യുന്നത് ഒരു മര്യാദകേടാവും എന്ന ചിന്തയാണ് എനിക്കുള്ളത്,’ കെ.എസ്. ചിത്ര പറഞ്ഞു.

Content Highlight: KS Chithra Talks About Baburaj

We use cookies to give you the best possible experience. Learn more