| Friday, 18th April 2025, 10:06 am

പെര്‍ഫെക്ട്, ആ മലയാള നടനെ കുറിച്ച് ഒറ്റവാക്കില്‍ അങ്ങനെ പറയാം: കൃതി ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കൃതി ഷെട്ടി. 2021ല്‍ പുറത്തിറങ്ങിയ ഉപ്പേന എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിലൂടെയാണ് കൃതി നായികയായി എത്തുന്നത്. പഞ്ച വൈഷ്ണവ് തേജയായിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്.

പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറാന്‍ കൃതിക്ക് സാധിച്ചിരുന്നു. തെലുങ്കിന് പുറമെ നടി തമിഴിലും കന്നടയിലും തന്റെ സാന്നിധ്യമറിയിച്ചു. കൃതി നായികയായി എത്തിയ ആദ്യ മലയാള സിനിമയായിരുന്നു അജയന്റെ രണ്ടാം മോഷണം.

2024ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ടൊവിനോ തോമസ് ആയിരുന്നു നായകന്‍. ഇപ്പോള്‍ ടൊവിനോയെ കുറിച്ച് പറയുകയാണ് കൃതി ഷെട്ടി. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഒറ്റവാക്കില്‍ നടനെ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘പെര്‍ഫെക്ട്’ എന്നാണ് കൃതി പറഞ്ഞത്.

‘ടൊവിനോയെ കുറിച്ച് ചോദിച്ചാല്‍, ഒറ്റവാക്കില്‍ പറയാന്‍ പറ്റുന്നത് പെര്‍ഫെക്ട് എന്നാണ്. അദ്ദേഹം വളരെ പെര്‍ഫെക്ടായ ഒരു വ്യക്തിയാണ്,’ കൃതി ഷെട്ടി പറയുന്നു.

അഭിമുഖത്തില്‍ നാനി, നാഗ ചൈതന്യ, പഞ്ച വൈഷ്ണവ് തേജ എന്നിവരെ കുറിച്ചും കൃതി സംസാരിച്ചു. നാനി വളരെ നാച്ചുറലാണെന്നും നാഗ ചൈതന്യ വിനയത്തോടെ സംസാരിക്കുന്ന ആളാണെന്നുമാണ് നടി പറഞ്ഞത്. വൈഷ്ണവ് തേജ തന്റെ ക്രൈം പാര്‍ട്ണറെ പോലെയാണെന്നും കൃതി കൂട്ടിച്ചേര്‍ത്തു.

‘നാനിയെ കുറിച്ച് ചോദിച്ചാല്‍, നാനി വളരെ നാച്ചുറലാണ്. അദ്ദേഹം വളരെ വിനയത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളാണ്. അതുപോലെ തന്നെ വളരെ സിമ്പിളുമാണ്.

നാഗ ചൈതന്യയും വളരെ വിനയത്തോടെ പെരുമാറുന്ന ആളാണ്. അത് എന്നെ ശരിക്കും സര്‍പ്രൈസ് ചെയ്യിച്ചിരുന്നു. കാരണം അദ്ദേഹം വരുന്നത് അങ്ങനെയുള്ള ഒരു ഫാമിലിയില്‍ നിന്നാണല്ലോ. സിനിമയുമായി അത്രയും കണക്ടായ ഒരു ഫാമിലിയില്‍ നിന്നാണ്. അങ്ങനെ നോക്കുമ്പോള്‍ നാഗ ചൈതന്യയും വളരെ സിമ്പിളാണ്.

നടന്‍ വൈഷ്ണവ് തേജ എന്റെ ക്രൈം പാര്‍ട്ണറെ പോലെയാണ്. കാരണം ഞങ്ങള്‍ സിനിമയില്‍ ഒരുമിച്ച് യാത്ര തുടങ്ങിയവരാണ്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്,’ കൃതി ഷെട്ടി പറയുന്നു.

Content Highlight: Krithi Shetty Says Tovino Thomas Is Very Perfect

We use cookies to give you the best possible experience. Learn more