തിയേറ്ററുകളിൽ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിജയകരമായി മുന്നേറുകയാണ് സംവിധായകൻ കൃഷ്ണദാസ് മുരളി ഒരുക്കിയ മോഹനിയാട്ടം. 2024ൽ പുറത്തിറങ്ങിയ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയ ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് മോഹിനിയാട്ടം തിയേറ്ററുകളിലെത്തിയത്.
ആദ്യഭാഗത്തിലെ താരനിരയ്ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, ബേബി ജീൻ, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മോഹിനിയാട്ടം, Photo: YouTube/ Screengrab
ചിത്രത്തിൽ ബേബി ജീൻ അവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രം ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകൻ കൃഷ്ണദാസ് മുരളി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്
സുഭാഷ് എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് സംഗീത് പ്രതാപിനെ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മറ്റ് സിനിമകളിലെ തിരക്കുകൾ കാരണം ആ വേഷം പിന്നീട് ഒഴിവാക്കേണ്ടി വന്നുവെന്നും വ്യക്തമാക്കി. ദി ഷോ സ്‌കേപ്പ് ജേർണലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംഗീത് പ്രതാപ് ആയിരുന്നു അവസാനം വരെ ഉണ്ടായിരുന്ന ഓപ്‌ഷൻ. പക്ഷെ സെയിം ടൈം തന്നെ അവന് മുമ്പ് കമ്മിറ്റ് ചെയ്ത് ചിത്രമുണ്ടായിരുന്നു. മെഡിക്കൽ മിറാക്കിൾ ആണോ അതോ ബത്‌ലഹേം കുടുംബ യൂണിറ്റ് ആണോ എന്നറിയില്ല.
മോഹിനിയാട്ടം, Photo: YouTube/ Screengrab
അങ്ങനെ എല്ലാം ഒരേ സമയം തുടങ്ങുന്ന രീതിയായിരുന്നു. നമുക്കാണെങ്കിൽ ഒരു 35 ദിവസത്തോളം വേണം മാറി മാറി പടം ചെയ്യുക എന്നുള്ളതും പോസ്സിബിൾ ആയിട്ടുള്ള കാര്യമല്ല.
ഒരുപാട് ആർട്ടിസ്റ്റുകൾ ഉള്ളതുകൊണ്ട് ഒന്നാമതേ നല്ല കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു. അങ്ങനെ ഇതും കൂടിയായപ്പോൾ നമ്മൾ മാറിയതായിരുന്നു. അങ്ങനെ ഈ ക്യാറക്ടർ ആര് ചെയ്യും എന്നുള്ള ആലോചനയിലാണ് ബേബി ജീൻ ചെയ്‌താൽ നന്നായിരിക്കുമെന്ന് തോന്നിയത്,’ കൃഷ്ണദാസ് മുരളി പറഞ്ഞു.
കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ.എം.നായർ, ശ്രുതി സുരേഷ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. വെറും ദിവസങ്ങൾ കൊണ്ട് കോടികളുടെ ആഗോള കളക്ഷനാണ് മോഹിനിയാട്ടം ബോക്സ് ഓഫീസിൽ നേടിയത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.