രജിഷയുടെ കാര്യത്തില്‍ നിര്‍മാതാക്കള്‍ അത്ര കണ്‍വിന്‍സ്ഡല്ലായിരുന്നു; അതിന് ശേഷം അവര്‍ കഴിവുള്ള നടിയാണെന്ന് മനസിലായി: കൃഷന്ദ്
Malayalam Cinema
രജിഷയുടെ കാര്യത്തില്‍ നിര്‍മാതാക്കള്‍ അത്ര കണ്‍വിന്‍സ്ഡല്ലായിരുന്നു; അതിന് ശേഷം അവര്‍ കഴിവുള്ള നടിയാണെന്ന് മനസിലായി: കൃഷന്ദ്
ഐറിന്‍ മരിയ ആന്റണി
Sunday, 8th March 2026, 9:00 am

മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് കൃഷന്ദിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ മസ്തിഷ്‌ക മരണം. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സൈബര്‍ പങ്ക് സയന്‍സ്ഫിക്ഷന്‍ ഴോണറിലൊരുങ്ങിയ സിനിമ 2046ലെ ഫ്യൂച്ചറിസ്റ്റിക് കൊച്ചി നഗരത്തില്‍ മനുഷ്യരുടെ സ്വകാര്യ ഓര്‍മകളെ ചിപ്പുകളിലാക്കി വില്‍ക്കുന്ന ഒരു കാലഘട്ടത്തെയാണ് കാണിക്കുന്നത്.

അനൗണ്‍സമെന്റ് മുതല്‍ പ്രതീക്ഷകളുണ്ടായിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഫസ്റ്റ് ലുക്ക് പോസ്റ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. പുരുഷ പ്രേതം എന്ന സിനിമയ്ക്ക് ശേഷം കൃഷന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ രജിഷ വിജയന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, ദിവ്യ പ്രഭ തുടങ്ങിയവരാണ്  പ്രധാനവേഷങ്ങളിലെത്തിയത്.

 

ഇപ്പോഴിതാ ഇന്‍ഡിവുഡ് ചാനലുമായുള്ള അഭിമുഖത്തില്‍ രജിഷ വിജയനെ കുറിച്ച് സംസാരിക്കുകയാണ് കൃഷന്ദ്. മസ്തിഷ്‌ക മരണത്തിലേക്ക് രജിഷയെ നിര്‍ദേശിച്ചത് നിരഞ്ജാണെന്ന് അദ്ദേഹം പറയുന്നു.

‘ഞാന്‍ ശരിക്കും രജിഷയുടെ അടുത്ത് നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല. നിരഞ്ജാണ് രജിഷയെ മസ്തിഷ്‌ക മരണത്തിലേക്ക് നിര്‍ദേശിക്കുന്നത്. ഞാന്‍ രജിഷയെ വെച്ച് കുറച്ച് നിര്‍മാതാക്കളുടെ അടുത്ത് സംസാരിച്ചപ്പോഴും അവര്‍ കണ്‍വിന്‍സ്ഡല്ലായിരുന്നു. പിന്നീട് ഞാന്‍ അവരെ പോയികണ്ടിരുന്നു. രജിഷ അഭിനയിച്ച മധുര മനോഹര മോഹം ഞാന്‍ കണ്ടിരുന്നു, ആ സിനിമയില്‍ തമാശകളൊക്കെ നല്ല രീതിയില്‍ അവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

അതിന് ശേഷം ലവ് എന്ന സിനിമകണ്ടു. പിന്നീട് അവര്‍ ചെയ്ത എല്ലാ സിനിമകളും തന്നെ കണ്ടു. ജൂണ്‍ സിനിമ തിയേറ്ററില്‍ നിന്ന് കണ്ടിട്ടില്ലായിരുന്നു, അതും ഞാന്‍ ഇരുന്നു കണ്ടു. അപ്പോള്‍ രജിഷ വളരെ കഴിവുള്ള നടിയാണെന്ന് മനസിലായി,’ കൃഷന്ദ് പറയുന്നു.

എന്നാല്‍ മസ്തിഷ്‌ക മരണം എന്ന സിനിമയിലേക്ക് അല്ലെങ്കില്‍ താനടങ്ങുന്ന ഒരു സിസ്റ്റത്തിലേക്ക് പൂര്‍ണ്ണമായും ഫിറ്റ് ഇന്‍ ആകാന്‍ രജിഷക്ക് കഴിയേണ്ടിയിരുന്നുവെന്നും ആ ഒരു പ്രോസസിനാണ് താന്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നതെന്നും കൃഷന്ദ് പറഞ്ഞു. സംവിധായകന്റെ മാത്രം നിര്‍ദേശങ്ങള്‍ പിന്തുടരാതെ അവരുടേതായ രീതിയില്‍ രജിഷ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുണ്ടെന്നും കൃഷന്ദ് കൂട്ടിച്ചേര്‍ത്തു.

Photo: രജിഷ വിജയന്‍ മസ്തിഷ്‌ക മരണം സിനിമയിലെ രംഗത്തില്‍ നിന്ന്/ Youtube.com

മസ്തിഷ്‌ക മരണത്തില്‍ ഫ്രീഡ സോമനെന്ന കഥാപാത്രമായാണ് രജിഷ എത്തിയത്. റിലീസിന് പിന്നാലെ താരത്തിന്റെ പെര്‍ഫോമന്‍സിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ അടുത്ത് നിന്ന് വരുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളത്തിലെ ‘എലി’യായി വന്ന് (എലിസബത്ത്) മലയാളികളുടെ മനസില്‍ കയറികൂടിയ നടിയാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ജോര്‍ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചെങ്കിലും അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍ എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്.

Content Highlight: Krishanth talks about casting Rajisha in the movie masthishka maranam

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.