അങ്ങനെ കണ്ടാലെ ഇതിലെ തമാശ പിടികിട്ടു; ഇന്നത്തെ മാധ്യമ സംസ്‌കാരത്തില്‍ ഓര്‍മകള്‍ പോലും മോഷ്ടിക്കപ്പെടും: കൃഷന്ദ്
Malayalam Cinema
അങ്ങനെ കണ്ടാലെ ഇതിലെ തമാശ പിടികിട്ടു; ഇന്നത്തെ മാധ്യമ സംസ്‌കാരത്തില്‍ ഓര്‍മകള്‍ പോലും മോഷ്ടിക്കപ്പെടും: കൃഷന്ദ്
ഐറിന്‍ മരിയ ആന്റണി
Monday, 9th March 2026, 11:06 am

തിയേറ്ററില്‍ മികച്ച പ്രതിരണങ്ങളുമായി മുന്നേറുകയാണ് കൃഷന്ദ് സംവിധാനം ചെയ്ത മസ്തിഷ്‌ക മരണം. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കൃഷന്ദിന്റെ ആദ്യ ഔദ്യോഗിക തിയേറ്റര്‍ റിലീസായിരുന്നു മസ്തിഷ്‌ക മരണം.

2046ലെ കൊച്ചി നഗരം എങ്ങനെയായിരിക്കാമെന്ന് കാണിക്കുന്ന സിനിമയില്‍ രജിഷ വിജയന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു, ദിവ്യ പ്രഭ, സുരേഷ് കൃഷ്ണ, ആന്‍ സലീം തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ മസ്തിഷ്‌ക മരണം എന്ന പേരിലേക്കെത്തിയതിനെ കുറിച്ച് മനസ് തുറക്കുകയാണ് കൃഷന്ദ്. മസ്തിഷ്‌ക മരണം താനിട്ട പേര് തന്നെയാണെന്ന് അദ്ദേഹം പറയുന്നു.

‘ചുറ്റുപാടും ഒന്നു നോക്കിയാല്‍ കാണാം, സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരം കൊണ്ടു തലച്ചോര്‍ പ്രവര്‍ത്തനരഹിതമായ അവസ്ഥ. ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടാകാം. എങ്കിലും തലച്ചോര്‍ മ്യൂട്ട് ആയ അവസ്ഥയിലാണ്. റിലാക്‌സ് ചെയ്തു കാണേണ്ട ചിത്രമാണിത്. അപ്പോഴേ ഇതിലെ തമാശ പിടികിട്ടു. മുന്‍വിധി വന്നാല്‍ തന്നെ അത് ആസ്വാദനത്തെ ബാധിക്കും.

ഓര്‍മകള്‍ മായ്ച്ചു കളയുന്നത് പല സിനിമയിലും കണ്ടിട്ടുണ്ടാകും. അവ വില്‍പനയ്ക്കു വയ്ക്കുന്നതില്‍ ഒരു പുതുമയില്ലേ. ഇപ്പോഴത്തെ മുതലാളിത്ത, മാധ്യമ സംസ്‌കാരത്തില്‍ നമ്മുടെ ഓര്‍മകള്‍ പോലും മോഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്. അത്തരമൊരു ആശയത്തിന്റെ സാധ്യതകളാണ് സിനിമയില്‍ അവതരിപ്പിച്ചത്,’ കൃഷന്ദ് പറഞ്ഞു.

ആവാസവ്യൂഹം ചെയ്യുമ്പോള്‍ തന്നെ ഉള്ളില്‍ മസ്തിഷ്‌ക മരണത്തിന്റെ ആശയമുണ്ടെന്നും മലയാളത്തില്‍ ഇങ്ങനെയൊരു സൈ ഫൈ ചിത്രം വേണമെന്ന് കുറെയായി ആഗ്രഹിക്കുന്നുവെന്നും കൃഷന്ദ് പറഞ്ഞു. അങ്ങനെയാണ് 2046ലെ കൊച്ചി എന്ന ആശയം വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുപ്പത്തില്‍ ഫാന്റം 2040 എന്ന കാര്‍ട്ടൂണ്‍ കാണുമായിരുന്നുവെന്നും അതില്‍ നിന്നാവണം 2046 എങ്ങനെയോ മനസ്സില്‍ വന്നതെന്നും കൃഷന്ദ് പറഞ്ഞു

ഗഗനചാരി എന്ന സിനിമയ്ക്ക് ശേഷം അജിത്ത് വിനായക ഫിലിംസും കൃഷന്ദ് ഫിലിംസും ചേര്‍ന്ന് അവതരിപ്പിച്ച ‘മസ്തിഷ്‌ക മരണം ഫെബ്രുവരി 27നാണ് തിയേറ്ററുകളിലെത്തിയത്.

Content highlight: Krishanth on the idea of ​​the  movie Msthishka maranam 

 

 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.