കൃഷന്ദിന്റെ സംവിധാനത്തില്‍ ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മസ്തിഷ്‌ക മരണം. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സൈബര്‍ പങ്ക് സയന്‍സ്ഫിക്ഷന്‍ ഴോണറിലൊരുങ്ങിയ സിനിമയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് വരുന്നത്. 2046ലെ ഫ്യൂച്ചറിസ്റ്റിക് കൊച്ചി പശ്ചാത്തലമായെത്തിയ ഈ ചിത്രം മനുഷ്യരുടെ സ്വകാര്യ ഓര്‍മകളെ ചിപ്പുകളിലാക്കി വില്‍ക്കുന്ന ഒരു കാലഘട്ടത്തെയാണ് കാണിക്കുന്നത്.

പുരുഷ പ്രേതം എന്ന സിനിമയ്ക്ക് ശേഷം കൃഷന്ദ് അണിയിച്ചൊരുക്കിയ ചിത്രത്തില്‍ രജിഷ വിജയന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു, സുരേഷ് കൃഷ്ണ, ജഗദീഷ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ഇന്‍ഡിവുഡ് ചാനലുമായുള്ള അഭിമുഖത്തില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് കൃഷന്ദ്. സൗണ്ടിങ്ങിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ് മസ്തിഷ്‌ക മരണമെന്നും ഇതൊരു സൈബര്‍ പങ്ക് ചിത്രം മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘മസ്തിഷ്‌ക മരണം യഥാര്‍ത്ഥത്തില്‍ സൈബര്‍ പങ്ക് മാത്രംമല്ല, ഇതില്‍ റെട്രോ ഫ്യൂച്ചറിസവും വരുന്നുണ്ട്. 2040, അല്ലെങ്കില്‍ 2046ല്‍ സിനിമയില്‍ കാണിക്കുന്നത് പോലെയൊരു അന്തരീക്ഷം ആയിരിക്കില്ല ഉണ്ടാകുക. 80’സിലും 90’സിലുമുള്ള ഹോളിവുഡിലുള്ള സൈബര്‍ പങ്ക് സിനിമകള്‍ക്കുള്ള ഡെഡിക്കേഷന്‍ കൂടി ഈ സിനിമയില്‍ വന്നിട്ടുണ്ട്.

ടച്ച് സ്‌ക്രീന്‍ ടി.വി ആയിരിക്കും, എന്നാല്‍ സി.ആര്‍.ടി മോണിറ്ററായിരിക്കും വരിക എന്നുള്ളതൊക്കെ എന്റെ വി.എഫ്.എക്‌സ് ചെയ്യുന്നയാള്‍ പറഞ്ഞത് പോലെയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഈ സിനിമയില്‍ പറയുന്നത് പോലെ തന്നെയായിരിക്കില്ല 2046. സിനിമയുടെ മ്യൂസിക് ഡയറക്ടര്‍ തന്നെയാണ് സൗണ്ട് ഡിസൈനിങ്ങും ചെയ്തിട്ടുള്ളത്,’ കൃഷന്ദ് പറയുന്നു

സൗണ്ട് ഡിസൈനിങ്ങിന് ഒരുപാട് പ്രാധാന്യമുള്ള സിനിമയാണ് മസ്തിഷ്‌ക മരണമെന്നും ഇവിടെ മ്യൂസിക്കും സൗണ്ടും ഒരു യൂണിറ്റായിട്ടാണ് ചെയ്തിട്ടുള്ളതെന്നും കൃഷന്ദ് പറഞ്ഞു. ഇന്നത്തെ ചുറ്റുപ്പാടിലെ കഥയാണ് പറയുന്നതെങ്കില്‍ ഡയലോഗുകളൊന്നും തിയേറ്ററില്‍ അറ്റ്‌മോസിലൂടെ കൊടുക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ഈ സിനിമയില്‍ ഡയലോഗുകളെല്ലാം അറ്റ്‌മോസില്‍ കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് മസ്തിഷ്‌ക മരണം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട സിനിമയാണെന്നും കൃഷന്ദ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Krishand talks about the movie Masthishka maranam