വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിക്കുകയും ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത സംവിധായകനാണ് കൃഷന്ദ്. വ്യത്യസ്തമായ പ്രമേയം ചര്‍ച്ച ചെയ്ത ഇരു ചിത്രങ്ങളും കേരളത്തിന് പുറത്തും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആവാസവ്യൂഹം നിരവധി സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളും സ്വന്തമാക്കി.

മസ്തിഷ്‌ക മരണമാണ് കൃഷന്ദിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 2046ലെ കൊച്ചി നഗരത്തിന്റെ കഥ പറയുന്ന ഈ ചിത്രം സൈബര്‍ പങ്ക് സയന്‍സ്ഫിക്ഷന്‍ ഴോണറിലാണ് ഒരുങ്ങിയത്. അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷയുണ്ടായിരുന്ന സിനിമ പ്രേക്ഷകരുടെ അടുത്ത് നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു.

ഇപ്പോഴിതാ ഇന്‍ഡിവുഡ് ചാനലുമായുള്ള അഭിമുഖത്തില്‍ റിവ്യൂവേഴ്‌സിന് ഇഷ്ടപ്പെട്ട സിനിമകള്‍ ഏതൊക്കെയാണെന്ന് താന്‍ ശ്രദ്ധിക്കാറുണ്ടെന്ന് കൃഷന്ദ് പറയുന്നു.

‘റിവ്യൂവേഴ് റിവ്യൂ ഇടുമ്പോള്‍ അവരുടെ ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് ഞാന്‍ നോക്കാറുണ്ട്. അവര്‍ ഇഷ്ടപ്പെട്ടതില്‍ ഒരു മോശം പടം ഉണ്ടെങ്കില്‍ പിന്നെ അയാള്‍ എന്ത് പറഞ്ഞാലും ഓക്കെയാണ്. പിന്നെ ഒന്നും ഉള്ളിലേക്ക് എടുക്കില്ല ഞാന്‍. അവര്‍ ഒരു ചെറിയ സ്‌പെക്ട്രത്തിന് ഉള്ളില്‍ നിന്നാണ് ചിന്തിക്കുന്നത് എന്ന് അപ്പോള്‍ തന്നെ വ്യക്തമാകും.

അങ്ങനെ ഒരു സ്‌പെക്ട്രത്തിന് പുറത്ത് വരുന്ന കഥ അവര്‍ക്ക് മനസിലാക്കാന്‍ പോലും കഴിയില്ല. ഈ തവണ, ഒരു റിവ്യൂസും ഞാന്‍ നോക്കിയിരുന്നില്ല. ഗ്രൂപ്പിലോ മറ്റോ പോസിറ്റീവാണെന്ന് പറഞ്ഞാല്‍ പോലും നോക്കിയിരുന്നില്ല. കാരണം, മസ്തിഷ്‌ക മരണത്തിലൂടെ പുതിയൊരു ആശയമാണ് ആളുകളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചത്. അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും നമുക്ക് വിഷമം ആകാന്‍ സാധ്യതയുണ്ട്,’ കൃഷന്ദ് പറഞ്ഞു.

സിനിമയിലെ ഒരു കാര്യവും മനസിലാക്കാതെ സെക്കന്‍ഡ് ഹാഫ് എത്തുമ്പോള്‍ ഭയങ്കര ദൈര്‍ഘ്യമാണെന്ന് പറയുന്ന റിവ്യൂ തനിക്ക് കേള്‍ക്കാന്‍ താത്പര്യമില്ലെന്നും തങ്ങള്‍ ഓള്‍റെഡി സെക്കന്‍ഡ് ഹാഫ് നാല് പ്രാവശ്യം കട്ട് ചെയ്തിരുന്നുവെന്നും കൃഷന്ദ് കൂട്ടിച്ചേര്‍ത്തു.

പുരുഷ പ്രേതം എന്ന സിനിമയ്ക്ക് ശേഷം കൃഷന്ദ് അണിയിച്ചൊരുക്കിയ ചിത്രത്തില്‍ രജിഷ വിജയന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു, സുരേഷ് കൃഷ്ണ, ജഗദീഷ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. കൃഷന്ദ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റ് കൈകാര്യം ചെയ്തിരിക്കുന്നത്.

 

Content Highlight:  Krishand says he looks at which films reviewers like