സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളുടെ കണ്ണാടിയാണ് സിനിമയെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. തങ്ങളുടെ രാഷ്ട്രീയത്തെ കൃത്യമായി സ്‌ക്രീനില്‍ അടയാളപ്പെടുത്തിയ സംവിധായകര്‍ ഒരുപാടുണ്ട്. അത്തരത്തിലൊരാളാണ് കൃഷാന്ദ്. ആദ്യ ചിത്രമായ വൃത്താകൃതിയിലുള്ള ചതുരം മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മസ്തിഷ്‌ക മരണം വരെ അതിന് ഉദാഹരണങ്ങളാണ്.
നേരിട്ട് രാഷ്ട്രീയം പറയാതെ അതിനെ സറ്റയര്‍ രൂപത്തില്‍ പല ലെയറുകളായി അവതരിപ്പിക്കുന്നതാണ് കൃഷാന്ദിന്റെ രീതി. മസ്തിഷ്‌ക മരണത്തിലും അതിന് മാറ്റമൊന്നുമില്ല. 2046ല്‍ കൊച്ചിയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ഒരാളുടെ ഓര്‍മകള്‍ അവരറിയാതെ എക്‌സ്ട്രാക്റ്റ് ചെയ്ത് അത് മറ്റുള്ളവര്‍ക്ക് എക്‌സ്പീരിയന്‍സ് ചെയ്യാനാകുമെന്നെല്ലാം ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
എന്നാല്‍ അതിനെക്കാളെറെ കൃഷാന്ദ് ഈ ചിത്രത്തില്‍ പറഞ്ഞ രാഷ്ട്രീയവും വിമര്‍ശനവും കൈയടി അര്‍ഹിക്കുന്ന ഒന്നാണ്. സ്വകാര്യത എന്നത് സാധാരണക്കാര്‍ക്കുപോലും ഇന്ന് കിട്ടാക്കനിയാകുമ്പോള്‍ 2046ല്‍ അതിന്റെ എക്‌സ്ട്രീം വേര്‍ഷനാകുമെന്നാണ് കൃഷാന്ദ് പറഞ്ഞുവെക്കുന്നത്. സെലിബ്രിറ്റികളായവര്‍ ഇന്ന് നേരിടുന്ന പ്രൈവസി പ്രശ്‌നങ്ങള്‍ ഭാവിയില്‍ കൂടുകയല്ലാതെ കുറയില്ലെന്നും ചിത്രത്തില്‍ പറയുന്നുണ്ട്.
നടിമാരുടെ ചിത്രങ്ങള്‍ മോശം ആംഗിളുകളിലൂടെ ചിത്രീകരിച്ച് അത് പബ്ലിഷ് ചെയ്ത് റീച്ചുണ്ടാക്കുന്ന നീലക്കുയില്‍ പോലുള്ള പാപ്പരാസി മാധ്യമങ്ങളെ നല്ലവണ്ണം റോസ്റ്റ് ചെയ്തുവിടുന്നുണ്ട്. മഞ്ഞപ്രാവ് എന്ന് പേരിട്ട മീഡിയയും അതിന്റെ റിപ്പോര്‍ട്ടറായ ഹാരി കുമാറും ഇന്നത്തെ പാപ്പരാസി മാധ്യമങ്ങളിലെ പലരുടെയും അപ്‌ഗ്രേഡഡ് വേര്‍ഷനാണ്.
രജിഷ അവതരിപ്പിച്ച ഫ്രിഡ സോമന്‍ എന്ന നടിയെ വിടാതെ പിന്തുടരുന്ന ആളാണ് ഹാരി കുമാര്‍. നടിയുടെ വണ്ടി ജി.പി.എസ് ഉപയോഗിച്ച് ട്രാക്ക് ചെയ്താണ് പിന്തുടരുന്നത്. ഫ്രിഡയെ കോടതി വിചാരണ ചെയ്യുന്ന സമയത്ത് പോലും അതിനെ റേറ്റിങ്ങിനായി ഉപയോഗിക്കുന്ന മാധ്യമങ്ങളെയും ചിത്രം വിമര്‍ശിക്കുന്നുണ്ട്. കോടതിയില്‍ ബിക്കിനി ധരിച്ച് വന്നാല്‍ റീച്ച് കൂടുതല്‍ ലഭിക്കുമെന്നാണ് മീഡിയ നിര്‍ദേശിക്കുന്നത്.
സ്വന്തമായി യൂട്യൂബ് ചാനലുണ്ടാക്കി അതില്‍ വന്നിരുന്ന് എല്ലാ സിനിമാക്കാരെയും കുറ്റം പറയുന്ന, ഓരോ സിനിമയെയും കീറിമുറിച്ച് കുറ്റം മാത്രം കണ്ടെത്തുന്ന യൂട്യൂബര്‍മാരെയും കൃഷാന്ദ് വെറുതേ വിടുന്നില്ല. ട്രോളന്മാരുടെ സ്വന്തം ‘ശാന്തിവിളയണ്ണനും’ ഈ ലിസ്റ്റിലുണ്ട്.
നടിമാര്‍ക്ക് മെസ്സേജയച്ച് ശല്യം ചെയ്യുന്ന ആറാട്ടണ്ണനെപ്പോലുള്ളവരും ഈ സിനിമയിലെ കഥാപാത്രങ്ങളാണ്. മസ്തിഷ്‌ക മരണം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം നടന്ന ആറ്റുകാല്‍ പൊങ്കാലയില്‍ പാപ്പരാസി മാധ്യമങ്ങളുടെ ഇടപെടല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പൊങ്കാലയിടാന്‍ വന്ന നടിമാരുടെ വീഡിയോ മോശം രീതിയില്‍ ചിത്രീകരിച്ച നീലക്കുയിലിനെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ഇവിടെയെല്ലാമാണ് മസ്തിഷ്‌ക മരണത്തിന്റെ പ്രസക്തി. കലാകാരന് സമൂഹത്തോടുള്ള പ്രതിബദ്ധത ഒരിക്കലും കുറയില്ലെന്ന് കൃഷാന്ദിനെപ്പോലുള്ള സംവിധായകര്‍ അടിവരയിട്ട് പറയുന്നുണ്ട്.
Content Highlight: Krishand criticizing Paparazzi medias in Masthiska Maranam movie