സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തിയ കെ.എല്‍. രാഹുലിന്റേയും രവീന്ദ്ര ജഡേജയുടേയും പ്രകടനം ശ്രദ്ധിക്കപ്പെട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. രാഹുലും ജഡേജയും തമ്മിലുള്ള കൂട്ടുകെട്ട് കളിയില്‍ പ്രധാനമായിരുന്നെന്നും അവരുടെ സ്‌ട്രൈക്ക് റേറ്റുകള്‍ അവരുടെ പ്രാധാന്യം കാണിക്കുന്നുവെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. മാത്രമല്ല വിരാടിന്റെ ഇന്നിങ്സില്‍ ജഡേജയുടേയും രാഹുലിന്റേയും പ്രകടനം ശ്രദ്ധിക്കപ്പെടാതെ പോയെന്നും ശ്രീകാന്ത് പറഞ്ഞു.
‘ജഡേജയുടെ പ്രകടനം ശ്രദ്ധിക്കപ്പെടാതെ പോയി. അദ്ദേഹം വ്യത്യസ്തമായ ഒരു തലത്തിലാണ് കളിച്ചത്. രാഹുലും ജഡേജയും തമ്മിലുള്ള പങ്കാളിത്തം കളിയില്‍ പ്രധാനമായിരുന്നു. അവരുടെ സ്‌ട്രൈക്ക് റേറ്റുകള്‍ അവരുടെ പ്രാധാന്യം കാണിക്കുന്നു. വിരാടിന്റെ ഇന്നിങ്സില്‍ അവരുടെ പ്രകടനം ശ്രദ്ധിക്കപ്പെടാതെ പോയി. അവര്‍ ടീമിനായി നിശബ്ദമായി പ്രകടനം നടത്തി,’ ശ്രീകാന്ത് പറഞ്ഞു.
അതേസമയം പ്രോട്ടിയാസിനെതിരായ ആദ്യ മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. റാഞ്ചിയില്‍ ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 332 റണ്‍സിന് പുറത്താവുകയായിരുന്നു.
Ravindra Jadeja Photo: BCCI/x.com
അതേസമയം വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യന്‍ സംഘം മികച്ച സ്‌കോറിലെത്തിയത്. മത്സരത്തില്‍ കോഹ്‌ലി 120 പന്തില്‍ 135 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഏഴ് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
മത്സരത്തില്‍ കോഹ്‌ലിയ്ക്ക് പുറമെ, കെ.എല്‍ രാഹുലും രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും മികച്ച പ്രകടനം പുറത്തെടുത്തു. രാഹുല്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 56 പന്തില്‍ 60 റണ്‍സായിരുന്നു നേടിയത്. രോഹിത് 51 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. ഇവര്‍ക്കൊപ്പം ജഡേജ 20 പന്തില്‍ 32 റണ്‍സും സംഭാവന ചെയ്തു. 160 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീസിയത്.
അതേസമയം, ഡിസംബര്‍ മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. റാഞ്ചിയില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ റായ്പൂരിലും വിജയം സ്വന്തമാക്കി പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ആദ്യ മത്സരം പരാജയപ്പെട്ട പ്രോട്ടിയാസിന് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്.
Content Highlight: Kris Srikkanth Talking About Ravindra Jadeja And K.L Rahul