വിരാട്, രോഹിത്, ഇപ്പോള്‍ പൂജാരയും; നിങ്ങളവര്‍ക്ക്.... ബി.സി.സി.ഐക്കെതിരെ ആഞ്ഞടിച്ച് വേള്‍ഡ് കപ്പ് ഹീറോ
Sports News
വിരാട്, രോഹിത്, ഇപ്പോള്‍ പൂജാരയും; നിങ്ങളവര്‍ക്ക്.... ബി.സി.സി.ഐക്കെതിരെ ആഞ്ഞടിച്ച് വേള്‍ഡ് കപ്പ് ഹീറോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th August 2025, 12:28 pm

ഇന്ത്യന്‍ ഇതിഹാസങ്ങള്‍ക്ക് അര്‍ഹിച്ച വിടവാങ്ങല്‍ നല്‍കാത്തതില്‍ ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ചീഫ് സെലക്ടറും 1983 വേള്‍ഡ് കപ്പ് ഹീറോയുമായ ക്രിസ് ശ്രീകാന്ത്.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര എന്നിവര്‍ക്ക് ഒരു വിടവാങ്ങല്‍ മത്സരം പോലും ലഭിക്കാത്തതാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ക്രിസ് ശ്രീകാന്ത്

 

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പാണ് രോഹിത്തും വിരാടും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയത്. ഇരുവരുടെയും അപ്രതീക്ഷിത വിരമിക്കലും, താരങ്ങള്‍ക്ക് ഫെയര്‍വെല്‍ മാച്ച് ലഭിക്കാതിരുന്നതും മുന്‍ താരങ്ങള്‍ക്കിടയിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.

ഇപ്പോള്‍ പെട്ടന്നൊരു ദിവസം പൂജാരയും പടിയിറങ്ങിയതോടെ ആ ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു.

‘നിങ്ങള്‍ രാജ്യത്തിനായി നൂറ് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഒരു മികച്ച താരമാണ്. വിരാടും രോഹിത്തും വിരമിച്ചപ്പോള്‍ അവിടെ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉടലെടുത്തിരുന്നു.

അവര്‍ (ബി.സി.സി.ഐ) അവരുമായി (രോഹിത് ശര്‍മ, വിരാട് കോഹ്‌ലി) സംസാരിക്കണമായിരുന്നു. എന്നാല്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കവുമുണ്ടായില്ല. ഇതൊരിക്കലും നല്ലതല്ല, പ്രത്യേകിച്ചും അവരുടെ സംഭാവനകള്‍ പരിശോധിക്കുമ്പോള്‍,’ ശ്രീകാന്ത് പറഞ്ഞു.

 

‘ഒരു ഫെയര്‍വെല്‍ മാച്ച് പോലുമില്ലാതെയാണ് വിരാട് വിരമിച്ചത്. അദ്ദേഹം ഇതിലും മികച്ച ഒരു പടിയിറക്കം അര്‍ഹിച്ചിരുന്നു. അവനെ പോലെ ഒരു താരത്തെ കണ്ടെത്താന്‍ ഇന്ത്യ ഏറെ ബുദ്ധിമുട്ടും,’ ശ്രീകാന്ത് വ്യക്തമാക്കി.

പൂജാരയെ കുറിച്ചും അദ്ദേഹത്തിന്റെ വിരമിക്കലിനെ കുറിച്ചും ശ്രീകാന്ത് സംസാരിച്ചു.

‘കഴിഞ്ഞ കുറച്ചുകാലമായി പൂജാര ഇന്ത്യയ്ക്കായി കളിച്ചിരുന്നില്ല. എന്നിരുന്നാലും ബി.സി.സി.ഐ അവനുമായി സംസാരിക്കണമായിരുന്നു. അവനും മികച്ച ഒരു ഫെയര്‍വെല്‍ തന്നെ ലഭിക്കുമായിരുന്നു, പക്ഷേ അത് താരങ്ങളും സെലക്ടര്‍മാരും ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള സഹകരണത്തിന്റെ കൂടി കാര്യമാണ്,’ ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Kris Srikkanth slams BCCI for not giving proper farewell to Virat Kohli, Rohit Sharma and Cheteshwar Puajara