ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഏകദിനത്തിലും ടി – 20ക്കുമുള്ള വ്യത്യസ്ത ടീമിനെയാണ് തെരഞ്ഞെടുത്തത്. ടീം പ്രഖ്യാപനം വന്നപ്പോള്‍ മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണ്‍ ഏകദിനത്തില്‍ ഒരിക്കല്‍ കൂടി തഴയപ്പെട്ടു. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്.
ഇത് അന്യായമാണെന്നും സഞ്ജു ടീമില്‍ ഉണ്ടാകേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താരത്തെ പലപ്പോഴും പല സ്ഥാനങ്ങളിലാണ് കളിപ്പിക്കുന്നതെന്നും എങ്ങനെയാണ് പെട്ടെന്ന് ധ്രുവ് ജുറെല്‍ ടീമില്‍ എത്തിയതെന്നും അദ്ദേഹം ചോദിച്ചു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
‘അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടും സഞ്ജു സാംസണ്‍ ടീമില്‍ ഇല്ലാത്തത് അന്യായമാണ്. അവന്‍ ടീമില്‍ ഉണ്ടാവേണ്ടതായിരുന്നു. ആരെയൊക്കെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ദിനംപ്രതി കാരണങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അവനെ നിങ്ങള്‍ ആദ്യം ഓപ്പണിങ് കളിപ്പിച്ചു, പിന്നീട് അഞ്ചാം സ്ഥാനത്തേക്ക് ഇറക്കി. ചിലപ്പോള്‍ ഏഴോ എട്ടിലോ ബാറ്റ് ചെയ്യിപ്പിക്കുന്നു.
എങ്ങനെയാണ് ധ്രുവ് ജുറെല്‍ പെട്ടെന്ന് ടീമില്‍ ഉള്‍പ്പെട്ടത്? സഞ്ജു ചിലപ്പോള്‍ സഞ്ജു പ്ലെയിന്‍ ഇലവനില്‍ ഇടം പിടിച്ചേക്കില്ല. പക്ഷേ, ടീമിലേക്ക് പരിഗണിക്കേണ്ടത് അവനെയായിരുന്നു,’ ശ്രീകാന്ത് പറഞ്ഞു.
ഇന്ത്യന്‍ ടീം സെലക്ഷന്‍ സ്ഥിരമായി മാറ്റി കൊണ്ടിരിക്കുകയാണെന്നും അതിലൂടെ താരങ്ങളെ ആശയകുഴപ്പത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെട്ടിയും മാറ്റിയും ഇന്ത്യന്‍ താരങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുകയാണെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.
അതേസമയം, ഏകദിനത്തില്‍ അവസരം ലഭിച്ചില്ലെങ്കിലും സഞ്ജുവിന് ടി- 20 ടീമിലുള്ള തന്റെ സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചു. ടീമില്‍ വിക്കറ്റ് കീപ്പറായാണ് താരം ഇടം പിടിച്ചത്. ശുഭ്മന്‍ ഗില്‍ ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ ഈ പരമ്പരയിലും താരത്തിന് മധ്യ നിരയില്‍ തന്നെയാവും അവസരം ലഭിക്കുക.