പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്നും മികച്ച സ്‌കോര്‍ നേടുമെന്നും മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ഗില്‍ കവര്‍ ഡ്രൈവിന് ശ്രമിക്കാതെ സ്‌ട്രൈറ്റ് ഷോട്ടിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
‘ശുഭ്മന്‍ ഗില്‍ ഫോമിലേക്ക് തിരിച്ചെത്തേണ്ടത് വളരെ പ്രധാനമാണ്. പാകിസ്ഥാനെതിരെ അവന്‍ മികച്ച ബാറ്റിങ് നടത്തുമെന്നാണ് എനിക്ക് തോന്നുന്നത്. അവന്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനും എല്ലാ ഫോര്‍മാറ്റിലെയും ഭാവി നായകനുമാണ്.
നേരത്തെ പന്തടിക്കുന്നതാണ് ഗില്ലിന് പ്രശ്നമുണ്ടാകുന്നത്. അതിനാല്‍ ബാറ്റിങ് ടെക്നിക് മെച്ചപ്പെടുത്തേണ്ടതുണ്ട്. മത്സരത്തില്‍ സെറ്റാവുന്നത് വരെ അവന്‍ കവര്‍ ഡ്രൈവിന് പകരം ഓഫ് ഡ്രൈവുകള്‍ കളിക്കാന്‍ ശ്രമിക്കണം,’ ശ്രീകാന്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം ഒമാനെതിരെ മത്സരത്തില്‍ ഗില്ലിന് അഞ്ച് റണ്‍സ് എടുക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. ആദ്യ മത്സരത്തില്‍ യു.എ.ഇക്കെതിരെ ഒമ്പത് പന്തില്‍ 20 റണ്‍സ് എടുത്തിരുന്നുവെങ്കിലും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെതിരെ 10 റണ്‍സ് എടുത്ത് പുറത്തായിരുന്നു. ഇതില്‍ താരത്തിന് നേരെ ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ക്രിസ് ശ്രീകാന്ത് അടുത്ത മത്സരത്തില്‍ ഗില്‍ റണ്‍സ് എടുക്കുമെന്ന് പറയുന്നത്.
അതേസമയം, ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിന് ഇന്ന് തുടക്കമാവും. ശ്രീലങ്കയും ബംഗ്ലാദേശുമാണ് ആദ്യ മത്സരത്തില്‍ ഇറങ്ങുക. മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ശ്രീലങ്ക മത്സരത്തിന് എത്തുന്നത്. എന്നാല്‍, രണ്ട് വിജയങ്ങളാണ് ബംഗ്ലാദേശ് ടീമിനുള്ളത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം മത്സരം നാളെയാണ് അരങ്ങേറുക. കഴിഞ്ഞ ദിവസം ഒമാനെതിരെ 21 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് അപരാജിതരായാണ് കുതിക്കുന്നത്. വിജയം തുടരുക എന്നത് തന്നെയാവും സൂര്യയും സംഘവും ഉന്നം.
എന്നാല്‍, ഗ്രൂപ്പ് സ്റ്റേജിലെ തോല്‍വിക്ക് പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാവും പാക് ടീം ഇന്ത്യക്കെതിരെ പോരാടാന്‍ എത്തുക. രണ്ട് വിജയവുമായാണ് മെന്‍ ഇന്‍ ഗ്രീന്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറിയത്.
Content Highlight: Kris Srikkanth says Shubhman Gill will score runs against Pakisthan in super four